Investigation

ഞാന്‍ സിനിമാ നടനല്ല, മന്ത്രിയാണേ: വിക്കിപീഡിയ പറയുന്നു ഗണേഷ്‌കുമാര്‍ ഇന്ത്യന്‍ സിനിമാ ആക്ടറാണെന്ന് (എക്‌സ്‌ക്ലൂസീവ്) /I’m not a film actor, I’m a minister: Wikipedia says Ganesh Kumar is an Indian film actor (Exclusive

സിനിമാ സംഘടനയിലും സീരിയല്‍ സംഘടനയിലും ഗണേഷ്‌കുമാറിന് അംഗത്വം ഇപ്പോഴുമുണ്ട്

ചക്കയാണോ ചക്കക്കുരുവാണോ ആദ്യം ഉണ്ടായതെന്ന സുഡോക്കോ ചോദ്യം പോലെ ആകെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കഷ്ടകാലത്തിന് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തായതതോടെ സിനിമാ നടന്‍ കൂടിയായ മന്ത്രിക്കു പിന്നാലെയാണ് മാധ്യമങ്ങളെല്ലാം. പോരെങ്കില്‍ സിനിമാ മേഖലയിലെ 15 അംഗ പവര്‍ഗ്രൂപ്പില്‍ ഒരു മന്ത്രിയുണ്ടെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം മാധ്യമങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറയുന്നുമുണ്ട്. ഇത് ശരിയാണോ എന്നുപോലും മന്ത്രിക്കറിയില്ല. എന്നാല്‍, താനൊരു സിനിമാക്കാരന്‍ ആണെന്നു സമ്മതിക്കാന്‍ ഗണേഷ്‌കുമാറിന് മനസ്സില്ല. മന്ത്രിയാണെങ്കിലും സിനിമയെ കുറിച്ചോ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചോ ഒരക്ഷരം പറയില്ല. KSRTCയെ കുറിച്ച് ചോദിക്കൂ പറയാമെന്നാണ് മന്ത്രിയുടെ പ്രതികരണം.

 

എം.എല്‍.എ ആയപ്പോഴും സീരിയലിലും ഇടയ്ക്ക് സിനിമയിലും അഭിനയിക്കാന്‍ ഡേറ്റു കൊടുക്കുകയും അഭിനയിക്കുകയും ചെയ്തയാളാണ് ഗണേഷ്‌കുമാര്‍. അന്നൊന്നും രാഷ്ട്രീയ പദവികള്‍ അഭിനയത്തിന് തടസ്സമായില്ല. എന്നാല്‍, ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍, താന്‍ സിനിമാക്കാരനേ അല്ലെന്ന് പറയുന്ന മന്ത്രിയുടെ വാക്കുകള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നേ പറയാനുള്ളൂ. ഗണേഷ്‌കുമാര്‍ ആത്യന്തികമായി നടനാണോ, മന്ത്രിയാണോ എന്നറിയുക എന്നത് ഇപ്പോഴത്തെ ആവശ്യമാണ്. കാരണം, ഇന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ മന്ത്രി പ്രതികരിച്ചത് അത്തരം കള്ളത്തരങ്ങള്‍ കൊണ്ടു മൂടിയാണ്. മാധ്യമങ്ങളുടെ മുമ്പില്‍ ഗണേഷ്‌കുമാറിന്റെ പ്രതികരണം ഇങ്ങനെയാണ്.

‘സര്‍ക്കാരിന്റെ ഭാഗമായി മുഖ്യമന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞു. സിനിമാമേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഞാനീ നാട്ടുകാരനല്ല കുഞ്ഞേ എന്നാണ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. ഞാനിപ്പോള്‍ സിനിമയുടെ ഭാഗമല്ല, സര്‍ക്കാരിന്റെ ഭാഗമാണ്. KSRTCയെ കുറിച്ച എന്തെങ്കിലും ചോദിക്കൂ പറയാം. മുഖ്യമന്ത്രിയുടെ വാക്കുകളാണ് അവസാന വാക്ക്. മന്ത്രി പവര്‍ഗ്രൂപ്പിലുണ്ടെന്നു പറയുന്നു എന്ന ചോദ്യത്തിന് അതാരാ എനിക്കറിയില്ല. ഇപ്പോള്‍ ഈ ഇടയായി പ്രതികരിക്കാറില്ലെന്നുമാണ് ഗണേഷ്‌കുമാര്‍ പറയുന്നത്.’

ഗൂഗിളില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എന്ന് ടൈപ്പ് ചെയ്തു നോക്കുമ്പോള്‍ വിക്കിപീഡിയ പ്രൊഫൈല്‍ തെളിയും. അതില്‍ ഇപ്പോഴും കീഴൂട്ട് ബാലകൃഷ്ണന്‍ ഗണേഷ്‌കുമാര്‍ ഒരു ഇന്ത്യന്‍ ആക്ടര്‍ എന്നാണ് ആദ്യം എഴുതിയിരിക്കുന്നത്. രണ്ടാമത്, ടെലിവിഷന്‍ ഹോസ്റ്റ് മൂന്നാമത് രാഷ്ട്രീയക്കാരന്‍. നാലാമതാണ് മന്ത്രി എന്നുകാണുന്നത്. അതായത്, കീഴൂട്ട് ബാലകൃഷ്ണന്‍ ഗണേഷ്‌കുമാര്‍ ഇന്ത്യന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന് അഭിനേതാവാണ് ഇപ്പോഴുമെന്നര്‍ത്ഥം. അത് പഴയകാര്യമാണെന്ന് ഗണേഷ്‌കുമാര്‍ ഇപ്പോള്‍ പറഞ്ഞാല്‍ എങ്ങനെ ശരിയാകും.

