Investigation

‘ചലോ’ ആപ്പിലാകുമോ KSRTC ?: ഒന്ന് കണക്കുകൂട്ടി നോക്ക് മാഷെ; ലാഭം ആര്‍ക്ക് ? നഷ്ടം എവിടെയെന്ന് ? (സ്‌പെഷ്യല്‍)/ Will KSRTC be a ‘Chalo’ app?: Let’s calculate and check; Who benefits? Where is the loss? (Special) /Will KSRTC be a ‘Chalo’ app?: Let’s calculate and check; Who benefits? Where is the loss? (Special)

കൊള്ളയാണെന്നു തോന്നിയാല്‍ പ്രതികരിക്കുമല്ലോ അല്ലേ ?

എന്തു ചെയ്താലും അതില്‍ കുറ്റം കണ്ടുപിടിക്കാന്‍ വേണ്ടി മാത്രം നടക്കുന്ന ഒരു കൂട്ടരുണ്ട്. എന്നാല്‍, എന്തെങ്കിലും നല്ലകാര്യം വല്ലതും നടന്നാല്‍ അതിനെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടില്ല. അത്തരക്കാര്‍ KSRTCയുടെ പിന്നാലെ തന്നെയുണ്ട്. ഇതാണ് പൊതുവേ KSRTCയിലെയും സര്‍ക്കാരിലെ ചില കുത്സിത ബുദ്ധികളുടെയും ചിന്തകള്‍. എന്നാല്‍, കുറ്റം കണ്ടുപിടിക്കുന്നവര്‍ക്ക് എപ്പോഴും അവസരം ഒരുക്കിക്കൊടുക്കുന്നവര്‍ ആരാണെന്ന് ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അതുകൊണ്ടാണല്ലോ മലവെള്ളം പോലെ വാര്‍ത്തകളും വരുന്നത്.

ഇതാ ഇപ്പോള്‍ പുതിയൊരു പരിഷ്‌ക്കാരം വരികയാണ്. ടിക്കറ്റ് നല്‍കാനും, യാത്രക്കാര്‍ക്ക് ലൈവ് ബുക്കിനും ഉപകരിക്കുന്ന ‘ചലോ ആപ്പാണ്’ താരം. കാലത്തിനനുസരിച്ച് കോലം മാറുന്ന KSRTCക്ക് ചലോ ആപ്പുകൊണ്ട് ഗുണമുണ്ടോ എന്നാണ് ജീവനക്കാരുടെ ചിന്ത. എന്നാല്‍, ആപ്ലിക്കേഷന്‍ നടപ്പാക്കാനുള്ള  ട്രെയിനിംഗില്‍ കൃത്യമായി പങ്കെടുക്കുന്നതില്‍ വീഴ്ചയൊന്നും വരുത്തുന്നില്ല. പക്ഷെ, വ്യക്തത വന്നിട്ടില്ല ഇതുവരെ ആര്‍ക്കും. ചലോ ആപ്പ് കൊണ്ട് ആര്‍ക്കാണ് ഗുണം. എന്താണ് ഗുണം. ഇതേക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയാലോ?.

ടിക്കറ്റ് ഇടപാടിന് പുറമെ ആപ്പ് വഴി യാത്രക്കാരന് ഏതൊക്കെ റൂട്ടില്‍ ഏതൊക്കെ ബസ് ഉണ്ടെന്ന് അറിയാനാകും. ആപ്പിലൂടെ ബസിന്റെ തത്സമയ സഞ്ചാരപാത വരെ കണ്ടെത്താനും കഴിയും. ഗതാഗത മന്ത്രി പറഞ്ഞ where is my ksrtc ആപ്പ് എന്ന സങ്കല്‍പ്പം ‘ചലോ ആപ്പില്‍’ ക്രമീകരിച്ചിട്ടുണ്ട്. പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ യാത്രക്കാരന് ഒരു നിശ്ചിത റൂട്ടില്‍ ഏതൊക്കെ ബസ് ഉണ്ടെന്ന് കൃത്യമായി അറിയാം. ബസ് എപ്പോള്‍ വരും, എവിടെയെത്തി, ബസില്‍ കയറിയാല്‍ എവിടെ ഇറങ്ങണം തുടങ്ങിയവയെല്ലാം ആപ്പ് പറഞ്ഞുതരും. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യയും ആപ്പില്‍ തയ്യാറാക്കിയിട്ടുണ്ട്.

