സീരിയല്‍ മോഹത്തിനു പിന്നാലെ ഓടിത്തളര്‍ന്നു പോയ ജീവിതങ്ങളെ കണ്ടെത്താന്‍ ഇനി എന്നാണ് ഒരു കമ്മിഷന്‍ ഉണ്ടാവുക. പൊലിഞ്ഞുപോയ ജീവിത സ്വപ്‌നങ്ങളെ ചേര്‍ത്തു പിടിച്ച് ആരും കാണാതെ ഇരുള്‍ ഇടങ്ങളില്‍ പൊട്ടിക്കരഞ്ഞു തീര്‍ക്കുന്ന എത്രയോ ജീവിതങ്ങളാണ് കേരളത്തിലുള്ളത്. സിനിമയെന്ന വെള്ളിത്തിരയില്‍ എത്തിപ്പെടാനാണ് സീരയല്‍ എന്ന വെള്ളിവെളിച്ചത്തിന്റെ പിന്നാലെ ഓടുന്നത്. അവരില്‍ 90 ശതമാനം പേരും പിന്നാമ്പുറങ്ങളില്‍ ചിറകറ്റു വീഴുകയോ, ചിറകരിഞ്ഞു വീഴ്ത്തപ്പെടുകയോ ചെയ്യുന്നുണ്ട്. ആരും അതറിയാതെ പോവുകയാണ്. സിനിമയിലുള്ള സ്ത്രീകള്‍ക്കു വേണ്ടി WCC ഉണ്ടെങ്കില്‍ സീരിയല്‍ രംഗത്ത് ഒരു CC യും ഇല്ലെന്നതാണ് വസ്തുത.
‘എന്നോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്നു പറഞ്ഞു, ഞാന്‍ സമ്മതിച്ചില്ല’ ഇതാണ് പൊതുവേ ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍, അഡ്ജസ്റ്റ്‌മെന്റ് നടത്തിയവരും, അതിനു നിര്‍ബന്ധിതരായവരും, പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും കര്‍ട്ടനു പിറകില്‍ തന്നെയാണ്. മുഖമില്ലാത്ത അവര്‍ക്കു വേണ്ടിയാണോ, അതോ മുഖം ഇപ്പോഴും നഷ്ടമാകാത്തവരെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു മുന്നറിയിപ്പായിട്ടാണോ ഈ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹേമ കമ്മിഷന്റെ കണ്ടെത്തലുകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍, ഇതെല്ലാം അറിയാവുന്നവര്‍ ഊറിച്ചിരിക്കുകയാണ്. പരസ്യമായ രഹസ്യത്തിന് എന്തിനാണ് ഒരു റിപ്പോര്‍ട്ടെന്ന ഭാവത്തില്‍. എന്നാല്‍, ആ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അവര്‍ ഭയപ്പെട്ടിരുന്ന ഒന്നുണ്ട്.
പരസ്യമായ രഹസ്യത്തിലെ, രഹസ്യമാക്കി വെച്ച പേരുകളില്‍ ഏതെങ്കിലും ഒന്ന് റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നുണ്ടോ എന്നത്. ഭാഗ്യം കൊണ്ടും, പിന്നെ ഹേമ കമ്മിഷന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും വിവരാവകാശ കമ്മിഷന്റെയുമൊക്കെ സഹായം കൊണ്ട് അതുമാത്രം സംഭവിച്ചില്ല. റിപ്പോര്‍ട്ടിലെ കാതലായ ഭാഗം എന്തായിരുന്നുവോ, അതില്ലാതെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സനിമാ മേഖലയില്‍ വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന പൊതു ധാരണ രൂപപ്പെടുകയും ചെയ്തിരിക്കുന്നു. സിനിമയിലെ പുഴുക്കുത്തുകള്‍ തീര്‍ക്കാന്‍ ഒരു ഹേമാ കമ്മിഷന്‍ ഉണ്ടായെന്ന് ആശ്വസിക്കുമ്പോള്‍ സീരിയല്‍ രംഗത്തെ പീഡനങ്ങളെ കാണാതെ പോകാനാവില്ല.
