ഒരേ വകുപ്പില്‍ ജോലി ചെയ്യുന്ന മേലുദ്യോഗസ്ഥനും ജീവനക്കാരനും തമ്മില്‍ ഉണ്ടാകാവുന്ന ഈഗോക്ലാഷ് എത്രവരും ?. ജോലി ചെയ്യിക്കാനും, ജോലിഎടുക്കാനുമുള്ള രണ്ടുപേരുടെയും ഇപെലുകളില്‍ അത് നില്‍ക്കും. ഒന്നുകില്‍ മേലുദ്യോഗസ്ഥനെതിരേ വകുപ്പില്‍ പരാതി കൊടുത്തേക്കാം, അതുമല്ലെങ്കില്‍ തമ്മില്‍ പറഞ്ഞ് തീര്‍ക്കാനോ, യൂണിയനെ ഇടപെടുത്താനോ നോക്കിയേക്കാം. അതിനൊക്കെ ഒരു പരിധിയുണ്ട്. എന്നാല്‍, ജന്‍മി-കുടിയാന്‍ എന്നോ, തമ്പ്രാന്‍-അടിയന്‍ എന്നോ അത് മാറിപ്പോയാല്‍ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും രൂപം മാറും. പീഡനത്തിന്റെ കൊടുമുടിയും കയറി നെല്ലിപ്പലക കണ്ടപ്പോള്‍ KSRTCയിലെ ഒരു ജീവനക്കാരന്‍, തന്റെ ജീവന്‍ അപകടത്തിലാണെന്ന മരണമൊഴിക്കു സമാനമായ പരാതി നല്‍കിയിരിക്കുന്നത്.
മേലുദ്യോഗസ്ഥര്‍ക്കെതിരേയാണ് ഈ പരാതി. കഴിഞ്ഞ മാര്‍ച്ച് 14നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനും കോര്‍പ്പറേഷന്‍ എം.ഡിക്കും ജീവനക്കാരന്‍ പരാതി നല്‍കിയത്. എന്നാല്‍, പരാതിയിന്‍മേല്‍ അടയിരിക്കുന്നതല്ലാതെ മന്ത്രിയോ എം.ഡിയോ നടപടിയൊന്നും എടുത്തില്ല. പലതവണ മന്ത്രി ഓഫീസില്‍ ൃകയറിയിറങ്ങി. എന്നിട്ടും തന്റെ മരണമൊഴിക്കു സമാനമായ പരാതി പരിഗണിക്കാത്ത വിഷമത്തിലാണ് ജീവനക്കാരന്‍. KSRTC എംഡി തഴഞ്ഞു, ഗതാഗതമന്ത്രിയും തഴഞ്ഞതോടെ പരാതിയുമായി ജീവനക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ജീവനക്കാരനെ കേട്ടു. വിധി പുറപ്പെടുവിക്കുകയും ചെയ്തു. വകുപ്പിലെ ഒരു ജീവനക്കാരന്റെ പരാതിയില്‍ കഴമ്പുണ്ടോ എന്നെങ്കിലും പരിശോധിക്കാന്‍ മെനക്കെടാത്ത മന്ത്രിയോടും, എം.ഡിയോടും പരിഭവമില്ല, എങ്കിലും തന്നെ ദ്രോഹിച്ചവരോട് കാണിക്കുന്ന മൃദു സമീപനത്തോട് പ്രതികരിച്ചേ മതിയാകൂ എന്നാണ് ജീവനക്കാരന്റെ നിലപാട്.
അത്രയ്ക്കും മൃദുസമീപനം ആ ഉദ്യോഗസ്ഥര്‍ അര്‍ഹിക്കുന്നില്ലെന്നു തന്നെയാണ് ജീവനക്കാരന്റെ പക്ഷം. അതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതിയുമായി ഹൈക്കോടതി വരെ പോയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തന്നെ കണക്കറ്റ് ദ്രോഹിച്ചു. ഒരുപക്ഷെ, അഴര്‍ കൊല്ലാനും മടിക്കില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു മരണമൊഴി പോലുള്ള പരാതി തയ്യാറാക്കിയതും, അത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതുമെന്നും ജീവനക്കാരന്‍ പറയുന്നു. 23 പരാതികളാണ് ഉന്നയിട്ടിരിക്കുന്നത്. ഇതില്‍ അഴസാനത്തേതാണ് മരണമൊഴിക്കു സമാന പരാതി.
പരാതിയില്‍ പറയുന്നത് ഇങ്ങനെ ?
