Features

മന്ത്രി ഗണേഷ്‌കുമാറിനെ ‘പൊള്ളിച്ച’ മൂന്നു പെണ്ണുങ്ങള്‍ ? (സ്‌പെഷ്യല്‍ സ്‌റ്റോറി) /Three women who ‘burned’ Minister Ganesh Kumar? (Special Story)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ പേരോ ?, മന്ത്രിയുടെ പൂര്‍വ്വകാല സ്ത്രീ ബന്ധങ്ങളെ കുറിച്ചും, സ്ത്രീ വിരുദ്ധതകളെയും തിരഞ്ഞിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

മന്ത്രി ഗണേഷ്‌കുമാറിന്റെ പേര് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്ന് കാട്ടി യൂത്തുകോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുകയാണ്. പരാതി, അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന്റെ പൂര്‍വ്വകാല സ്ത്രീ ബന്ധങ്ങളെ കുറിച്ചും, സ്ത്രീ വിരുദ്ധതകളെയും തിരഞ്ഞിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ മാത്രമുള്ള ഒരാള്‍ കേരളത്തിലെ മന്ത്രിയായത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയ കാളക്കച്ചവടത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്കെന്തു പ്രസക്തി.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടണോ വേണ്ടയോ എന്ന് മന്ത്രി ഗണേഷ്‌കുമാറിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് ആര്‍ക്കറിയാം. സര്‍ക്കാരിന് ഗണേഷ്‌കുമാറിനേക്കാള്‍ അടുപ്പമുള്ളവരായി സിനിമാ മേഖലയില്‍ ഇപ്പോള്‍ ആരുമില്ലെന്നുറപ്പാണ്. കാരണം, അദ്ദേഹം മന്ത്രിസഭയിലെ അംഗം കൂടിയാണ്. റിപ്പോര്‍ട്ടില്‍ ഗണേഷ്‌കുമാറിന്റെ പേരുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ മുഖച്ഛായയെ ബാധിക്കും. അതുകൊണ്ടുതന്നെ മന്ത്രിയോട് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമെന്നത് സാമാന്യ ബുദ്ധിയില്‍ ചിന്തിക്കാവുന്നതേയുള്ളൂ.

 

എന്തുകൊണ്ടാണ് ഒരാളുടെയും പേരുകള്‍ പരാമര്‍ശിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഹേമ തന്നെ ഇതുസംബന്ധിച്ച സര്‍ക്കാരിന് ഒരു കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പേരുകള്‍ വെളിപ്പെടുത്താനാകാത്തത്. വിവരാവകാശ കമ്മിഷനും ഇതേ നിലപാടാണ് എടുത്തിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ല. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറയുമ്പോള്‍, കുറ്റക്കാരില്ലാത്ത റിപ്പോര്‍ട്ട് എന്തിനാണെന്ന ചോദ്യം ബാക്കിയാവുകയാണ്.

യൂത്തുകോണ്‍ഗ്രസ്സുകാരുടെ പരാതിയുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയ പ്രേരിതമായ പരാതി എന്ന ലേബലില്‍ ആ പരാതി ആയുസ്സറ്റു പോകുമെന്നുറപ്പാണ്. എന്നാല്‍, ഗണേഷ്‌കുമാര്‍ എന്ന രാഷ്ട്രീയക്കാരനും മന്ത്രിക്കും മുമ്പേ ഒരു നടന്‍ ഉണ്ടായിരുന്നു. ആ കാലത്തെ മൂന്നു പെണ്ണുങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്നും പൊതു സമൂഹത്തില്‍ നില്‍ക്കുന്നുണ്ട്. സ്ത്രീകളോട് ഒരു പരിഗണയും കാണിക്കാത്ത പുരുഷനാണ് ഗണേഷ്‌കുമാര്‍ എന്നായിരുന്നു പ്രതികരണം. ഗണേഷ്‌കുമാറിന്റെ സഹോദരി കൂടിയായ ഉഷ മോഹന്‍ദാസാണ് ഇതില്‍ പ്രധാനി. സ്ത്രീയെന്ന പരിഗനണ ഗണേഷ്‌കുമാറില്‍ നിന്നും ഒരിക്കലും ലഭിക്കില്ലെന്ന് പറഞ്ഞ രണ്ടാമത്തെ സ്ത്രീ ഗണേഷ്‌കുമാറിന്റെ ആദ്യ ഭാര്യ ഡോ. യാമിനി തങ്കച്ചിയാണ്.

