ഇത് സാധ്യമാകുമോ എന്നുറപ്പില്ല, പക്ഷെ മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കുന്ന കാര്യമായതു കൊണ്ടുമാത്രം ഈ നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കുകയാണ്. മുണ്ടക്കൈയിലെ ഏക KSRTC സ്‌റ്റേ ബസിന്റെ സര്‍വ്വീസ് കുറച്ചുനാള്‍ ഫ്രീയായി ചെയ്യാന്‍ പറ്റുമോ ? എന്നതാണ് നിര്‍ദ്ദേം. KSRTCയുടെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണെന്ന് അറിയാവുന്നതു കൊണ്ടും, ഒരു സര്‍വ്വീസുപോലും സൗജന്യമാക്കാന്‍ കഴിയാത്ത അവസ്ഥയുള്ളതു കൊണ്ടും ഗതാഗത വകുപ്പിനോ വകുപ്പു മന്ത്രിക്കോ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴിയില്ല.
അഥവാ, തീരുമാനിച്ചാല്‍ അത് KSRTCയില്‍ നിന്നുള്ള രഹസ്യമായ എതിര്‍പ്പിന് കാരണമായേക്കും. എന്നാല്‍, മുഖ്യമന്ത്രിക്ക് ഈ തീരുമാനം എടുക്കാനാകും. പ്രത്യേകിച്ച് ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ മുഖ്യമന്ത്രി ആയതുകൊണ്ട്. ദുരന്ത നിവാരണ അതോറിട്ടി ആക്ട് അനുസരിച്ച്, സംസ്ഥാനത്ത് ഒരു ദുരന്തമുണ്ടായാല്‍ അതിനെ നേരിടാനും ജനങ്ങളെ സംരക്ഷിക്കാനും ചെയര്‍മാന് എന്ത് അടിയന്തിര തീരുമാനവും എടുക്കാനാകും. മറ്റൊരു നിയമവും അതിന് തടസ്സമാകില്ല എന്നതാണ് പ്രത്യേകത. ഒരു നാടിനെ അപ്പോടെ തുടച്ചുനീക്കിയ ദുരന്തത്തിനു മുമ്പില്‍ രക്ഷാ ദൗത്യത്തിന്റെ എല്ലാ തലങ്ങളിലും മുഖ്യമന്ത്രിയുടെ കണ്ണും കാതും എത്തിയിരുന്നു.
അതുകൊണ്ടു തന്നെ, KSRTCയുടെ ബസ് സര്‍വ്വീസ് ദുരന്ത ബാധിതര്‍ക്കായി സൗജ്യന്യമായി അനുവദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. നിലവില്‍ നടക്കുന്ന അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതും അവര്‍ക്കു നല്‍കുന്ന വലിയ കാരുണ്യമായിരിക്കും. കാരണം, ഇനി കുറച്ചു നാളത്തേക്ക് മുണ്ടക്കൈയിലെയോ, ചൂരല്‍മലയിലെയോ ദുരന്ത ബാധിതര്‍ക്ക് ‘പണം’ എന്നൊരു സംവിധാനത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ഉടുതുണിയും കൈയ്യില്‍ പിടിച്ചോടിയ ജീവനും അല്ലാതെ മറ്റൊന്നും അവരുടെ പക്കലില്ല എന്ന ബോധ്യമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കാന്‍ പ്രേരിപ്പിച്ച ഘടകം.
