കാവാലം നാരായണ പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച സംസ്കൃത നാടകം ആയിരുന്നു കർണഭാരം. ഈ നാടകം ദേശീയതലത്തിൽ മോഹൻലാലിന് വലിയ ആദരവും ശ്രദ്ധയും നേടിക്കൊടുത്തു. പൂർണ്ണമായും സംസ്കൃതത്തിലാണ് ഈ നാടകം. സംസ്കൃത ഭാഷയിലെ കടുത്ത ശ്ലോകങ്ങൾ അനായാസം കർണ്ണനായി മോഹൻലാൽ അവതരിപ്പിച്ചു. ഇന്ത്യയിലെ തന്നെ നാല് പ്രധാന സ്റ്റേജുകളിൽ ആണ് ഈ നാടകം അവതരിപ്പിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ആ നാടകം പുറത്തുവിട്ടു.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാലിനെ കര്‍ണനാക്കി കാവാലം നാരായണ പണിക്കര്‍ കര്‍ണഭാരം അവതരിപ്പിച്ചത്. സംസ്കൃതം അറിയില്ലാത്തതിന്‍റെ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിച്ചപ്പോള്‍ കാവാലമാണ് തന്നെ ധൈര്യപ്പെടുത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. നാടകത്തിലെ നായകനായ, മാനസിക സംഘര്‍ഷങ്ങളുള്ള കര്‍ണനെ അതിലേറെ മാനസികസംഘര്‍ഷത്തോടെയാണ് താന്‍ അരങ്ങില്‍ അവതരിപ്പിച്ചതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
“സത്യമായും എനിക്കിപ്പോഴും സംസ്കൃതമറിയില്ല. ആ നാടകം കഴിഞ്ഞ മാസമെടുത്ത് ഞാനൊന്ന് വായിച്ചു നോക്കി. പേടിച്ചു പോയി. ഇതാണോ ഞാൻ നാലു തവണ കെട്ടിയാടിയത്. ഇനിയൊരിക്കലും എനിക്കത് അഭിനയിക്കാൻ സാധിക്കില്ല. കാരണം കാവാലം സാറില്ലാതെ എനിക്ക് ആ ഭാരമുയർത്താൻ സാധിക്കില്ല “- എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ :
” അടുത്ത ദിവസം ഒരങ്കം മാത്രമുള്ള കർണ്ണഭാരത്തിന്റെ സ്ക്രിപ്റ്റ് അദ്ദേഹം എനിക്കയച്ചു തന്നു. വായിച്ചാൽ അഞ്ചു മിനിറ്റു വേണ്ട തീരാൻ. എന്നാൽ എന്റെ കൈയ്യിൽ കിടന്ന് ആ അക്ഷരങ്ങൾ വിറച്ചു. കാക്കക്കുയിൽ എന്ന സിനിമയിലായിരുന്നു ആ സമയത്ത് ഞാൻ അഭിനയിച്ചു കൊണ്ടിരുന്നത്. തീർത്തും വ്യത്യസ്തമായ അന്തരീക്ഷം. ഇതിന് രണ്ടിലും ഇടയിൽ കിടന്ന് ഞാൻ ഊഞ്ഞാലാടി.
സെറ്റിൽ ,ഹോട്ടൽ മുറിയിൽ, എയർ പോർട്ടിൽ ,കുളിമുറിയിൽ വരെയിരുന്ന് ഞാൻ ആ നാടകം മന:പാഠമാക്കി.