അവിടെ ആരാണ് ഒന്ന് തിരിഞ്ഞു നോക്കാനുള്ളത്. വാളെടുത്തവരെല്ലാം വെളിപ്പാടെന്ന പോലെ ഉറഞ്ഞു തുള്ളുന്ന സീരിയല്‍ രംഗത്ത് സ്ത്രീകള്‍ വെറും ഭോഗവസ്തുക്കള്‍ മാത്രമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സംവിധായകന്‍ മുതല്‍ ലൈറ്റ്‌ബോയ് വരെ സീരിയല്‍ അഭിനയിക്കാന്‍ എത്തുന്ന സത്രീകളെ ശാരീരികമായി ഉപയോഗിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന ക്ലീഷേ വാക്കുകളില്‍ ഒതുങ്ങാത്തതാണ് സീരിയല്‍ രംഗത്തെ ആഭാസത്തരങ്ങള്‍. സീരിയല്‍ മേഖലയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയകളിലെ ഫോട്ടോ ഷൂട്ടുകളിലും ശരീരം നല്‍കിയാല്‍ മാത്രം ചാന്‍സ് ഉള്ളൂ എന്നു പറയുന്നവരെ തുറന്നു കാട്ടാന്‍ ഇനിയെങ്കിലും തയ്യാറാകാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ.
കൊല്ലത്തു നിന്നും സിനിമാ മോഹവുമായി തിരുവനന്തപുരത്ത് ചേക്കേറിയ ഒരു സീരിയല്‍ താരത്തിന്റെ അനുഭവം അവര്‍ പങ്കുവെയ്ക്കുമ്പോള്‍ സിനിമയേക്കാള്‍ എത്രയോ ഭീകരമാണ് സീരിയല്‍ മേഖലയില്‍ നടക്കുന്ന സംഭവങ്ങളെന്ന് മനസ്സിലാക്കാനാകും. താരാ ലക്ഷ്മി എന്ന നിഷയുടെ ജീവിതം മാറിമറിഞ്ഞത് ഒരു സീരിയല്‍ സംവിധായകന്റെ അഡ്ജസ്റ്റ്‌മെന്റ് പ്രലോഭനം കൊണ്ടാണ്. പിന്നീട് ഒരു സീരിയലിലോ, സിനിമയിലോ താരാ ലക്ഷ്മി അഭിനയിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. അഭിനയിക്കാന്‍ വിളിച്ചിട്ടില്ല എന്നതാണ് സത്യം. മുന്‍നിര നായികമാര്‍ മാത്രമല്ല രണ്ടാംനിര, മൂന്നാംനിര, നാലാംനിര അങ്ങനെ നിരവധി നിരകളുണ്ട്. ഈ നിരകളില്‍പ്പെട്ടവര്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ആര്‍ക്കൊക്കെ അഡ്ജസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ടെന്ന് പരസ്പരം ആര്‍ക്കും അറിയാനാകില്ല.
എന്നാല്‍, ലൊക്കേഷനിലെ പുരുഷ ജീവനക്കാര്‍ക്കെല്ലാം ഇതറിയാനും കഴിയും. ലൊക്കേഷനില്‍ പുതിയൊരു നടിയോ, സെക്കന്റ് നടിയോ എത്തിയാല്‍, എല്ലാവുടെയും നോട്ടം പ്രോഡ്യൂസറിലേക്കും, സംവിധായകനിലേക്കും നായക വേഷമിടുന്ന നടനിലേക്കും സ്വാഭാവികമായി നീളും. അതിനു ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഇടപെടലുകളെ കുറിച്ചുള്ള ചര്‍ച്ചയാകും പിന്നീട് നടക്കുന്നത്. ഇതാണ് വെള്ളിത്തിരയിലെ അനുഭവമെന്ന് പറയാതെ വയ്യെന്നും താരാലക്ഷ്മി പറയുന്നു. തനിക്ക് അഭിനയിക്കാന്‍ മോഹമുണ്ട്. അതിന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറുമാണ്. എന്നാല്‍, ശരീരം പങ്കുവെച്ചുള്ള അഭിനയത്തിനു മാത്രം തയ്യാറല്ല. അത് ചോദ്യം ചെയ്യുകയും ചെയ്‌തെന്ന് അവര്‍ പറയുന്നു.
