woman being attacked
ബെംഗളൂരുവില്‍ പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച ക്യാബ് ഡ്രൈവറെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പതിവായി ഈ പ്രദേശത്തുകൂടി സഞ്ചരിക്കാറുണ്ടെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
‘കേസില്‍ അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ ഞങ്ങള്‍ പിടികൂടി. ഒരു ക്യാബ് ഡ്രൈവര്‍ കോര്‍പ്പറേറ്റ് ജീവനക്കാരെ ആ സ്ഥലത്തുനിന്നും അവരുടെ ജോലിസ്ഥലത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്കിടെ കൊണ്ടുവിടാറുണ്ടായിരുന്നു. അതിനിടെ യുവതി നടക്കുന്നത് കണ്ട് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്’, ഡിസിപി (സൗത്ത്) ലോകേഷ് ജഗലസര്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ പ്രഭാത നടത്തത്തിന് പോകാനായി യുവതി അയല്‍വാസിയുടെ വീടിന് മുന്നില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോളാണ് ഡ്രൈവര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ യുവതി നിലവിളിക്കുകയും ഇതില്‍ ഭയന്ന ഡ്രൈവര്‍ ഓടി രക്ഷപെടുകയുമായിരുന്നു. തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. അതനുസരിച്ച്, സെക്ഷന്‍ 74, 75, 78, 79 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
STORY HIGHLIGHTS: Cab driver arrested in Bengaluru