ആ ദിവസങ്ങളിലെ രാത്രികളിൽ ഞാൻ ഞെട്ടിയുണർന്നത് ഇപ്പോഴും ഓർക്കുന്നു. അപ്പോഴെല്ലാം എനിക്കു മുകളിൽ കാവാലം സാറിന്റെ നിഴൽ പരക്കും. ശബ്ദവും : ” തനിക്ക് സാധിക്കുമെടോ ”
ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പ്രദർശനം. 80 നാടകങ്ങളിൽ ഒറ്റ സംസ്കൃത നാടകമേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽ പ്രൗഡമായ സദസ്സ്. സംസ്കൃതപണ്ഡിതർ, പ്രൊഫസർമാർ, എഴുത്തുകാർ, ഭാഷാവിദഗ്ധർ, നാടകപ്രതിഭകൾ ….. തിരശ്ശീലക്കു പിന്നിൽ കാവാലം സാർ ഉണ്ട് എന്ന ഏക ധൈര്യമായിരുന്നു എന്നെ വേദിക്കു നടുവിൽ നിവർന്നു നിർത്തിച്ചത്. സർവ്വ ദൈവങ്ങളെയും കാവാലം സാറിനെയും മനസ്സിൽ ധ്യാനിച്ചാണ് ഞാൻ കർണ്ണഭാരത്തിലെ ആദ്യ ശ്ലോകം ചൊല്ലിയത് …
‘ മാതാവന്മമ ശരമാർഗ ലക്ഷ്യഭൂതാ: സമ്പ്രാപ്താ: ക്ഷിതിപതയ: സജീവശേഷാ : …
പിന്നീടെല്ലാം എനിക്കിപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇടയ്ക്കിടെ കാവാലം സാർ വേദിയിലേക്കു കയറി വരും. ശ്ലോകങ്ങൾ ചൊല്ലി കൊണ്ടു തന്നെ. ആവേശത്തോടെ. എനിക്കത് വലിയ ഒരാശ്വാസമായിരുന്നു. എന്തുവന്നാലും അദ്ദേഹം ഉണ്ടല്ലോ .അന്നു തന്നെ ആ നാടകം ഞാൻ ഒരിക്കൽ കൂടി ചെയ്തു. അതിനു ശേഷം മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിലും ലീല കെംപൻസ്കിയിലും ‘കർണഭാരം ‘ അരങ്ങേറി. ചിലപ്പോൾ അടുത്ത ഡയലോഗ് എന്താണെന്നറിയാതെ ഞാൻ ബ്ലാക്കൗട്ട് ആയിട്ടുണ്ട്. അപ്പോഴെല്ലാം കാവാലം എന്ന ഗുരു ശുരുത്വമാണ് എനിക്ക് വെളിച്ചം പകർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നാടകം കണ്ട് എന്റെ അമ്മാവൻ പറഞ്ഞു: ” ആരു പറഞ്ഞു നിനക്ക് സംസ്കൃതം അറിയില്ലയെന്ന്.”
സത്യമായും എനിക്കിപ്പോഴും സംസ്കൃതമറിയില്ല. ആ നാടകം കഴിഞ്ഞ മാസമെടുത്ത് ഞാനൊന്ന് വായിച്ചു നോക്കി. പേടിച്ചു പോയി. ഇതാണോ ഞാൻ നാലു തവണ കെട്ടിയാടിയത്. ഇനിയൊരിക്കലും എനിക്കത് അഭിനയിക്കാൻ സാധിക്കില്ല. കാരണം കാവാലം സാറില്ലാതെ എനിക്ക് ആ ഭാരമുയർത്താൻ സാധിക്കില്ല. പിന്നീട് നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ കർണന്റെ അന്ത:സംഘർഷങ്ങളെ ക്കുറിച്ച് ക്ലാസ്സെടുക്കാൻ എന്നെ ക്ഷണിച്ചിരുന്നു. അവർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ” എനിക്കൊന്നും അറിയില്ല .കാവാലം സാർ പറഞ്ഞതിലധികം ഒന്നും എനിക്ക് കർണഭാരത്തെക്കുറിച്ചറിയില്ല. ” കാളിദാസന്റെ ഉജ്ജയിനിയിൽ ച്ചെന്ന് കാവ്യപാരായണം നടത്തണം എന്നും അതിന് ഞാനും കൂടെ ചെല്ലണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ” വിക്രമോർവശീയം’ അരങ്ങേറണം എന്നും പറഞ്ഞിരുന്നു. രണ്ടും നടന്നില്ല. കാവാലം നാരായണപ്പണിക്കരില്ലാത്ത ഈ ലോകത്ത് ഇനിയത് നടക്കുകയില്ല.”
content highlight: mohanlal-s-Sanskrit-play-karnabharam