വിനേഷ് ഫോഗട്ട്, നിങ്ങള്‍ ഇന്ത്യയിലെ വളര്‍ന്നു വരുന്ന കായിക പ്രതിഭകള്‍ക്ക് ഒരു പ്രചോദനമാണ്. ഒളിമ്പിക്‌സില്‍ അജയ്യരായി ഇന്ത്യന്‍ പതാക പുതച്ച് പോഡിയത്തില്‍ സ്വര്‍ണ്ണത്തിളകം മാത്രം നിലനിര്‍ത്തുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നിങ്ങളുടെ ഒളിമ്പിക്‌സ് വിജയങ്ങള്‍ക്കു കഴിയും. അതാണ് രാജ്യത്തിന്റെ മുതല്‍ക്കൂട്ടും നേട്ടവും. ഇന്ത്യക്ക് വെള്ളിയും വെങ്കലവും താണ്ടി സ്വര്‍ണ്ണത്തിലേക്കെത്താന്‍ പറ്റിയിട്ടുള്ള എത്ര അവസരങ്ങളാണ് ഒളിമ്പിക്‌സില്‍ ഇതുവരെ
ഉണ്ടായിട്ടുള്ളത്. വിരലില്‍ എണ്ണാവുന്നതു മാത്രം.
എന്നാല്‍, ഒളിമ്പിക്‌സില്‍ പങ്കെടുക്കാനും മത്സരങ്ങളില്‍ മാറ്റുരയ്ക്കാനും നമ്മള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട് എന്നത് മറന്നു പോകുന്നില്ല. കായിക മേഖലയില്‍ ചെറുതായ മുന്നേറ്റങ്ങള്‍ ഇന്ത്യ നടത്തിത്തുടങ്ങിയ കാലഘട്ടമാണിത്. അതുകൊണ്ടു തന്നെ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ഇന്ത്യന്‍ കായിക യുവ തലമുറയെ വല്ലാതെ വേദനിപ്പിക്കും. ഒരു മത്സരാര്‍ത്ഥി ലോകോത്തര വേദിയില്‍ എന്തൊക്കെ മനസ്സിലാക്കിയിരിക്കണമെന്നതു കൂടിയാണ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലൂടെ മനസ്സിലാക്കി തരുന്നത്.
കായിക ഇനം മാത്രമല്ല, മത്സരാര്‍ത്ഥിയുടെ അളവു തൂക്കങ്ങളും, ഇടപെടലുകളും, മാനദണ്ഡങ്ങളും നിയമാവലികളും പാലിക്കല്‍, വ്യക്തി ശുചിത്വം അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതെല്ലാം ഇന്ത്യന്‍ കായിക തലമുറയ്ക്ക് പാഠമായി മാറിയിരിക്കുന്നു. പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, നിങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം, തകര്‍ന്നിരിക്കുന്ന ഇന്ത്യന്‍ ജനതയ്‌ക്കേറ്റ ഇടിവെട്ടാണ്. പക്ഷെ, അതിനെ തെറ്റുപറയാനുമൊക്കില്ല. ഗുസ്തി ജയിച്ചപ്പോള്‍ ഫോഗട്ട് തോറ്റു പോയതിനല്ല, ഫോഗട്ടിലൂടെ ഇന്ത്യന്‍ ജനതയാകെ തോറ്റിരിക്കുന്നു എന്നതു കൊണ്ടാണ്.
ഒളിമ്പിക് അപ്പീല്‍ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും, അത് പരിഗണിക്കപ്പെടുമോ എന്നറിയില്ല. എങ്കിലും ഒരു മെഡല്‍ ഉറപ്പായിരുന്ന സാഹചര്യത്തില്‍ വെള്ളിയെങ്കിലും നല്‍കാന്‍ തയ്യാറായാല്‍, അത്രയും അഭിമാനം. ഫോഗട്ടിന്റെ അയോഗ്യതയില്‍ ഇന്ത്യയിലെ കായികരാഷ്ട്രീയം ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നവരാണ് ഏറെയും. ഫോഗട്ടിനൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ പ്രത്യേകിച്ച്. രാഷ്ട്രീയം കപ്പല്‍കയറി പാരീസിലെത്തിയതിന്റെ ഫലമാണ് ഫോഗട്ടിന്റെ പതനം എന്നാണ് ആരോപണം. ആ ആരോപണം ഉന്നയിക്കുന്നവരുടെ ന്യായവാദങ്ങളെ തള്ളിക്കളയാതെ തന്നെ ഒരു കാര്യം പറയാതെ വയ്യ.
വിനേഷ് ഫോഗട്ടിന്റെ തെറ്റുകള്‍ എന്തൊക്കെ ?