 

മൂന്നാമത്തെ സ്ത്രീ വിവാദ നായികയെന്ന പേരില്‍ അറിയപ്പെട്ട സോളാര്‍ കേസിലെ സരിത എസ്. നായരും. സിനിമയിലെ 15 പേരടങ്ങുന്ന പവര്‍ മാഫിയയില്‍ ഗണേഷ്‌കുമാറും ഉണ്ടെന്ന വാദത്തിന് ആക്കം കൂട്ടുന്നതാണ് പൂര്‍വ്വകാല സംഭവങ്ങള്‍. നടി ശ്രീവിദ്യക്ക് അവസാന നിമിഷം മരുന്ന് പോലും നല്‍കാത്ത ക്രൂരനാണെന്ന് ആര്‍.സി.സിയിലെ ഡോക്ടറുടെ ആതമകഥയെ ഉദ്ധരിച്ചാണ് സഹോദരി ഉഷ മോഹന്‍ദാസ് വെളിപ്പെടുത്തിയിരുന്നത്.

തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവാണ് ഗണേഷ്‌കുമാറെന്ന വെളിപ്പെടുത്തലുമായാണ് സോളാര്‍ കേസിലെ ഇര സരിത എസ്. നായര്‍ രംഗത്തു വന്നത്. സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണുന്ന ഒരാളോടൊപ്പം ജീവിക്കാനാവില്ലെന്നു വെളിപ്പെടുത്തിയാണ് ആദ്യഭാര്യ യാമിനി തങ്കച്ചി ഡിവോഴ്‌സ് വാങ്ങിയത്. ഇങ്ങനെ മൂന്നു സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ പൊള്ളിച്ച മന്ത്രി ഗണേഷ്‌കുമാറിന്റെ മന്ത്രി പദത്തിനു തന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് സിനിമാ മേഖലയിലെ സ്ത്രീ വിഷയങ്ങള്‍. ഗണേഷ് കുമാറിനെതിരേ ആ മൂന്നു സ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെയാണ്…

ഉഷ മോഹന്‍ ദാസ്

2011ല്‍ കൊട്ടാരക്കരയില്‍ താന്‍ മത്സരിക്കാന്‍ നോക്കിയപ്പോള്‍ എതിര്‍ത്തത് ഗണേഷ് കുമാറാണ്. എല്ലാവരും ഒറ്റക്കെട്ടായി എന്റെ പേരായിരുന്നു കൊട്ടാരക്കരയിലേക്ക് നിര്‍ദേശിച്ചിരുന്നത്. ഗണേഷ് കുമാര്‍ പത്താനപുരത്തായിരുന്നു. കൊട്ടാരക്കരക്കാര്‍ക്കും പാര്‍ട്ടിക്കുമൊക്കെ എന്റെ പേര് സ്വീകാര്യമായതോടെ ചെയര്‍മാന്‍ കൂടിയായ അച്ഛന്‍ തീരുമാനം മുന്നണിയെ അറിയിച്ചു. എന്നാല്‍ ഗണേഷ് കുമാറിന് അത് ഒട്ടും സ്വീകര്യമായില്ല. അതുകൊണ്ടാണ് അത് വേണ്ടന്ന് വെച്ചത്. ആ സമയത്ത് അച്ഛന് ഒരു മാനസിക സംഘര്‍ഷം കൊടുക്കേണ്ടെന്ന് ഞാനും കരുതി. അങ്ങനെയാണ് മുരളിയെ സ്ഥാനാത്ഥിയാക്കിയതെന്നും ഉഷമോഹന്‍ദാസ് പറയുന്നു.

കൊട്ടാരക്കരിയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീടും സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍ അച്ഛന്റെ മരണശേഷം പാര്‍ട്ടി ഏതാണ്ട് ഇല്ലാതായ അവസ്ഥയിലേക്ക് എത്തിത്തുടങ്ങി. അച്ഛന്റെ മരണത്തിന് ശേഷം ഒരു യോഗവും ചേര്‍ന്നിട്ടില്ല. സഞ്ചയനത്തിന്റെ അന്ന് അവിടെ നിന്ന് സ്വയം ചെയര്‍മാനാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും ഉഷ മോഹന്‍ദാസ് പറയുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയല്ല ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. ജില്ലാ നേതാക്കള്‍കൂടി അടങ്ങിയ സംസ്ഥാന സമിതിയാണ് ചെയര്‍പേഴ്‌സണെ തീരുമാനിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാതിരുന്ന എന്നെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന ആളുകളും നിര്‍ബന്ധിക്കുകയായിരുന്നു.

