പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ എല്ലാം അറിയുമെങ്കിൽ കൂടിയും അറിയാത്തമട്ടിൽ വീണ്ടും വീണ്ടും പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരാണ് ഏറെയും. 2021ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് നിർമിക്കുന്നതും ഉപയോഗിക്കുന്നതും. ഇപ്പോൾ മൈക്രോ പ്ലാസ്റ്റിക് എന്ന പദവും കേട്ടുതുടങ്ങിയിരിക്കുന്നു. മണ്ണ്, ജലം, വായു എന്തിനേറെ പറയുന്നു ദിവസവും കഴിക്കുന്ന ഭക്ഷണത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക് അഥവാ പ്ലാസ്റ്റിക് തരികൾ. അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്.
ചെറുതോ വലുതോ പായ്ക്ക്ചെയ്തതോ അല്ലാത്തതോ ആയ എല്ലാ ഉപ്പ് ,പഞ്ചസാര ബ്രാൻഡുകളിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ വിശ്വസിക്കണം അതാണ് സത്യം. കുടിവെള്ളം മുതൽ ഭക്ഷ്യ ഉൽപന്നങ്ങൾ വരെയുള്ള എല്ലാ സാധനത്തിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ട്. ടോക്‌സിക്‌സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനം നടത്തിയ “ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്” എന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകർ 10 ഉപ്പ് സാമ്പിളുകൾ പരിശോധിച്ചു, അവയിൽ എട്ടെണ്ണം ബ്രാൻഡഡ്, രണ്ടെണ്ണം ‘ഓർഗാനിക്’ എന്ന് അവകാശപ്പെടുന്നു, കൂടാതെ അഞ്ച് പഞ്ചസാര സാമ്പിളുകൾ നാലെണ്ണം ബ്രാൻഡഡ് ഒരെണ്ണം ഓർഗാനിക്.
എല്ലാ ഉപ്പ് പഞ്ചസാര സാമ്പിളുകളിലും നാരുകൾ, ഉരുളകൾ, ഫിലിമുകൾ തുടങ്ങി വിവിധ രൂപത്തിലാണ് മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാരയിൽ 11.85 മുതല്‍ 68.25 മൈക്രേപ്ലാസ്റ്റിക് വരെ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. നോണ്‍ ഓര്‍ഗാനിക് പഞ്ചസാരയില്‍ നിന്നാണ് ഏറ്റവും അധികം മൈക്രോപ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയത്. അതുപോലെ തന്നെ അയഡിന്‍ ചേര്‍ത്ത ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത്. ഒരു കിലോ അയഡൈസ്ഡ് ഉപ്പിൽ തൊണ്ണൂറോളം മൈക്രോപ്ലാസ്റ്റിക് തരികളാണ് കണ്ടെത്തിയത്.
മൈക്രോപ്ലാസ്റ്റിക് ആരോഗ്യത്തിൽ ഉണ്ടാക്കുന്ന ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. പ്ലാസ്റ്റിക് ആവശ്യത്തിന് ചെറുതാണെങ്കിൽ, പഴങ്ങൾക്കും പച്ചക്കറികൾക്കും അവയുടെ റൂട്ട് സിസ്റ്റങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് ആഗിരണം ചെയ്യാനും ആ രാസവസ്തുക്കൾ ചെടിയുടെ തണ്ടുകൾ, ഇലകൾ, വിത്തുകൾ, പഴങ്ങൾ എന്നിവയിലേക്ക് മാറ്റാനും കഴിയും. അതുപോലെ തന്നെ മത്സ്യം ഭക്ഷണമെന്ന് കരുതി പ്ലാസ്റ്റിക് തരികൾ ഭക്ഷിക്കുന്നു മത്സ്യത്തെ ഭക്ഷിക്കുന്നതിലൂടെ മനുഷ്യനിലേക്കും ഭക്ഷ്യശൃംഖലയിലേക്കും മൈക്രോ പ്ലാസ്റ്റിക് കടക്കുന്നു.
വെള്ളം കുടിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും മൈക്രോ പ്ലാസ്റ്റിക് മനുഷ്യന്‍ ഉള്‍പ്പടെയുള്ള എല്ലാ ജീവികളുടെ ശരീരത്തിലും എത്തുന്നുണ്ട്. പ്ലാസ്റ്റിക് പ്രശ്‌നത്തിന് ലളിതമായ പരിഹാരങ്ങളില്ല.
story highlight: micro plastic