വിനേഷ് ഫോഗട്ട് യോഗ്യത മത്സരത്തില്‍ 53 കിലോ വിഭാഗത്തില്‍ മത്സരിച്ച് പൂജ്യം സ്‌കോര്‍ നേടി താരതമ്യേന ജൂനിയര്‍ ആയ ആളോട് പരാജയപ്പെട്ടിരുന്നു. അതിനുശേഷം അവര്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച് യോഗ്യത നേടുകയായിരുന്നു. ഒരാള്‍ക്ക് ഒരേ സമയം രണ്ട് കാറ്റഗറിയില്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാമോ എന്നുള്ളത് അറിയില്ല. ഉണ്ടെങ്കില്‍ അതുകൊണ്ടാണ് ഫോഗട്ടിന് മത്സരിക്കാനായത്. കേവലം 100 ഗ്രാമിന് ഓവര്‍ വെയ്റ്റ് ആയി എന്നത് തത്വത്തില്‍ ശരി അല്ല. 2 കിലോയുടെ എക്സംപ്ഷന്‍ ഉണ്ട്. അതായത് 52 കിലോ വരെ ആവാം. അപ്പോള്‍ വിനേഷിന് 50+2+ 100 ഗ്രാം ആണ് ഓവര്‍ വെയ്റ്റ്. 52.1 കിലോ.
അവരുടെ നാച്ചുറല്‍ വെയ്റ്റ് കാറ്റഗറി 53 കിലോ വിഭാഗം ആണെന്നോര്‍ക്കണം. എന്നാല്‍, 2 കിലോ എക്സംപ്ഷന്‍ വെയ്റ്റ് എന്നുള്ളത് ലോകചാമ്പ്യന്‍ഷിപ്പിനാണ്. ഒളിമ്പിക്‌സിന് കൃത്യം വെയ്റ്റ് തന്നെ വേണം. അതില്‍ നിന്നും താഴേക്കോ മുകലിലേക്കോ നൂലിട വ്യത്യാസം ഉണ്ടായാല്‍ അയോഗ്യരാക്കും.ഇത് ആദ്യമായല്ല, വിനേഷ് ഫോഗട്ട് തൂക്കത്തിന്റെ പേരില്‍ പുറത്താകുന്നത്. 2016ലെ യോഗ്യത മത്സരത്തിന് മുന്നേയും ഇതുപോലെ ഓവര്‍ വെയ്റ്റ് ആയി വിനേഷ് ഫോഗട്ട് പുറത്തായിരുന്നു. വിനേഷിന്റെ കോച്ച്, ഫിസിയോ, സപ്പോര്‍ട്ട് ടീം എല്ലാവരും വിദേശികളാണ്. അവരെ വിനേഷ് തന്നെയാണ് സ്വയം തെരെഞ്ഞെടുത്തത്. ഒളിമ്പിക് അസോസിയേഷന്‍ നിയമിച്ച പരിശീലകനെ ഒഴിവാക്കിയാണ് വിനേഷ് വിദേശ പരിശീലകരെ വെച്ചത്.
എന്നാല്‍, പരിശീലനത്തിനും പരിശീലകര്‍ക്കും സൗകര്യങ്ങള്‍ക്കുമായി പണം ചിലവാക്കുന്നത് രാജ്യമാണ്. വിനേഷിന്റെ പരിശീലകര്‍ക്ക് ആര്‍ക്കും ഈ കൂടുതലായി വന്ന 2.1 കിലോ തൂക്കത്തില്‍ പങ്കില്ല എങ്കില്‍ പിന്നെ ആര്‍ക്കാണ് ഉത്തരവാദിത്വം. ഫൈനലിനു തൂക്കം നോക്കുന്നതിന്റെ തലേന്ന് കഴിയാവുന്ന എല്ലാ പണിയും തൂക്കം കുറക്കാന്‍ നോക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ് അധികം തൂക്കം ആയ 2.1 കിലോ വന്നത്. 98 ഡിഗ്രി സോണയില്‍ ആണ് അവര്‍ വിയര്‍ത്ത് തൂക്കം കുറയാന്‍ സമയം ചിലവഴിച്ചത്. ചര്‍മ്മത്തില്‍ ചൂട് കൂടി പൊള്ളല്‍ ഏറ്റിട്ടുമുണ്ട്.കൂടാതെ ഭക്ഷണം വെള്ളം എന്നിവയെല്ലാം ഒഴിവാക്കി. രക്തം എടുത്തു. വസ്ത്രം ചെറുതാക്കി.
