മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ആഘാതം പഠിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. ദുരന്തത്തിന്റെ ആഘാതം സമസ്ത മേഖലയെയും ബാധിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ അധീനതയിലുള്ള വനത്തിനുള്ളിലെ മലയില്‍ നിന്നുത്ഭവിച്ച ഉരുള്‍പൊട്ടല്‍ ആയതു കൊണ്ട് പ്രത്യേക പഠനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, ഉരുള്‍പൊട്ടല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ വകുപ്പിന്റെ 25 ഹെക്ടര്‍ വനപ്രദേശമാണ് തരിശായി മാറിയത്. പ്രാഥമിക കണക്കെടുപ്പു മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ദുരന്തത്തില്‍ ഇനിയും നിര്‍ത്താത്ത തിരച്ചിലിനൊപ്പം വനംവകുപ്പിന്റെ പഠനവും സര്‍വ്വെയും നടക്കും. വനം വകുപ്പിന്റെ ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വ്വെ നടത്തുന്നത്.
സര്‍വ്വെ ടീമില്‍, ഇതുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം മുതല്‍ ഇപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദൗത്യത്തിന്റെ ഭാഗമായി വനത്തിനുള്ളില്‍ തന്നെയുണ്ട്. ഉരുള്‍പൊട്ടിയതോടെ ഒറ്റപ്പെട്ടു പോയ ആദിവാസി കൃഷ്ണനെയും ഭാര്യയെയും നാലുമക്കളെയും അതി സാഹസികമായി രക്ഷപ്പെടുത്തി ക്യാമ്പിലെത്തിച്ചപ്പോഴാണ് വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നതെന്ന് പുറംലോകം അറിഞ്ഞത്. കാടിന്റെ സംരക്ഷകര്‍ക്ക് കാടിനുള്ളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും, കാടിനെ കുറിച്ചും, അവിടെ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്.
അതുകൊണ്ടു തന്നെ മുണ്ടക്കൈയിലെ ആദിവാസി ഉന്നതികളിലേക്ക് എത്താനുള്ള കാട്ടു വഴികള്‍ പലതും ദൗത്യ സംഘത്തിനു പറഞ്ഞു കൊടുത്തത് വനംവകുപ്പിലെ ജീവനക്കാരാണ്. മാത്രമല്ല, ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വനത്തില്‍ നടത്തിയ തെരച്ചിലിലും വനംവകുപ്പിന്റെ സഹായം ദൗത്യസേനയ്ക്ക് ഏറെ ഗുണംചെയ്തു. 25 ഹെക്ടര്‍ വനം അപ്പോടെ ഒലിച്ചിറങ്ങിയതില് എന്തൊക്കെ നഷ്ടമുണ്ടാകുമെന്നുള്ള ഏകദേശ ധാരണ മുണ്ടക്കൈ മേഖലയിലെ വനംവകുപ്പുദ്യോഗസ്ഥര്ക്കുണ്ട്. നിലവില്‍ നടത്തിയ തെരച്ചിലില്‍ വന്യ മൃഗങ്ങളെന്നു പറയാന്‍ രണ്ടു മ്ലാവുകളുടെ ജഡം മാത്രമേ ലഭിച്ചിട്ടുള്ളൂ.
മറ്റു വന്യ മൃഗങ്ങളുടെ ജഡമൊന്നും കിട്ടിയിട്ടില്ല. പിന്നെ, കുരങ്ങന്മാരോ, മറ്റു ജീവികളോ കുറച്ചൊക്കെ ചത്തിച്ചുണ്ടാകാമെന്നും അവര്‍ പറയുന്നുണ്ട്. അതിനെ കുറിച്ച് എന്തെങ്കിലും പറയാനാകണമെങ്കില്‍ ജഡം കിട്ടിയാലേ പറ്റൂവെന്നും അവര്‍ പറയുന്നു. വലിയ വന്യ മൃഗങ്ങള്ക്കൊന്നും അപായമുണ്ടായിട്ടില്ല. പാതിരാത്രി സംഭവിച്ച ദുരന്തം മൃഗങ്ങള്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അതുകൊണ്ടു തന്നെ ഉരുള്‍പൊട്ടുന്നതിനു മുമ്പ് ആപ്രദേശത്തു നിന്നും വലിയ വന്യ ജീവികള്‍ മാറിയിട്ടുണ്ടാകാം. അല്ലായിരുന്നെങ്കില്‍ കുത്തിയൊലിച്ചെത്തിയ ഉരുളില്‍ മനുഷ്യര്‍ക്കൊപ്പം വന്യ മൃഗങ്ങളുടെയും ജഡങ്ങള്‍ ഉണ്ടാകുമായിരുന്നു.
എന്തായാലും വനംവകുപ്പു നടത്തുന്ന പഠനത്തില്‍ നഷ്ടം എത്ര, എന്ന് വ്യക്തമാകും. മാത്രമല്ല, മുണ്ടക്കൈ ഭാഗത്തെ വനത്തിനുള്ളില്‍ ഇനി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് അറിയാനും സാധിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് മുണ്ടക്കൈ വനത്തിലെ മലകളില്‍ ഉരുള്‍ പൊട്ടിയിട്ടുണ്ട്. അന്ന് ഇതു സംബന്ധിച്ച ഒരു സര്‍വ്വെ നടന്നിരുന്നു. ഈ സര്‍വ്വെ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. എന്തുകൊണ്ടാകും ആ റിപ്പോര്‍ട്ട് പിന്നീട് പരിഗണിക്കപ്പെടാതെ പോയതെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കാനിരിക്കുന്നതേയുള്ളൂ.
അതേസമയം, ദുരന്ത മേഖലയില്‍ നിന്നും 231 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളുമാമ് ലഭിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ തീവ്രതയും ഭൂവിനിയോഗം എങ്ങനെ നടത്തണമെന്നു മനസ്സിലാക്കാനും സര്‍ക്കാര്‍ തലത്തില്‍ ഒരു സര്‍വ്വെ നടത്തുന്നുണ്ട്. NIT സൂറത്തുമായി ചേര്‍ന്നാണ് ലിഡാര്‍ സര്‍വെ നടത്തുന്നത്. ഇത് വനംവകുപ്പ് നടത്തുന്ന സര്‍വ്വെയുമായി ബന്ധമില്ല. വന വിഭവങ്ങളുടെ നാശനഷ്ടം കണക്കാക്കുക, വന്യ മൃഗങ്ങള്‍, വന്മരങ്ങള് എന്നിവയുടെ നഷ്ടം എന്നിവയും, വനത്തിലെ മണ്ണിന്റെ ഘടനയും, ആദിവാസി കോലികള്‍ ഇരിക്കുന്ന പ്രദേശങ്ങള്‍ ദുരന്ത മേഖലയാണോ എന്നുമൊക്കെയുള്ളതാണീ പഠനം.
content highlights;25 hectare forest destroyed in Mundakkai eruption: Only two Mlaws dead (Exclusive)