ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഏറ്റവും ചർച്ച ചെയ്യേണ്ടത് മൊഴി കൊടുത്ത സ്ത്രീകളുടെ ജീവിതത്തെ കുറിച്ചാണെന്ന് സജിത മഠത്തിൽ. അവരുടെ കാര്യം അത്ര സുഖകരമല്ല. അവരിൽ പലരും കേസുമായി മുന്നോട്ട് പോകുന്നില്ല എന്ന് പറയുന്നു. എന്നാൽ അതിനർത്ഥം അവർ പറഞ്ഞതെല്ലാം കള്ളം ആണെന്നല്ലെന്നും സജിത പറയുന്നു.
ഒന്നാമത് കേസിനു പിന്നാലെ പോകുവാനുള്ള സാമ്പത്തികം എല്ലാവർക്കും ഉണ്ടാവില്ല, അതുപോലെ സമയം. എല്ലാം പ്രധാനമാണ്. 7 വർഷമായി നമ്മുടെ അതിജീവിത ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഒരു ലോയേഴ്സ് ടീം ഈ സ്ത്രീകളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.കേരളത്തിലെ സ്ത്രീകളുടെ കൂട്ടായ്മകളെല്ലാം ഇവർക്കു വേണ്ടി ഒപ്പമുണ്ടെന്നും സജിത മഠത്തിൽ കൂട്ടിച്ചേർത്തു.
രണ്ട് കാര്യത്തിലാണ് സപ്പോർട്ട് ആവശ്യം. ആദ്യം ഈ മൊഴി കൊടുത്ത സ്ത്രീകളുടെ മുന്നോട്ടുള്ള ജീവിതവും അവരുടെ നിയമ പോരാട്ടത്തിനു വേണ്ട സഹായം ഒരുക്കലുമാണ്. രണ്ടാമത്, ഇന്റസ്ട്രിയുടെ മൊത്തത്തിലുള്ള സിസ്റ്റത്തിൽ ഒരു മാറ്റം അനിവാര്യമാണ്. അതിനെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നും സജിത മഠത്തിൽ പറയുന്നു.
“കേരളത്തിൽ ഒരു ഹേമ കമ്മിറ്റി ഉണ്ടായി. അതിൽ ഡബ്ല്യൂ.സി.സി യുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിക്കാമെന്ന തീരുമാനം സർക്കാർ എടുത്തതാണ്. അതൊരു ചരിത്രപരമായ തീരുമാനമാണ്. സത്യത്തിൽ ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് സർക്കാർ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്റസ്ട്രിയെ പഠിക്കാമെന്ന് മാത്രമായിരിക്കും അവർ ആലോചിച്ചത്. പക്ഷേ ഈ റിപ്പോർട്ട് കൈയിൽ എത്തിയതിനു ശേഷമാവും അവർക്ക് മനസിലായത് ഇത് വലിയ വിഷയമാണെന്ന്.
എല്ലാവരും ഓരോരുത്തരുടേയും പേരുകൾ പറഞ്ഞ് കൊണ്ടേയിരിക്കും. ഇത്രയും ആളുകളുടെ പേരുകൾ എങ്ങനെ പുറത്ത് വിടുമെന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാവും. അങ്ങനെ മറ്റു അനുബന്ധ വിഷയങ്ങളും ഉണ്ടായിട്ടുണ്ടാവും. ഇതെല്ലാം കാരണം ഈ റിപ്പോർട്ട് കുറച്ച് കാലം സൂക്ഷിച്ച് വെച്ചു. പക്ഷേ ഞങ്ങൾ വിചാരിച്ചത് ഈ നാലു വർഷം സർക്കാർ അതിനെ കുറിച്ച് പഠിക്കുന്നുണ്ടാവും എന്നാണ്. അവസാനം മാധ്യമങ്ങളുടെ നിരന്തരമായ പരിശ്രമം കൊണ്ടു തന്നെയാണ് റിപ്പോർട്ട് ഇപ്പോൾ പുറത്ത് വരാൻ കാരണമായത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത ഏറ്റവും മഹത്തായ കാര്യം ചലചിത്ര അക്കാദമി സ്ത്രീകൾക്ക് വേണ്ടി ഒരു വർക്ക്ഷോപ്പ് നടത്താൻ തീരുമാനം ഉണ്ടാക്കി. അതിന്റെ ഭാഗമായി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. ആ തീരുമാനം വളരെ നല്ലതാണ് അതുവഴി നിരവധി സ്ത്രീകൾക്ക് ഇന്റസ്ട്രിയിൽ എത്താനും സാധിക്കും. ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല എങ്കിലും ഈ വർക്ക്ഷോപ്പ് ഐഡിയ നിലവിൽ വരുമെന്ന് ഉറപ്പുണ്ടെന്ന്” സജിത മഠത്തിൽ പറഞ്ഞു.
content highlight: sajitha-madathil-talks