പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തില്‍ നിന്നും അയോഗ്യയാക്കിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവന്നു. 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിയെന്ന് ഓഗസ്റ്റ് 14ന് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിശദമായ വിധി പുറത്തുവരുന്നത് ഇപ്പോഴാണ്. 24 പേജുള്ള വിശദമായ ഉത്തരവാണ് കായിക കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി വിധിയില്‍ പറയുന്നു. എന്നാല്‍, ഭാരം സംബന്ധിച്ച നിയമം വിനേഷിനും അറിയാവുന്നതാണ്. 50 കിലോയെക്കാള്‍ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതി ചൂണ്ടിക്കാട്ടുന്നു. ഭാരം നിശ്ചിത പരിധിയില്‍ നിലനിര്‍ത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണ്. ആര്‍ത്തവ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ഇത്തരം ഇളവ് നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും വിധിയില്‍ പറയുന്നു.
രണ്ടാമത്തെ ഭാരപരിശോധനയുടെ പ്രത്യാഘാതം നിര്‍ദയമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. താരം മനഃപൂര്‍വം വരുത്താത്ത പിഴവിനും കടുത്ത ശിക്ഷയാണ് അനുഭവിക്കുന്നത്. പൂര്‍ത്തിയായ മത്സരങ്ങള്‍ക്ക് അനുസരിച്ച് ഫലപ്രഖ്യാപനം നടത്തുകയാണ് അനുയോജ്യം. എന്നാല്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യുഡബ്ല്യുഡബ്ല്യു) നിയമത്തിന് അപ്പുറത്തേക്ക് പോകുന്നതിന് കോടതിക്ക് പരിധിയുണ്ടെന്നും വിധിയില്‍ പറയുന്നു. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്.
100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഫൈനല്‍ വരെ മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം. എന്നാല്‍ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ വാദം അംഗീകരിച്ചാണ് വിനേഷിന്റെ അപ്പീല്‍ കോടതി തള്ളിയത്. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. രാഷ്ട്രീയ ഇടപെടലാണ് ഫോഗട്ടിന്റെ മെഡല്‍ ഇല്ലാതാക്കിയതെന്നു വരെ പ്രചാരണം ഉയര്‍ന്നിരുന്നു.
എന്നാല്‍, അ്തരം നീക്കമൊന്നുമല്ല ഫോഗട്ടിനെ അയോഗ്യയാക്കിയതെന്ന് വിധി പകര്‍പ്പ് വായിച്ചാല്‍ മനസ്സിലാക്കാനാകും. വിധിയില്‍ പറയുന്ന മറ്റു പ്രസക്തമായ കാര്യങ്ങള്‍ ഇവയാണ്. വിനേഷ് ഫോഗട്ട് സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, തന്റെ ശരീരഭാരം 50 കിലോഗ്രാമിനുള്ളില്‍ നിലനിര്‍ത്തണമെന്ന് വിനേഷ് ഫോഗട്ടിന് വ്യക്തമായ അറിവുണ്ടായിരുന്നു. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7 പ്രകാരം, ഓരോ മത്സരാര്‍ഥിയും സ്വതന്ത്രമായ തീരുമാനപ്രകാരമാണ് മത്സരിക്കാനെത്തുന്നത്. അവര്‍ക്ക് ഇക്കാര്യത്തില്‍ സ്വയം ഉത്തരവാദിത്തവുമുണ്ട്.
ഭാരപരിധി തിരിച്ചുള്ള വിവിധ മത്സര വിഭാഗങ്ങളില്‍, ഔദ്യോഗിക ഭാരപരിശോധന പ്രകാരമുള്ള ഒറ്റ വിഭാഗത്തില്‍ മാത്രമേ ഒരാള്‍ക്കു മത്സരിക്കാനാകൂ. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മുന്‍പും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് അനുഭവസമ്പത്തുള്ളയാളാണ് അപേക്ഷക (വിനേഷ് ഫോഗട്ട്). ഭാരപരിശോധനയുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നുള്ളതിന് അപേക്ഷക എന്തെങ്കിലും തെളിവു ഹാജരാക്കിയിട്ടില്ല. മറ്റു തെളിവുകളും ഇതിനെതിരെ ഇല്ല. സോള്‍ ആര്‍ബിട്രേറ്ററിന് മെഡലുകള്‍ സമ്മാനിക്കാനുള്ള അധികാരമില്ല. അക്കാര്യത്തില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കാണ് അധികാരം. ഈ മത്സരയിനത്തില്‍ വെള്ളി മെഡലും വെങ്കല മെഡലും സമ്മാനിച്ചു കഴിഞ്ഞു.
