കേരളത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങള്‍ ഏതൊക്കെയാണ്. ഏത് കെട്ടിടങ്ങളാണ് Z കാറ്റഗറി സെക്യൂരിട്ടിയുള്ളവര്‍ ഇരിക്കുന്നത്. ഇവിടെയൊക്കെ സ്ത്രീകള്‍ക്കും സുരക്ഷയുണ്ടാകില്ലേ. അതോ സ്ത്രീകളുടെ സുരക്ഷയെന്നത് അവരുടെ സ്വന്തം കാര്യം മാത്രമാണോ. ഇങ്ങനെയുള്ള ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഇന്നലെ മുതല്‍ കേരളം കേട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ Z കാറ്ററി സെക്യൂരിട്ടിയുള്ളത് മുഖ്യമന്ത്രിക്കാണ്. അതേ സെക്യൂരിട്ടി തന്നെയാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനുമുള്ളത്.
പക്ഷെ, ഏതു കാറ്റഗറിയിലുള്ള സെക്യൂരിറ്റി ഉണ്ടായാലും ഒരു സ്ത്രീക്ക് മാനം മര്യാദയോടെ, ധൈര്യമായി സെക്രട്ടേറിയറ്റില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഒരു നടിയുടെ വെളിപ്പെടുത്തലിലൂടെ മലയാളികള്‍ കേട്ടത്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകുന്നത് ഇത്തരം ചില വെളിപ്പെടുത്തലുകള്‍ കൂടി വരുമ്പോഴാണ്. അതിനു കാരണക്കാരിയായത് നടി മിനു മുനീറാണ്. വളറെ ലാഘവത്തോടെ ഇതിനെ തള്ളിക്കളയാനാവില്ല. കാരണം, വെളിപ്പെടുത്തിയ നടി പറഞ്ഞിരിക്കുന്ന സ്ഥലം മന്ത്രിസഭ ഇരിക്കുന്ന, ഭരണചക്രം തിരിക്കുന്ന, കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന, ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഭരിക്കുന്ന ഇടമായതുകൊണ്ടു തന്നെ.
കാസര്‍ഗോഡു നിന്നും പാറശ്ശാലയില്‍ നിന്നും സര്‍ക്കാരിന്റെ കാരുണ്യം തേടിയെത്തുന്ന ആയിരക്കണക്കിന് ആള്‍ക്കാര്‍ വന്നുപോകുന്ന സെക്രട്ടേറിയറ്റിനെ കുറിച്ചാണ്. സെക്രട്ടേറിയറ്റിലേക്ക് വരുന്നവരില്‍ സ്ത്രീകളും, പെണ്‍കുട്ടികളും അടക്കമുണ്ട്. ഇവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് വരുന്നത്, ജനപ്രതിനിധികള്‍ ഇരിക്കുന്ന ഇടമെന്ന വിശ്വസത്തിലാണ്. അവര്‍ക്ക് മറ്റെവിടെ നിന്നു കിട്ടുന്നതിനേകാകള്‍ സുരക്ഷയും അവിടെ കിട്ടുമെന്ന ഉറപ്പിലാണ്. ആ ഉറപ്പിനാണ് മിനു മുനീറിന്റെ വെളിപ്പെടുത്തലിലൂടെ കോട്ടം സംഭവിച്ചിരിക്കുന്നത്. മിനു മുനീറിന്റെ വെളിപ്പെടുത്തല്‍ നടന്‍ ജയസൂര്യയുടെ കടന്നുപിടിച്ചുള്ള ചുംബനത്തിനെതിരേയാണ്. അതും സെക്രട്ടേറിയറ്റില്‍വെച്ച്.
ഇത് പൊള്ളിക്കുന്നത്, സര്‍ക്കാരിനെത്തന്നെയാണ്. സെക്രട്ടേറിയറ്റില്‍ ഒരു സ്ത്രീക്ക് സുരക്ഷ ഉറപ്പിക്കാനാകാത്ത സര്‍ക്കാര്‍ എങ്ങനെയാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുന്നത് എന്ന ചോദ്യം പ്രസക്തമാവുകയാണ്. മിനു മുനീറിന്റെ വെളിപ്പെടുത്തല്‍ ഇങ്ങെയായിരുന്നു; ആദ്യത്തെ ദുരനുഭവം 2008ലാണ് ഉണ്ടായത്. ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. സെക്രട്ടേറിയറ്റില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ചുണ്ടില്‍ ചുംബിച്ചു. പിന്നെ അവിടെ നിന്നില്ല. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് ഓടിപ്പോകുയായിരുന്നു.
സെറ്റിലെ ആരോടെങ്കിലും ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. ജഗതി ശ്രീകുമാറിനോട് പറയാന്‍ തോന്നിയതാണ്, പക്ഷെ, അവസം നഷ്ടപ്പെടുമോയെന്ന ഭയംകൊണ്ട് മിണ്ടിയില്ല. ആ സിനിമയില്‍ താന്‍ ചീഫ് സെക്രട്ടറിയായിട്ടാണ് അഭിനയിച്ചത്. എന്നാല്‍, തന്റെ പിന്നാലെ വന്ന ജയസൂര്യ സെറ്റില്‍വെച്ച് സംസാരിക്കാന്‍ ശ്രമിച്ചു. ‘YES or NO’ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യ പറഞ്ഞത്. മിനുവിനെ എനിക്ക് താത്പര്യമുണ്ട്. തിരുവനന്തപുരത്ത് ഫ്‌ളാറ്റുണ്ട്. താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങോട്ടു വരാമെന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ ‘NO’ പറയുകയും ചെയ്തു. ൂട്ടിംഗ് ആരംഭിച്ച് നാലാം ദിവസത്തിലാണ് ഈ സംഭവം നടക്കുന്നത്.
