ജീവിച്ചിരിക്കുമ്പോള്‍ പരിചരിക്കാത്ത സ്വന്തം മക്കള്‍, എങ്ങനെയാണ് മരിച്ചു കഴിഞ്ഞാല്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് പട്ടടയില്‍ ദഹിപ്പിക്കാന്‍ നേരം കണ്ടെത്തുന്നത്. എത്രയോ മാതാപിതാക്കളാണ് ഇങ്ങനെ തെരുവിലേക്ക് എറിയപ്പെടുന്നത്. കിടപ്പു രോഗിയായിപ്പോയാല്‍ നോക്കാന്‍ മടിയുള്ള മക്കള്‍, കണ്ണുകാണാത്ത മാതാപിതാക്കളെ ഉത്സവപ്പറമ്പില്‍ നിര്‍ത്തിയിട്ട് പോകുന്ന മക്കള്‍, സ്വന്തമായി ആഹാരം വാരികഴിക്കാന്‍ കഴിയാത്ത മാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കള്‍, മാനസികരോഗമുള്ള മാതാപിതാക്കളെ ക്രൂരമായി ശിക്ഷിക്കുന്ന മക്കള്‍ ഇങ്ങനെ വ്യത്യസ്തമായ മക്കള്‍ വാഴുന്ന ഇടമാണിത്. ഇവിടെ മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യം എന്നത് കാണാക്കനിയും.
എല്ലാ മക്കളും പീഡിപ്പിക്കുന്നവര്‍ എന്നല്ല, ഭൂരിഭാഗം പേരും വീട്ടില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം പോലെ മാതാപിതാക്കളെ വലിച്ചെറിയുന്നവരാണ്. അത് മനസ്സിലാകണമെങ്കില്‍, ഓര്‍ഫണേജുകളിലും, ഓള്‍ഡ് ഏജ് ഹോമുകളിലും സന്ദര്‍ശിച്ചാല്‍ മതി. ജനറല്‍ ഹോസ്പിറ്റലിലെ ഒമ്പതാം വാര്‍ഡും, മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലുകളിലും ഇത്തരം മാതാപിതാക്കളെ കാണാം. അവര്‍ അനാഥരല്ല, മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം ഉണ്ട്. പക്ഷെ, ആരുമില്ലാത്ത അവസ്ഥ. ഇങ്ങനെ പൊതു ഇടങ്ങളില്‍ തെരുവുനായ്ക്കളെപ്പോലെ വലിച്ചെറിയുന്നവര്‍ക്ക് അത്താണിയാകാന്‍ ഒരു ചെറുപ്പക്കാരനുണ്ട്.
അവന്റെ പേര് അജു കെ. മധു. 31 വയസ്സാണ് പ്രായം. ആര്യനാട് മീനാങ്കല്‍ സ്വദേശി. 60 ഓളം പേരെ തെരുവില്‍ നിന്നും പല ഓര്‍ഫണേജുകളിലും, മാനസികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരെ കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും സംവിധാനങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരന്‍ പഠിച്ച് ജോലി സമ്പാദിച്ച് സ്വന്തം വീട് പോറ്റാന്‍ നോക്കാതെ, എന്തിനാണ് ഇത്തരം പരിപാടികളുമായി നടക്കുന്നതെന്ന ചോദ്യത്തിന്, ഒരു ചിരി മാത്രമാണ് ഉത്തരമായി തന്നത്. അതിനോടൊപ്പം പറഞ്ഞത്, എനിക്കിത് ചെയ്യാന്‍ തോന്നി. വീട്ടില്‍ അച്ഛനും അമ്മയും അനുജനും മാത്രമാണുള്ളത്. അവരെല്ലാം പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.
? അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മനസ്സനുവദിക്കുമോ
സ്വന്തം മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്നവരാണവര്‍. അവരുടെ മരണവേളയില്‍ സ്വന്തം മക്കള്‍ തലയ്ക്കല്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകുമോ. അങ്ങനെ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്. പക്ഷെ, അവരോട് വിധി കാട്ടുന്ന ക്രൂരതയുടെ ബാക്കിപത്രമാണ് ഓര്‍ഫണേജിന്റെ തണുത്ത തറകളില്‍ കിടന്നുള്ള മരണം. മക്കളെല്ലാം പട്ടുമെത്തിയിലും കാറിലും എസി. വീടുകളിലും കഴിയുമ്പോഴാണ് മാതാപിതാക്കള്‍ അനാഥമന്ദിരങ്ങളില്‍ മരണം വരിക്കുന്നത്. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതു കൊണ്ട് ആ ആത്മാക്കള്‍ക്ക് മോക്ഷം കിട്ടുമെങ്കില്‍ അതിനേക്കാള്‍ വലിയ പുണ്യം മറ്റൊന്നില്ല. ഞാനും അവരുടെ മകനാണ്. മകന്‍ ചെയ്യേണ്ട കര്‍മ്മങ്ങളാണ് ചെയ്യുന്നതും. മനസ്സുകൊണ്ടും ശരീരം കൊണ്ടും അന്ത്യകര്‍മ്മം ചെയ്യാന്‍ തയ്യാറുമാണ്. കാരണം, അവരുടെ അവസാന നാളുകളില്‍ ഞാനാണ് ഓര്‍ഫണേജുകളില്‍ കൊണ്ടു വിട്ടത്. അവര്‍ മരിക്കുമ്പോള്‍ ഓര്‍ഫണേജില്‍ നിന്നും എന്നെയാണ് വിളിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌ക്കരിക്കാനും.
? എത്രപേര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്
അങ്ങനെ എണ്ണമെടുത്തു വെച്ചിട്ടില്ല. പാലോട് നിന്നും കിട്ടിയ ശാന്ത എന്ന അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്തു. നാലു വര്‍ഷം മുമ്പാണ് അമ്മയെ കിട്ടുന്നത്. പാലോട് ബസ്റ്റാന്‍ിനു സമീപത്തു നിന്നുമാണ് അമ്മയെ കിട്ടുന്നത്. തണല്‍ ഓര്‍ഫണേജിലേക്കു മാറ്റി. എന്റെ അഡ്രസ്സും കോണ്‍ടാക്ട് നമ്പരും പേരുമാണ് കൊടുത്തത്. അമ്മയ്ക്ക് 75 വയസ്സോളം പ്രായമുണ്ടായിരുന്നു. രോഗങ്ങളുമുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് മരിച്ചത്. ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചു. ശാന്ത അമ്മയുടെ മക്കളെ വിളിച്ചിരുന്നു. പക്ഷെ, അവര്‍ക്കാര്‍ക്കും അമ്മയെ വേണ്ട. കണ്ണു നിറഞ്ഞുപോയെങ്കിലും അന്ത്യകര്‍മ്മം ചെയ്യാതെ അമ്മയുടെ മൃതദേഹം അനാഥമാക്കി ദഹിപ്പിക്കാന്‍ മനസ്സുവന്നില്ല. അങ്ങനെയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്. അവരും എന്റെ അമ്മ തന്നെയാണ്.
നെടുമങ്ങാട് ബസ്റ്റാന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഗിരിജ എന്ന അമ്മയെ കിട്ടുന്നത്. ആ അമ്മയ്ക്കും ബന്ധുക്കളുണ്ട്. പക്ഷെ, നോക്കാന്‍ പറ്റില്ല. പോലീസ് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാനെത്തിയത്. അമ്മയെയും ഞാന്‍ തണല്‍ ഓര്‍ഫനേജില്‍ എത്തിച്ചു. അവിടെ ശിഷ്ടകാലം സുഖമായിരുന്നു. ഒടുവില്‍ മരണം. പ്രായം എത്രയാണെന്ന് ഓര്‍മ്മയില്ല. എങ്കിലും 70 വയസ്സുണ്ടാകണം. ഗിരിജ അമ്മയുടെയും അന്ത്യകര്‍മ്മം ചെയ്യാന്‍ വിധിക്കപ്പെട്ടതും എനിക്കാണ്. മക്കളോ ബന്ധുക്കളോ ഒന്നും ഇല്ലായിരുന്നു. സംസ്‌ക്കാര ചടങ്ങിന് ഞാനും ശാന്തി കവാടത്തിലെ ജീവനക്കാരും മാത്രം.