മുടി മുറിക്കാന്‍ വരെ തയ്യാറായി. ഇതെല്ലാം തലേന്ന് നടന്നതാണ് എന്നതും ഓര്‍ക്കണം. മത്സരത്തിന് മുമ്പ് എല്ലാ മത്സരാത്ഥികള്‍ക്കും ഒരേസമയമാണ് തൂക്കം നോക്കുന്നത്. ആ സമയത്ത് ഓവര്‍ വെയ്റ്റ് ആയാലും 15 മുതല്‍ 20 മിനിട്ടു സമയം വരെ നല്‍കിയ ശേഷം ഒരിക്കല്‍ കൂടി തൂക്കംനോക്കാന്‍ അവസരം ഉണ്ട്. എന്നിട്ടും വെയ്റ്റ് 100 ഗ്രാം കുറക്കാന്‍ സാധിച്ചില്ല എങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് തൂക്കം നന്നേ കൂടുതലുണ്ടാകും. ഒരു ലോകോത്തര പ്രൊഫഷണല്‍ മത്സരത്തില്‍ മത്സരിക്കുന്ന അത്‌ലറ്റ് ആണ് അവര്‍ എന്നതും ഓര്‍ക്കണം. മാത്രമല്ല, ഈ കാറ്റഗറിയില്‍ എല്ലാ കടമ്പകളും കടന്നു നില്‍ക്കുകയുമാണ്. ഇനി ഫൈനല്‍ മാത്രമാണ് മുന്നില്‍. മെഡല്‍ ഉറപ്പിച്ച മത്സരാര്‍ത്ഥി. അപ്പോള്‍ അതീവ ജാഗ്രതയോടെ ശരീരം സൂക്ഷിക്കേണ്ടത് ആരാണ്. ആരുടെ ഉത്തരവാദിത്വമാണ് മത്സരാര്‍ത്ഥിയെ പരിപാലിക്കേണ്ടത്.
രാജ്യം ചെയ്തത് എന്ത് ?
വിനേഷ് ഫോഗട്ടിന് 2 തവണ അവസരം കൊടുത്താണ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. ഇതുകൂടാതെ ഫോഗട്ടിന് അവര്‍ പറഞ്ഞ ലോകോത്തര പരിശീലകനെ തന്നെ നല്‍കി. പരിശീലകര്‍ക്ക് അവര്‍ പറഞ്ഞ പണം നല്‍കി. ഇതില്‍ ഏതിലെങ്കിലും കുറവ് വന്നിരുന്നുവെങ്കിലോ, അവര്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത നല്‍കിയില്ലായിരുന്നു എങ്കിലോ അത് രാഷ്ട്രീയമായി കണ്ടനേ. അതില്‍ രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. അതുമാത്രമല്ല, അതിന്റെ പേരില്‍ തെരുവില്‍ കലാപമുണ്ടാക്കാന്‍ ഖലിസ്ഥാന്‍ വാദികള്‍ അടക്കം ഇറങ്ങിയേനെ. ഇതും മറ്റൊരു തരത്തില്‍ സത്യമല്ലേ. വിനേഷിന് അയോഗ്യത കല്പിച്ചതറിഞ്ഞ് പ്രധാനമന്ത്രി നേരിട്ട് അവരെ വിളിച്ചു അശ്വസിപ്പിക്കാനും ശ്രമിച്ചു. അവര്‍ക്കൊപ്പം തന്നെ നില്‍ക്കാന്‍ വേണ്ടി ഒളിമ്പ്യന്‍ പിടി ഉഷയോടു നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ ഭരണകൂടത്തിന് ഒളിമ്പിക്‌സില്‍ സ്വാധീനം ചെലുത്താനാകുമോ ?
ഫോഗട്ടിന്റെ അയോഗ്യതയുടെ ഭാഗമായി ഉയരുന്ന പ്രധാന സംശയമാണ് ഇന്ത്യന്‍ ഭരണകൂടത്തിന് പാരീസ് ഒളിമ്പിക്‌സില്‍ സ്വാധീനം ചെലുത്താനാകുമോ എന്നത്. കാരണം, ഇന്ത്യയിലെ ഗുസ്തി ഫെഡറേഷനില്‍ ഉണ്ടാക്കിയ കലാപത്തിന് പാരീസില്‍ തിരിച്ചടി കൊടുക്കാന്‍ ഭരണ കൂടം ശ്രമിച്ചോ എന്നതാണ്. എത്ര മണ്ടന്‍ സംശയങ്ങളാണ് ഇതൊക്കെ. മെഡല്‍ പട്ടികയില്‍ ചെറിയ രാജ്യങ്ങളുടെ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെ സ്വാദീനിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ മുകളിലേക്ക് വരാന്‍ പ്രയാസമാണോ. മാത്രമല്ല, അന്താരാഷ്ട്രാ ഒളിമ്പിക്‌സ് കമ്മിറ്റിയില്‍ പക്ഷപാതമായ ഒന്നം സംഭവിക്കുന്നില്ല എന്നതാണ് ഒളിമ്പിക്‌സിന്റെ തന്നെ വിശ്വാസ്യത. കഴിവും മികവും പുലര്‍ത്തുന്നവര്‍ക്ക് അംഗീകാരം. അതിനപ്പുറമൊന്നും ഒളിമ്പിക്‌സില്‍ ഇല്ല.