ലോകത്ത എവിടെ ഇരുന്നുകൊണ്ടും ഒരാളുടെ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്ന സംവിധാനമായ വിക്കിപീഡിയയില്‍ ഗണേഷ്‌കുമാര്‍ ഇന്ത്യന്‍ സിനിമാ ആക്ടര്‍ ആയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതായത്, മന്ത്രിപദം രണ്ടു വര്‍ഷത്തേക്കു മാത്രമേയുള്ളൂവെന്നും തിരിച്ച് അഭിനയത്തിലേക്കു പോകുമെന്നും അര്‍ത്ഥം. അതായത്, ഒരാള്‍ ഏതു മേഖലയിലാണോ സ്ഥിരമായി നില്‍ക്കുന്നത്, ആ മേഖലയിലൂടെയേ അയാള്‍ അറിയപ്പെടൂ. ഇപ്പോള്‍ മന്ത്രിയാണ് എന്നത് വസ്തുതയാണ്. അപ്പോഴും സിനിമാ സംഘടനയിലും, സീരിയല്‍ സംഘനയിലും ഗണേഷ്‌കുമാര്‍ അംഗവുമാണ്.

നേരത്തെ ദിലീപിന്റെ വിഷയം ഉണ്ടായപ്പോള്‍ ഗണേഷ്‌കുമാറാണ് അമ്മ സംഘടനയില്‍ ശക്തമായി പ്രതികരിച്ചത്. ദിലീപിനു വേണ്ടിയായിരുന്നു അന്ന് വാദിച്ചതും. മാധ്യമ പ്രവര്‍ത്തകരെ സംഘടനാ ഭാരവാഹികള്‍ കണ്ടപ്പോള്‍ ഗണേഷ്‌കുമാറിന്റെ പ്രകടനമായിരുന്നു അവിടെ കൂടുതല്‍ നടന്നതെന്ന് മറക്കാറായിട്ടില്ല. അതേ വിഷവുമായി ബന്ധപ്പെട്ടാണ് WCC എന്ന വനിതാ സംഘഠന ഉണ്ടായതും, ഹേമാ കമ്മിഷന്‍ നിലവില്‍ വന്നതും. അന്ന് പ്രതികരിച്ച ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിയായതോടെ സിനിമാ മേഖലയിലെ വിഷത്തില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടു. സിനിമയെ കുറിച്ച് ഒന്നും ചോദിക്കരുതെന്നും ഞാനീ നാട്ടുകാരനല്ലെന്നും മന്ത്രി രക്ഷപ്പെടാന്‍ പറയുമ്പോള്‍-‘ മന്ത്രി ആരാണെന്നും എന്താണെന്നും വിക്കീ പീഡിയ പറഞ്ഞു തരുന്നതില്‍ എന്താണ് തെറ്റ്.

എല്ലാകാര്യത്തിലും പ്രതികരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍, ഞാനൊരു സിനിമാക്കാരനല്ലെന്നു പറയുമ്പോള്‍, അതിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നു പറയുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മന്ത്രിസഭയില്‍ സിനിമയെ കുറിച്ച് ചോദിക്കാന്‍ പറ്റിയ മന്ത്രി ഗണേഷ്‌കുമാറല്ലാതെ മറ്റാരാണ്. സാംസ്‌ക്കാരികമന്ത്രി സജി ചെറിയാന്‍ വെറുമൊരു മന്ത്രി എന്നല്ലാതെ, സിനിമയെ കുറിച്ച് അദ്ദേഹത്തിനെന്തറിയാം. സിനിമാക്കാരായ മുകേഷും ഗണേഷും സര്‍ക്കാരിന്റെ ഭാഗമാണ്.

ഒരാള്‍ മന്ത്രിയും മറ്റൊരാള്‍ എം.എല്‍.എയും. ഇവര്‍ക്കറിയാവുന്നതിനേക്കാള്‍ കൂടുതലൊന്നും സര്‍ക്കാരിലെ ആര്‍ക്കം അറിവുണ്ടാകില്ല. അപ്പോള്‍ ഗണേഷ്‌കുമാര്‍ മന്ത്രിയെന്ന രീതിയില്‍ ജനങ്ങളോടും, സിനിമാക്കാരന്‍ എന്ന രീതിയില്‍ സിനിമാ മേഖലയോടും നീതി പുലര്‍ത്തണം. ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ സിനിമാക്കാരനല്ലെന്നു പറഞഞാല്‍, ഗണേഷ്‌കുമാര്‍ സിനിമാക്കാരനാണെന്ന് തെളിയിക്കാന്‍ വിക്കിപീഡിയയെ കൊണ്ടു വരേണ്ടി വരും അവറാച്ചാ.\

 

CONTENT HIGHLIGHTS; I’m not a film actor, I’m a minister: Wikipedia says Ganesh Kumar is an Indian film actor (Exclusive

Latest News