കഴക്കൂട്ടം സ്വദേശി ലളിതമ്മയ്ക്കും അന്ത്യകര്‍മ്മം ചെയ്യാന്‍ അവസാനം ഞാന്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഇത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ലളിതമ്മയുട മരണവിവരം അറിയിച്ചിട്ടും തിരിഞ്ഞുപോലും നോക്കാന്‍ തയ്യാറാകാത്ത മക്കളായിരുന്നു. ജോലിക്കു നിന്ന വീട്ടില്‍ നിന്നാണ് ലളിതമ്മയുടെ വിവരം അജുവിനെ അറിയിക്കുന്നത്. വീട്ടുജേലികള്‍ ചെയ്ത് ജീവിതം തള്ളിനീക്കിയ ലളിതമ്മയെ അജു ഒരു വര്‍ഷം മുമ്പാണ് പെരുമാതുറയിലെ ഓര്‍ഫണേജില്‍ എത്തിച്ചത്. രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് ലളിതമ്മയ്ക്കുള്ളത്. അസുഖം കൂടിയതോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരം അറിയിച്ചിട്ടും അവശനിലയിലായ ലളിതമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ മക്കള്‍ എത്തിയില്ല. ഒടുവില്‍ മരണ വിവരം അറിയിച്ചും ആരും വന്നില്ല. നെഞ്ചു പൊട്ടിപ്പോകുന്ന വേദന തോന്നിയ നിമിഷമായിരുന്നു അത്.
കഠിനംകുളം പോലീസ്‌റ്റേഷനില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ പെറ്റമ്മയെ പടിയടച്ചു തള്ളിവിട്ട മക്കളോട് തോന്നിയത്, വെറുപ്പാണോ അതോ ദേഷ്യമാണോ എന്നറിയില്ല. അനാഥത്വം പേറിയല്ല ലളിതമ്മ ഈ ലോകം വിട്ടുപോയത്. അവരെ നോക്കാന്‍, അവസാന നാളുകളില്‍ ഒരാശ്വാസത്തിനെങ്കിലും ഓടിവരാന്‍ ഒരാളുണ്ടായിരുന്നു എന്ന തോന്നലുണ്ടാക്കാനെങ്കിലും എനിക്കു സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അറിയില്ല. അമ്മയുടെ മൃതദേഹവും കര്‍മ്മങ്ങളെല്ലാം നിര്‍വഹിച്ചാണ് ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചത്. വീട്ടുജോലി എടുത്താണ് ലളിതമ്മ രണ്ടു പെണ്‍മക്കളെയും കെട്ടിച്ചു വിട്ടത്. മകന് കുടുംബമായപ്പോള്‍ അമ്മയെ വേണ്ടാതായി. പിന്നെ റോസി അമ്മ, രാജമ്മ അങ്ങനെ അനാഥത്വത്തിന്റെ ഇരുട്ടില്‍ കഴിഞ്ഞവരെയെല്ലാം അല്‍പ്പകാലമെങ്കിലും ഒപ്പംകൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം മകനെപ്പോലെ കൂടെയുണ്ടായിട്ടുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ക്ക് അവസാനമില്ലാതെ ജീവിതം തുടരുകയാണ് ഇപ്പോഴും.
