കർക്കിടകം വന്നാൽ പിന്നെ തെയ്യക്കാലമാണ് മലബാറുകാർക്ക്, കർക്കിടകത്തിൽ വരുന്ന ആട്ടി തെയ്യം മുതൽ പിന്നീട് ഉത്സവം തെയ്യം എന്ന് പറഞ്ഞ് ഒരു മേളം തന്നെയാണ്. തോറ്റി തോറ്റി തെയ്യങ്ങളെ ഉണർത്താൻ ഉള്ള നേരം. തോറ്റം പാട്ടിന്റെയും, ചെണ്ടയുടെയും മഞ്ഞളിന്റെ മണവും പരക്കുന്ന ദിനങ്ങൾ..ദുരിതമകറ്റുന്ന കർക്കടകത്തെയ്യങ്ങളുടെ വരവാണ് പിന്നീട്.
പച്ച വിരിപ്പിട്ട് ഇരിക്കുന്ന നെൽപ്പാടങ്ങൾ, അതിനിടയിലൂടെ പാടവരമ്പിലൂടെ ചെമ്പട്ട് ഉടയാടകൾ അണിഞ്ഞ് നിഷ്കളങ്കത്വം പേറുന്ന കുരുന്നു മുഖവുമായി ആടിയും വേടനും ഉത്തര മലബാറിലെ കാർഷിക ഗ്രാമ വഴികളിൽ നടക്കാൻ ഇറങ്ങുകയാണ്. കാലമെത്രകഴിഞ്ഞാലും അന്യം നിന്നുപോകാതെ ചില ഗ്രാമങ്ങളിൽ എങ്കിലും ഇന്നും മുടങ്ങാതെ രോഗപീഡകളും കള്ള കർക്കടകത്തിലെ മഹാമാരിയും ദൂരീകരിക്കാൻ ആടിയും വേടനും പ്രത്യക്ഷമാകുന്നു.
കർക്കടകത്തെയ്യങ്ങൾ
ആടിവേടൻമാരെ കൂടാതെ കോതാമൂരി ,ഉച്ചാർ പൊട്ടൻ, മാരിത്തെയ്യങ്ങൾ തുടങ്ങിയ രൂപങ്ങളും കർക്കടകത്തിലെ വറുതി അകറ്റാൻ എഴുന്നള്ളും. എന്നാലും ഇന്ന് കൂടുതലായി ആടിയും വേടനും ആണ് ഉത്തര മലബാറിലെ ഗ്രാമങ്ങളിൽ കെട്ടിയാടുന്നത്. പലപ്പോഴും ആടിവേടൻ എന്ന് ഒന്നിച്ചു പറയാറുണ്ടെങ്കിലും ആടിയും വേടനും വ്യത്യസ്തരാണ്. ആടി എന്നു പറയുന്നത് പാർവതീ ദേവിയും വേടൻ എന്നു പറയുന്നത് പരമശിവനും ആണ്. ഇതിനു പിന്നിലെ ഐതിഹ്യം ഉടലെടുക്കുന്നത് മഹാഭാരതവുമായി ബന്ധപ്പെട്ടാണ്. വനപർവ്വത്തിൽ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ച ഒരു കഥയുടെ അടിസ്ഥാനമാണ് ആടിവേടൻ കഥയുടെ സൂചിക. വനവാസകാലത്ത് ശക്തമായ തപസ്സ് അനുഷ്ഠിക്കുക ആയിരുന്നു അർജുനൻ. അർജുനന്റെ തപസിനെ പരീക്ഷിക്കുവാൻ വേണ്ടി ശ്രീപരമേശ്വരനും പാർവതി ദേവിയും വേടനും വേടത്തിയുമായി ഭൂതഗണങ്ങളോടൊത്ത് വേഷം മാറി കാട്ടിലെത്തി.ഈ സമയത്താണ് മൂകൻ എന്ന അസുരൻ കാട്ടുപന്നിയുടെ രൂപം ധരിച്ച് അർജുനനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. അതേ സമയം അവിടെയെത്തിയ പരമശിവനും അർജ്ജുനനും ഒരേ സമയം അമ്പെയ്തതോടെ ബാണമേറ്റ കാട്ടുപന്നി വീഴുന്നു. കാട്ടുപന്നിയുടെ രൂപം ധരിച്ച മൂകൻ മരിച്ച് അസുരരൂപത്തിലാവുന്നു. ഇതേ തുടർന്ന് അർജുനനും ശിവനും അവകാശ തർക്കമാവുകയും പോരടിക്കുകയും ചെയ്യുന്നു.. എന്നാൽ എത്ര ശ്രമിച്ചിട്ടും വില്ലാളിവീരനായ അർജുനന് വേടനെ തോൽപ്പിക്കാൻ ആവുന്നില്ല. അവസാനം അർജുനൻ അവിടെയുണ്ടായിരുന്ന ശിവലിംഗത്തിൽ പുഷ്പാർച്ചന നടത്തി പ്രാർഥിക്കാൻ തുടങ്ങി. അദ്ഭുതമെന്നു പറയട്ടേ അർപ്പിക്കുന്ന പുഷ്പങ്ങൾ മുഴുവൻ വേടന്റെ കാൽക്കൽ വന്ന് വീണുകൊണ്ടിരുന്നു. ഇത് കണ്ട് സ്തംബിച്ച അർജുനന് തന്റെ മുന്നിൽ വന്നു നിൽക്കുന്നത് സാക്ഷാൽ പരമേശ്വരൻ ആണെന്ന് മനസ്സിലാവുകയും അദ്ദേഹത്തോട് ക്ഷമയാചിച്ച് സ്തുതിക്കുകയും ചെയ്യുന്നു. അർജുനനിൽ പ്രസീതനായ ഭഗവാൻ പാശുപാസ്ത്രം നൽകി അർജുനനെ അനുഗ്രഹിക്കുന്നു… ഇങ്ങനെ അവതരിച്ച ശിവനും പാർവ്വതിയുമാണ് ആടിയും വേടനുമായി ദുരിതമകറ്റാൻ എഴുന്നള്ളുന്നത്..
രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ് കോലം ധരിക്കുന്നത്. ആടിയായി വണ്ണാൻ സമുദായത്തിലെ കൊച്ചു കുട്ടികളും വേടനായി മലയ സമുദായത്തിലെ കൊച്ചു കുട്ടികളും. ഇതിൽ മലയ സമുദായത്തിലെ വേടൻ കർക്കടകം ഏഴു മുതൽ ഗ്രാമത്തിലെ വീടുകളിൽ സന്ദർശനം നടത്തി പീഢകൾ ഒഴിവാക്കുമ്പോൾ വണ്ണാൻ സമുദായത്തിന്റെ ആടി കർക്കടകം പതിനേഴ് മുതൽ മാത്രമാണ് നാട്ടുവഴികളിൽ സജീവമാകുന്നത്… ഓരോ ദേശത്തിന്റെയും അധികാരം ചാർത്തി കിട്ടിയിട്ടുള്ള ജന്മാരിമാരാണ് കോലം ധരിക്കുന്നവരെ നിശ്ചയിക്കുന്നത്.
കോലം ധരിക്കാൻ പുതുതലമുറയിലെ കുട്ടികൾ പലരും രംഗത്തിറങ്ങാൻ മടിക്കുന്നതിനാൽ പല ഗ്രാമങ്ങളിലെ ഒറ്റയടിപാഥകളിലും വേടന്റെ കാൽപാടുകൾ മാഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു…
വിശ്വാസം, ആചാരം
അകലെ നിന്നും വേടൻ വരുന്നതിന്റെ അകമ്പടിയായി ചെണ്ടയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ചാണകം മെഴുകിയ മുറ്റം അടിച്ച് തെളിച്ച് വൃത്തിയാക്കി ഉമ്മറത്ത് നിലവിളക്ക് കൊളുത്തി കാത്തിരിക്കും. മുറത്തിൽ അരിയും പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയ സാധനങ്ങൾ തയ്യാറാക്കി വച്ചിട്ടുണ്ടാവും. ഒറ്റ ചെണ്ട കൊട്ടി വേടന്റെ ഐതിഹ്യം കൂടെ വരുന്നവർ പാടുമ്പോൾ ചെണ്ടയുടെ താളത്തിനൊത്ത് വേടൻ മുന്നോട്ടും പിന്നോട്ടും കലാശം വയ്ക്കും… പിന്നെ പിച്ചള കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസി തെക്ക് ദിശയിലേക്ക് ഉഴിഞ്ഞ് മറിക്കുന്നു. കറുത്ത ഗുരുസി എന്നു പറയുന്നത് വെള്ളത്തിൽ കരിക്കട്ട ചാലിച്ചതും ചുവന്ന ഗുരുസി എന്ന് പറയുന്നത് മഞ്ഞളും നൂറും യോജിപ്പിച്ച് വെള്ളത്തിൽ ചാലിച്ചതും ആണ്. ഈ ഗുരുസി മറിക്കുന്നതോടു കൂടി വീടും പരിസരവും “ചേട്ട”യെ അകറ്റി പരിശുദ്ധമായി മാറുന്നു എന്നാണ് വടക്കന്റെ വിശ്വാസം…
ദക്ഷിണയും നെല്ലും അരിയുമൊക്കെ തോൾ ഭാണ്ഡത്തിൽ നിറച്ച് വേടൻ യാത്രയാകും. പഞ്ഞമാസത്തിന്റെ വറുതിയിൽ പലപ്പോഴും എരിയാത്ത അടുപ്പുകൾ ഉള്ള അവരുടെ കുടികളിലെ അടുപ്പു കലങ്ങളിൽ വെന്തു വരുന്ന അരിമണികൾക്ക് ഉഴിഞ്ഞ് മറിച്ച ഗുരുസിയിലെ മഞ്ഞളിൻ ഗന്ധമുണ്ടാവും….