സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഒരു ചലഞ്ച് നടത്തി. ഇടതുപക്ഷ സര്‍ക്കാര്‍ സാലറി ചലഞ്ചു നടത്തുമ്പോള്‍, ആ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ യുവരക്തം തിളച്ചത് സ്വാഭാവികം. ദുരന്തബാധിതരെ സഹായിക്കുക എന്നിതനപ്പുറം ചലഞ്ച് വിജയിപ്പിക്കുക എന്നതിലേക്ക് കാര്യങ്ങളെ ക്രമീകരിച്ചു. അതു മാത്രമല്ല, വ്യത്യസ്തമായ ഒരു ചലഞ്ച് പ്രഖ്യാപിക്കുകയും, അത് നടപ്പാക്കുകയും ചെയ്യുക എന്നതും വെല്ലുവിളിായി ഏറ്റെടുത്തു. ആചലഞ്ചാണ് ‘പോര്‍ക്ക് ഫെസ്റ്റ്’ അഥവാ ‘പോര്‍ക്ക് ചലഞ്ച്’. സമ്മിശ്ര പ്രതികരണമാണ് പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്നത്.
എന്നാല്‍, തലമൂത്ത(നരച്ച) കമ്യൂണിസ്റ്റുകാര്‍ പറയുന്നത്, വകതിരിവില്ല എന്നാണ്. ഡി.വൈ.എഫ്.ഐ എന്നത് ഒരു പുരോഗമന യുവജന പ്രസ്ഥാനമായതു കൊണ്ടുതന്നെ ചുറുചുറുക്കുള്ള യുവാക്കളുടെ ബാഹുല്യവുമുണ്ട്. അത്, മുണ്ടക്കൈ ഉരുള്‍പൊട്ടിയ ദിനം മുതല്‍ ഇന്നുവരെ കേരളം കണ്ടതുമാണ്. എന്തിന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പോലും വയനാട് എത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐക്കാരെ നേരിട്ടുകണ്ട് അഭിനന്ദിച്ചിരുന്നു. എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തില്‍ നടത്താന്‍ പാടില്ലാത്തൊരു സംഭവമായിരുന്നു ഇത്. കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്നു പറയുന്നതു പോലെ, ഇനി പറഞ്ഞിട്ടെന്തു കാര്യം.
ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ചിന്തിക്കാന്‍ പോലും പാടില്ലാത്ത ഒരു പരിപാടിയാണ് പോര്‍ക്ക് ചലഞ്ച് എന്നതാണ് നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ‘ഹറാമാണ് ഹമുക്കേ പോര്‍ക്ക് ചലഞ്ച്’ എന്ന് സാരം. ജാതി-മത- നിറ വ്യത്യസ വേര്‍തിരിവ് DYFIക്ക് ഇല്ലെങ്കിലും സംഘടനയിലെ തലപ്പത്ത് ഉള്ളവരും സംഘടനയിലെ ഭൂരിപക്ഷം വരുന്ന അണികളും വിശ്വാസികളാണ് എന്നത് സത്യമാണ്. അതില്‍ ഹിന്ദു-മുസ്ലീം-ക്രൈസ്തവരും ഉള്‍പ്പെടും. ഏത് മതമായാലും ആ മതത്തില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കം രാഷ്ട്രീയമായി ഡി.വൈ.എഫ്.ഐയ്ക്കും ഇടതുപക്ഷത്തിനും വലിയ തിരിച്ചടിയുണ്ടാക്കും.
പന്നിയുടെ നിഷേധം ?
അത്തരമൊരു പ്രകോപനം ഇപ്പോള്‍ നടത്തിയ പോര്‍ക്ക് ഫെസ്റ്റിവലിലൂടെ ഉണ്ടായിട്ടുണ്ട്. പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണ്. ആ പന്നിയിറച്ചി ഉപയോഗിച്ച് തന്നെ ചലഞ്ച് നടത്തി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത് ആരാണ്. മറ്റു വഴികള്‍ ചിന്തിക്കാതെ ഇതിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്. ഇതിനെല്ലാം DYFI നേതൃത്വംമറുപടി പറയേണ്ടിവരും. വയനാട്ടില്‍ ദുരിത ബാധിതരായവരില്‍ ഇസ്ലാംമത വിശ്വാസികളുമുണ്ട്. ഇങ്ങനെ സ്വരൂപിച്ച് നല്‍കുന്ന സഹായം എങ്ങനെയാണ് അവര്‍ സ്വീകരിക്കുക. മുസ്ലിം ലീഗിനും കമ്യൂണിസ്റ്റ് വിരുദ്ധ മതസംഘടനാ നേതൃത്വങ്ങള്‍ക്കും കടന്നാക്രമിക്കാനുള്ള അവസരമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്.