? അജുവിന് ജോലിയുണ്ടോ, എന്താണ് വരുമാനമാര്‍ഗം
മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകനാണ്. പക്ഷെ, വരുമാനം കുറവാണ്. ഒരു ജോബ് കണ്‍സള്‍ട്ടന്‍സി ഇട്ടിട്ടുണ്ട്. അതില്‍ നിന്നും വരുമാനം കിട്ടുന്നുണ്ട്. എന്നാല്‍, തെരുവോരത്തെ പട്ടിണി പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഇതൊന്നും മതിയാകില്ല. സുഹൃത്തുക്കളാണ് അതിന് ബലം. അവര്‍ നല്‍കുന്ന പണവും, ഭക്ഷണപ്പൊതികളുമായി തമ്പാനൂരിലും, കിഴക്കേകോട്ടയിലും പോകും. ഫുട്പാത്തുകളില്‍ ഭക്ഷണം കാത്തിരിക്കുന്നവരുണ്ട്. അവര്‍ക്കു നല്‍കും. സ്‌നേഹിതര്‍ എന്നും വിളിച്ച് ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. അതാണ് ധൈര്യവും. യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രി പഠനം കഴിഞ്ഞ്, അട്ടക്കുളങ്ങരിയില്‍ ഉണ്ടായിരുന്നു ഒരു എം.ബി. കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടുണ്ട്. അച്ഛന് റബ്ബര്‍ ടാപ്പിംഗാണ്. അമ്മക്ക് ജോലിയില്ല. അനുജന്‍ പെയിന്റിംഗിനു പോകുന്നു.
? എങ്ങനെ വന്നുപെട്ടു, ഈ ജീവകാരുണ്യ പ്രവൃത്തികളില്‍
യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത്, തെരുവില്‍ കാണുന്നവര്‍, എങ്ങനെ തെരുവിലെത്തി എന്നൊരു ചിന്തയുണ്ടായി. അഴര്‍ക്ക് വീടില്ലേ ?. അവര്‍ക്ക് ബന്ധുക്കളില്ലേ ?. മക്കളില്ലേ ?. ഈ ചോദ്യങ്ങളെല്ലാം വല്ലാതെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. അന്നൊക്കെ, ഉച്ചക്ക് ഉണ്ണാന്‍ കൊണ്ടുവരുന്ന ഭക്ഷണം തെരുവിലുള്ളവര്‍ക്കു കൊടുക്കാന്‍ തയ്യാറായി. പിന്നെ, കൂട്ടുകാര്‍ കൊണ്ടു വരുന്ന ഭക്ഷണത്തില്‍ നിന്നൊരുപങ്കും വാങ്ങി തെരുവുകളിലേക്ക് എത്തിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് ഭക്ഷണം കടുക്കല്‍. അത്, നാട്ടിലും സിറ്റിയിലും ഇപ്പോഴും തുടരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ട നിവധിപേരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. അവരെ കുളിപ്പിച്ച്, മുടിവെട്ടി, നല്ല വസ്ത്രം ഉടുപ്പിച്ചാണ് എത്തിക്കുന്നത്. പിന്നീട് എന്ത് പ്രശ്‌നം ഉണ്ടായാലും എന്നെ തന്നെയാണ് വിളിക്കുന്നതും. അതെല്ലാം ഇപ്പോള്‍ ജീവിതത്തിലെ ദൈനംദിന പ്രവൃത്തിയായി മാറി.
? ചാരിറ്റി എന്നത് ഇപ്പോള്‍ ബിസിനസ്സാണ്
അറിയാം. പക്ഷെ, എനിക്ക് അതൊരു ബിസിനസ്സ് അല്ല. ചെയ്യാന്‍ കഴിയുന്നതു മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. ഇഥിലും വലിതൊന്നും എനിക്കു കഴിയില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. പിന്നെ, എനിക്ക് ചാരിറ്റിയുടെ പേരില്‍ സംഘഠനയൊന്നുമില്ല. ഒറ്റയ്ക്കാണ്. ഇതിന്റെ പേരില്‍ ബാങ്ക്അക്കൗണ്ടും ഇല്ല. സ്വന്തം അക്കൗണ്ട് മാത്രമേയുള്ളൂ. തെരുവില്‍ ഭക്ഷണം കൊടുക്കുന്നതിന് എല്ലാവരും സഹായിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്ക് വസ്ത്രവും, ശാരീരിക പ്രശ്‌നമുള്ള കുട്ടികള്‍ക്ക് സഹാം നല്‍കാനുമൊക്കെ എന്നെ അിയുന്നവര്‍ മുന്നോട്ടു വരുന്നുണ്ട്. അനാഥാലയങ്ങള്‍, ഓള്‍ഡ് ഏജ് ഹോമുകള്‍ അങ്ങനെ എല്ലായിടത്തും എന്നെ അറിയാം. കാരണം, ഞാന്‍ അവിടെയുള്ളവരുടെ സ്വന്തമാണ്. അവര്‍ എനിക്കും.