മുംബൈ ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചലോ ആപ്പ് ഇപ്പോള്‍തന്നെ തിരുവനന്തപുരം സിറ്റി സര്‍ക്കുലറിലെ 70 ബസുകളില്‍ പരീക്ഷിച്ചു കഴിഞ്ഞു. അടുത്തഘട്ടം തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ബസ്സുകളിലും അതിനുശേഷം KSRTCയുടെ ദീര്‍ഘദൂര സര്‍വീസുകളിലും അതിനു ശേഷം സംസ്ഥാനത്തെ എല്ലാ ബസിലും നടപ്പിലാക്കും. KSRTCയുടെ മാറ്റം കണ്ട് കണ്ണുതള്ളിപ്പോയോ. എന്നാല്‍, അധികം ഡെക്കറേഷന്‍ ഒന്നുമില്ലാതെ ചോദിക്കാം, വരുമാനം കൂടുമോ. ചലോ ആപ്പ് കൊണ്ട് വരുമാനം കൂടുമോ എന്ന ചോദ്യമാണ് പ്രധാനം.

വരുമാനം കൂട്ടാനൊന്നുമല്ല, കാലത്തിനൊത്തുള്ള മാറ്റം, അതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഓകെ. അല്ലാതെ വരുമാനം കൂട്ടാനാണെന്നു പറഞ്ഞാണ് വരുന്നതെങ്കില്‍ ചോദ്യം ഇനിയുമുണ്ട്. ഈ കമ്പനിയുടെ ആസ്ഥാനം ബംഗളൂരുവിലാണെന്നു പറയുന്നുണ്ടെങ്കിലും കമ്പനിയുമായുള്ള കരാര്‍ എങ്ങനെയാണ്. ആപ്ലിക്കേഷന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കമ്പനിക്കാണെങ്കില്‍ അതിന്റെ വിശ്വാസ്യത എന്ത്. ഒരു സുപ്രഭാതത്തില്‍ കമ്പനി പൂട്ടിപ്പോയാല്‍, ടിക്കറ്റിംഗ് സംവിധാനം തകര്‍ന്നു പോകില്ലേ. ആപ്ലിക്കേഷന്റെ സോഫ്റ്റ് വെയര്‍ KSRTCക്ക് നല്‍കുമോ ?. KSRTCയിലെ എഞ്ചിനീയര്‍മാരെ ഇതു പഠിപ്പിക്കാന്‍ കമ്പനി തയ്യാറാണോ. ഇതിനൊന്നും ഉത്തരമില്ലെന്നു മാത്രമല്ല, കമ്പനിയാണ് സര്‍വ്വീസ് പ്രൊവൈഡ് ചെയ്യുന്നതും.

ഇനി കമ്പനിയുടെ ലാഭം എന്താണെന്ന് നോക്കാം

ഒരു ടിക്കറ്റിന് 40 പൈസ നിരക്കിലാണ് കമ്പനി ഈടാക്കുന്നത്. അതായത്, ഒരു ദിവസം ഒരു ബസിന് 1000 രൂപയാണ് ടിക്കറ്റ് വരുമാനമെങ്കില്‍ കമ്പനിക്ക് 400 രൂപ ലഭിക്കും. ഒരു മാസം 30,000 രൂപയാണെങ്കില്‍ 12,000 രൂപയാണ് കമ്പനിക്കു ലഭിക്കുക. ഒരു വര്‍ഷം 1,44,000 രൂപയാണ് കമ്പനിക്ക് കിട്ടുന്നത്. അതായത് ഒരു ബസില്‍ നിന്നും കമ്പനിക്ക് ആപ്പ് വഴി കിട്ടുന്ന വരുമാനമാണിത്. ഇങ്ങനെ എല്ലാ ബസുകളില്‍ നിന്നും ടിക്കറ്റ് വരുമാനം ഭാഗിക്കപ്പെടുമ്പോള്‍ KSRTCയുടെ വരുമാനം എത്രയായിരിക്കും.