രാഷ്ട്രീയം കളിച്ചതോ ?
ഇന്ത്യയില്‍ രാഷ്ട്രീയാതിപ്രസരം കായിക മേഖലയിലും കടന്നു കൂടിയിട്ട് നാളേറെയായി. അതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ കായിക മേഖലയിലെ തലപ്പത്ത് ഇരിക്കുന്നതും. കായിക ഇനം നോക്കിയോ, കായിക മികവു നോക്കിയോ അല്ല, മറിച്ച് കായിക ഇനം അറിയുന്നവന്റെ രാഷ്ട്രീയം നോക്കിയാണ് ഉന്നതങ്ങളില്‍ ഇരുത്തല്‍ നടക്കുന്നത്. ഇത് ഇന്ത്യന്‍ കായിക മേഖലയ്ക്ക് നല്‍കിയത് കുതിപ്പല്ല കിതപ്പു മാത്രമാണ്. ഫോഗട്ടിന്റെ 100ഗ്രാം തൂക്ക കൂടുതല്‍ ഉണ്ടായതിനു പിന്നലും രാഷ്ട്രീയം ഉണ്ടെന്ന ചിന്ത ഓരോ ഇന്ത്യാക്കാരിലേക്കും ഒറ്റ ദിവസം കൊണ്ട് പടര്‍ന്നിരിക്കുകയാണ്.
ഗുസ്തി ഫെഡറേഷനും അതിന്റെ തലപ്പത്തിരുന്ന ബ്രിജ്ഭൂഷണുമായുള്ള വഴക്കിന്റെ ഭാഗമാണിത്. ബ്രിജ്ഭൂഷണ്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ സ്വന്തം പാര്‍ട്ടിക്കാരന്‍. കായികതാരങ്ങളെ വര്‍ഷങ്ങളോളം പീഡനത്തിനു വിധേയമാക്കിയിട്ടും സര്‍ക്കാരോ ബ്രിജ്ഭൂഷന്റെ പാര്‍ട്ടിയോ, കായിക മേഖലയോ അനങ്ങിയില്ല. പക്ഷെ, ഈ വിഷയത്തെ പുറലോകത്തെത്തിച്ച്, അതിന്റെ പേരില്‍ തെരുവില്‍ സമരം ചെയ്തതിനു മുമ്പില്‍ ഫോഗട്ടും ഉണ്ടായിരുന്നു. അന്നു തുടങ്ങിയ വെറുപ്പും പകയുമൊക്കെയാണ് ഇന്നും തീരാതെ കത്തി നില്‍ക്കുന്നത്.
ഫോഗട്ടിനു പിന്നാലെ ഗുസ്തി താരം അന്തിം പംഗലും ?
ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസില്‍ നിന്ന് തിരിച്ചയച്ചു. അക്രഡിറ്റേഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തെന്ന് കാട്ടിയാണ് അച്ചടക്കലംഘനം നടത്തിയതിനാണ് നടപടി. അനിയത്തിക്ക് തന്റെ ഔദ്യോഗിക അക്രഡിറ്റേഷന്‍ കാര്‍ഡ് കൈമാറിയത് ഒളിമ്പിക്‌സ് കമ്മിറ്റിയും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ്. വനിതകളുടെ 53 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അന്തിം പംഗല്‍ തുര്‍ക്കിയുടെ സൈനബ് യെറ്റാഗിലിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. 10-0ന് ആയിരുന്നു തോല്‍വി. ഗെയിംസ് വില്ലേജില്‍ സൂക്ഷിച്ച തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി അനുജത്തിക്ക് തന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് കൈമാറുകയായിരുന്നു. ഇതുമായി അനുജത്തി ഗെയിംസ് വില്ലേജില്‍ കടന്നു. പക്ഷേ, സാധനങ്ങളുമായി പുറത്തുകടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി.
തുടര്‍ന്ന് ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ അന്തിം സ്റ്റേഷനില്‍ ഹാജരായതിനെ തുടര്‍ന്ന് ഇവരെ പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍ നിന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നോട്ടീസ് ലഭിച്ചു. ഇതുപ്രകാരം അന്തിമിനോടും സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും രാജ്യത്തു നിന്ന് പുറത്തുപോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. അന്തിമിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയും ചെയ്തു. ഇതും ഇന്ത്യയിലെ രാഷ്ട്രീയ പകപോക്കലാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ടാകും. പക്ഷെ, ഒന്നറിയുക, ഇന്ത്യ പാരീസില്‍ നാണം കെടുകയാണെന്ന്.
content highlights;Vinesh Phogat Did You Too Wrong?: Something Unsaid in Olympic Disqualification