മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യ ലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ യുവ ഐ.എ.എസ്. ഉദ്യോഗസ്ഥനായ
ശ്രീറാം വെങ്കിട്ടരാമനെ ഇനി ഏതു പദവിനല്‍കി ഇരുത്തുമെന്ന് കൂലങ്കഷമായി ആലോചിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ അയാള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്‍ സൂപ്പര്‍വൈസിംഗ് ഓഫിസറായി ഇരിക്കുകയാണ്. ഇവിടെ നിന്നും വേഗത്തില്‍ മാറ്റുമെന്നാണ് സൂചനകള്‍. എന്നാല്‍, എങ്ങോട്ടേക്കു മാറ്റും എന്നതിന് വ്യക്തത വന്നിട്ടില്ല. ധനവകുപ്പില്‍ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ ജോലി ചെയ്യുന്ന ശ്രീറാമിനെ ധനവകുപ്പില്‍ നിന്ന് മാറ്റി പകരം എത്തുന്ന ഉദ്യോഗസ്ഥനെ ദുരിതാശ്വാസ നിധിയുടെ സൂപ്പര്‍വൈസിംഗ് ഓഫിസര്‍ ആക്കുമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ശ്രീറാമിനെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ദുരിതശ്വാസ നിധിയുടെ പരാതി പരിഹാര സെല്‍ സൂപ്പര്‍വൈസിംഗ് ഓഫീസറാക്കിയതെന്ന ആക്ഷേപം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. കൊലപാതക കേസിലെ പ്രതിയായ ഉദ്യോഗസ്ഥനെ ഇത്തരമൊരു സ്ഥാനത്ത് ഇരുത്തിയതിനെതിരെ വിവാദം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സര്‍ക്കാരിന് അറിയാമായിരുന്നു. എന്നിട്ടും, ശ്രീറാമിനെ ഈ കസേരയില്‍ ഇരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടത് വിവാദങ്ങള്‍ ഉയര്‍ന്നു വരാതിരിക്കാനാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ശ്രീറാം വെങ്കിട്ട രാമനെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത്തരം ഉത്തരവാദിത്വങ്ങളില്‍ ഇരുത്തിയിരുന്നതെങ്കില്‍ ഇടതുപക്ഷം എങ്ങനെയാണ് പ്രതികരിക്കുകയെന്ന് ചിന്തിച്ചാല്‍ മതിയെന്നും നേതാക്കള്‍ ചോദിക്കുന്നുണ്ട്. ഇടതുപക്ഷ യുവജന സംഘടനയും, വിദ്യാര്‍ത്ഥി സംഘടനയും തെരുവുകള്‍ കത്തിച്ചേനെ. മാധ്യമ പ്രവര്‍ത്തകര്‍ നീതിക്കായി തെരുവിലിറങ്ങിയേനെ. പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയനായതു കൊണ്ടും, ഇടതുപക്ഷ സര്‍ക്കാര്‍ ആയതു കൊണ്ടും ആര്‍ക്കും പ്രതിഷേധവുമില്ല, കത്തിക്കലുമില്ല. എന്നാല്‍, ബഷീറിന് നീതി കിട്ടിയോ എന്ന ചോദ്യം ബാക്കിയാവുകയും ചെയ്യുന്നു. ഇതാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണങ്ങളും, പ്രതികരണവും.
പച്ചയ്ക്ക് ഒരു മനുഷ്യനെ കാറിടിച്ചു കൊലപ്പെടുത്തിയ ശേഷം അതിന്റെ പേരില്‍ ഒരു ദിവസം പോലും തടവറയില്‍ കഴിയാതെ, സസ്‌പെന്‍ഷന്‍ എന്ന നാടകം കളിച്ച് വീണ്ടും, സര്‍വ്വീസില്‍ തിരിച്ചെടുത്തത് ഈ സര്‍ക്കാരാണ്. മദ്യപിട്ടിരുന്നുവെന്നതിന് തെളിവു നശിപ്പിക്കാന്‍ നടത്തിയ നാടകവും, ഓര്‍മ്മശക്തി നശിച്ചുപോയെന്ന നാടകവുമെല്ലാം പകല്‍വെളിച്ചം പോലെ നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും, ശ്രീറാം വെങ്കിട്ട രാമന് പദവിയും അംഗീകാരങ്ങളും. കെ.എംബഷീറിനെ കൊന്നിട്ട് നാലു വര്‍ഷം പിന്നിടുമ്പോള്‍ സെക്രട്ടേറിയറ്റിന്റെ അധികാര കസേരകളില്‍ മാറിമാറി ഇരിക്കുന്ന ശ്രീറാമിനൊപ്പം സര്‍ക്കാര്‍ അടിയുറച്ച് നില്‍ക്കുകയാണ്.
കെ.എം ബഷീറിനൊപ്പം ആരാണുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലിം സുമുദായ സംഘടനകളും ബിജെപി ഇതര സംഘടനകളും ശ്രീറാമിന്റെ നിയമനത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടും ഒരു കൂസലുമില്ലാതെ സര്‍ക്കാര്‍ ഇരിക്കുന്നതിനു കാരണവും ഇതു തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്നായിരുന്നു വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്രീരാം വെങ്കിട്ടരാമന് ദുരിതാശ്വാസ നിധി പ്രശ്ന പരിഹാര സെല്ലിന്റെ ചുമതല നല്‍കിയത് നിയമവാഴ്ചയോടുള്ള ധിക്കാരമെന്നായിരുന്നു കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരും പ്രവാസികളും മുതല്‍ വ്യവസായികളും വരെ സംഭാവന നല്‍കുന്ന സി.എം.ഡി.ആര്‍.എഫിന്റെ മേല്‍നേട്ട ചുമതല ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് എന്തടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയുടെ കൂടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വസ്തനാണ് ശ്രീറാം വെങ്കിട്ടരാമന്‍. അതിനാല്‍ തന്നെ ശ്രീറാമിന് എപ്പോഴും താക്കോല്‍ സ്ഥാനങ്ങളില്‍ തന്നെ നിലനിര്‍ത്താനാണ് ഇവരുടെ ആഗ്രഹം.
എന്നാല്‍ പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്ന എിര്‍പ്പുകാരണമാണ് ശ്രീറാമിന് ഒരു സ്ഥാനത്തും അധിക കാലം തുടരാന്‍ കഴിയാത്തത്. ആലപ്പുഴ കളക്ടറായിട്ട് നിയോഗിക്കപ്പെട്ട ഉടന്‍തന്നെ അവിടെ നിന്ന് മാറേണ്ടി വന്നിരുന്നു. ഓര്‍മ്മയില്ലാത്ത അസുഖമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് കേരളത്തിന്റെ ധനവകുപ്പില്‍ ചുമതല നല്‍കുന്നത്. ഓര്‍മ്മയില്ലാത്ത അസുഖമുണ്ടെന്ന് ശ്രീറാം തന്നെ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ രേഖയില്‍ പറഞ്ഞിട്ടുണ്ട്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒരു പരുവമാക്കിയ ധനകാര്യവകുപ്പിനെ നന്നാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് ശ്രീറാമിനെ നിയമിച്ചത്. അവിടുന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാരത്തിലേക്ക് ശ്രീറാം എത്തിയതും.
CONTENT HIGHLIGHTS; Sriram Venkataraman K.M. Is Bashir good?: Govt thrills the killer with titles