KSRTCക്ക് കിട്ടിക്കൊണ്ടിരുന്ന ടിക്കറ്റ് വരുമാനത്തില്‍ നിന്നും ഒരു ശതമാനം തുക, ടിക്കറ്റിന്റെ പേരില്‍ തന്നെ മറ്റൊരു കമ്പനിക്കു കൊടുക്കുന്നു. അതല്ലേ നടക്കാന്‍ പോകുന്നത്. നിലവില്‍ 400ത്തോളം ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ ബസുകളില്‍ നിന്നെല്ലാം കൂടി ഒരു ദിവസം കമ്പനിക്ക് ലഭിക്കുന്ന വരുമാനം എത്രയായിരിക്കുമെന്ന് ഊഹിച്ചാല്‍ മനസ്സിലാകും. ഈ ബസെല്ലാം കൂടി ഒരു മാസം ഓടുമ്പള്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നും കൊടുക്കണം കമ്പനിക്ക് പണം. ഒരു വര്‍ഷം ടിക്കറ്റിന്റെ പേരില്‍ കമ്പനിക്കു കിട്ടുന്നതോ കോടികളാണ്. അപ്പോള്‍ ലാഭം ആര്‍ക്കാണ്. നഷ്ടം എവിടെയാണ്.

ഇ.ടി.എം. മെഷീനുകള്‍

നിലവില്‍ KSRTC ബസില്‍ ടിക്കറ്റ് നല്‍കുന്നത് ഇ.ടി.എം മെഷീന്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍, ഇനി അതുണ്ടാകില്ലെന്നാണ് സൂചന. ലക്ഷങ്ങള്‍ മുടക്കിയാണ് ഇലക്ട്രോണിക് ടെല്ലര്‍ മെഷീന്‍ വാങ്ങിയത്. ഇതിന്റെ മെഷീനും പ്രവര്‍ത്തനങ്ങളും KSRTC യിലെ ജീവനക്കാര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ആ കമ്പനിയുടെ സേവനം പിന്നീട് KSRTCക്ക് ആവശ്യവും വന്നില്ല. എന്നാല്‍, ‘ചലോ’ ആപ്ലിക്കേഷന്‍ അങ്ങനെയല്ല. കമ്പനി തന്നെയാണ് ടിക്കറ്റുമായുള്ള എല്ലാ സംവിധാനങ്ങളും സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. KSRTC ടിക്കറ്റിംഗ് സംവിധാനം പുതിയ ആപ്പിലേക്ക് മാറുന്നതോടെ പഴയ ഇ.ടി.എം മെഷീനുകളെല്ലാം വലിച്ചെറിയാനേ കഴിയൂ.

റാക്കില്‍ നിന്നും ചലോയിലേക്ക്

റാക്ക് ടിക്കറ്റില്‍ തുടങ്ങിയ KSRTCയുടെ ഓട്ടമാണ് ഇപ്പോള്‍ ചലോ ആപ്ലിക്കേഷനില്‍ എത്തി നില്‍ക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് ഇപ്പോള്‍ KSRTCക്കുണ്ട്. ദീര്‍ഘ ദൂര ബസുകളിലെല്ലാം ഓണ്‍ലൈന്‍ ബുക്കിംഗ് ആണ്. അതാ് ഇപ്പോള്‍ ലോക്കല്‍ ബസില്‍ വരെ വരുന്നത്.

CONTENT HIGHLIGHTS;Will KSRTC be a ‘Chalo’ app?: Let’s calculate and check; Who benefits? Where is the loss? (Special)

Latest News