അധിനിവേശങ്ങള്‍ എല്ലായിടത്തും എപ്പോഴും നടക്കുന്നുണ്ട്. കൊന്നും പിടിച്ചടക്കിയുമൊക്കെയാണ് അധിവേശങ്ങള്‍ നടക്കുന്നത്. പശ്ചിമേഷ്യയില്‍ നടക്കുന്ന അധിനിവേശം അനിയന്ത്രിതമായിക്കഴിഞ്ഞു. കൊലപാതകങ്ങള്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്, എങ്ങനെ വേണമെന്നില്‍ മാത്രമേയുള്ളൂ ശങ്ക. വെടിവെച്ചിട്ടും, കഴുത്തറുത്തും, ബലാത്സംഗം ചെയ്തും, കത്തിച്ചും, ബോംബിട്ടുമൊക്കെയുള്ള കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കന്നു. ഒരു വശത്ത് യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത്, യുദ്ധം മുറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. സ്ത്രീകളും കുട്ടികളും യുദദം എന്തെന്നറിയാതെ മരിച്ചു വീഴുന്നുണ്ട് എന്നു മാത്രമാണ് സത്യം.
അതേസമയം, പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം 2025 വരെ നീണ്ടുനില്‍ക്കുമെന്നാണ് യു.എസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് വിലയിരുത്തുന്നത്. ഇത് ഇസ്രയേലിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നുും കണക്കു കൂട്ടുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലിന്റെ റേറ്റിങ് ‘A+’-ല്‍ നിന്ന് ‘A’ ആയി താഴ്ത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യരെ നഷ്ടപ്പെടുന്നതിന് പുറമേ, യുദ്ധം അധിക സൈനിക ചെലവുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും നിക്ഷേപങ്ങളിലും കൂടുതല്‍ തകര്‍ച്ച ഉണ്ടാകുമെന്നും, ഇത് ഇസ്രയേലിന്റെ ക്രെഡിറ്റ് മെട്രിക്‌സിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നുമാണ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്.
ഈ വര്‍ഷം ഇസ്രയേല്‍ ബജറ്റ് കമ്മി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പൊതു ധനകാര്യത്തെ ബാധിച്ചിരുന്നു. അടുത്ത വര്‍ഷവും അവസാനിക്കാത്ത സംഘര്‍ഷം, സൈന്യത്തിനായുള്ള ഉയര്‍ന്ന ചെലവ് തുടരാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കും. അതിര്‍ത്തി പ്രദേശങ്ങളിലെ വിനോദസഞ്ചാരം, നിര്‍മ്മാണം, ഉത്പാദനം എന്നിവയില്‍ കൂടുതല്‍ തടസമുണ്ടാകും. ലെബനനിലെ ഹിസ്ബുള്ളയുമായി ഇസ്രയേല്‍ ദിവസേന അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുന്നതിനാല്‍ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് ഇസ്രയേലികള്‍ വ്യാപകമായി ഒഴിഞ്ഞു പോകുന്നുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹമാസിന്റെ രാഷ്ട്രീയ നേതാവിനെ ടെഹ്റാനിലും ഹിസ്ബുള്ള കമാന്‍ഡറെ ബെയ്റൂട്ടിലും വെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനും ഹിസ്ബുള്ളയും ഏത് സമയവും ഇസ്രയേലിനെ ആക്രമിക്കാം എന്നതാണ് നിലവിലെ അവസ്ഥ. മിഡില്‍ ഈസ്റ്റിനെ വ്യാപകമായി ബാധിച്ചേക്കാവുന്ന ഒരു യുദ്ധമായി ഇത് മാറുമോ എന്ന ആശങ്കയും ലോക രാജ്യങ്ങള്‍ക്ക് മുമ്പിലുണ്ട്. ഇറാനെ റഷ്യയും ചൈനയും സഹായിക്കുന്ന സാഹചര്യം വന്നാല്‍, മൂന്നാം ലോക യുദ്ധത്തിലാണ് അത് കലാശിക്കുക. ഈ പേടി ശരിക്കും അമേരിക്കയ്ക്കും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും ഉള്ളതു കൊണ്ടാണ് അവര്‍ ഇറാനോട് ആക്രമണം ഉണ്ടാകരുതെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുന്നത്.