താരാലക്ഷ്മി പറഞ്ഞ കഥ…
നാലു വര്‍ഷം മുമ്പുണ്ടായ സംഭവമാണ്. പ്രമുഖ ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഒരു സീരിയലിന്റെ ഷൂട്ട് പെരുമാതുറയില്‍ നടക്കുന്നു. ഒരു പുതിയ സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നുണ്ട്, വന്ന് ഡയറക്ടറെ കണ്ടാല്‍ വേഷം കിട്ടുമെന്ന് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചറിയിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാസ്റ്റിംഗ് ടെസ്റ്റ് നടക്കുന്നുണ്ട്. മ്യൂസിയം കോമ്പൗണ്ടിനു പുറകു വശത്തെ ഒരു ഫ്‌ളാറ്റില്‍ വെച്ച്. പങ്കെടുക്കണം. ഇതായിരുന്നു നിര്‍ദ്ദേശം. സീരിയല്‍ മോഹം പൂവണിയുന്നതിന്റെ സന്തോഷത്തില്‍ നേരെ മ്യൂസിയത്തിനു പുറകിലുള്ള ഫ്‌ളാറ്റിലെത്തി. ഇന്റര്‍വ്യൂവിന് മറ്റാരുമില്ല.
ഞാന്‍ മാത്രം. ഒരു പ്രൊഫഷണല്‍ സംവിധാനത്തിലേക്ക് കാലെടുത്തു വെയ്ക്കുകയല്ലേ, മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല. പക്ഷെ, അകത്തേക്കു വിളിച്ചതോടെ ഒരു പേടി തോന്നി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, തന്നെ ഡയറക്ടറുടെ മുമ്പില്‍ കൊണ്ടാക്കിയ ശേഷം പുറത്തേക്കു പോയി. പിന്നീട് നടന്നതൊന്നും ജീവിതത്തില്‍ പിന്നീടൊരിക്കലും സംഭവിക്കാതിരിക്കാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്. അത്രയേറെ മാനസിക സമ്മര്‍ദ്ദമുണ്ടായി. എന്നോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് സീരിയലിലെ ക്യാരക്ടറുകളെ കുറിച്ച് വിശദീകരിച്ചു. അപ്പോഴും എന്റെ വേഷത്തെ കുറിച്ചോ, ഞാന്‍ എന്തു ചെയ്യണമെന്നോ പറഞ്ഞില്ല. അതുകൊണ്ടു തന്നെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു,
എന്റെ വേഷം എന്താണെന്ന്. അപ്പോഴാണ് അയാള്‍ പറഞ്ഞത്, വേഷമൊക്കെയുണ്ട്. പക്ഷെ, സഹകരിക്കാന്‍ തയ്യാറായാലേ വേഷം കിട്ടൂ. അതായത് അഡ്ജസ്റ്റ്‌മെന്റ് വേണമെന്നര്‍ത്ഥം. എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നതിനു മുമ്പ് അയാള്‍ കടന്നു പിടിക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പെട്ടെന്ന് കുതറിമാറി വാതില്‍ തുറന്ന് പുറത്തേക്കോടി. പുറത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമില്ല. പിന്നെ, ഒന്നും ചിന്തിച്ചില്ല, നേരെ വീട്ടിലേക്കു പോയി. മണിക്കൂറുകള്‍ക്കു ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. ക്ഷമാപണം നടത്തിക്കൊണ്ട് പറഞ്ഞു, ഡയറക്ടര്‍ വേറൊരു മൂഡിലായിരുന്നു, അതുകൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചതെന്ന്. ഇനി ഷൂട്ടിംഗ് ലൊക്കേനില്‍ വന്നാല്‍ മതിയെന്നും പറഞ്ഞു.
