മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ് ഇപ്പോഴും. സഹായം നല്‍കുന്നവര്‍ക്ക് ഇല്ലാത്ത ആശങ്കയാണ് അതിനെ എതിര്‍ക്കുന്നവര്‍ക്കുള്ളത്. എന്നാല്‍, എതിര്‍ക്കുന്നവരെയും പരിഹസിക്കുന്നവരെയും പിടിച്ചുകെട്ടാന്‍ പോലീസ് ഇറങ്ങിയതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, പരസ്യമായി മാത്രമേ പ്രതികരിക്കാതിരിക്കുന്നുള്ളൂ. രഹസ്യമായി പ്രതിഷേധവും പ്രതികരണങ്ങളും അതിന്റെ വഴിയേ നടക്കുന്നുണ്ട്.
എന്തു തന്നെയായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നു തന്നെയാണ് പറയാനുള്ളത്. പക്ഷെ, ഇപ്പോള്‍ സി.എം.ഡി.ആര്‍.എഫിനു വന്നിരിക്കുന്ന പ്രധാന പ്രതിസന്ധി ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ട പാലായനമാണ്. ധനവകുപ്പില്‍ നിന്ന് കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് പോയത് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ വര്‍ഷം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായ രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയായി ഉടന്‍ പോകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രധാന കസ്റ്റോഡിയനാണ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഇദ്ദേഹം ഡെപ്യൂട്ടേഷനില്‍ പോകുന്നതോടെ സി.എം.ഡി.ആര്‍.എഫുമായുള്ള കാര്യങ്ങള്‍ വീണ്ടും പ്രശ്‌നത്തിലാകും. കേരളം ഇപ്പോള്‍ നേരിടുന്നത് കടുത്ത ഉദ്യോഗസ്ഥ പ്രതിസന്ധിയാണെന്നു തന്നെ പറയാം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു മുമ്പേ വന്ന വലിയ ദുരന്തമണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി. ഇതു രണ്ടു ദുരന്തങ്ങളും കേരളത്തെ ഒരു പോലെ വേട്ടയാടുന്ന ഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേരളം വിടുന്നത് സര്‍ക്കാരിന് തിരിച്ചടി തന്നെയാണ്.
രബീന്ദ്ര കുമാര്‍ അഗര്‍വാളിന്റെ മുന്‍ഗാമിയും നിലവില്‍ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹയും ഒരു വര്‍ഷം മാത്രമാണ് വകുപ്പില്‍ സേവനമനുഷ്ഠിച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകുന്ന രബീന്ദ്ര കുമാര്‍ അഗര്‍വാളിനു പകരമായി പുതിയൊരാളെ കണ്ടെത്തുക എന്നത് കടുത്ത വെല്ലുവിളിയാണ്. നിലവില്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സഹായം നല്‍കുന്നതിനെതിരേ ഉണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കുകയും, കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി തന്നെ സി.എം.ഡി.ആര്‍.എഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിപ്പിടുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ധകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കേന്ദ്രസര്‍വ്വീസിലേക്കുള്ള പോക്ക് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പടര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ പോയാല്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നുറപ്പാണ്. എങ്കിലും ആരായിരിക്കും അടുത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വരികയെന്നതും വലിയ പ്രശ്‌നമാണ്. സാംസ്‌ക്കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി ചാര്‍ജ്ജെടുക്കാന്‍ നിലവിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നുണ്ട്.
ഇതോടെ സംസ്ഥാനത്തിന് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസറെ കണ്ടെത്തേണ്ട സാഹചര്യം കൂടി വരികയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുകയാണ്. ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം ഒരുമിച്ചായിരിക്കും വരിക. അതിനു മുമ്പ് പുതിയ ചീഫ് ഇലക്ട്രല്‍ ഓഫീസറെ നിയമിക്കുകയും വേണം. സഞ്ജയ് കൗളിന്റെ നിയമനം അഞ്ച് വര്‍ഷത്തേക്കോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കുമെന്നാണ് സൂചനകള്‍.
അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ പുതിയ സി.ഇ.ഒയെ കണ്ടെത്തുക തന്നെ വേണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതും. അതേസമയം, തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കാന്‍ ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിംഗ് നേരത്തേ തന്നെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ട്. ഇങ്ങനെ സംസ്ഥാനത്തിന്റെ സാമ്പത്തികം അടക്കമുള്ള നിയന്ത്രണങ്ങള്‍ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പോകുന്നത് വലിയ ക്ഷീണം സംഭവിപ്പിക്കുന്നുണ്ട്.
മാത്രമല്ല, സംസ്ഥാനം അതിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുമ്പോള്‍, സംസ്ഥാന ധനകാര്യ തലവന്റെ അടിക്കടിയുള്ള മാറ്റങ്ങള്‍ ഇതിനകം തന്നെ അസ്ഥിരമായ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കാനേ വഴിവെക്കു. ഇതിനിടെ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ധനസഹായ പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി നടത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ദിവസവും 300 രൂപ വെച്ച് നല്‍കാനാണ് തീരുമാനം. മുപ്പത് ദിവസത്തേക്കാണ് ഈ ധനസഹായം നല്‍കുന്നത്.
മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 10,000 രൂപ വെച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ തുക വിതരണം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ്. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം സംസ്ഥാനത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിഭവസമാഹരണത്തിനായി പൊതുജനങ്ങളില്‍ നിന്ന് അധിക സഹായം തേടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സംസ്ഥാനം അതിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുമ്പോഴാണ് ഈ ദുരന്തവും ഉണ്ടായിരിക്കുന്നത്.
CONTENT HIGHLIGHTS; Mass exodus of IAS officers will cause CMDRF?