ആദ്യ ദിവസം ജയസൂര്യയുമായുള്ള സീനുണ്ടായിരുന്നു. അപ്പോഴൊന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ഈ സംഭഴ്തിനു ശേഷം പിന്നീട് ശല്യമുണ്ടായിട്ടില്ലെന്നും മിനു മുനീര്‍ പറയുന്നു. പിന്നീട് പറഞ്ഞതെല്ലാം മേഖലയിലെ പ്രമുഖ നടന്‍മാരുടെ നടന വൈഭവങ്ങളാണ്. ആ ആരോപണങ്ങളെല്ലാം അന്വേഷണ വിധേയമാക്കേണ്ടതാണ്. ജയസൂര്യയുടെ ചുംബനം അന്വേഷിക്കേണ്ടതും, കൃത്യമായ നടപടി എടുക്കേണ്ടതും, എവിടെയാണോ ആ നടിക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടത് ആ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അവിടെ സുരക്ഷ ഉറപ്പാക്കേണ്ടതുമാണ്. സെക്രട്ടേറിയറ്റില്‍ നിരവധി സിനിമകള്‍ ഷൂട്ട് ചെയതിട്ടുണ്ട്.
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച ‘വണ്‍’ എന്ന സിനിമയില്‍ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാള്‍ വരെ ഷൂട്ട് ചെയ്തിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് സെക്രട്ടേറിയറ്റും പരിസരവും ഷൂട്ടിനായി നല്‍കുന്നത്. 2008ല്‍ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയാണ് ഭരിക്കുന്നത്. സാംസ്‌ക്കാരികമന്ത്രി എം.എ ബേബിയും. വി.എസ്സിനും വി.എസ്സിന്റെ ഓഫീസിനും ‘Z’ കാറ്റഗറി സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. എങ്കിലും സെക്രട്ടേറിയറ്റില്‍ പ്രത്യേക പോലീസ് കാവലും, സെക്യൂരിറ്റിയും അന്നുമുണ്ട്. സെക്രട്ടേറിയറ്റില്‍ കണ്ണടയ്ക്കാത്ത നിരീക്ഷണ ക്യാമറകളുമുണ്ട്. എന്നാല്‍, സ്ത്രീകളുടെ ടോയ്‌ലെറ്റിനടുത്ത് ക്യാമറകള്‍ വെയ്ക്കാറില്ല.
ഇതു മനസ്സിലാക്കിയാണ് ജയസൂര്യയുടെ കടന്നു പിടുത്തവും ചുംബനവും ഉണ്ടായതെന്നാണ് മനസ്സിലാകുന്നത്. നാലാം ദിവസത്തിലാണ് നടിക്ക് ഈ ദുരനുഭവം ഉണ്ടായതെങ്കില്‍, ബാക്കി ദിവസങ്ങളില്‍ ജയസൂര്യ സെക്രട്ടേറിയറ്റില്‍ പരിശോധിച്ചത്, എവിടെയൊക്കെ സെക്യൂരിറ്റി ഉണ്ടെന്നും, നിരീക്ഷണ ക്യാമറകള്‍ ഉണ്ടെന്നുമാകാം. സ്ത്രീകളുടെ ടോയ്‌ലെറ്റിന്റെ ഭാഗത്ത് നിരീക്ഷണ ക്യാമറ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും നടിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയിരിക്കുക. സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ നടിമാര്‍ വിളിച്ചു പറയുമ്പോള്‍. അവര്‍ നേരിട്ട മോശം അവസ്ഥ എവിടെ വെച്ചായിരുന്നു എന്നതും പ്രസക്തമാണ്.
ഹോട്ടല്‍മുറി, ഫ്‌ളാറ്റ് തുടങ്ങിയ ഇടങ്ങളെപ്പോലെ ഷൂട്ടിംഗ്‌സെറ്റുകളും ഇത്തരം കാര്യള്‍ക്കായി ഉപയോഗിക്കുന്നവരാണ് സിനിമാ മേഖലയില്‍ ഉള്ളവരെന്ന് തെളിയുകയാണ്. ഇനിയും വെളിപ്പെടുത്തലുകള്‍ വരുന്നതോടെ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകളും പുറത്തു വരുമെന്നുറപ്പാണ്. എന്നാല്‍, സെക്രട്ടേറിയറ്റിനുള്ളില്‍ ഒരു സ്ത്രീയെ കടന്നു പിടിച്ചെന്നും, അനുവാദമില്ലാതെ ചുംബിച്ചെന്നും പറയുന്ന ആരോപണം, മറ്റിടങ്ങളെപ്പോലയല്ല. അത്, മുഖ്യമന്ത്രിയുടെ ഇരിക്കുന്നിടത്തു തന്നെയാണ് നടന്നിരിക്കുന്നത്. ഈ ആരോപണത്തെ അിന്റെ ഗൗരവത്തില്‍ തന്നെ കാണണം. ഇല്ലെങ്കില്‍ ജനാധിപത്യവും ജനപ്രതിനിധികളും അവര്‍ ഇരിക്കുന്ന ഇടങ്ങളും വെറും സിനിമാ സെറ്റുകള്‍ ആയിപ്പോകും.