മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. കര്‍ക്കിടകത്തിന്റെ മഴത്തോറ്റം രാമായണ ശീലുകളായി പട്ടാഭിഷേകമാടിയ തൊടികളില്‍ ഭൂമിയുടെ കുളിരായി പൂമൊട്ടുകള്‍ വിരിഞ്ഞു തുടങ്ങും. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്.
ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിവസം ആളുകള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. മാവേലിയെ ഭൂമിയില്‍ നിന്ന് സുതലത്തിലേക്ക് അയച്ചതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണ ദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു.
ആളുകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ പൂക്കളം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങുന്നത് ഈ ദിവസം മുതല്‍ക്കാണ്. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താന്‍ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ തരം പൂക്കള്‍ ഉപയോഗിക്കുന്നു.
ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരുനിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍. മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാട ദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടു കൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം (കര്‍ക്കിടകത്തിലെ തിരുവോണം) മുതലായിരുന്നു പൂക്കളം ഇട്ടിരുന്നത്. ഇപ്പോള്‍ അത്തം മുതലാണ് പൂക്കളമിടുന്നത്.
ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും ഓണം ആകുമ്പോള്‍ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടിയെത്തും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണം മലയാളികളുടെ ദേശീയോല്‍സവമാണ്. വാര്‍ഷിക ഗ്രിഗോറിയന്‍ കലണ്ടറില്‍ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലും മലയാളം കലണ്ടറില്‍ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.
കേരളം ഭരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ് ഓണം സംബന്ധിച്ച ഐതിഹ്യം. അതുകൊണ്ടുതന്നെ മാവേലി തമ്പുരാനും ഉത്രാടപ്പാച്ചിലും തിരുവോണസദ്യയുമൊക്കെ ഏതു മലയാളിയുടേയും സ്വന്തമാണ്. സംഘകാല തമിഴ് സാഹിത്യമായ മധുരൈ കാഞ്ചിയിലാണ് ഓണത്തെ സംബന്ധിച്ച ആദ്യ പരാമര്‍ശം ഉള്ളതെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. ഒരു വിളവെടുപ്പ് ഉത്സവമെന്നാണ് അതില്‍ ഓണത്തെ വിശേഷിപ്പിക്കുന്നത്. കര്‍ക്കിടകത്തിലെ പഞ്ഞം കളഞ്ഞ് ചിങ്ങത്തിലെത്തുമ്പോള്‍ കൊയ്ത്തായി. കൊയ്ത്തിനു ശേഷമുള്ള കറ്റമെതി, നെല്ല് ഉണക്കല്‍ എന്നിവയെല്ലാം കൃഷിക്കാരന്റെ തിരക്കുകളെ ഓര്‍മ്മിപ്പിക്കുന്നു.
അക്കാരണത്താല്‍ വിളവെടുപ്പ് ഉത്സവമെന്ന വിശേഷണത്തിന് ഏറെ പ്രസക്തിയുണ്ട്. പണിയെടുക്കുന്നവര്‍ ഭൂരിപക്ഷമായിരുന്ന കാലത്തു നിന്നാണ് ഓണസദ്യയുടെ പ്രാധാന്യം തുടങ്ങുന്നത്. സാധാരണ ദിവസങ്ങളില്‍ ഇല്ലാത്ത വിഭവങ്ങള്‍ ഈ സദ്യയില്‍ സ്ഥാനം പിടിക്കും. കാരണം, വയറു നിറച്ച് ഉണ്ണാനും രണ്ടാമതു ചോറുകിട്ടാനും ഓണം വരണം. കേരളത്തില്‍ ഓണം തമിഴ്നാട്ടില്‍ നിന്നും സംക്രമിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. എ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയില്‍ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി.
മുന്‍പില്‍ തുമ്പയാണ്
പൂക്കളത്തില്‍ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കള്‍ കൂടി ഉള്‍പ്പെടുത്തും. ഓണപ്പുലരിയില്‍ പത്തു തരത്തിലുള്ള പൂക്കള്‍ കൊണ്ടായിരിക്കും പൂക്കളം. പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കള്‍ കൊണ്ടാണു പൂക്കളം തീര്‍ത്തിരുന്നത്.
