കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് KSRTC യിലാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. KSRTC ഡ്രൈവര്‍മാര്‍ക്കാണ് കൂടുതലായും ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഒരു മാസം കുറഞ്ഞത് മൂന്നുപേരെങ്കിലും ഇങ്ങനെ മരണപ്പെടുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. മറ്റ് ഒരു വകുപ്പിലും ജീവനക്കാരുടെ മരണ നിരക്ക് KSRTCയോളം വരില്ല. ഇതിനു പുറമേയാണ് KSRTC ജീവനക്കാരില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചിരിക്കുന്നത്. അടുത്ത കാലത്തായി അഞ്ചില്‍ക്കൂടുതല്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജീവിത സാഹചര്യം-തൊഴില്‍ പരിസരം-അവഗണന ഇവയാണ് പ്രധാന കാരണങ്ങളായി പറയുന്നത്.
വകുപ്പിനുള്ളിലെ തര്‍ക്കങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍, തൊഴില്‍ പരിസരങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, KSRTC ജീവനക്കാരനെന്ന രീതിയില്‍ പൊതു സമൂഹത്തില്‍ നിന്നേല്‍ക്കേണ്ടി വരുന്ന അവഗണ എന്നിവയും നിരാശ, അപകര്‍ഷതാ ബോധം, കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളല്‍ തുടങ്ങിയവയും ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്. നിരന്തരമായി ശമ്പളം കിട്ടാതെ പോകുന്നതിന്റെ ഭാഗമായുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു മടുക്കുന്നതും മറ്റൊരു പ്രധാന കാരണമാണ്. ഈ ജോലിയില്‍ നിന്നും കുടുംബം നോക്കാന്‍ കഴിയാതെ വരുന്നതിന്റെ വേദനയും, ഒറ്റപ്പെടലും വലിയ പ്രശ്‌നമാകുന്നുണ്ട്.
ജോലി ചെയ്തിട്ടും, കൂലി കിട്ടാത്തതിന്റെ വിഷമം ഒതുക്കുമ്പോള്‍, അതിന്റെപേരില്‍ കേള്‍ക്കേണ്ടി വരുന്ന കുത്തു വാക്കുകള്‍, ഒഴിക്കാലുകള്‍ എല്ലാം പ്രശ്‌നമായി തീരാറുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത് ഏതെങ്കിലും കുറച്ചു പേരുടെ പ്രശ്‌നമല്ല. KSRTCയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും അനുഭവിക്കുന്നുണ്ട്. ലോണ്‍ തിരിച്ചടവ് മുടങ്ങിയവര്‍, കുട്ടികളുടെ ഫീസടയ്ക്കാന്‍ കഴിയാതെ വരുന്നവര്‍, പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ കഴിയാതെ വരുന്നവര്‍, ഉന്നത പഠനത്തിന് മക്കളെ അയയ്ക്കാന്‍ കഴിയാതെ വരുന്നവര്‍, വാര്‍ധക്യം ബാധിച്ച മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങാന്‍ കഴിയാതെ വരുന്നവര്‍ അങ്ങനെ എല്ലാ തലങ്ങളിലും പ്രതിസന്ധി നേരിടുന്നവരാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം മേയില്‍ വിരമിച്ച ഷാജിലാല്‍ എന്നൊരു ജീവനക്കാരന്റെ ചെറിയൊരു കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. സ്വന്തം പ്രാരാബ്ദങ്ങള്‍ക്ക് പ്രധാന കാരണക്കാര്‍ ആരാണെന്ന് സ്വയം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമായിരുന്നു അദ്ദേഹം എഴുതിയ ഈ കുറിപ്പിലുള്ളത്. ഈ കുറിപ്പ് ഇപ്പോള്‍ KSRT ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുകയാണ്. കാരണം, സര്‍ക്കാരിനെതിരേയാണ് ഷാജിലാലിന്റെ കുറിപ്പ്. തന്റെ ഫ്രസ്ട്രുവേഷനെല്ലാം എഴുതി തീര്‍ന്ന്, ഒടുവില്‍ കുറിച്ചിരിക്കുന്നത് ഇതാണ്. ‘ എന്റെ പെന്‍ഷന്‍ ആനുകൂല്യം ഇനിയും ലഭിച്ചില്ലെങ്കില്‍ ഞാനും ആത്മാഭിമാന ഉള്ള മറ്റൊരു വഴി ചിന്തിക്കേണ്ടി വരും ?’
