മുന്നൂറോളം പേരുടെ ജീവനെടുത്ത മുണ്ടക്കൈ ഉരുള്‍ പൊട്ടലിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും വയനാട് മുക്തമായിട്ടില്ല. വയനാടിനെ പുനന്‍ നിര്‍മ്മിക്കാനുള്ള (റീ ബില്‍ഡ് വയനാട്) സര്‍ക്കാര്‍ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ദുരിത ബാധിതരെ ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ, അവര്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള സഹായങ്ങളും നല്‍കുന്നുണ്ട്. വീടുകള്‍ ലഭിക്കാത്തവരെ ക്യാമ്പുകളില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ബന്ധു വീടുകളിലേക്കു മാറിയവരും കുറവല്ല. ഇങ്ങനെ മുണ്ടക്കൈയിലെ ജനജീവിതം സാവധാനം പഴയപടിയിലേക്ക് മാറുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍, മുണ്ടക്കൈയിലെ ആദിവാസി ഉന്നതികളില്‍ താമസിച്ചിരുന്ന 10 കുടുംബങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് അധികൃതര്‍.
ഏറാത്ത്കുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളുമാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. ആദിവാസി ഊരുകളെ ഉന്നതികള്‍ എന്നാണ് വിളിക്കുന്നത്. ഇവരെ ഇനി എങ്ങനെ മാറ്റി പാര്‍പ്പിക്കും എന്നതിനെ കുറിച്ചാണ് വയനാട് ട്രൈബര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആലോചന. ഒരു വിധത്തിലും അടുക്കാതെ നില്ക്കുന്ന ഉന്നതിയിലെ അന്തേവാസികളോട് പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍, അവര്‍ മുണ്ടക്കൈ മണ്ണു വിട്ട് എങ്ങോട്ടും പോകില്ലെന്നുറപ്പിച്ചു പറയുന്നു. പ്രത്യേകിച്ച് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലേക്ക്. അവര്‍ പറയുന്നത് ഇതാണ്. ‘ ഏങ്കക്കടെ തെയ് വങ്കള് കുടിയിരികണ മണ്ണാണത്. അത് വിട്ട് ഒരിടത്തും പോവൂല, ഏങ്കക്ക് ഈടെ കഴിഞ്ചാ മതി.’ എന്നാണ്.
കാട്ടിലെ ജീവിതം വിട്ട്, നാട്ടില്‍ വലിയ സൗകര്യങ്ങള്‍ നല്‍കാമെന്നു പറഞ്ഞാല്‍ അവര്‍ വരില്ലെന്നുറപ്പാണെന്ന് ട്രൈബര്‍ ഡെവലപ്മെന്റ് വകുപ്പിലെ ജീവനക്കാര്‍ പറയുന്നു. അവരുടെ മണ്ണും ദൈവങ്ങളെയും വിട്ട് മറ്റൊരിടത്തേക്ക് അവരെ മാറ്റാനാകില്ല. അവര്‍ പറയുന്നത്, ഉരുള്‍ പൊട്ടി എല്ലാം നശിച്ചപ്പോഴും, മരണങ്ങള് ഉണ്ടായപ്പോഴും അവരുടെ കൂടെയുള്ള ഒരാള്‍ക്കു പോലും അപകടം ഉണ്ടായില്ല. അവരുടെ ഒരു വീടു പോലും ഉരുളെടുത്തില്ല എന്നാണ്. അവരെ അവരുടെ ദൈവം കാത്തുവെന്നാണ് വിശ്വസിക്കുന്നത്. ആ വിശ്വാസം അവുടെ മണ്ണിനോടുള്ള വിശ്വാസമാണ്. അത് കളഞ്ഞിട്ട് ഒരിടത്തേക്കും പോകില്ലെന്നാണ് പറയുന്നത്. തിരിച്ച് അവരുടെ ഉന്നതിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അവര്‍ പറയുന്നു.
