ഇസ്മയില്‍ ഹനിയയെ കൊല്ലപ്പെട്ടതോടെ നേതാവ് നഷ്ടപ്പെട്ട ഹമാസ് കാത്തിരിക്കുകയാണ് പുതിയ നേതാവ് ആരെന്നറിയാന്‍. ഒരു നേതാവ് പോയാല്‍ മറ്റൊരാള്‍ ഉയര്‍ന്നു വരുമെന്ന് ഇസ്മയില്‍ ഹനിയ പറഞ്ഞിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ഹനിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഒരു നേതാവു പോയാല്‍, മറ്റൊരാള്‍ ഉയര്‍ന്നുവരും’ ഖുമൈനിയോട് ഹനിയ പറഞ്ഞു. ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുള്ള സംഭാഷണം ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നേതാവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
നിലവില്‍ ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ മൂന്‍ദ്ധന്യാവസ്ഥയില്‍ നേതാക്കളുടെ മരണം ഹമാസിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഇനി എന്ത് ? എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഒരു നേതാവില്ലെങ്കില്‍ ഇസ്രയേല്‍ ബാക്കിയുള്ള ഹമാസ് പോരാളികളെ ചുട്ടു കൊല്ലുമെന്നുറപ്പാണ്. ഗാസയിലെ എല്ലാ പിടുത്തവും വിട്ടാണ് ഹമാസ് നില്‍ക്കുന്നത്. ഇസ്രയേല്‍ സൈന്യം ഇപ്പോഴും യുദ്ധം തുടരുകയും ചെയ്യുന്നുണ്ട്. മൊസാദിന്റെ ചാരപ്പണിയില്‍ ഹമാസിന്റെ നേകതാക്കളെ വകവരുത്തുന്നതിനു പിന്നില്‍ ഇസ്രയേലിന്റെ മറ്റൊരു ബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഗസയില്‍ യുദ്ധം നടക്കുമ്പോള്‍ത്തന്നെ മറ്റൊരു തലത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും, മൊസാദിനെ വെച്ച് മറ്റു തലത്തില്‍ ഓപ്പറേഷന്‍ മുന്നോട്ടു കൊണ്ടു പോകുവകയും ചെയ്യുക.
ഈ സ്ട്രാറ്റജിയിലൂന്നിയുള്ള ഇസ്രയേല്‍ തന്ത്രം ഫലം കാണുകയാണ് ചെയ്യുന്നത്. ഹമാസിന്റെ നേതാക്കളെ നേരിട്ടുള്ള ആക്രമണത്തില്‍ കൊല്ലാതെ ഇത്തരം തന്ത്രപരമായ നീക്കത്തിലൂടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. നിരവധി ഹമാസ് നേതാക്കളെ ഇത്തരത്തില്‍ മൊസാദ് കൊന്നുകഴിഞ്ഞിട്ടുണ്ട്. ഗസയില്‍ ആക്രമണം ശക്തമാക്കിയപ്പോള്‍ മുതല്‍ ഇസ്രയേല്‍ മൊസാദിനെ ഈ ജോലി ഏല്‍പ്പിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പാലസ്തീനില്‍ നടക്കുന്ന യുദ്ധം ഇറാനിലേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. മുസ്ലീം രാഷ്ട്രങ്ങളോടെല്ലാം ഇസ്രയേല്‍ തുറന്ന പോരാട്ടത്തിന് തയ്യാറായി നില്‍ക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസത്തിനു മുമ്പ് ഹൂതി വിമതര്‍ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേല്‍ തിരിച്ചടിച്ചിരുന്നു. ഇത് ഇറാനെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ ഇറാന്‍ ഇസ്രയേലുമായി യുദ്ധത്തിന് മാനസികമായി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. ഇസ്മയില്‍ ഹനിയയുടെ കൊലപാകം കൂടി ആയതോടെ ഇറാന്‍ യുദ്ധ മുഖത്തേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായി. അങ്ങനെയെങ്കില്‍ അറബ് രാഷ്ട്രങ്ങളുടെ ഏകീകരണം ഉണ്ടാകുമെന്ന് മറ്റു രാഷ്ട്രങ്ങള്‍ ഭയപ്പെടുന്നുണ്ട്. എന്നാല്‍, ഹനിയയുടെ കൊലപാതകം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. പക്ഷെ, മൊസാദിന്റെ ചാരപ്പണി തന്നൊണ് കൊലപാകം എന്നണ് ഇറാനും ഹമാസും വിശ്വസിക്കുന്നത്.