ഗാസയിലെ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥര്‍ ഇസ്രയേലിനെയും ഹമാസിനെയും വീണ്ടും ക്ഷണിച്ചപ്പോള്‍, ആദ്യം തന്നെ ഈ ക്ഷണം സ്വീകരിച്ചത് ഇസ്രയേലാണ് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പകരം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അവതരിപ്പിച്ച ഉടമ്പടി ആദ്യം നടപ്പാക്കാനാണ് ഹമാസ് നേതൃത്വം മധ്യസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്റെ പ്രതികാരത്തെ തണുപ്പിക്കാനാണ് ഇസ്രയേല്‍ ശ്രമം നടത്തുന്നതെങ്കില്‍ അതെന്തായാലും നടക്കില്ലെന്ന കാര്യവും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് മേധാവിയെ ഇറാനില്‍ വെച്ച് കൊലപ്പെടുത്തിയതിന് എതിരെയാണ് ഇറാന്‍ പ്രതികാരം പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യയുടെ ഭാഗത്ത് നിന്നും ഒരു ‘ഗ്രീന്‍’ സിഗ്‌നല്‍ ലഭിച്ചാല്‍ ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ തന്നെയാണ് സാധ്യത. ഇസ്രയേലിനെ സഹായിക്കാന്‍ തമ്പടിച്ച അമേരിക്കന്‍ പടക്കപ്പലുകളെ ആക്രമിക്കാന്‍ റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഇറാന്‍ സൈന്യവും, ഹൂതികള്‍ ഉള്‍പ്പെടെയുള്ള ചാവേറുകളും ഉപയോഗിക്കുമെന്ന ആശങ്കയും മേഖലയില്‍ ശക്തമാണ്. അതേസമയം, വെടിനിര്‍ത്തല്‍ ഉടമ്പടി യാഥാര്‍ഥ്യമാക്കാന്‍ യു.എസ് ശക്തമായ ശ്രമം നടത്തുന്നതിനിടെ ഗസ്സയില്‍ വീണ്ടും ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ച ബോംബാക്രമണത്തില്‍ ഒരു സ്ത്രീയും അവരുടെ ആറ് മക്കളും ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ദാര്‍ അല്‍ ബലാഹിലെ ഒരു വീടിനു മുകളില്‍ ബോംബിട്ടതോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം കൊല്ലപ്പെട്ടത്.
ജബലിയയിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. ഒരു സ്ത്രീയും അവരുടെ മകളും ഉള്‍പ്പെടെ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗസ്സയിലെ മറ്റൊരു ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി ഔദ ആശുപത്രി അധികൃതര്‍ പറഞ്ഞു. ജനവാസ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ഹമാസ് പോരാളികളെയും നേതാക്കളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് അധിനിവേശ സേനയുടെ വിശദീകരണം.എന്നാല്‍, പത്തുമാസം നീണ്ട കര, വ്യോമ ആക്രമണങ്ങളില്‍ ഗസ്സയിലെ മുഴുവന്‍ കുടുംബങ്ങളെയും ഇല്ലാതാക്കി.
ആയിരക്കണക്കിന് കുട്ടികളെ അനാഥരാക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 40,099 കവിഞ്ഞു. 92,609 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ടെല്‍ അവീവില്‍ എത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒക്ടോബറില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷം ബ്ലിങ്കന്‍ നടത്തുന്ന ഒമ്പതാമത്തെ സന്ദര്‍ശനമാണിത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ പരാമര്‍ശം. കഴിഞ്ഞ ആഴ്ചയില്‍ ദോഹയില്‍ നടന്ന ധാരണാ ചര്‍ച്ച തുടര്‍ന്നതില്‍ പ്രതീക്ഷയുണ്ടെന്നാണ് അമേരിക്ക വിശദമാക്കുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നുള്ള വാദം മിഥ്യാധാരണയാണെന്നാണ് ഹമാസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
ഗാസ വെടിനിര്‍ത്തല്‍ ധാരണക്കായി നയതന്ത്ര ചര്‍ച്ചകളുടെ രണ്ടാംറൗണ്ട് അടുത്തയാഴ്ച ദോഹയില്‍ തുടരുമെന്നാണ് സൂചന. അതേസമയം ഗാസയ്ക്കായി ഇസ്രയേലിലെ പലസ്തീന്‍കാര്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. സ്റ്റാന്‍ഡ് ടുഗെദര്‍ എന്ന ക്യാംപെയിന്റെ ഭാഗമായാണ് സമാഹരണം. ഭക്ഷണവും ഡയപ്പറുകളും സ്ത്രീകള്‍ക്ക് വേണ്ടുന്ന അവശ്യവസ്തുക്കളും വേണമെന്നാണ് സ്റ്റാന്‍ഡ് ടുഗെദര്‍ എന്ന ക്യാംപെയിന്റെ ആഹ്വാനം. ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ ദുര്‍ലഭമായ സാഹചര്യത്തിലാണ് സ്റ്റാന്‍ഡ് ടുഗെദര്‍ ക്യാംപെയിന്‍ സജീവമാകുന്നത്. മറ്റൊരു സംഭവത്തില്‍ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണമുണ്ടായി. മധ്യ ഗാസയിലെ നുസൈറത്തില്‍ വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദെയ്ര്‍ അല്‍ബലായില്‍ 21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണം.
content highlights; Gaza occupation: war to last until 2025; Fear that Israel will collapse if Iran leaves