എന്നെ ഒഴിവാക്കിക്കൊണ്ട് അച്ഛന്‍ ഒരിക്കലും വില്‍പ്പത്രം എഴുതില്ല. അത് 100 ശതമാനം സത്യമാണ്. നാട്ടുകാരും വീട്ടുകാരുമൊക്കെ അത് വിശ്വസിക്കുന്നു. അച്ഛന് ഏറ്റവും കൂടുതല്‍ ഇഷ്ടം തന്നെയാണെന്ന് ഗണേഷ് കുമാര്‍ തന്നെ എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു അച്ഛന്‍ എന്നെ മാത്രം ഒഴിവാക്കി ഒരു വില്‍പത്രം എഴുതുമെന്ന് കരുതുന്നില്ല. ആദ്യത്തെ വില്‍പത്രം അവസാന നിമിഷമാണ് റദ്ദാക്കപ്പെട്ടത്. പിന്നീടാണ് അച്ഛന്റെ മരണ ശേഷം ഇത്തരമൊരു വില്‍പത്രം കാണുന്നത്. അവസാന കാലത്ത് അദ്ദേഹം അവശനായി നില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. അച്ഛന്‍ പറഞ്ഞ കാര്യങ്ങളും ഇപ്പോഴത്തെ വില്‍പത്രവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചത്.

ഇതൊക്കെ കാണുമ്പോള്‍ ഗണേഷ് കുമാറിന് സ്വത്തിന് ആര്‍ത്തിയെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ടും ഗണേഷിനെതിരായ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കില്‍ ആ നടിക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ലെന്നാണ് ഒരു പുസ്തകത്തില്‍ നിന്നും വായിക്കാന്‍ സാധിച്ചത്. അതിനെ സംബന്ധിച്ച് ഒരു കേസ് ലോകായുക്തയില്‍ ഇപ്പോഴുമുണ്ടെന്നും ഉഷ മോഹന്‍ദാസ് പറയുന്നു.

സരിത എസ്. നായര്‍

മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തന്നെ ആറുമാസം തടവില്‍ പാര്‍പ്പിച്ചതായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ ഗണേഷ് കുമാറിനെപ്പോലെ അവസരവാദിയല്ലെന്നും സരിത പറഞ്ഞു. 2014 ഫെബ്രുവരി 21ന് ശേഷം എന്നെ ജയിലില്‍ നിന്ന് നേരിട്ട് ഗണേഷ് കുമാറിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവില്‍ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാര്‍ പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകള്‍ വെളിയില്‍ വന്നാല്‍ അവര്‍ക്ക് തന്നെയായിരിക്കും ചീത്തപ്പേരുണ്ടാകുന്നത്. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബര്‍ ഇടങ്ങളില്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും സരിത പറഞ്ഞത് അക്ഷറം പ്രതി സത്യമാണ്.

സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കളാണ്. ഗ്രൂപ്പ് സമവായത്തിനും അധികാര വടംവലിക്കും വേണ്ടി തന്നെ കരുവാക്കുകയായിരുന്നു. 2013ല്‍ ജയിലില്‍ പോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. 2011ല്‍ യുഡിഎഫ് അധികാരത്തിലെത്തുന്ന സമയം പ്രധാനപ്പെട്ട ചുമതലകള്‍ വീതംവെക്കാന്‍ എഗ്രൂപ്പും ഐ ഗ്രൂപ്പും തീരുമാനിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് വഴങ്ങാതെ നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഇതിലേക്ക് എത്തിപ്പെടുന്നത്. ഗണേഷ്‌കുമാറുമായി ഒരു ബന്ധം ഉണ്ടായിരുന്നുവെന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കിയിരുന്നു. അതുവഴിയാണ് തന്നെ ഇതിലേക്ക് വലിച്ചിട്ടത്.

2013ലാണ് സോളാര്‍ കേസ് വരുന്നത്. ജൂലൈ 20ന് ഞാന്‍ പീഡനത്തെ പറ്റി പരാതി നല്‍കി. എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയില്‍ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യു.ഡി.എഫാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചതുകൊണ്ടാണ് ജയിലിനുള്ളില്‍ വെച്ച് മൊഴി തിരുത്തേണ്ടി വന്നത്. 2015ല്‍ എന്റെ വീഡിയോകള്‍ നാട് മുഴുവന്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. എന്നെങ്കിലും ഒരിക്കല്‍ ഈ വിഷയങ്ങള്‍ പുറത്തുവന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ ഞാനൊരു മോശം സ്ത്രീയാണെന്ന ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു അത്. ഉമ്മന്‍ ചാണ്ടി എന്ന നമ്മുടെ മുന്‍മുഖ്യമന്ത്രിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്ന് മനസിലാകും.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ കിട്ടി കഴിഞ്ഞപ്പോള്‍ അവര്‍ അത് ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന് വേണ്ടി ജയിലില്‍ ഉണ്ടായിരുന്ന എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും സരിത ആരോപിച്ചിരുന്നു.