ദുരന്തം സംഭവിച്ച സ്ഥലത്തു നിന്നും ഇനി കുറച്ചു നാളത്തേക്ക് ദുരന്തം ബാധിച്ചവര്‍ക്ക് പുറം ലോകത്തേക്കു പോകാനാവില്ലെന്ന അവരുടെ ദുഖത്തെ ഈ ഒരു തീരുമാനം കൊണ്ട് മാറ്റണം. പുറം ലോകത്തേക്ക് അവര്‍ക്ക് കൈയ്യില്‍ കാശില്ലെങ്കിലും പോയ് വരാന്‍ ഈ സംഴിധാനം കൊണ്ട് കഴിയും. ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന് ആ നിയമത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാന്‍ കഴിയും. KSRTCക്ക് ഡിസാസ്റ്റര്‍ റിസ്‌ക് റിലീഫ് ഫണ്ടില്‍ നിന്നും പണം നല്‍കിയാല്‍ ആ, സ്റ്റേബസ് ദുരന്ത ബാധിതര്‍ക്കായി ഓടിത്തുടങ്ങും.
നിലവിലെ സാഹചര്യത്തില്‍ KSRTCക്ക് ഇങ്ങനെയൊരു സാഹസം എടുക്കാനാവാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയിലേക്ക് എത്തപ്പെട്ടത്. ഗതാഗത വകുപ്പ് KSRTC ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് ലഭിച്ച വിവരം. എന്നാല്‍, ഇക്കാര്യം മന്ത്രി ഗണേശ് കുമാറിനെ അറിയിക്കാമെന്നും കഴിയുമെങ്കില്‍ പോസിറ്റീവായ തീരുമാനം എടുക്കാന്‍ സാധിക്കുമോയെന്ന് ആലോചിുക്കാമെന്നുമായിരുന്നു മറുപടി.
ഒരു വലിയ കാര്യമാണ് ഇതെന്നു തോന്നുന്നുവെങ്കില്‍ മുണ്ടക്കൈക്കാര്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതു വരെയെങ്കിലും(ഒരു നിശ്ചിത സമയം) സൗജന്യ യാത്രയ്ക്ക് ബസ് സര്‍വ്വീസ് നടത്താന്‍ ഉത്തരവിടുമെന്ന് വിശ്വസിക്കുന്നു. നിലവില്‍ കല്‍പ്പറ്റ-മുണ്ടക്കൈ സ്റ്റേബസ് കല്‍പ്പറ്റയിലേക്ക് മാറ്റിയിട്ടുണ്ട്. ചുരല്‍മല പാലം തകര്‍ന്നതോടെ സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലത്തിലൂടെയാണ് ബസിന് ഇക്കരെ എത്തിച്ചത്. ഇനി പുതിയ പാലം നിര്‍മ്മിക്കുന്നതു വരെ സ്റ്റേബസിന്റെ ഓട്ടം അനിശ്ചിതാവസ്ഥയിലാണ്. മാത്രമല്ല, ആ ബസ് മുണ്ടക്കൈയിലേക്കും-തിരിച്ചും സര്‍വ്വീസ് നടത്തിയാലും വരുമാനം ഉണ്ടാകില്ല.
കാരണം, മുണ്ടക്കൈയില്‍ നിന്നുള്ളവരുടെ കൈയ്യില്‍ പണമില്ലെന്നതാണ് സത്യം. അതുകൊണ്ട് ദുരന്ത നിവാരണ അതോറിട്ടിയുടെ ഫണ്ട് നല്‍കിക്കൊണ്ട് ബസ് സൗജന്യമായി ഓടിയാല്‍ ദുരന്ത ബാധിതര്‍ കല്‍പ്പറ്റയിലും തിരിച്ചും യാത്ര ചെയ്തു തുടങ്ങും. ദുരന്ത മുഖത്തു നില്‍ക്കുമ്പോഴുണ്ടാകുന്ന ഉറ്റവരുടെയും ഉടയവരുടെയും നഷ്ടത്തിന്റെ ഭാരം മായ്ക്കാന്‍ ഈ യാത്രകള്‍ക്ക് ഒരു പരിധി വരെ സാധിക്കും. പക്ഷെ, അന്തിമ തീരുമാനം മുഖ്യമന്ത്രയുടേതാണ്.
CONTENT HIGHLIGHTS; This proposal is to the Chief Minister: If possible, will the ‘stay bus’ at Mundakai be run ‘free’ for some time? (Special Story)