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ നീണ്ട ആസൂത്രണമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇറാന്‍ വിശ്വസിക്കുന്നുണ്ട്. ഹനിയ താമസിച്ചിരുന്ന വടക്കന്‍ ടെഹ്‌റാനിലെ ഗെസ്റ്റ് ഹൗസില്‍ ഏകദേശം 2 മാസം മുന്‍പേ, നിര്‍മ്മിത ബുദ്ധിയില്‍ (എ.ഐ) പ്രവര്‍ത്തിക്കുന്ന ബോംബ് സ്ഥാപിച്ചിരുന്നെന്ന വിവരം ഒരു വിദേശ മാധ്യമം പുറത്തുവിടുകയും ചെയ്തിരുന്നു. ടെഹ്‌റാന്‍ സന്ദര്‍ശനവേളയില്‍ ഹനിയ പതിവായി തങ്ങിയിരുന്ന ഗസ്റ്റ്ഹൗസിലെ മുറി മനസ്സിലാക്കിയ മൊസാദിന്റെ ചാരന്‍മാര്‍ ബോംബ് സ്ഥാപിക്കുകയായിരുന്നു. ഹനിയയും സുരക്ഷാഭടനും മാത്രമുള്ള സമയം മനസ്സിലാക്കി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു സ്‌ഫോടനം നടത്തുകയും ചെയ്തു.
ഇറാനിയന്‍ റവലൂഷനറി ഗാര്‍ഡ്‌സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മേഖലയിലെ ഗസ്റ്റ്ഹൗസില്‍ നടന്ന സ്‌ഫോടനം ഇറാനു കനത്ത തിരിച്ചടിയായി. രഹസ്യയോഗങ്ങള്‍ നടക്കുന്ന, വി.ഐ.പി അതിഥികള്‍ പതിവായി തങ്ങുന്ന സ്ഥലമാണിത്. സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയും രഹസ്യാന്വേഷണ ഏജന്‍സികളുടെ കഴിവുകേടുമാണ് ഇതോടെ വെളിപ്പെട്ടത്. പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയോടും ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തോടും വിയോജിപ്പുള്ളവരെ മൊസാദ് ഉപയോഗപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം. ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹനിയ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നായിരുന്നു ഹമാസ് ആദ്യം പറഞ്ഞിരുന്നത്. ഹനിയയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ ദോഹയില്‍ നടന്നു. ഹനിയയുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെടുന്ന ഖലീല്‍ അല്‍ ഹയ്യയും മുന്‍ ഹമാസ് തലവന്‍ ഖാലിദ് മഷാലും ചടങ്ങില്‍ പങ്കെടുത്തു. ഹനിയയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടത്താന്‍ ഹമാസ് ഗസയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഹമാസ് നേതാക്കളെയും ഹിസ്ബുല്ല കമാന്‍ഡറെയും ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ മധ്യപൂര്‍വദേശത്തെ സംഘര്‍ഷാന്തരീക്ഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൗരന്മാര്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ ഇറാനിലുള്ള ഫ്രഞ്ച് പൗരന്മാര്‍ സന്ദര്‍ശനം മതിയാക്കി എത്രയും പെട്ടെന്നു മടങ്ങണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചതിന് ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു മുന്‍കരുതല്‍ നിര്‍ദേശം. ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ഇന്ത്യന്‍ എംബസിയും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സഹായം ആവശ്യപ്പെട്ടു ബന്ധപ്പെടാനുള്ള നമ്പറുകളും നല്‍കിയിട്ടുണ്ട്.
CONTENT HIGHLIGHTS;Hamas’s Waiting: Who Is the Next Leader?