ഇതിനര്‍ത്ഥം എന്താണ്. തന്റെ ജീവിതത്തിലെ നല്ലൊരു പങ്ക് KSRTCയില്‍ ജോലി ചെയ്ത ശേഷം ശിഷ്ട ജീവിതം സമാധാനമായി കഴിയാന്‍ ആഗ്രഹിച്ചെങ്കിലും ആനുകൂല്യമൊനനും കിട്ടാതെ വന്നതോടെ ആത്മാഭിമാനം പോലും നഷ്ടമായിരിക്കുന്നുവെന്നാണ്. അതിന് അദ്ദേഹം ജീവിതത്തിലെ ‘ഏറ്റവും ഒടുവിലത്തെ സ്‌റ്റോപ്പിനെ’ ഓര്‍മ്മിപ്പിക്കുകയാണ് ഈ കുറിപ്പിലൂടെ ചെയ്യുന്നത്. എന്തു കഷ്ടമാണ്. ആത്മാഭിമാനം എന്നത്, മരണം ആണെന്നു ചിന്തിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണോ ഉള്ളത്. അതോ അദ്ദേഹത്തെയും കുടുംബത്തെയും, സംരക്ഷിക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണോ വേണ്ടത്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:
“പ്രിയ സുഹൃത്തുക്കളെ……. ഞാന്‍ ഷാജീ ലാല്‍ ’25 വര്‍ഷത്തെ സേവനത്തിനു ശേഷം സ്റ്റേഷന്‍ മാസ്റ്ററായി 2023 മെയ് മാസം വിരമിച്ചു….. നാളിതുവരെ എന്റെ പെന്‍ഷന്‍ ആനുകൂല്യം ഒന്നും തന്നെ കിട്ടിയിട്ടില്ല എന്തിന് എന്റെ വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിടിച്ച PF ന്റെ പൈസ പോലും തരാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണിത് ഞാന്‍ 25 വര്‍ഷം CITU എന്ന സംഘടനയിലും പ്രവര്‍ത്തിച്ചു ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ഓരോ ആനൂകൂല്യവും ഓരോന്നായി കവര്‍ന്നു കൊണ്ടിരുന്നു എന്നിട്ടും പ്രതികരിക്കാത്ത സംഘടനയില്‍ മാസവരിയും… അവര്‍ പറയുന്ന പിരിവുകള്‍ മുടക്കം കൂടാതെ നല്‍കി പോന്നിരുന്നു….. ജീവനക്കാരേയും , പെന്‍ഷന്‍കാരേയും. ആത്മഹത്യയുടെ മുന്നില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഈ തൊഴിലാളി സര്‍ക്കാര്‍ ആണ്.
ഇനി എന്റെ സ്വന്തം കാര്യത്തിലാണെങ്കില്‍ പെന്‍ഷന്‍ ആയതിനു ശേഷം എന്റെ രണ്ട് മക്കളുടെ പഠനത്തിനും അനുബന്ധ ചിലവിനുവേണ്ടി മാക്‌സിമം ഉണ്ടായിരുന്ന സ്വര്‍ണ്ണം പണയം വച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു പുതിയ വീടു വയ്ക്കാനോ കാറു വാങ്ങാനോ അല്ല ? മരുന്നു വാങ്ങാനും ‘കുട്ടികളുടെ പഠനത്തിനും ഇനിയും ചിലവ് ഏറെയാണ് എന്റെ പെന്‍ഷന്‍ ആനുകൂല്യം ഇനിയും ലഭിച്ചില്ലെങ്കില്‍ ഞാനും ആത്മാഭിമാനം ഉള്ള മറ്റൊരു വഴി ചിന്തിക്കേണ്ടിവരും?……”
ഇങ്ങനെ KSRTCയിലെ ഓരോ ജീവനക്കാരനും മുറിവേറ്റ പോരാളികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ KSRTC രക്ഷപ്പെടണം. അല്ലെങ്കില്‍ ജീവനക്കാരെ സംരക്ഷിക്കണം. ഇതുരണ്ടും നടക്കുന്നില്ലെന്ന് ബോധയപ്പെടുകയാണ്. KSRTC രക്ഷപ്പെടുകയും, ജീവനക്കാരെ സംരക്ഷിക്കുകയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. KSRTC രകഷപ്പെടുത്താന്‍ ജീവനക്കാരെ തഴയേണ്ടി വരും. എന്നാല്‍, ജീവനക്കാരില്ലാതെ KSRTC രക്ഷപ്പെടുകയുമില്ല. ഇങ്ങനെ ഇഴപിരിയാതെ കിടക്കുന്ന ഈ സംവിധാനത്തെ എങ്ങനെയാണ് നേരെയാക്കേണ്ടതെന്ന് ആര്‍ക്കും നിശ്ചയമില്ല.
യൂണിയന്‍കാര്‍ക്ക് തോന്നുന്നത് അവരും, മാനേജ്‌മെന്റിന് ചെയ്യാനാകുന്നത് അവരും, മന്ത്രിക്കും സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്നത് അവരും ചെയ്യുന്നുണ്ട്. പക്ഷെ, ഒന്നും ഫലംകാണുന്നില്ലെന്നു മാത്രം. ശാശ്വതമായ പരിഹാരം കാണാന്‍ ആര്‍കകും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവനക്കാര്‍ ഇതിനിടയില്‍ ശ്വാസംമുട്ടുകയാണ്.
മുന്നറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
CONTENT HIGHLIGHTS; Is suicide trend increasing among KSRTC employees?: Here are the reasons?(Special Story)