‘ഞാനും 60 വയസ്സിനു മുകളിലുള്ള എന്റെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഞാന്‍ അവിവാഹിതനാണ് എനിക്ക് മദ്യപാനമോ, പുകവലിയോ, മറ്റു ലഹരി വസ്തു ഉപയോഗമോ ഇല്ല. ബ്രാഹ്‌മണ അഗ്രഹാരത്തില്‍ വാടകവീട്ടില്‍ ഭീമമായ വാടക കൊടുത്താണ് ഞങ്ങള്‍ ഇരുവരും കഴിയുന്നത്. എന്റെ ശമ്പളം മാത്രമാണ് ഏക വരുമാനം. അത് ധാരാളം പ്രാവശ്യം സിറ്റി എ.റ്റി.ഒ ആയിരുന്ന ശ്രീ ജേക്കബ് സാംലോപ്പസ് മുടക്കി. എനിക്ക് ജോലിയില്‍ മനപ്പൂര്‍വ്വം പ്രതിസന്ധികള്‍ സൃഷ്ടിച്ചു. “എന്നെ ക്ലട്ടേഷന്‍ കൊടുത്തു കൊല്ലാനും ഇവര്‍ മടിക്കില്ല. അതിനാല്‍ എന്റെ മരണത്തിന് ജേക്കബ് സാം ലോപ്പസ്, കെ.ജി. ഷൈജു, എസ്.എന്‍. അജിത് കുമാര്‍, ബി. രാജേന്ദ്രന്‍, മനോജ് കെ. നായര്‍ തുടങ്ങിയവര്‍ ആയിരിക്കും ഉത്തരവാദികള്‍. ഒരു കാരണ വശാലും സംശയത്തിന്റെ ആനുകൂല്യം നല്‍കി ഇവരെ വെറുതേ വിടരുത്.’
പരാതിക്കാരനും മറ്റു പരാതികളും ?
KSRTC കണ്ടക്ടറായ വള്ളിയപ്പ ഗണേഷാണ് പരാതിക്കാരന്‍. മുന്‍മന്ത്രി ആന്റണി രാജുവിന്റെ ബന്ധുവായ എ.ടി.ഒ എന്‍.കെ. ജേക്കബ് സാം ലോപ്പസാണ് പരാതിയിലെ പ്രധാന പ്രതി. കൂട്ടുപ്രതികളായി എ.ടി.ഒ കെ.ജി. ഷൈജു, ഇന്‍സ്പെക്ടര്‍ എസ്.എന്‍. അജിത്കുമാര്‍, ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന്‍, കണ്ടക്ടര്‍ മനോജ് കെ. നായര്‍ എന്നിവരുമുണ്ട്. മുന്‍ മന്ത്രിയുടെ ബന്ധുവായതുകൊണ്ടും ജോലിയില്‍ ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുന്നതു കൊണ്ടും ജേക്കബ് ലോപ്പസ് KSRTCയില്‍ വലിയ പുള്ളിയാണ് എന്നാണ് ജീവനക്കാര്‍ പറയുന്നത്. ധാര്‍ഷ്ട്യവും, സഹ പ്രവര്‍ത്തകരോട് നിര്‍ദാക്ഷണ്യം പെരുമാറിയും പേരെടുത്ത ഇയാള്‍ക്കെതിരേ നിരവധി പരാതികളും ഉയരുന്നുണ്ട്.
നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നതിനാല്‍ ഇയാളില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ ആരും പുറത്തു പറയാന്‍ പോലും ഭയപ്പെട്ടിരുന്നു. പരാതി പറയുന്നവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ വരുമോയെന്ന പേടിയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍, മന്ത്രി മാറിയതോടെ ജേക്കബ് ലോപ്പസിന്റെ ഒരു കൊമ്പൊടിഞ്ഞു.
പീഡിപ്പിക്കപ്പെട്ട ജീവനക്കാര്‍ ഓരോരുത്തരായി പരാതികള്‍ നല്‍കാന്‍ തുടങ്ങിയതും ജേക്കബ് ലോപ്പസിന്റെ കഷ്ടകാലം തുടങ്ങി. വള്ളിയപ്പ ഗണേഷിന്റെ പരാതിയില്‍ ജേക്കബ് ലോപ്പസിന്റെ പീഡനത്തിന്റെ പരമ്പര തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഡിസംബറില്‍ ഒരു വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ മാനന്തവാടിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു മുതല്‍ ആരംഭിച്ച പീഡനമാണെന്ന് പരാതിക്കാരന്‍ പറയുന്നു.
അവിവാഹിതനും, പ്രായമായ അമ്മയും മാത്രമുള്ള പരാതിക്കാരനെ കേരളത്തിന്റെ വടക്കേയറ്റത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്, മന്ത്രിയുടെ പിന്‍ബലത്തോടെയായിരുന്നു. എന്നാല്‍, പരാതിക്കാരന്‍ കേസുമായി കോടതിയെ സമീപിച്ചു. തുടര്‍ന്ന് എവിടെ നിന്നാണോ ട്രാന്‍സ്ഫര്‍ ചെയ്തത്, അതേ സ്ഥലത്തേക്ക് തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. കോടതിയുടെ ഈ ഒരൊറ്റ ഇടപെടലില്‍ മനസ്സിലാക്കാനാകുന്നത്, ജേക്കബ് ലോപ്പസും സംഘവും (അതില്‍ പഴയ മന്ത്രിയും പെടും) കെ.എസ്.ആര്‍.ടി.സിയെ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുപോലെയാണ് കണ്ടിരുന്നതെന്നാണ്. 2019ല്‍ പരാതിക്കാരന് ഒരു അപകടമുണ്ടായി. ഇതേ തുടര്‍ന്ന് 11 ദിവസത്തെ ഡിസബിലിറ്റി ലീവ്(SDL) അനുവദിച്ചിട്ടും, ആ ലീവ് എടുക്കാന്‍ അനുവദിക്കാതെ പീഡിപ്പിച്ചു.
