അത്ര പെട്ടെന്നു മറക്കാന്‍ വഴിയില്ലാത്ത ഒരു സിനിമയാണ് സംവിധായകന്‍ രാജമൗലിയുടെ RRR. ഇതിലെ ഗാനത്തിന് ഓസ്‌ക്കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ആ ഗാനത്തിലെ നൃത്തരംഗം ലോകമാകെ വൈറലാവുകയും ചെയ്തു. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മത്സരിച്ചാണ് ആ നൃത്തരംഗം കൊഴുപ്പിച്ചത്. പക്ഷെ, സിനിമയും നൃത്തവും അതിലെ ഗാനവുമൊക്കെ ഇപ്പോള്‍ ചര്‍ച്ചയാവാന്‍ ഒരു കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉക്രെയിന്‍ യാത്രയാണ് ഇതിനു കാരണമായിരിക്കുന്നത്. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മത്സരിച്ച് ഡാന്‍സ് കളിക്കുന്ന രംഗം ഷൂട്ട് ചെയ്തത് ഉക്രെയിനിലെ പ്രസിദ്ധമായ മാരിന്‍സ്‌കി കൊട്ടാരത്തിനു മുമ്പിലാണ്.
ഈ മാരിന്‍സ്‌കി കൊട്ടാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരിക്കുന്നു. ഉക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രധാനമന്ത്രിയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. കൊട്ടാരത്തിനു മുമ്പില്‍ നിന്ന് പ്രധാനമന്ത്രിയും പ്രസിഡന്റും ഫോട്ടോഷൂട്ടും നടത്തി. 2022ലാണ് എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ RRR സിനിമ പുറത്തിറങ്ങുന്നത്. ഇതിലെ ‘നാട്ട് നാട്ട്’ എന്ന ഗാനമാണ് മാരിന്‍സ്‌കി കൊട്ടാരത്തിനു മുമ്പില്‍ വെച്ച് ചിത്രീകരിച്ചത്. ഉക്രെയിന്‍ – റഷ്യ സംഘര്‍ഷം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊട്ടാരവും അതിന്റെ പരിസര പ്രദേശങ്ങളുമായിരുന്നു ഗാനരംഗത്തില്‍ നിറഞ്ഞു നിന്നത്. RRR സിനിമാ ക്രൂവും ഷൂട്ടിംഗിനായി മാസങ്ങള്‍ ഇവിടെ തങ്ങിയിരുന്നു.
1991ല്‍ ഉക്രെയിനുമായി നയതന്ത്രബന്ധം തുടങ്ങിയ ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പോളണ്ടില്‍ നിന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പം 10 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി ഉക്രെയിന്റെ തലസ്ഥാനമായ കീവില്‍ എത്തിയത്. റഷ്യ – ഉക്രെയിന്‍ സംഘര്‍ഷത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംഘര്‍ഷം നിര്‍ത്താനും സമാധാനം പുനസ്ഥാപിക്കാനും ഇന്ത്യ മുന്‍കൈ എടുക്കണമെന്ന് സെലന്‍സ്‌കി പ്രധാനമന്ത്രിയട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയും ഉക്രെയിനും നാല് കരാറുകളിലും ഒപ്പുവച്ചു. കൃഷി, ഭക്ഷ്യ വ്യവസായം, ആരോഗ്യം, സംസ്്ക്കാരികം എന്നീ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതാണ് നരേന്ദ്ര മോദിയും വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ഒപ്പുവച്ച കരാറുകള്‍. റഷ്യയുമായി ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ ഉക്രെയിന്‍ സന്ദര്‍ശം ലോകരാജ്യങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, സമാധാനത്തിന്റെ വഴി മാത്രമാണ് ഇന്ത്യയ്ക്കും മുമ്പിലുള്ളതെന്നും മറ്റു വഴികളെല്ലാം സംഘര്‍ഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ ലോകത്ത് സമാധാനം ഉറപ്പു വരുത്താന്‍ ഇന്ത്യ എപ്പോഴും ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു.
പുരാതനവും അതി മനോഹരവുമായ കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടു ചെയ്ത RRRലെ ഗാനം ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയപ്പോള്‍ അതിനോടൊപ്പം ആ കൊട്ടാരവും ഖ്യാതിനേടിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ വീണ്ടും ഈ കൊട്ടാരം വാര്‍ത്തകളുടെ കേന്ദ്രബിന്ദുവായിരിക്കുന്നു. ഉക്രെയിന്റെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പ്രതീകമാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഈ കൊട്ടാരം.