എന്നാല്‍, ജിയോളജിയിലെയും സോയില്‍ കണ്‍സര്‍വേഷനിലെയും ശാസത്രജ്ഞര്‍ ഉരുള്‍പൊട്ടിയ പ്രഭവ സ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവിടം താമസ യോഗ്യമല്ലെന്നാണ് അഴര്‍ റിപ്പോര്‍ട്ട് നല്‍കിയരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഉന്നതികളിലേക്ക് ആദിവാസികളെ വിടാനാവില്ല. ഈ തടസ്സം അവരോട് പറഞ്ഞപ്പോള്‍, കുറച്ചുപേര്‍ അതംഗീകരിച്ചെങ്കിലും പൂര്‍ണ്ണ മനസ്സില്ല. സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വാടക വീടുകളിലേക്ക് മാറ്റാന്‍ നോക്കിയിട്ടും അവര്‍ പോകുന്നില്ല. മേപ്പാടിയിലെ കല്ലുമല, വീട്ടിമറ്റം ഭാഗത്ത് വാടക വീടുകള്‍ നോക്കിയിരുന്നു. അവരെ ഈ വീടുകള്‍ കൊണ്ടു കാണിക്കുകയും ചെയ്തു. എന്നാല്‍, ഇങ്ങോട്ടേക്ക് മാറാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് പാരൂര്ക്കുന്നില് നേരത്തെ പണിത കുറേ കെട്ടിടങ്ങളുണ്ട്.
അതെല്ലാം ഇപ്പോള്‍ ഉപയോഗി ശൂന്യമായി കിടക്കുകയാണ്. ഇവിടെ പാര്‍പ്പിക്കാന്‍ ആലോചിച്ചെങ്കിലും അതും അവര്‍ നിരസിച്ചു. എവിടെ താമസിപ്പിച്ചാലും, എസ്റ്റേറ്റില്‍ ജോലിയും, യാത്രാ സൗകര്യവും, ഭക്ഷണം നല്‍കാനും സംവിധാനം ഒരുക്കാമെന്നു പറഞ്ഞിട്ടും അഴര്‍ തയ്യാറാകുന്നില്ല. ഒടുവില്‍ അവര്‍തന്നെ പറഞ്ഞ ബന്ധു വീടുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, അതൊന്നും താമസിക്കാന്‍ യോഗ്യമായതല്ലെന്ന് കണ്ടെത്തുകയും ചെയ്തു. അത് മുക്കില്‍ പീഡിക എന്ന സ്ഥലത്താണ്. അടച്ചുറപ്പോ, നല്ല വഴിയോ ഈ ഭാഗത്തേക്കില്ല. അതുകൊണ്ടാണ് ട്രൈബല്‍ ഡെവലപ്മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആ സംരംഭം ഉപേകഷിച്ചത്. ഇനി ഒരേയൊരു വഴിയേ അവശേഷിക്കുന്നുള്ളൂ. മറ്റൊരു കാട് കണ്ടു പിടിക്കുക. എന്നിച്ച്, അവിടെ വനാവകാശ നിയമ പ്രകാരം അവര്‍ക്ക് വസ്തു നല്‍കുക.
അവിടെ വീടുവെച്ചു കൊടുക്കുക. ഇതാണ് ഉദ്യോഗസ്ഥരുടെ മനസ്സിലുള്ള പ്ലാന്‍. എന്നാല്‍, ഇതിനോട് ആദിവാസികള്‍ യോജിക്കുമോ എന്നതാണ് പ്രശ്നം. തങ്ങളുടെ വിശ്വാസങ്ങളെയും മണ്ണിനെയും വീടും വിട്ട് മറ്റൊരിടത്തേക്ക് മാറേണ്ടി വരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ എന്താണ് മാര്‍ഗമെന്നതില്‍ വകുപ്പു മന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിക്കും. ഉചിതമായ തീരുമാനം എടുക്കുമെന്നു തന്നെയാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട എല്ലാ കുടുംബങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വാടക വീടുകളിലേക്ക് മാറുമ്പോള്‍ ആദിവാസികളുടെ പുനരധിവാസം മാത്രം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളില്‍ ആകെ അഞ്ച് ആദിവാസി ഉന്നതികളാണ് ഉള്ളത്.
