Features

ആരാണ് പവല്‍ ദുറോവ് ?: എന്താണ് ടെലിഗ്രാം ?; ഇന്ത്യയില്‍ നിരോധിക്കുമോ ? /Who is Pavel Durov?: What is Telegram?; Will it be banned in India?

റഷ്യയില്‍ ജനിച്ച ദുറോവ് തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ഇറ്റലിയിലാണ് ചെലവഴിച്ചത്

ആഗോള തലത്തില്‍ ജനപ്രീതി നേടിയ മെസേജിംഗ് ആപ്പായ ടെലിഗ്രാമിന്റെ സി.ഇ.ഒ പവല്‍ ദുറോവ് അറസ്റ്റിലായ വിവരം ലോകം കേട്ടത് ഞെട്ടലോടെയാണ്. കഴിഞ്ഞ ദിവസം പാരീസിലെ ബര്‍ഗെറ്റ് എയര്‍പോര്‍ട്ടിന് പുറത്തുവച്ചാണ് ഈ ശതകോടീശ്വരനെ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം എന്ന ആപ്പ് ധാരാളമായി ഉപയോഗിക്കുന്നവര്‍ക്ക് പോലും പവല്‍ ദുറോവ് ആരാണെന്നോ എന്താണെന്നോ അറിയില്ല എന്നതാണ് വാസ്തുത. നിലവില്‍ അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ പലതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വിഷയത്തില്‍ ഫ്രഞ്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തകയാണെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ആരാണ് പവല്‍ ദുറോവ്?

മെറ്റയുടെ വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്, വീചാറ്റ് തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി വിപണിയില്‍ മത്സരിക്കുന്നതും സൗജന്യമായി ഉപയോഗിക്കാവുന്നതുമായ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിന്റെ സ്ഥാപകനും ഉടമയുമാണ് റഷ്യന്‍ വംശജനായ പവല്‍ ദുറോവ്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ സജീവ പ്രതിമാസ ഉപയോക്താക്കളെ മറികടക്കാന്‍ ടെലിഗ്രാം ലക്ഷ്യമിടുന്നുണ്ട്. റഷ്യ, യുക്രൈന്‍, മുന്‍ സോവിയറ്റ് യൂണിയന്റെ റിപ്പബ്ലിക്കുകള്‍ എന്നിവിടങ്ങളില്‍ ടെലിഗ്രാമിന് കാര്യമായ സ്വാധീനമുണ്ട്. യുക്രൈനിലെ റഷ്യയുടെ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളുടെ നിര്‍ണായക ഉറവിടമായി കഴിഞ്ഞ കാലങ്ങളില്‍ ഈ ആപ്പ് മാറിയിരുന്നു. ഇത് മോസ്‌കോയിലെയും കൈവിലെയും ഉദ്യോഗസ്ഥര്‍ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്.

ആപ്പിനെ ‘വെര്‍ച്വല്‍ വാര്‍ഫീല്‍ഡ്’ എന്നാണ് വിളിക്കുന്നത്. ഫോര്‍ബ്സ് 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തി കണക്കാക്കിയ ശത കോടീശ്വരനാണ് ദുറോവ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വികൊന്റകെയില്‍ നിന്ന് പ്രതിപക്ഷ സമൂഹത്തെ മുഴുവന്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2014ലാണ് ദുറോവ് റഷ്യ വിട്ടത്. 2021ല്‍ ദുറോവ് ഫ്രഞ്ച് പൗരത്വം സ്വീകരിച്ചതായാണ് റഷ്യന്‍, ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെ 2017ല്‍ അദ്ദേഹം ദുബായിലേക്ക് ടെലിഗ്രാം പറിച്ചു നട്ടിരുന്നു. കൂടാതെ തന്റെ പ്രവര്‍ത്തനമേഖലയും ഇവിടേക്ക് മാറ്റിയിരുന്നു. നേരത്തെ ഒരു മുന്‍ അഭിമുഖത്തില്‍ ദുറോവ് തന്റെ ആസ്തികളെ കുറിച്ച് പറഞ്ഞത് വലിയ ജനശ്രദ്ധ നേടിയിരുന്നു.

ബിറ്റ്കോയിന്‍, പണം എന്നിവയ്ക്ക് പുറമേ തന്റേതായി ഭൂമിയില്‍ ഒന്നുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഷ്യയില്‍ ജനിച്ച ദുറോവ് തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ഇറ്റലിയിലാണ് ചെലവഴിച്ചത്. ഫ്രാന്‍സ്, റഷ്യ, കരീബിയന്‍ ദ്വീപ് രാഷ്ട്രമായ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, യു.എ.ഇ എന്നിവിടങ്ങളില്‍ ദുറോവിന് പൗരത്വം ഉണ്ട്. ശനിയാഴ്ച അസര്‍ബൈജാനില്‍ നിന്ന് പുറപ്പെട്ട് ഫ്രാന്‍സിലെ പാരിസ്-ലെ ബര്‍ഗെറ്റ് വിമാനത്താവളത്തില്‍ വിമാനമിറങ്ങവേയാണ് ദുറോവിനെ കസ്റ്റഡിയിലെടുത്തത്. ടെലിഗ്രാം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഇതിന്റെ ഉള്ളടക്കം വ്യവസായ മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്നും നിരന്തരം മെച്ചപ്പെടുത്തുന്നുണ്ടെന്നുമാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്.

എന്താണ് ടെലിഗ്രാം?