ചരിത്രം ഉറങ്ങുന്ന കൊട്ടാരം
270 വര്‍ഷത്തെ ചരിത്രം പറയാനുണ്ട് മാരിന്‍സ്‌കി കൊട്ടാരത്തിന്. പാരമ്പര്യവും പ്രൗഢിയും സൗന്ദര്യവും ആവോളമുള്ള ബറോക്ക് (BAROQUE) ശൈലിയിലാണ് രൂപകല്‍പന. 17-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് യൂറോപ്പിലാകമാനം പടരുകയും ചെയ്ത നിര്‍മ്മാണ ശൈലിയാണ് ബറോക്ക്. 1744ല്‍ സാര്‍ ചക്രവര്‍ത്തിനിയായിരുന്ന എലിസവേറ്റ പെട്രോവ്‌നയാണ് കൊട്ടാരമെന്ന ആശയം മുന്നോട്ടുവച്ചത്. പ്രാഥമിക രൂപകല്‍പന ഇറ്റാലിയന്‍ വാസ്തു വിദഗ്ധന്‍ ഫ്രാന്‍സിസ്‌കോ രാസ്‌ട്രെല്ലി തയാറാക്കി. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇവാന്‍ മിച്ചുരിന്റെ നേതൃത്വത്തില്‍ 1752ല്‍ പണി പൂര്‍ത്തിയാക്കി.
18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അത് ഗവര്‍ണര്‍ ജനറലിന്റെ ഔദ്യോഗിക വസതിയായി മാറി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ അഗ്‌നിബാധയില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് 50 വര്‍ഷം അടഞ്ഞുകിടന്നു. 1870ല്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തി അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കി. 1917ല്‍ രാജകുടുംബത്തില്‍ നിന്നുള്ള വിരുന്നുകാര്‍ക്കായി തുറന്നുകൊടുത്തു. റഷ്യന്‍ ആഭ്യന്തരയുദ്ധകാലത്ത് (1917-23) കീവിലെ സോവിയറ്റ് റവല്യൂഷനറി കമ്മിറ്റിയുടെ ആസ്ഥാനമായി മാറി. രണ്ടാം ലോകമഹായുദ്ധത്തില്‍ ഈ കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചു. 1940കളുടെ ഒടുവില്‍ പുനര്‍നിര്‍മ്മാണം നടത്തി. 1980കളില്‍ കൊട്ടാരം വീണ്ടും മനോഹരമാക്കി ഇന്നത്തെ രൂപത്തിലാക്കി.
5.5 ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന കൊട്ടാരവും പാര്‍ക്കും. രണ്ട് നിലകളിലായി 81 മുറികള്‍. താഴത്തെ നിലയില്‍ 55 മുറികളും മുകളില്‍ 26 മുറികളും. റഷ്യ ഉക്രെയിന്‍ മറ്റ് വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പെയിന്റിങുകളും ചുവര്‍ ചിത്രങ്ങളും കെട്ടിടത്തിനകത്തുണ്ട്. കൊട്ടാരത്തിനോട് ചേര്‍ന്നുള്ള ഉദ്യാനത്തില്‍ നിരവധി ചരിത്രസ്മാരകങ്ങളുമുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി എന്നതിലുപരി മാരിന്‍സ്‌കി കൊട്ടാരം വാര്‍ത്തകളില്‍ നിറയുന്നത് 2022ലെ റഷ്യയുടെ ഉക്രെയിനിലേക്കുള്ള കടന്നുകയറ്റത്തോടെയാണ്. റഷ്യന്‍ ആക്രമണത്തില്‍ ഏതു നിമിഷവും കൊട്ടാരം തകര്‍ക്കപ്പെടാം എന്ന് ലോകം കരുതിയിരുന്നു. എന്നാല്‍ കീവിലുള്ള പല കെട്ടിടങ്ങളും റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെങ്കിലും കൊട്ടാരവും പരിസര പ്രദേശവും സുരക്ഷിതമായി നിലനില്‍ക്കുന്നു ഇപ്പോഴും.
CONTENT HIGHLIGHTS; First Ramcharan and Jr. NTR danced: now comes Narendra Modi; Do you know about that palace?, Mariyinsky Palace