അങ്ങനെ അബദ്ധം പറ്റിയതാകാമെന്ന വിശ്വാസത്തില്‍ ഞാന്‍ പെരുമതുറയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കു പോയി. അവിടെ തികച്ചും അപരിചിതയെപ്പോലെ രാവിലെ മുതല്‍ രാത്രി വൈകി ഷൂട്ടിംഗ് തീരുന്നതു വരെ നിന്നു. മൂന്നു ദിവസം അങ്ങനെ നിര്‍ത്തി മാനസികമായി പീഡിപ്പിച്ചു. നാലാം ദിവസം ചെറിയ റോള്‍ അഭിനയിപ്പിച്ചു. സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഇതിനിടയ്ക്ക് സംസാരിക്കുന്നുണ്ടായിരുന്നു. വേലക്കാരിയുടെ റോളായിരുന്നു അത് എന്നാണ് ഓര്‍മ്മ. അടുത്ത സീന്‍ വേലക്കാരിയെ വീട്ടുടമസ്ഥ കരണത്തടിക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്.
മുടിക്കു കുത്തിപ്പിടിച്ച് കരണത്തടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് പ്രധാന നടിയോട് സംവിധായകന്‍ പറഞ്ഞത്, അടിക്ക് ഒറിജിനാലിറ്റി വേണം. അതുകൊണ്ട് നല്ലപോലെ അടിക്കണമെന്നാണ്. ക്യാമറ റോള്‍ ചെയ്തതോടെ പ്രധാന നടി എന്റെ മുടിക്കു കുത്തിപ്പിടിച്ചു, കരണത്ത് സര്‍വ്വശക്തിയുമെടുത്ത് അടിച്ചു. അത് അഭിനയമായിരുന്നില്ല, സംവിധായകന്റെ ആജ്ഞ നിറവേറ്റുകയായിരുന്നു ചെയ്തത്. തലചുറ്റുന്നതു പോലെ തോന്നി. കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു. സെറ്റിലുള്ളവരാകെ ഞെട്ടിപ്പോയി. അഭിനയമല്ല അവിടെ നടന്നത് എന്ന് എല്ലാവര്‍ക്കും മനസ്സിലായി.
എന്നിട്ടും, സീരിയല്‍ വന്നപ്പോള്‍ ആ സീന്‍ കട്ട് ചെയ്തു കളയുകയും ചെയ്തു. ഇങ്ങനെ നിരന്തരം പീഡനത്തിന്റെ അളവു കൂടിക്കൂടി വന്നു. എല്ലാം അഡ്ജസ്റ്റമെന്റ് ചെയ്യാത്തതു കൊണ്ടായിരുന്നു. ഒടുവില്‍ എന്റെ സീരിയലിലൂടെയുള്ള സിനിമാ ഭാവിക്ക് കോട്ടം തട്ടേണ്ടെന്നു കരുതി അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാകാന്‍ നിര്‍ബന്ധിതയായി. ഇങ്ങനെയാണ് ഓരോ ആര്‍ട്ടിസ്റ്റുകളെയും പുരുഷാധിപത്യം കീഴ്‌പ്പെടുത്തുന്നത്. ചിലന്തി വലകെട്ടുന്നതു പോലെ വലവിരിക്കും. ഇര വീണു കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കും, ഉപയോഗിക്കും. ഈ സീരിയലില്‍ സംവിധായകന്റെ ഭാര്യയും അഭിനയിക്കുന്നുണ്ട്. അയാള്‍ക്ക് മക്കളുമുണ്ട്. സീരിയലിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എന്നെ അയാള്‍ ഒഴിവാക്കി.