ചൂരല്‍ മലയില്‍ മൂന്നും, മുണ്ടക്കൈയില്‍ രണ്ടും. ചൂരല്‍ മലയിലെ ഉന്നതികളായ അംബേദ്ക്കര്‍ ഉന്നതി, അന്തിച്ചുവട് ഉന്നതി, പുതിയ വില്ലേജ് ഉന്നതി എന്നിവയ്ക്ക് ഉറുള്‍ പൊട്ടലില്‍ ഒന്നും സംഭവിച്ചിരുന്നില്ല. മുണ്ടക്കൈയിലെ ഉന്നതികള്‍ ഏറാത്ത്കുണ്ട് ഉന്നതി, പുഞ്ചിരിമട്ടം ഉന്നതി എന്നിവയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കൂടാതെ, ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശമായതിനാല്‍ അവിടെയുള്ളവരെ നേരത്തെ തന്നെ മാറ്റിയിരുന്നു. ഇവരുടെ പുനരധിവാസമാണ് പ്രശ്നത്തിലായിരിക്കുന്നത്. ജൂലായ് 30 പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടിയത്. ദുരന്തം നേര്‍ക്കുനേര്‍കണ്ട രണ്ട് ഉന്നതികളാണ് മുണ്ടക്കൈയിലുള്ളത്. ഏറാത്ത് കുണ്ട് ഉന്നതിയില്‍ അഞ്ചു കുടുംബങ്ങളിലായി 33 പേരുണ്ട്. പുഞ്ചിരിമട്ടം ഉന്നതിയില്‍ അഞ്ച് കുടുംബങ്ങളിലായി 16 പേരുമുണ്ട്.
ഈ ഉന്നതികളുടെ മുമ്പിലൂടെയാണ് ഉരുള്‍പൊട്ടി ഒലിച്ചിറങ്ങി അടിവാരത്തെല്ലാം തകര്‍ത്തു തരിപ്പണമാക്കി ശ്മശാനമായി മാറിയത്. എന്നാല്‍, മനസ്സിലാക്കേണ്ട ഒരു കാര്യം വനവാസികളുടെ കുടിലിന്റെ 40 മീറ്റര്‍ മാറി ഒഴുകിയ ഉരുള്‍, ഒരു കുടിലിനു പോലും ക്ഷതം വരുത്തിയിട്ടില്ല എന്നതാണ്. പക്ഷെ, അടിവാരത്തുള്ള പാലവും, റോഡും ഇല്ലാതായതോടെ ഉന്നതികള്‍ ഒറ്റപ്പെട്ടു പോയി. ഉരുള്‍പൊട്ടിയപ്പോഴും മനുഷ്യരെ മണ്ണോടു ചേര്‍ത്തു ഞെരിച്ചുകൊണ്ട് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോഴും ചേനന് എന്ന ആദിവാസി പുഞ്ചിരിമട്ടം ഉന്നതിയില്‍ തന്റെ വളര്‍ത്തു നായ്ക്കളൊപ്പം ഉണ്ടായിരുന്നു. അയാള്‍ക്കോ അയാളുടെ കുടിലിനോ വളര്‍ത്തു മൃഗങ്ങള്‍ക്കോ ഒന്നും സംഭവിച്ചില്ല. പുഞ്ചിരിമട്ടം ഉന്നതിയുടെ മുകളിലാണ് ഉരുള്‍പൊട്ടിയതിന്റെ പ്രഭവകേന്ദ്രം.
നോക്കൂ, കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടി അവരുടെ ഊരുകള്‍ക്കു മുമ്പിലൂടെ ഹൂംങ്കാര ശബ്ദത്തോടെ പോയിട്ടും അവരെ ഭയപ്പെടുത്തിയില്ല എന്നതാണ് അത്ഭുതം. പ്രകൃതി ദുരന്തങ്ങളില്‍പ്പെടാതെ ഇത്രയും കൃത്യമായി അവരുടെ വാസസ്ഥലം ഒരുക്കല്‍ അത്ഭുതമായേ കാണാനാകൂ. അത്യാധുനിക ജീവിത രീതികള്‍ അവലംബിച്ചവര്‍ക്കുണ്ടായ നഷ്ടം അളക്കാനാവുന്നതല്ല. എന്നിട്ടും, അവരുടെ ഉന്നതികള്‍ ഉന്നതമായി തന്നെ നിലകൊള്ളുന്നു.
CONTENT HIGHLIGHTS; mundakai land slide, tribal settlement, wayanad re build project, The tribals of Mundakai will not go to the township