യാമിനി തങ്കച്ചി

പരസ്ത്രീ ബന്ധം ഗാര്‍ഹിക പീഡനം എന്നിവയുടെ മൂന്‍ദ്ധന്യത്തില്‍ ഗണേഷ്‌കമാറിന്റെ ആദ്യഭാര്യ യാമിനി തങ്കച്ചി പൊട്ടിത്തെറിക്കുകയായിരുന്നു. യുവതിയുടെ ആഡംബര ഫ്‌ളാറ്റില്‍ ഗണേഷ്‌കുമാര്‍ നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യ കൈയ്യോടെ പൊക്കി. തുടര്‍ന്ന് ഗണേഷ്‌കുമാറിന്റെ മൊബൈല്‍ പരിശോധിച്ചതില്‍ രണ്ടു പേരും തമ്മില്‍ അരുതാത്ത ബന്ധമുള്ളതായ സൂചന ലഭിച്ചു. ഇതോടെ അന്നത്തെ വനം മന്ത്രിയയായിരുന്ന ഗണേഷ്‌കുമാറിന്റെ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയ കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ ഔദ്യോഗിക വസതിയില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു. മൂക്കിന്റെ പാലം പൊട്ടുകയും ചെയ്തു. കാമുകന്റെ കാലില്‍ പിടിച്ച് ക്ഷമ പറയുന്ന ഭര്‍ത്താവിനെ കണ്ട് ഷോക്കായിപ്പോയെന്നാണ് പിന്നീട് യാമിനി തങ്കച്ചി വെളിപ്പെടുത്തിയത്.


ഇതു സംബന്ധിച്ച് വാര്‍ത്ത വന്നതോടെ കാമുകന്‍ തല്ലിയ മന്ത്രി ആരെന്ന ചോദ്യമുയര്‍ന്നു. മറ്റു മന്ത്രിമാരെല്ലാം സംശയത്തിന്റെ നിഴലിലായ പശ്ചാത്തലത്തിലാണ് അടിയേറ്റ മന്ത്രിയാരെന്ന് വ്യക്തമാക്കുന്നത്. ഭാര്യ തന്നെയാണ് ഗണേഷ്‌കുമാറിന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചത്. പി.സി ജോര്‍ജ്ജാണ് ഗണേഷ്‌കുമറിന്റെ പേര് പുറത്തു വിട്ടതും. ഭാര്യ ഡോ.യാമിനി തങ്കച്ചിയുമായി ഗണേഷിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഏറെ നാള്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിച്ചിരുന്നു. ഒടുവില്‍ കുടുംബക്കോടതി ഇടപെട്ടാണ് രണ്ടു പേരെയും ഒരുമിപ്പിച്ചത്.

എന്നാല്‍, പിന്നീട്, മന്ത്രി ഗണേഷ് കുമാര്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കഴിഞ്ഞ മാസം ആറിന് യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഗണേഷ് കുമാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും യാമിനി ആരോപിച്ചു. യാമിനിയുടെ വാക്കുകളില്‍ ഗണേഷ് കുമാറിന് ഒരു സ്ത്രീയുമായി മാത്രമല്ല അവിഹിത ബന്ധം. തന്റെ സുഹൃത്തായ സ്തീയുമായുണ്ടെന്ന് പറയപ്പെടുന്ന ബന്ധം ഏറ്റവും പുതിയത് മാത്രമാണ്. ഗാര്‍ഹിക പീഡന നിയമത്തിലെ കടുത്ത വ്യവസ്ഥകളും വധശ്രമം ഉള്‍പ്പെടെയുള്ളവയും ചേര്‍ത്താണ് ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും പരസ്പരം കേസ് സമര്‍പ്പിച്ചതെങ്കിലും പ്രസ്തുത നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. ഒടുവില്‍ യാമിനി തങ്കച്ചി ഡിവോഴ്‌സ് വാങ്ങി പോവുകയായിരുന്നു. ഒപ്പം നഷ്ടപരിഹാരത്തുകയും.

 

CONTENT HIGHLIGHTS ;Three women who ‘burned’ Minister Ganesh Kumar? (Special Story)