ഇതോടെ ഞാന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംവിധായകനെ സ്റ്റേഷില്‍ വിളിപ്പിച്ചതോടെ ആകെ പ്രശ്‌നമായി. അഡ്ജസ്റ്റ്‌മെന്റിനു വേണ്ടി ആവശ്യപ്പെട്ട സംവിധായകന്‍ പിന്നീട് കോംപ്രമൈസിനു വേണ്ടി അപേക്ഷിക്കാന്‍ തുടങ്ങി. അയാളുടെ ഭാര്യ എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. ഫോണ്‍ റെക്കോര്‍ഡു ചെയ്തു. അതുമായി ഒരു വക്കീലിനെ കണ്ട് ഡിവോഴ്‌സ് പെറ്റീഷന്‍ മൂവി ചെയ്തു. എന്നാല്‍, അതിനു മുമ്പു തന്നെ അയാളുടെ കുടുംബത്തെയും കുട്ടികളെയും ഓര്‍ത്ത്, ഞാന്‍ കേസ് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ അയാളും കുടുംബവും സെപ്പറേറ്റാണ്.
എന്നാല്‍, പരിപാടികള്‍ക്കെല്ലാം എത്തുന്നത് ഭാര്യയുമായാണ്. സീരിയല്‍ സംവിധായകന്‍ അഡിജസ്റ്റ്‌മെന്‍ിനു വേണ്ടി സ്വന്തം ജീവിതം കളഞ്ഞുകുളിച്ചു. ഇപ്പോള്‍ അയാള്‍ ജീവിതത്തില്‍ അഭിനയിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള അഭിനയം. ഇങ്ങനെയാണ് ഓരോ ആര്‍ട്ടിസ്റ്റുകളുടെയും അഭിനയ ജീവിതത്തിന്റെ തുടക്കം. നോക്കൂ, സിനിമാ മേഖലയിലെ പ്രധാന നടമാരില്‍ ചിലര്‍ ഇപ്പോഴും കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് കാര്യം. അവര്‍ കല്യാണം കഴിക്കുന്നത്, ചിലര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ്. എന്നാല്‍, നടന്‍മാര്‍ ഡിവോഴ്‌സ് ചെയ്യുന്നുണ്ട്. പുതിയ വിവാഹം ചെയ്യുന്നുമുണ്ട്.
ലിവിംഗ് ടുഗെതര്‍ നടത്തുന്നവരുണ്ട്. മ്യൂച്വല്‍ അണ്ടര്‍ സ്റ്റാന്റിംഗില്‍ ജീവിക്കുന്നവരുണ്ട്. ഇതിനെല്ലാം ഉപരിയാണ് അഡ്ജസ്റ്റമെന്റുകള്‍. ഇത് തടയാന്‍ ആര്‍ക്കാണ് കഴിയുക. ഹേമ കമ്മിറ്റി കൊണ്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനേ കഴിയൂ. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ആരുടേയും സ്വകാര്യ ജീവിത്തിലേക്ക് ഒരു കമ്മിഷനും കയറിച്ചെല്ലാനാകില്ല. ഇഷ്ടമില്ലാത്തവരെ അതിലേക്ക് എത്തിച്ചിട്ടാണ് അഡ്ജസ്റ്റ്‌മെന്റ് നടപ്പാക്കുന്നത്. അല്ലാതെ ബലാത്സംഗം ചെയ്യുകയോ, ബലം പ്രയോഗിക്കുകയോ അല്ല. അതുകൊണ്ടാണ് ഇത്തരം പീഡനങ്ങള്‍ ആരും പുറത്തു പറയാതെ ഇരിക്കുന്നതും.
തുറന്നു പറഞ്ഞാല്‍ സംഭവിക്കുന്നതെന്ത് ?
