കേരളത്തിന്റെ ചരിത്രത്തിലിടം നേടുന്ന ചീഫ്‌സെക്രട്ടറി മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി വി. വേണു സ്ഥാനം ഒഴിയുമ്പോള്‍ കേരളത്തിന്റെ പുതിയ ചീഫ്‌സെക്രട്ടറി ആയി ശാരദാ മുളീധരന്‍ അവരോധിക്കപ്പെട്ടു. ഭര്‍ത്താവ് കസേരവിട്ടിറങ്ങുമ്പോള്‍ അതേ കസേരയില്‍ ഭാര്യ കയറിയിരിക്കുന്നു. കേരളത്തിലെ ഭാവിയും മുന്നോട്ടുള്ള കുതിപ്പുമെല്ലാം കൈകാര്യം ചെയ്യാന്‍ ഇനി ശാരദാ മുരളീധരന് വീട്ടിലിരുന്ന് വി. വേണു വഴികാട്ടും. ചീഫ്‌സെക്രട്ടിമാരായ ഭാര്‍ത്താവിനും ഭാര്യയ്ക്കുമൊപ്പം ഭരണം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. ഇടതു സര്‍ക്കാരിന്റെ കാലത്തു തന്നെ ചീഫ്‌സെക്രട്ടറി ആകാന്‍ കഴിഞ്ഞതില്‍(കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കീഴില്‍) വേണുവിനും, ശാരദാ മുരളീധരനുമുണ്ട് ഉള്ളില്‍ സന്തോഷം.
ചീഫ്‌സെക്രട്ടറിയായി അധികാരമേറ്റെടുത്ത ശാരദാ മുരളീധരന്റെ ആദ്യ ലക്ഷ്യം വയനാട് പാക്കേജ് തയ്യാറാക്കുക എന്നതാണ്. കാലാവസ്ഥ വ്യതിയാനം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കാനും ശ്രമിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കുമെന്നും ശാരദാ മുരളീധരന്‍ പറയുന്നു. ഈ മൂന്നു കാര്യങ്ങളും ഭര്‍ത്താവ് ചീഫ്‌സെക്രട്ടറി ആയിരിക്കുമ്പോഴും നിര്‍വഹിച്ചിരുന്നതാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം മുന്നോട്ടു പോകാനായിരിക്കും പുതിയ ചീഫ് സെക്രട്ടറി ശ്രമിക്കുക. ഇതിനു വേണ്ടുന്ന പിന്തുണ ഭര്‍ത്താവില്‍ നിന്നും ലഭിക്കുകയും ചെയ്യും.
ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് വീട്ടില്‍ നിന്നു തന്നെ അറിയാന്‍ കഴിയും. കൃത്യമായി ചിട്ടയോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. സ്ത്രീശാക്തികരണം പ്രധാന ലക്ഷ്യമാണ്. ഭര്‍ത്താവിന് ശേഷം ഭാര്യക്ക് ചീഫ്‌സെക്രട്ടറി ആകാന്‍ കഴിഞ്ഞത് കൗതുകമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ഉത്തരവാദിത്വങ്ങളും അത്തരത്തില്‍ പ്രയോജനപ്പെടുത്തും. 2025 ഏപ്രില്‍ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തയ്യാറാകാതിരുന്നതോടെയാണ് ശാരദ മുരളീധരന് ചീഫ് സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്.
അതേസമയം, പുതിയ ചീഫ്‌സെക്രട്ടറിയെ കാത്തിരിക്കുന്നത്, സാലറി ചലഞ്ചില്‍ ശമ്പളം പിടിക്കരുതെന്ന ഐ.എ.എസ് അസോസിയേഷന്റെ കത്താണ്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും അറിയേണ്ടതുണ്ട്. അസോസിയേഷന്‍ പ്രസിഡണ്ട് ബി. അശോക് ഇത് സംബന്ധിച്ച് ധന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വയനാട് പുനരധിവാസത്തിനായി ആഗസ്ത് മാസത്തെ ശമ്പളത്തില്‍ നിന്ന് സാലറി പിടിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ആഗസ്ത് മാസത്തെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കരുതെന്നും അസോസിയേഷന്‍ അംഗങ്ങള്‍ യോഗം കൂടി തീരുമാനം അറിയിക്കാമെന്നുമാണ് ബി. അശോക് നല്‍കിയ കത്തില്‍ പറയുന്നത്.
സാലറി ചലഞ്ച് ഉത്തരവ് ഇറങ്ങുന്നതിന് മുന്‍പ് തന്നെ വയനാടിനു വേണ്ടി ഐ.എ.എസ് അസോസിയേഷനിലെ ചില അംഗങ്ങള്‍ സര്‍ക്കാരിലേക്കും മറ്റ് ഏജന്‍സികളിലേക്കും ഫണ്ട് നല്‍കിയിരുന്നു. ശമ്പളം വെട്ടിക്കുറച്ച് സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന ചെയ്യുന്നതിനുപകരം, അസോസിയേഷന്‍ അംഗങ്ങള്‍ പണം സമാഹരിച്ച് വയനാടിന് ഉപയോഗിക്കുന്നതിന് സര്‍ക്കാരിനോ എന്‍.ഡി.എം.എ പോലുള്ള ഏജന്‍സിക്കോ ഒരു മൊത്തത്തിലുള്ള തുക കൈമാറാമെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഈ കാരണങ്ങള്‍ എല്ലാം വ്യക്തമാക്കിയാണ് ബി. അശോകിന്റെ കത്ത്. അഞ്ച് ദിവസത്തെ ശമ്പളമെന്ന കര്‍ശന രീതി ഒഴിവാക്കണമെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ മീറ്റിംഗ് മുഖ്യമന്ത്രി വിളിച്ചിരുന്നെങ്കിലും ഐ.എ.എസ് അസോസിയേഷനെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നില്ല. സമ്മതപത്രം ഇല്ലാതെ ശമ്പളം പിടിക്കുമെന്ന് ഐ.എം.ജി ഇറക്കിയ ഉത്തരവും വിവാദത്തിന് കാരണമായി. വിവാദങ്ങളെ തുടര്‍ന്ന് സമ്മതപത്രം ഇല്ലാതെ ശമ്പളം പിടിക്കില്ല എന്ന് ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി പത്ര കുറിപ്പ് ഇറക്കിയാണ് വ്യക്തത വരുത്തിയത്. ശാരദ മുരളീധരന്റെ വരവോടെ ഇക്കാര്യങ്ങളില്‍ എടുക്കുന്ന നിലപാടുകളും പ്രസക്തമാണ്. പുതിയ ചീഫ് സെക്രട്ടറി തല മാറ്റത്തിനൊപ്പം സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്തു തന്നെ അഴിച്ചു പണി നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതികൂടിയായ ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ അധിക ചുമതലയും നല്‍കി. പി.ആര്‍.ഡി ഡയറക്ടറായി ടി.വി സുഭാഷിനെ നിയമിച്ചു. ഡോക്ടര്‍ വീണ എന്‍ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നല്‍കി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറായിരുന്ന ജീവന്‍ ബാബുവിനെ വാട്ടര്‍ അതോറിറ്റി എം.ഡിയായി നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാര്‍ സ്ഥാനത്തേക്ക് ഡി. സജിത്ത് ബാബുവിനെ നിയമിച്ചു. കെ. ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പ് ഡയറക്ടറാവും.
content highlights; Husband left and wife joined: Chief Secretary’s change made history. dr. v venu, saradha muraleedharan