മാത്രമല്ല, ഈ പോര്‍ക്ക് ഫെസ്റ്റിവലിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി ലഭിച്ചിരിക്കുന്നത് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നാണ് എന്നത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. പോര്‍ക്ക് ഫെസ്റ്റിവല്‍ മുന്‍നിര്‍ത്തി സി.പി.എം ഇസ്ലാംമതത്തിന് എതിരാണെന്ന വ്യാപകമായ പ്രചരണമാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. ഇസ്ലാംമത വിശ്വാസികള്‍ക്ക് വേണ്ടി സി.പി.എമ്മും, ഇടതുപക്ഷ സര്‍ക്കാരുകളും നല്‍കിയ സംഭാവനകളും ത്യാഗങ്ങളും മറന്നാണ് ഇത്തരമൊരു കടന്നാക്രമണം ഇപ്പോള്‍ നേരിടുന്നത്. DYFI അനവസരത്തില്‍ എടുത്ത ഒരു തീരുമാനത്തിന്റെ പരിണിത ഫലമാണിത്. പോര്‍ക്ക് ഫെസ്റ്റിവല്‍ വിവാദമായതോടെ വയനാട്ടിലെ ദുരിതബാധിതരായവര്‍ക്കിടയിലും കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐ വഴി ലഭിക്കുന്ന സഹായം പോര്‍ക്ക് വിറ്റ് കിട്ടുന്ന പണമാണെങ്കില്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഒരു വിഭാഗത്തിനുണ്ടായിട്ടുണ്ട്.
പന്നിയും തിരഞ്ഞെടുപ്പു രാഷ്ട്രീയവും ?
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടി ഇടതുപക്ഷത്തിന് ഉണ്ടാകാനും പന്നി ചലഞ്ചിലൂടെ സാധ്യതയുണ്ട്. മലയാളികള്‍ പ്രബുദ്ധരാണെന്നു ചുമ്മാ പറയാമെങ്കിലും അത്ര വലിയ പ്രബുദ്ധതയൊന്നും ഈ നാട്ടില്‍ ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ഓര്‍ക്കണം. ജാതി – മത സംഘടനകള്‍ക്കും ഈ മണ്ണില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ട്. മത ന്യൂനപക്ഷങ്ങളില്‍ മുസ്ലിം സമൂഹത്തിലെ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ കഴിഞ്ഞ കുറേ കാലങ്ങളായി സി.പി.എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലിംങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും ഇടതുപക്ഷത്തിന്റെ കൈയ്യിലാണ് ഉള്ളത്.
മുസ്ലീംലീഗ് കോട്ടയായ മലപ്പുറത്ത് പോലും ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കുന്ന മുന്നേറ്റം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. മലപ്പുറത്തിന് മീതെ വളരാന്‍ ലീഗിന് കഴിയാതിരിക്കുന്നതിന്റെ പ്രധാന കാരണവും മുസ്ലീം ന്യൂനപക്ഷങ്ങളിലെ ഇടതുപക്ഷ സ്വാധീനമാണ്. ആ സ്വാധീനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ ആയിട്ട് ഒരുക്കിക്കൊടുക്കുന്നത്. ഇത് മുസ്ലിം സമുദായത്തിലെ ഇടതുപക്ഷ മനസ്സുകളെയും പോറല്‍ ഏല്‍പ്പിക്കുന്ന നടപടിയാണ്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന’ ചിന്താഗതിയൊക്കെ നല്ലതാണ്. എന്നാല്‍, അത് പ്രായോഗികതയിലേക്ക് കൊണ്ടുവരാന്‍ പുതിയ കാലത്തും എളുപ്പമല്ല.
ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനയല്ല DYFI. അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചലഞ്ചും പോര്‍ക്ക് ചലഞ്ചും DYFIക്ക് ഒരുപോലെയാണെങ്കില്‍, അത് നടത്തുന്നത് എന്തിനു വേണ്ടിയാണ് എന്നതും പ്രസക്തമായ ചോദ്യമാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തിയല്ല ദുരിതബാധിതരെ സഹായിക്കേണ്ടത്. ഇത്തരം പ്രവര്‍ത്തികള്‍ അവരുടെ മനസ്സിനെയും വേദനിപ്പിക്കും.
ബീഫ് ഫെസ്റ്റ് നടത്തിയതോ ?
പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണെങ്കിലും ക്രൈസ്തവ മതക്കാര്‍ക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതവിഭാഗവും ഏറെയുള്ള നാടാണ് കേരളം. ആര് എന്ത് കഴിക്കണം, വീടുകളിലും ഹോട്ടലുകളിലും എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവിടുത്തെ ഉടമകളാണ്. അതാരും ഇന്നുവരെ ചോദ്യം ചെയ്തിട്ടുമില്ല. പോര്‍ക്ക് ചലഞ്ച് നടത്തിയവര്‍ തന്നെയാണ് ഇവിടെ ബിഫ് ചലഞ്ച് നടത്തിയതും. പോര്‍ക്കും ബീഫും ഭക്ഷണമാക്കാന്‍ കഴിയുന്നതാണെങ്കില്‍ അതിന്റെ പേരില്‍ വിവാദമെന്തിനാണ് എന്നാണ് മറു ചോദ്യം.
ബീഫ് ഫെസ്റ്റ് നടത്തിയതു വഴി ആരെയാണ് DYFI പ്രീതിപ്പെടുത്തിയത്. പോര്‍ക്ക് ഫെസ്റ്റ് നടത്തുന്നത് എന്തിനാണ്. ബീഫ് പ്രതിശേധ സൂചകമായും പോര്‍ക്ക് ധനസമാഹരണത്തിനായുമാണ് നടത്തിയതെന്ന വ്യത്യാസവുമുണ്ട്. അതായത്, പോര്‍ക്ക് ചലഞ്ച് നടത്തുമ്പോള്‍ അത്, വാങ്ങുന്നത്, പോര്‍ക്ക് ഭക്ഷിക്കുന്നവരാണ്. അത് നിഷേധിക്കുന്നവര്‍ക്ക് വില്‍ക്കില്ലല്ലോ. അപ്പോള്‍ അതിലൂടെ ലഭിക്കുന്ന പണം പോര്‍ക്ക് വിരുദ്ധരുടേതല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല, DYFI പോര്‍ക്ക് ഫെസ്റ്റ് നടത്തുന്നത്, പോര്‍ക്ക് നിശേധക്കാരെക്കൊണ്ട് തീറ്റിക്കാനല്ല, മറിച്ച്, പോര്‍ക്ക് ഭക്ഷണപ്രിയര്‍ക്ക് വില്‍ക്കാന്‍ വേണ്ടിയാണ്. അതിലൂടെ കിട്ടുന്ന പണം ദുരിതബാധിതര്‍ക്കു കൊടുക്കാനാണ്. പോര്‍ക്ക് ഫെസ്റ്റ് നടത്തിയത്, എന്തോ പാതകമാണെന്ന് ചിന്തിക്കുന്നതിലാണ് തെറ്റ്.
ബീഫ് ഫെസ്റ്റ് നടത്തിയാല്‍ ഹായ്, പോര്‍ക്ക് ഫെസ്റ്റ് നടത്തിയാല്‍ ഹൂയ്. ഇത്തരം നിലപാടാണ് തെറ്റ്. ഭഖ്ഷണത്തില്‍ മതം കലര്‍ത്തുകയാണ് ചെയ്യുന്നത്. തിരിച്ചു കടിക്കാത്തതെന്തിനെയും കഴിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഭക്ഷണം ഒരു മതമാക്കി മാറ്റാതിരിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ്, DYFI ബീഫ് ചലഞ്ച് നടത്തി പ്രതിഷേധിച്ചത്.
CONTENT HIGHLIGHTS; ‘Haram Hamukay Pork Fest’: Will the left youth organization’s ‘pig crackers’ explode? (Special Story)