2013ല്‍ ദുറോവും സഹോദരന്‍ നിക്കോളായും ചേര്‍ന്നാണ് ടെലിഗ്രാം ആരംഭിച്ചത്. ടെലിഗ്രാമിന് മുമ്പ്, റഷ്യയിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ VKontakte സ്ഥാപിച്ചതും ദുറോവ് ആണ്. 2011ന്റെയും 12ന്റെയും അവസാനത്തില്‍ മോസ്‌കോയെ പിടിച്ചുകുലുക്കിയ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ക്ക് ശേഷം റഷ്യന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ കമ്പനി സമ്മര്‍ദ്ദത്തിലായി. റഷ്യന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ VKontakte നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2014ല്‍ റഷ്യന്‍ അധികൃതരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ദുറോവ് VKontakte ലെ ഓഹരികള്‍ വിറ്റഴിച്ച് രാജ്യം വിട്ടു. ടെലിഗ്രാം ഇപ്പോള്‍ ദുബായിലാണ് പ്രവര്‍ത്തിക്കുന്നത്.

വ്യക്തികള്‍ തമ്മിലുള്ള പരസ്പര സംഭാഷണങ്ങള്‍, ഗ്രൂപ്പ് ചാറ്റുകള്‍, വലിയ ‘ചാനലുകള്‍’ എന്നിവ അനുവദിക്കുന്ന ഒരു ആപ്പാണ് ടെലിഗ്രാം. മെറ്റയുടെ വാട്‌സ്ആപ്പ് പോലുള്ള എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, ടെലിഗ്രാമിന്റെ ഗ്രൂപ്പ് ചാറ്റുകളില്‍ രണ്ടുലക്ഷം പേര്‍ക്ക് വരെ അംഗങ്ങളാകാം. ഈ വലിപ്പത്തിലുള്ള ഗ്രൂപ്പ് ചാറ്റുകളില്‍ തെറ്റായ വിവരങ്ങള്‍ എളുപ്പത്തില്‍ പ്രചരിക്കുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്. ടെലിഗ്രാം അവരുടെ ആശയവിനിമയങ്ങള്‍ക്കായി എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഒരു ഡിഫോള്‍ട്ട് ഓപ്ഷന്‍ അല്ല. ഉപയോക്താക്കള്‍ അവരുടെ ചാറ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഓണാക്കേണ്ടതുണ്ട്.

ഗ്രൂപ്പ് ചാറ്റുകളിലും ഇത് പ്രവര്‍ത്തിക്കില്ല. ചാറ്റുകള്‍ ഡിഫോള്‍ട്ടായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എതിരാളികളായ സിഗ്നല്‍, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് ടെലിഗ്രാം. 950 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് ടെലിഗ്രാമിന്റെ അവകാശവാദം. ഈ ആപ്പ് ഇസ്ലാമിക ഭീകരവാദികളും മയക്കുമരുന്ന് കടത്തുകാരും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയെന്നാണ് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ അവകാശവാദം.

എന്തുകൊണ്ട് ദുറോവിനെ അറസ്റ്റ് ചെയ്തു?

മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് പവല്‍ ദുറോവിനെ പാരിസില്‍ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും ഇവ തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ് പവല്‍ ദുറോവിനെതിരെയുള്ള പ്രധാന ആരോപണമെന്നും വാര്‍ത്തയുണ്ട്. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചവരെ, അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. ഞായറാഴ്ച രാത്രി, ഫ്രഞ്ച് അന്വേഷണ ജഡ്ജി ദുറോവിന്റെ തടങ്കല്‍ ഉത്തരവ് നീട്ടിയതായും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് നിയമപ്രകാരം ചോദ്യം ചെയ്യലിനായി നാലുദിവസം വരെ ദുറോവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാം.

അതിനുശേഷം, ഒന്നുകില്‍ അയാള്‍ക്കെതിരെ കുറ്റം ചുമത്തണോ അല്ലെങ്കില്‍ വിട്ടയക്കണോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കണം. ഉള്ളടക്കം നിയന്ത്രിക്കാത്തതിന് പാശ്ചാത്യ ഗവണ്‍മെന്റുകള്‍ ടെലിഗ്രാമിനെ വിമര്‍ശിച്ചിട്ടുണ്ട്. 2022ല്‍, ജര്‍മ്മന്‍ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലിഗ്രാമിന്റെ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ജര്‍മ്മനി 5 ദശലക്ഷം ഡോളര്‍ പിഴ ചുമത്തിയിരുന്നു.

ഇന്ത്യയില്‍ നിരോധിക്കുമോ ?

ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍, ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെലിഗ്രാം സി.ഇ.ഒ പവല്‍ ദുറോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും ടെലിഗ്രാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യയില്‍ ടെലിഗ്രാമിനെതിരെ അന്വേഷണം നടത്തുന്നത് ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കാലങ്ങളില്‍ ടെലിഗ്രാം വിമര്‍ശനം നേരിട്ടിരുന്നു. അടുത്തിടെ നടന്ന യു.ജി.സി-നീറ്റ് വിവാദത്തില്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതും പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതും പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. ഈ വെല്ലുവിളികള്‍ക്ക് ഇടയിലും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശപ്പെട്ട് നിരവധി നടപടികളും ടെലിഗ്രാം സ്വീകരിച്ചിട്ടുണ്ട്.

കമ്പനി ഒരു നോഡല്‍ ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കുകയും പ്രതിമാസം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. 2023 ഒക്ടോബറില്‍, ഐടി മന്ത്രാലയം ടെലിഗ്രാമിനും മറ്റ് ചില സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍.

 

CONTENT HIGHLIGHTS; Who is Pavel Durov?: What is Telegram?; Will it be banned in India?