? എപ്പോഴാണ് ചാരിറ്റിയില്‍ സജീവമായത്
കോവഡ് കാലം ഓര്‍മ്മയില്ലേ. അന്ന്, സാമൂഹ്യ പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും മാത്രമാണ് പുറത്തിറങ്ങിയത്. അവര്‍ക്കേ അതിന് അനുവാദം നല്‍കിയിരുന്നുള്ളൂ. എല്ലാവരും കോവിഡ് വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന കാലത്ത്, തെരുവില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഞാനാണ്. അവരും മനുഷ്യരല്ലേ. അങ്ങനെ കോവിഡി കാലത്ത്, അവര്‍ക്ക് എന്നും ഭക്ഷണമെത്തിക്കാന്‍ നന്നേ കഷ്ടപ്പെട്ടു. എല്ലാ ദിവസങ്ങളിലും രാവിലെ ഓരോ അനാഥരെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഫോണ്‍വിളികള്‍ വരുന്നുണ്ട്. അത് അമ്മയെ ഉഫേക്ഷിക്കുന്ന മക്കളുടേതാകാം, പോലീസുകാരുടേതാകാം അങ്ങനെ ജീവിതം ഇപ്പോള്‍ തിരക്കിലേക്ക് വീണുപോയിരിക്കുന്നു.
? ഇനി എന്താണ് ജീവിതത്തില്‍ പ്ലാന്‍
ജീവിതം ഒന്നല്ലേയുള്ളൂ. അത് ഇഷ്ടമുള്ളത് ചെയ്യുക എന്നതു തനനെയാണ്. എനിക്കിഷ്ടം അനാഥരാക്കപ്പെടുന്നവര്‍ക്കു വേണ്ടി ജീവിക്കുകയാണ്. തെരുവുകളില്‍ അലയുന്നവരെ ശരണാലയങ്ങളില്‍ എത്തിക്കുക എന്നതാണ്. മാനസിക പ്രശ്‌നമുള്ളവര്‍ക്ക് ചികിത്സ നല്‍കാന്‍ പ്രാപ്തമായ ഇടങ്ങളില്‍ എത്തിക്കുക എന്നതാണ്. രോഗികള്‍ക്ക് മരുന്നു വാങ്ങാനും, ചികിത്സ ഉറപ്പാക്കാനും ഓടിയെത്തുക എന്നതു മാത്രമാണ്. ഇപ്പോള്‍ 31 വയസ്സാകുന്നു. കല്യാണം കഴിച്ചിട്ടില്ല. അതേക്കുറിച്ച് ആലോചിച്ചിട്ടുമില്ല. പക്ഷെ, അങ്ങെയൊന്ന് വേണ്ടെന്ന് പറയാനൊക്കില്ല. സമയം വരട്ടെ. എന്റെ ജീവിത സാഹചര്യങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നൊരാള്‍ വന്നാല്‍ കൂടെക്കൂട്ടും.
? ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്താണ്
ഓര്‍ഫണേജുകളില്‍ കിടപ്പു രോഗികളെ പാര്‍പ്പിക്കുന്നില്ല എന്നതാണ് വലിയ വെല്ലുവിളി. അടുത്തിടെ ഒരു അമ്മയെ തിരുവനന്തപുരത്തെ എല്ലാ ഓര്‍ഫണേജുകളിലും കൊണ്ടുപോയിയ പക്ഷെ, ആരും എടുത്തില്ല. നെയ്യാറ്റിന്‍കരയിലെ ഒരു ഓര്‍ഫണേജില്‍ കൊണ്ടുപോയപ്പോള്‍ സ്വന്തമായി നടക്കാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. നടക്കില്ലെന്നു പറഞ്ഞതോടെ അവരും ഒഴിവാക്കി. പിന്നെ തമിഴ്‌നാട്ടിലെ ഒരു ഓര്‍ഫണേജില്‍ കൊണ്ടാക്കേണ്ടി വന്നു. അവിടെ കിടപ്പുരോഗികളെ വരെ പരിചരിക്കുന്നുണ്ട്. ഇവിടെയും അങ്ങനൈാരു സംവിധാനം വേണ്ടതാണ്. ഇത് വലിയ വെല്ലുവിളിയാണ്.
