പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലുകള്‍ക്കും ഇ.പിയുടെ പുറത്താകലും, സിനിമാ മേഖലയിലെ തുറന്നു പറച്ചിലുകള്‍ക്കും പിന്നില്‍ സി.പി.എമ്മില്‍ നിശബ്ദമായി ശക്തിയാര്‍ജ്ജിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഇടപെടലെന്ന് സൂചന. സി.പി.എം സംമ്മേളങ്ങളിലേക്ക് കടക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയും, വിശ്വസ്തനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേയും ഗുരുതര ആരോപണം ഉന്നയിച്ചത്, പാര്‍ട്ടീ നേതൃത്വം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി ഔദ്യോഗിക വിഭാഗത്തിനെ അടിക്കാനുള്ള വടി ആയിട്ടാണ് ഓരോ വിഷയവും വിമത വിഭാഗത്തിന് ഊര്‍ജ്ജം നല്‍കിയിരിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവ് അടക്കം അന്‍വറിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചനകള്‍. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് അന്‍വര്‍ പറഞ്ഞതെന്ന വിലയിരുത്തല്‍ സി.പി.എമ്മിലെ മറു വിഭാഗത്തില്‍ സജീവമാണ്. ഇനി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്തായിരിക്കും എന്നത്, കാത്തിരുന്ന് കാണേണ്ടതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ കടുത് പ്രതിരധതതിലായിരിക്കുകയാണ്. അന്‍വറിന്റെ വെളിപ്പെടുത്തല്‍ പഴയ സ്വര്‍ണ്ണക്കടത്തില്‍വരെ എത്തി നില്‍ക്കുകയാണ് എന്നതും വെളിപ്പെടുത്തലിനെ ഗൗരവതരമാക്കുന്നു. അന്‍വര്‍ നേരത്തേ പോലീസിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വര്‍ധിതവീര്യത്തോടെ അന്‍വര്‍ രംഗത്തുവന്നു.
താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിനേതൃത്വം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം. സമ്മേളനങ്ങള്‍ക്കു തുടക്കമിട്ട ഞായറാഴ്ച തന്നെയാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഈ സാന്ദര്‍ഭികമായ തുറന്നുപറച്ചിലുകള്‍ പാര്‍ട്ടിയിലെ അധികാര ഘടന പൊളിച്ചെഴുതാനുള്ള നീക്കമാണോയെന്നാണ് സംശയം. പാര്‍ട്ടിനേതാക്കളുടെ പിന്‍ബലമില്ലാതെ അന്‍വര്‍ ഇങ്ങനെയൊന്നും പറയില്ലെന്ന് സി.പി.എം. വൃത്തങ്ങള്‍ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. സമാന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.
പാര്‍ട്ടി സമ്മേളന കാലയളവില്‍ ഒരു മുതിര്‍ന്ന നേതാവിനെ സ്ഥാനത്തു നിന്നും നീക്കിയതിന്റെ ക്ഷീണം വിട്ടു മാറും മുമ്പേ അന്‍വര്‍ നടത്തിയ തുറന്നു പറച്ചില്‍ ഔദ്യോഗിക പക്ഷത്തിന്റെ കൊമ്പൊടിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമായിരുന്നുവെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഇ.പി. ജയരാജന്‍. കഴിഞ്ഞ കാലങ്ങളിലെല്ലാം ഇ.പി. സംരക്ഷിച്ചതും പിണറായി വിജയനായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ജയരാജനെ കൈയ്യൊഴിഞ്ഞതോടെയാണ് പാര്‍ട്ടി, നടപടിയിലേക്ക് നീങ്ങിയത്.
ഈ നടപടി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ടു ചെയ്യുമെങ്കിലും കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നുറപ്പാണ്. മുഖ്യമന്ത്രിക്കും നിലവിലെ സംസ്ഥാന കമ്മിറ്റിക്കുമെതിരേ ചര്‍ച്ച ചെയ്യാന്‍ സ്വാഭാവികമായി ഒരു കീഴ്ക്കമ്മിറ്റികളും തയ്യാറാവാത്ത സാഹചര്യമാണുണ്ടായിരുന്നത്. അഥവാ ചര്‍ച്ച ചെയ്താല്‍, അത് ആ ഘടകത്തില്‍ നിന്നും മേല്‍ഘടകത്തിലേക്ക് പോകുമായിരുന്നില്ല. എന്നാല്‍, അന്‍വറിന്റെ പ്രഹരം കീഴ്ഘടകങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. തങ്ങള്‍ ചര്‍ച്ച ചെയ്തു, എന്നതിന്റെ പേരില്‍ നടപടി എടുക്കുന്നുവെങ്കില്‍ ആദ്യം അന്‍വറിനെതിരേ നടപടി എടുക്കൂ എന്നായിരിക്കും അംഗങ്ങളുടെ നിലപാട്.
മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസിനെ അധോലോകമായി ചിത്രീകരിക്കല്‍, മന്ത്രിമാരുടെ ഫോണ്‍ചോര്‍ത്തല്‍, കൊലപാതകങ്ങള്‍, സ്വര്‍ണ്ണക്കടത്ത്, കൊട്ടാരം പോലുള്ള വീടുവെയ്ക്കല്‍ എന്നിങ്ങനെയാണ് വെളിപ്പെടുത്തലുകള്‍. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ അന്വേഷണ അട്ടിമറിയില്‍ ചില ദുരൂഹതകളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം സി.പി.എം ഗൗരവത്തിലെടുക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ അന്‍വര്‍ നേരിട്ട് കടന്നാക്രമിക്കുന്നു.
മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയേയും വിമര്‍ശന മുനയില്‍ നിര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണ കടത്തില്‍ കുടുക്കാനുള്ള നീക്കം വീണ്ടുമെത്തുന്നുവെന്നാണ് സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിവാദം ആളികത്തും. സിപിഎമ്മില്‍ ശക്തരാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിരുദ്ധ ചേരിക്കും പ്രതീക്ഷയാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍.
CONTENT HIGHLIGHTS; Strong involvement of power groups in CPM: Controversies simmering