രണ്ടാമതൊരു വെള്ളിമെഡല്‍ കൂടി നല്‍കാന്‍ നിയമപ്രകാരം നിര്‍വാഹമില്ല. മത്സരം നടത്തി തീരുമാനിക്കുന്ന റാങ്കിങ് പ്രകാരമാണ് മെഡലുകള്‍ തീരുമാനിക്കുന്നതെന്നും മേല്‍പ്പറഞ്ഞ താരം ഇപ്രകാരം റാങ്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് ഒളിംപിക് കമ്മിറ്റി നല്‍കുന്ന വിശദീകരണം. രണ്ടാമത്തെ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ ഫൈനലില്‍ മത്സരിക്കുന്നതിനു മുന്‍പ് അയോഗ്യയാക്കപ്പെട്ട താരം, ആദ്യ മൂന്നു റൗണ്ടുകളില്‍ ചട്ടപ്രകാരം തന്നെ മത്സരിച്ച് ജയിച്ച് 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്നതാണെന്ന് സോള്‍ ആര്‍ബിട്രേറ്റര്‍ മനസ്സിലാക്കുന്നു. അപേക്ഷ (വിനേഷ് ഫോഗട്ടിന്റെ) ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്തിട്ടില്ല.
അപേക്ഷകയായ വിനേഷ് ഫോഗട്ടിന്റെ ഭാഗത്തുനിന്നുള്ള നിയമവിരുദ്ധമായ ശ്രമങ്ങളുടെ ഭാഗമല്ലാത്തതിനാല്‍, അവരെ അയോഗ്യയാക്കിയ രണ്ടാമത്തെ ഭാരപരിശോധനയുടെ ഫലങ്ങള്‍ സോള്‍ ആര്‍ബ്രിട്രേറ്ററിന്റെ അഭിപ്രായത്തില്‍ തികച്ചും ക്രൂരം തന്നെയാണ്. ഭാരപരിശോധനയുടെ കാര്യത്തില്‍ നിയമം വളരെ സുവ്യക്തമാണ് എന്നതും അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് എന്നതും ഒരു പ്രശ്‌നം തന്നെയാണ്. ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും നിയമം അനുവദിക്കുന്നില്ല. ഉയര്‍ന്ന ഭാരപരിധി വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളില്‍ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍പ്പോലും വിട്ടുവീഴ്ച അനുവദിക്കുന്നില്ല.
അതുകൊണ്ടുതന്നെ നിശ്ചിത ഭാരപരിധിക്കുള്ളില്‍ സ്വന്തം ഭാരം ക്രമീകരിക്കേണ്ടത് താരത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നത് വ്യക്തമാണ്. ഫൈനലിനു യോഗ്യത നേടിയ ആദ്യ ദിവസത്തെ മത്സരഫലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പരിണിതഫലങ്ങള്‍ ഈ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ മത്സരത്തിനു മാത്രം ബാധകമാകും വിധം ഒതുക്കുന്നത് കുറച്ചുകൂടി നീതിപൂര്‍വകമായ തീരുമാനമാകുമെന്ന് കരുതുന്നു. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനു പിന്നാലെ മറ്റൊരു ഗുസ്തി താരത്തിനെ ഒളിമ്പിക്‌സ് വില്ലേജില്‍ നിന്നും പുറത്താക്കി ഇന്ത്യയിലേക്ക് പറഞ്ഞയച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളായി മാറുകയും ചെയ്തിരുന്നു.
CONTENT HIGHLIGHTS;Vinesh Phogat knows wrestling rules: International Court of Arbitration for Sport verdict out