ഒരുപാട് പേർക്ക് നിരവധി സഹായം ചെയ്ത സംഘടനയെ മോശം പറയരുതെന്ന് നടൻ ധർമജൻ ബോൾഗാട്ടി. അമ്മ സംഘടന നിലനിന്നുപോയാൽ അതുകൊണ്ടുള്ള ഗുണം സംഘടനയിലേയും പുറത്തുനിന്നുമുള്ളവർക്കുമാണ്. കുറ്റം പറയാൻ എല്ലാവർക്കും പറ്റും. എന്നാൽ നല്ലതുചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നും ധർമജൻ അഭിപ്രായപ്പെട്ടു.
താൻ താരസംഘടനയിൽനിന്നും അഞ്ചുപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും ധർമജൻ വ്യക്തമാക്കി. ഭാവിയിൽ താരസംഘടനയുടെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു സഹായം വേണ്ടിവന്നാൽ അവരെന്നെ സഹായിക്കേണ്ടിവരും. ലാലേട്ടനേയും മമ്മൂക്കയേയും പോലുള്ള ആളുകൾക്ക് ഈ സഹായമൊന്നും ആവശ്യമില്ല.
പറയാനുള്ളത് പറയാനാണ് ദൈവം നമുക്ക് നാവ് തന്നിട്ടുള്ളത്. മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ചത് നല്ല കാര്യമായാണ് താൻ കാണുന്നതെന്നും ധർമജൻ പറഞ്ഞു. അമ്മ സംഘടന പിരിച്ചുവിട്ടാലും ആർക്കും ഒരു കുഴപ്പവുണ്ടാവില്ല. എല്ലാവരും സിനിമയിൽ അഭിനയിക്കും. അമ്മയിൽ കുറേ പാവപ്പെട്ട ആളുകളുണ്ട്. അവർക്ക് സഹായം ചെയ്യുന്നുണ്ട്. പുറത്ത് കുറേ പേരെ സഹായിക്കുന്നുണ്ട്. അമ്മ പിരിച്ചുവിട്ടാൽ മോഹൻലാലിനോ കോടികൾ വാങ്ങുന്ന നടന്മാർക്കോ വല്ല കുഴപ്പവുമുണ്ടാകുമോയെന്നും ധർമജൻ ചോദിച്ചു.
“നല്ലതുചെയ്യുന്നതുമാത്രമല്ല, പത്തുപൈസ മുടക്കുകയും ചെയ്യുന്നുണ്ട് അമ്മ. സംഘടനയുടെ തലപ്പത്തേക്ക് വരാൻ അർഹതയുള്ള കുറേ പേരുണ്ട്. അമ്മയ്ക്ക് സഹായങ്ങളെല്ലാം ചെയ്യുന്നതിന് സമ്പത്ത് വേണമല്ലോ. അത് ഒരുകൊല്ലം ഒരുകോടി രൂപയൊക്കെ സമാഹരിക്കേണ്ടി വരും. വലിയ തുകയാണത്. ഇടവേള ബാബുവിനോടൊക്കെ ചോദിച്ചാൽ അറിയാൻ പറ്റും. അതൊക്കെ കൃത്യമായി ചെയ്യാനാവുന്ന ഒരു കലാകാരൻ വേണം. ലാലേട്ടനേയും മമ്മൂക്കയേയും പോലുള്ള താരങ്ങളെ വെച്ചാണ് അമ്മ ബിസിനസ് ചെയ്യുന്നത്. അമ്മ പിരിച്ചുവിട്ടാൽ അതിന്റെ ദോഷം ആർക്കാണെന്ന് ജനങ്ങൾ തീരുമാനിക്കണം.
കോടികൾ വാങ്ങുന്ന ഇഷ്ടംപോലെ യുവതാരങ്ങളുണ്ടല്ലോ. പൃഥ്വിരാജും ആസിഫ് അലിയും ചാക്കോച്ചനുമൊക്കെ അധികാരത്തിലേക്ക് വരണം. നല്ല ഇമേജുള്ള ആളുകൾ അധികാര സ്ഥാനങ്ങളിലേക്ക് വരണം. കുറേക്കാലത്തെ അനുഭവ സമ്പത്തൊന്നുമല്ല അതിന് നോക്കേണ്ടത്. ഇപ്പോൾ രാജിവെച്ചവരിലും നല്ല ആളുകളുണ്ട്. അവർ അവരുടെ മാന്യത കാണിച്ച് പുറത്തേക്കുപോയി. നാലുപേർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പറയുന്നു. ഇത് ഭയങ്കര കുഴപ്പമാണ്. രണ്ട് വിളി വിളിച്ചാൽ എനിക്ക് ഫോണിൽ കിട്ടുന്നയാളാണ് ഇടവേള ബാബു. സിദ്ദിഖ് ഇക്കയും അങ്ങനെ തന്നെ. ലാലേട്ടനെ അങ്ങനെ വിളിച്ചിട്ടില്ല. വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്.” ധർമജൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പ്രാവശ്യം കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കാനുള്ള ശ്രമം നടന്നിരുന്നു. അദ്ദേഹം രക്ഷപ്പെട്ട് മാറിയതാണെന്ന് തോന്നുന്നു. കുഞ്ചാക്കോ ബോബൻ നേതൃസ്ഥാനത്തേക്ക് വരാൻ പറ്റിയയാളാണ്. പൃഥ്വിരാജും ആസിഫ് അലിയേയും പോലുള്ള കുറച്ചുപേർ നേതൃസ്ഥാനത്തിരുന്നാൽ വളരെ നല്ലതായിരിക്കുമെന്നും ധർമജൻ കൂട്ടിച്ചേർത്തു.
content highlight: dharmajan-bolgatty-about-amma-executive