ബ്ലഡ് ഡൊണേഷന്‍ നടത്തുമ്പോള്‍ ലഭിക്കേണ്ട ബി.ഡി.എസ്.എല്‍.സി (പ്രത്യേക ലീവ് ഡ്യൂട്ടി) ചീഫ് ഓഫീസില്‍ നിന്നും അനുകൂല നടപടി ഉണ്ടായിട്ടും ചട്ടപ്രകാരം ലീവ്ഡ്യൂട്ടി അനവദിക്കാതെയും ജേക്കബ് ലോപ്പസ് പീഡിപ്പിച്ചു. കൊറോണക്കാലത്ത് സ്പെഷ്യല്‍ സര്‍വ്വീസ് പോയതിനുള്ള അര്‍ഹമായ ഡ്യൂട്ടി ഇതുവരെ നല്‍കിയിട്ടില്ല. ഇതു തടഞ്ഞിരിക്കുന്നത് ജേക്കബ് സാം ലോപ്പസാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഡ്യൂട്ടി ചെയ്താലും ആ ദിവസം ആബ്സന്റ് രേഖപ്പെടുത്തുന്ന ക്രമവിരുദ്ധ നടപടി ചെയ്യുന്ന ആളാണ് ഇദ്ദേഹം.
കെ.എസ്.ആര്‍.ടി.സി പെട്രോള്‍ പമ്പില്‍ പരിശീലനം ലഭിക്കാത്ത തന്നെ ഡ്യൂട്ടിക്കിട്ട് വൈരാഗ്യ ബുദ്ദി തീര്‍ക്കാനും ഇയാള്‍ തയ്യാറായിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് ഒരു പേപ്പര്‍ പാസ് പിന്‍വലിച്ചതിനെതിരേ നടപടി സ്വീകരിക്കാത്തത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇത് ജേക്കബ് സാം ലോപ്പസാണ് ചെയ്തത്. പമ്പ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും, തന്റെ പേര് എഴുതിച്ചേര്‍ക്കുകയും, 20 ദിവസം ഡ്യൂട്ടിക്കു പകരം തന്നെ മാത്രം 33 ഡ്യൂട്ടി എടുപ്പിക്കുകയും ചെയ്തു. ഇത് എന്റെ വീട്ടില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കി.
പമ്പഡ്യൂട്ടിക്ക് ആശ്രിതരെ ഉള്‍പ്പെടുത്താതിരിക്കാനാണ് ജേക്കബ് സാം ലോപ്പസ് തന്നെ ഉള്‍പ്പെടുത്തിയത്. ഇതിനെതിരേയും നടപടി ഉണ്ടാകണം. ഇങ്ങനെ തുടങ്ങി എട്ടു പേജില്‍ 23 പരാതികളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. ചില പരാതികള്‍ അത്ര കാര്യമല്ലെന്നു തോന്നുമെങ്കിലും വീട്ടില്‍ പ്രായമായ അമ്മ മാത്രമുള്ള ഒരാള്‍ക്ക്, അതും മറ്റാരും ആശ്രമില്ലാത്ത ഒരാള്‍ക്ക് അത് വലിയ പരാതി തന്നെയാണ്. പരാതിയെ അതേ ഗൗരവത്തോടെ കാണുമ്പോള്‍ ഒരു പാവം തൊഴിലാളിയെ എന്തിനാണ് ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന്ന് സ്വാഭാവികമായി തോന്നിപ്പോകും.
ഇനി എന്ത് ?
ഇനി ഈ കേസില്‍ കോടതിയുടെ വിധി നടപ്പാക്കുകയേ വേണ്ടൂ. വകുപ്പു മന്ത്രിക്കും എം.ഡിക്കും കഴിഞ്ഞില്ലെങ്കില്‍ അതിനു കഴിയുന്ന കോടതി ഇടപെടല്‍ നടത്തിയിട്ടുണ്ട്. പരാതിക്കാരന് നീതി ലഭിക്കുന്ന ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ നിയമ പോരാട്ടം വിധി നടപ്പാക്കാന്‍ വേണ്ടിയുള്ളതാകുമെന്നും ജീവനക്കാരന്‍ പറയുന്നു.