ഉത്രാടപ്പാച്ചില്‍ ഓണത്തലേന്ന്
ഓണനാളുകളിലെ ഏറ്റവും തിരക്കേറിയ ദിവസം ഉത്രാടമാണ്. അന്ന് തൃക്കാക്കരയപ്പനെ ഒരുക്കണം. ഓണസദ്യയ്ക്കു വേണ്ട പച്ചക്കറികള്‍ അരിഞ്ഞുവയ്ക്കണം. പുത്തനുടുപ്പുകള്‍ തയാറാക്കിവയ്ക്കണം. വീട്ടിലെല്ലാവര്‍ക്കും തിരക്കോടു തിരക്ക്! ശരിക്കുമൊരു ഉത്രാടപ്പാച്ചില്‍.
ഓണം പൂര്‍വികര്‍ക്കും
ഓണസദ്യയൊരുക്കി എല്ലാ വിഭവങ്ങളില്‍ നിന്നും അല്‍പം വീതമെടുത്ത്, കുടുംബത്തിലെ മണ്‍മറഞ്ഞുപോയ പൂര്‍വികരെ സങ്കല്‍പിച്ചു സമര്‍പ്പിക്കുന്ന ആചാരവും ചിലയിടങ്ങളിലുണ്ട്. ചിലയിടങ്ങളില്‍ ഓണത്തലേന്ന് ഈ ‘വച്ചുകൊടുക്കല്‍’ ചടങ്ങു നടത്തും.
പൂവിളിയാണ് പൊന്നോണം
പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി. പൊന്നോണത്തിന്റെ വിളി. പൂക്കൂടകളുമായി പൂ പറിക്കാന്‍ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതില്‍ത്തന്നെ ഓണക്കളിയുടെ ആവേശം നിറയുന്നു.
തുമ്പി തുള്ളല്‍
ഓണക്കോടിയുടുത്ത് കുട്ടികള്‍ വട്ടത്തില്‍ നിന്നുള്ള കളിയാണിത്. നടുവില്‍ ഒരു കുട്ടി പൂക്കുല പിടിച്ചു നില്‍ക്കും. ഈ കുട്ടിയെ പാട്ടുപാടി തുള്ളിക്കണം. അതാണു കളിയുടെ രീതി.
പൂമുഖത്ത് തൃക്കാക്കരയപ്പന്‍
നടുമുറ്റത്തു പൂക്കളമൊരുക്കി മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്ന മലയാളി പൂമുഖത്ത് തൃക്കാക്കരയപ്പനെ വച്ചു പൂജിക്കുന്നത് സാക്ഷാല്‍ വാമനമൂര്‍ത്തിയെയാണ്. ഗൃഹനാഥന്‍ തന്നെ തൃക്കാക്കരയപ്പനു പൂജയും നിവേദ്യവും സമര്‍പ്പിക്കും.
അടുക്കളയില്‍ സദ്യയൊരുക്കല്‍
ഓണാഘോഷത്തിലെ പ്രധാന ഇനം ഓണസദ്യ തന്നെ. സദ്യയില്ലാതെ എന്ത് ഓണം? പതിനാറു കൂട്ടം കറികളെങ്കിലും വേണമെന്നാണു നാട്ടുനടപ്പ്! അത്രയുമില്ലെങ്കിലും അഞ്ചാറു കൂട്ടം കറികളെങ്കിലും നിര്‍ബന്ധം. കുത്തരിച്ചോറിനൊപ്പം സാമ്പാര്‍, അവിയല്‍, എരിശേരി, കാളന്‍, ഓലന്‍, പച്ചടി, കിച്ചടി, മാങ്ങക്കറി, നാരങ്ങക്കറി, പുളിയിഞ്ചി, വറുത്തുപ്പേരി, വച്ചുപ്പേരി, പപ്പടം, പഴം, പ്രഥമന്‍ തുടങ്ങിയവയെല്ലാം നാക്കിലയില്‍ നിരക്കണം.
ഓണക്കളികള്‍
സദ്യയുണ്ടുകഴിഞ്ഞാല്‍ പിന്നെ കളികളാണ്. കൈക്കൊട്ടിക്കളി, തുമ്പിതുള്ളല്‍, ചെമ്പഴുക്കാക്കളി, ഊഞ്ഞാലാട്ടം തുടങ്ങി ഓണത്തല്ല് വരെ ഒട്ടേറെ ഓണവിനോദങ്ങളുണ്ട്.
CONTENT HIGHLIGHTS; Onamethi Malayalee: Ponnonam for Attham Patam; What is special about ten days?