മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനെ പൂട്ടിക്കാന്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ വരെ ആയുധമാക്കിയ പി.വി. അന്‍വര്‍ എം.എല്‍.എ ആ യുദ്ധത്തില്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ വീണ്ടുമൊരു അങ്കത്തിനിറങ്ങിയിരിക്കുകയാണ്. ഈ അങ്കം മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയെ തന്നെ പാഠം പഠിപ്പിക്കാനാണോ എന്ന സംശമാണ് പാര്‍ട്ടിക്കുള്ളത്. ആഭ്യന്തര വകുപ്പില്‍ നടക്കുന്ന ചോര്‍ത്തലുകളും, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ കുറിച്ചുമാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ.പി. ജയരാജന്‍ വിഷയത്തില്‍ തത്ക്കാലം ആശ്വാസം കണ്ടെത്തിയിരിക്കുന്ന സി.പി.എമ്മിന് തലവേദനകളുടെ പെരുമഴക്കാലമാണ് നേതാക്കള്‍ ഇപ്പോള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ അന്‍വറിന്റെ ഒറ്റയാള്‍ സമരം കണ്ടെന്നും കണ്ടില്ലെന്നും നടിച്ചിരിക്കാനേ പാര്‍ട്ടിക്ക് സാധിക്കുന്നുള്ളൂ. എന്നാല്‍, ഇ.പി ജയരാജന് സന്തോഷം നല്‍കുന്ന സംഗതിയാണ് പി.വി. അന്‍വര്‍ നടത്തുന്ന പ്രതിഷേധം. അതും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേ തന്നെ. ഷാജന്‍സ്‌ക്കറിയ പോലീസിന്റെ അതീവരഹസ്യ സ്വഭാവമുള്ള വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന് പരാതി പറഞ്ഞ അന്‍വര്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ആരോപിച്ചത്, മന്ത്രിമാരുടെ ഫോണുകള്‍ പോലീസിലെ ഉന്നതര്‍ ചോര്‍ത്തുന്നുവെന്നാണ്. അതുപോലെ പോലീസിലെ ചിലരുടെ സ്വകാര്യ ഫോണുകള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം ചോര്‍ത്തിയെന്നുമാണ്. അതുമാത്രമല്ല, താനും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്നും അന്‍വര്‍ പറയുന്നുണ്ട്. മറുനാടന്‍ മലയാളിക്കെതിരേ നടത്തിയ ആരോപണം സ്വന്തം കാര്യത്തില്‍ത്തന്നെ തുറന്നു പറയേണ്ടി വന്ന അന്‍വറിന്റെ അവസ്ഥ കണ്ടുതന്നെ അറിയണം.
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസ് നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദത്തിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നത് അജിത്കുമാറാണ്. ഐജി പി. വിജയനെ തകര്‍ത്തതും അജിത്കുമാറാണ്. എ.ഡി.ജി.പിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സുജിത്ദാസ് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ഈ വിവാദം. മലപ്പുറം, പാലക്കാട്, തൃശൂര്‍ എസ്.പിമാരെ അധിക്ഷേപിക്കുന്ന രീതിയില്‍ പത്തനംതിട്ട എസ്.പി സംസാരിക്കുന്നതും ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ വ്യക്തമാണ്.
സര്‍ക്കാരിന്റെ പൊലീസ് നയത്തെ പി.വി. അന്‍വര്‍ സംഭാഷണത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കു പരിഗണന ലഭിക്കാത്ത രീതിയിലേക്കു മാറിയതോടെ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതു നിര്‍ത്തിയെന്നാണ് അന്‍വര്‍ പറയുന്നത്. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദവലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത്ദാസ് അതു ശരിവയ്ക്കുന്നു. ‘അതിനല്ലേ ആ പൊട്ടനെ അവിടെ എസ്.പിയായി ഇരുത്തിയിരിക്കുന്നത്. അയാള്‍ കല്ലും മണലും പിടിച്ചുനടക്കും’ മലപ്പുറം എസ്.പിയെക്കുറിച്ചു സുജിത്ദാസിന്റെ വാക്കുകള്‍. എം.ആര്‍. അജിത്കുമാര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്‍വര്‍ പറയുമ്പോള്‍ എം.എല്‍.എക്കു മാത്രമല്ലേ ആ വിചാരമുള്ളൂ. പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും അതില്ലല്ലോയെന്നാണു സുജിത്ദാസിന്റെ മറുപടി.
ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം.ആര്‍.അജിത്കുമാറാണ്. അദ്ദേഹം പൊളിറ്റിക്കല്‍ സെക്രട്ടറി ശശി സാറിന്റെ വലംകയ്യാണെന്നും സുജിത്ദാസ് പറയുന്നു. പോലീസിലെ ഉന്നതര്‍ക്കെതിരേ ആരോപണമുന്നയിച്ച് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ കുത്തിയിരുപ്പു സമരം ചര്‍ച്ചയായിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചു കൊണ്ടാണ് പി.വി. അന്‍വര്‍ കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ രണ്ടുമണിക്കൂര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിനുമുമ്പില്‍ കസേരയിട്ടിരുന്നത്. 2021ല്‍ എസ്. സുജിത് ദാസ് ജില്ലാ പോലീസ് മേധാവിയായിരുന്ന കാലത്ത് ക്യമ്പ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് രാവിലെ പത്തോടെ എം.എല്‍.എ. സമരം തുടങ്ങിയത്.
മുറിച്ച മരത്തിന്റെ കുറ്റികള്‍ കാണണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ എസ്.പി. ഓഫീസില്‍ എത്തിയെങ്കിലും പോലീസ് കടത്തിവിട്ടില്ല. നേരത്തേ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എം.എല്‍.എ. ജില്ലാ പോലീസ് മേധാവിയെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് എം.എല്‍.എ. ആവശ്യങ്ങളടങ്ങിയ പോസ്റ്ററുകളുമായി ക്യാമ്പ് ഓഫീസിനു മുമ്പിലെത്തിയത്. സമരം അവസാനിപ്പിച്ച ശേഷം സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസുമായി സംസാരിച്ചു. വൈകീട്ട് മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി പോലീസിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് അന്‍വര്‍ അറിയു. എന്നാല്‍, പിന്നീടു നേതൃത്വം ഇഠപെട്ടതോടെ പിന്മാറുകയായിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ ഓഡിയോകള്‍ പുറത്തുവന്നത്.
ഇടത് എം.എല്‍.എ.യുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യംചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേയാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അന്‍വറിനെ സി.പി.എം. ഓഫീസിലേക്ക് വിളിപ്പിച്ചതാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ജില്ലാസെക്രട്ടറി അത് നിഷേധിച്ചു. അദ്ദേഹം സ്വയം വന്നതാണെന്നു പറഞ്ഞ ഇ.എന്‍. മോഹന്‍ദാസ് സമരം നടത്തിയ അന്‍വറിനെ തള്ളാനോ കൊള്ളാനോ തയ്യാറായില്ല. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയില്‍ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച്, പൊലീസിനെ തന്നെ പി.വി അന്‍വര്‍ പ്രതിക്കൂട്ടിലാക്കുകയാണ്. അന്‍വറിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്നും റോപ്പ് കട്ടവനെ കണ്ടെത്താന്‍ വൈമുഖ്യം കാട്ടിയ പോലീസിനു നേരെ ആരംഭിച്ച സമരം ഇപ്പോള്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുകയാണ്. അന്‍വറിന്റെ ആരോപണയാത്ര, മറുനാടന്‍ മലയാളിയിലൂടെ അജിത്കുമാറിലെത്തി, അവിടുന്ന് മുഖ്യമന്ത്രിയിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്.
കൈയ്യില്‍ ഒന്നുമില്ലാതെ അന്‍വര്‍ ഇത്തരം പ്രതിഷേധത്തിനിറങ്ങില്ലെന്നാണ് എംഎല്‍.എയുമായി അടുത്തു നില്‍ക്കുന്നവര്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്തും, ബിരിയാണിച്ചെമ്പും, ഖുറാനിലെ സ്വര്‍ണ്ണക്കടത്തും, ഡിപ്പോമാറ്റിക് കടത്തുമൊക്കെ ചര്‍ച്ച ചെയ്തിരുന്ന കാലത്തു നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍, അതെല്ലാം വീണ്ടും ലൈവായി മാറുന്ന വെളിപ്പെടുത്തലുകളും അന്‍വറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരനും കടത്തുകാരും, ഇടനിലക്കാരുമൊക്കെ ആരൊക്കയാണെന്നതിന് വേഗത്തില്‍ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തിനുള്ളത്.
content highlights; marunadan online news, the next job for the Chief Minister?; P.V. Anwar’s game is only to be seen?