പീഡനങ്ങള്‍ തുറന്നു പറഞ്ഞാല്‍ ചാന്‍സ് നഷ്ടപ്പെടും. പിന്നെ, ഒരാളും വിളിക്കില്ല. അതാണ് പ്രശ്‌നം. മറ്റൊരു കൂട്ടരുണ്ട്. സിനിമയിലേക്കിറങ്ങിയാല്‍ ഇതെല്ലാം പോകും. ഒരിക്കല്‍ പോയിക്കിട്ടിയാല്‍ പിന്നെ നാണവും മാനവും എല്ലാം പോയിക്കിട്ടും. സിനിമയില്‍ ഉയരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് അപ്പോഴും മനസ്സിലുണ്ടാവുക. അതുകൊണ്ട് എന്തു ചെയ്താലും ഒന്നുമില്ലെന്ന് തോന്നും. ശാരീരിക ബന്ധം നടത്തുന്നവര്‍ക്ക് എന്തു സുഖമാണ് കിട്ടുമെന്നതെന്നറിയില്ല. മനസ്സുകൊണ്ട് ഇഷ്ടപ്പെടാതെ നടത്തുന്ന ശാരീരിക ബന്ധമാണത്. അതില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധം മാത്രമേയുള്ളൂ. അഡ്ജസ്റ്റ്‌മെന്റ് നടത്തുക, വേഷം വാങ്ങും. അതു പിന്നെ അങ്ങനെ തന്നെ തുടരും. ഒരിക്കല്‍ അതില്‍ പെട്ടുപോയാല്‍ പിന്നെ കരകയറില്ലെന്നുറപ്പാണ്.
ഇങ്ങനെയൊക്കെ ചെയ്തിട്ട് രക്ഷപ്പെട്ടവര്‍ എത്രപേരുണ്ടാകും ?
വളരെ കുറച്ചു മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളവര്‍. രക്ഷപ്പെട്ടവര്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമകളോ അല്ലെങ്കില്‍ അതുമായി ചങ്ങാത്തമുള്ളവരോ ആയിരിക്കും. ഈ മേഖലയിലെ ചിലരോട് പ്രത്യേക അടുപ്പം സൂക്ഷിക്കുന്നവുമായിരിക്കും. അത് കാണിക്കുന്നത്, അഡ്ജസ്റ്റ്‌മെന്റ് പരിമിതപ്പെടുത്തിയിിക്കുന്നു എന്നാണ്. എന്നാല്‍, വെള്ളിത്തിരയിലെ ഈയാംപാറ്റകളുണ്ട്. വളരും മുമ്പേ ചിറകറ്റു വീണു പോയവര്‍. അവരുടെ ശരീരത്തിലൂടെ കയറിപ്പോയവര്‍ എത്രയോ പേരുണ്ടാകും. കണക്കുണ്ടാകില്ല. സിനിമാ മേഹവും സീരിയല്‍ മോഹവുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം ആര്‍ക്കെങ്കിലും അറിയാമോ. പിന്നീട് അഴരുടെ ജീവിതങ്ങള്‍ എങ്ങനെയാകുന്നുവെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ. സിനിമയുടെ ഏഴയലത്തു പോലും അവരെത്തുന്നില്ല. ജീവിതവും നഷ്ടപ്പെട്ട്, തെരുവുകളില്‍ ശരീരം വില്‍ക്കാനിറങ്ങുന്ന എത്രയോ പേരുണ്ട്. ഇതെല്ലാം പൊതു സമൂഹത്തിനുമറിയാം. പക്ഷെ, പ്രതികരണ ശേഷി എന്നത്, ചില പ്രത്യേക ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ പഠിച്ചുപോയിരിക്കുന്നു. അതാണ് കാര്യം.
ഇപ്പോള്‍ എന്തു ചെയ്യുന്നു ?
ഇപ്പോള്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. താരൂസ് വേള്‍ഡ്(tharuzwordl). അതില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അത്യാവശ്യം ജീവിച്ചു പോകാനുള്ള വരുമാനം കിട്ടുന്നുണ്ട്. എങ്കിലും വേഷത്തിനു വേണ്ടി ഇട്ടിരിക്കുന്ന വേഷം അഴിച്ചു മാറ്റേണ്ട അവസ്ഥയില്ല. അങ്ങനെയൊരു വേഷം സംഘടിപ്പിച്ച് അഭിനയിച്ച്വലുതാവണ്ട. അതാണ് തീരുമാനം.
CONTENT HIGHLIGHTS; Serial Scene of Adjustment: The story of torture told by Taralakshmi