? ചില ഉന്നതങ്ങളിലെ ഫോണ്‍ കോളുകള്‍
സമൂഹ്തില്‍ വിലയും നിലയുമൊക്കെയുള്ളവരും വിളിക്കാറുണ്ട്. അവരുടെ അമ്മയെയും അച്ഛനെയുമൊക്കെ കൊണ്ടുപോകാന്‍ വേണ്ടി. അപ്പോഴൊക്കെ ആക്രി പറക്കുന്നവരെ വിളിക്കുന്നതു പോലെ തോന്നാറുണ്ട്. ഉന്നതര്‍ ആരാണെന്നൊന്നും പറയില്ല. പക്ഷെ, സംഭവിക്കുന്നുണ്ട്. അവര്‍ വിളിച്ച്, മാതാപിതാക്കളെ കൊണ്ടു പോകാന്‍ പറയുന്നതിനൊപ്പം ഓര്‍ഫണേജില്‍ വിളിച്ചു റെക്കമന്റ് ചെയ്യാമെന്നും പറയും. MLA, MP, മന്ത്രിയെക്കൊണ്ട് വിളിച്ചു പറയിക്കാമെന്നൊക്കെ പറയും. സ്വന്തം അച്ഛനെയും അമ്മയെയും തെരുവിലേക്ക് തള്ളിയിറക്കാന്‍ ഹൈലി റെക്കമെന്റേഷനാണ് ഓഫര്‍ ചെയ്യുന്നത്. എങ്ങനെയെങ്കിലും ഒഴിവാക്കി തന്നാല്‍ മതിയെന്നാണ് പറയുന്നത്. ഇങ്ങനെ റെക്കമെന്റ് ചെയ്ത് ഓര്‍ഫണേജില്‍ നിര്‍ത്താനാണെങ്കില്‍ അവര്‍ക്ക് നേരിട്ട് അങ്ങ് ചെയ്താല്‍പ്പോരെ. എന്തിനാണ് എന്നെ വിളിക്കുന്നതെന്നും ചോദിക്കാറുണ്ട്. പക്ഷെ, അവര്‍ നേരിട്ട് അത് ചെയ്യില്ല. അങ്ങനെ ചെയ്താല്‍ കൊണ്ടാക്കുന്നത് ആരാണെന്നും, എന്താണ് ബന്ധമെന്നും എഴുതിക്കൊടുക്കേണ്ടി വരും. അത് പിന്നീട് വാര്‍ത്തയായാല്‍ അവര്‍ക്ക് നാണക്കേടല്ലേ. അതുകൊണ്ടാണ് എന്നെ വിളിക്കുന്നത്.
ഇതാണ് അജു കെ. മധു എന്ന ചെറുപ്പക്കാരന്റെ സാമൂഹിക പ്രതിബദ്ധത. ആരെയും ശല്യപ്പെടുത്താനില്ല. ആരോടും പരിഭവങ്ങളില്ല. ചെയ്യാന്‍ കഴിയുന്നത്, ആര്യനാട് മീനാങ്കല്‍ MRK ഹൗസില്‍ മധുസൂദനന്റെയും കൈരളിയുടെയും മൂത്ത മകന്‍ അജു കെ. മധു ചെയ്യുന്നു. ഇനിയും തലസ്ഥാനത്തെ നഗരവീഥികളില്‍ കൈയ്യില്‍ പൊതിച്ചോറുമായി അയാളുണ്ടാകും. അശരണര്‍ക്ക് താങ്ങായി. അനാഥരാക്കപ്പെടുന്നവര്‍ക്ക് തണലായി. ശാന്തികവാടത്തില്‍ അന്തകര്‍മ്മങ്ങള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവന്റെ കരുതലായി.
CONTENT HIGHLIGHTS; Aju’s unending ‘Anthiyakarmas’: He who performs son-like duty in Pattada to those abandoned by his own children