എങ്ങോട്ടാണ് നമ്മുടെ നാട് പോകുന്നത്, വലിയൊരു ചോദ്യമാണിത്. മനുഷ്യനെ ഭക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊല്ലുന്ന പ്രാകൃത സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായി മാറുന്നു. പശുയിറച്ചി അഥവാ ബീഫ് കഴിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് സത്യാവസ്ഥ പോലും മനസിലാക്കാതെ എത്ര പേരെ അതിക്രൂരമായി മര്‍ദ്ധിക്കുന്നു, അതു പോലെ തല്ലിക്കൊല്ലുന്നു. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരം അക്രമങ്ങള്‍ വളര്‍ന്നു പന്തിലിക്കുന്നു. കേരളവും, തമിഴ്‌നാടും ഇതര സംസ്ഥാനങ്ങള്‍ക്ക് എപ്പോഴും മാതൃകയാണ്. മാംസ ഭക്ഷണത്തിന്റെ പേരില്‍ ഒരിക്കലും ഇവിടെ കൊലകള്‍ നടന്നിട്ടില്ല. എന്തു കഴിക്കാന്‍ മനുഷ്യന് അവകാശമുണ്ടെന്നിരിക്കെ പശുയിറച്ചിയുടെ പേരില്‍ നടക്കുന്ന മൃഗീയ കൊലകള്‍ നമ്മുടെ നാടിനെ എത്തിക്കുന്നത് പടുകുഴിയിലേക്കാണെന്നതില്‍ സംശയമില്ല. ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് ഒരു കുടുംബത്തിന്റെ നാഥനെയാണ് ക്രിമിനലുകളായ ഒരു സംഘം പശു സംരക്ഷകര്‍ തല്ലിക്കൊന്നിരിക്കുന്നത്.
ഒരാഴ്ച മുന്‍പ് ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ പശു സംരക്ഷണവുമായി ബന്ധപ്പെട്ട ചിലര്‍ ബംഗാളില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവമാണ് എറ്റവും ഒടുവിലത്തെ ഭക്ഷണ സാധനത്തിന്റെ പേരില്‍ നടന്ന ജനകീയ വിചാരണ. ആഗസ്റ്റ് 27ന് നടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സാബിറിന്റെ കുടുംബത്തിന്റെ ആവശ്യം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ താമസിക്കുന്ന സാബിര്‍ മാലികിനെയാണ് ഒരു കൂട്ടം ആളുകള്‍ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നത്. അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവരാണ് അരുംകൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചര്‍ഖി ദാദ്രിയിലെ ഒരു ചേരിയിലാണ് കൊല്ലപ്പെട്ട സാബിര്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മാലിന്യത്തില്‍ നിന്നും കുപ്പിയും പാട്ടയും ഉപയോഗ വസ്തുക്കളും എടുത്ത് വില്‍പ്പന നടത്തുന്ന ജോലിയാണ് സാബിറിന്റേത്. പശു സംരക്ഷണവുമായി ബന്ധപ്പെട്ട ആളുകള്‍ ഒരു പാത്രത്തില്‍ നിന്ന് ഒരു കഷണം മാംസം കണ്ടെത്തുകയും, അതിനുശേഷം അവര്‍ അത് ബീഫാണെന്ന് സംശയിച്ചാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ 29ന് ഈ കേസില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആഗസ്റ്റ് 31 ന് ഒരാളെ വടികൊണ്ട് അടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ 24 കാരനായ സാബിര്‍ മാലിക്കിനെ ചില യുവാക്കള്‍ വടികൊണ്ട് അടിക്കുന്നതും നാട്ടുകാരില്‍ ചിലര്‍ ഇടപെടുന്നതും കാണാം.
ബദ്ര ബസ് സ്റ്റാന്‍ഡിന് മുന്നില്‍ താമസിക്കുന്ന മുസ്ലീം കോളനിയിലെ ജനങ്ങള്‍ ബീഫ് കഴിക്കുന്നുണ്ടെന്ന് ഗോസംരക്ഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ സംശയം പ്രകടിപ്പിച്ചതായി പറയപ്പെടുന്നു. പശു സംരക്ഷണ സംഘവുമായി ബന്ധമുള്ള ഇവര്‍ ചേരി നിവാസികളെ 27ന് ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടെ ഏതോ പാത്രത്തില്‍ മാംസക്കഷണം കാണുകയും അത് ബീഫ് ആണെന്ന് സംശയിക്കുകയും ചെയ്തു. ഇതിന് ശേഷം ചേരിയില്‍ താമസിക്കുന്ന ഷബറുദ്ദീന്‍ എന്നയാളെ പിടികൂടി ചോദ്യം ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സാബിറിന്റെ ബന്ധുവായ ഷബറുദ്ദീനോട് ഇറച്ചിക്കഷണം പശുവിറച്ചിയാണോ എന്ന് ചോദിച്ചപ്പോള്‍ എരുമയിറച്ചിയുടെ കഷ്ണം ആണെന്ന് പറയുകയും തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പശു സംരക്ഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ ഇയാളെ പിടികൂടി തിരികെ കൊണ്ടുവന്ന് കാമറയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പശു സംരക്ഷകര്‍ ഇക്കാര്യം ബദ്ര പോലീസിനെയും അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇറച്ചിക്കഷണം സഹിതം ചിലരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
താനും ബന്ധുവായ സാബിര്‍ മാലിക്കും ബദാദയിലെ ജൂയി റോഡിലെ ചേരിയിലാണ് താമസിക്കുന്നതെന്ന് പരാതിക്കാരനായ സജാവുദ്ദീന്‍ സര്‍ദാര്‍ പറഞ്ഞു. സഹോദരി സക്കീനയെയാണ് സാബിര്‍ വിവാഹം കഴിച്ചത്. മാലിന്യം ശേഖരിക്കലായിരുന്നു അവന്റെ ജോലി. ഒരു കൂട്ടം ആളുകള്‍ സാബിറിനെ ബസ് സ്റ്റാന്‍ഡിലേക്ക് വരാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അവിടെ എത്തിയ സാബിര്‍ മാലിക്കിനെ ബദാദ ബസ് സ്റ്റാന്‍ഡിന് സമീപം വിളിച്ചുവരുത്തി വടികൊണ്ട് മര്‍ദിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെ പശു സംരക്ഷണ സംഘം സാബിറിനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി. എഫ്‌ഐആര്‍ പ്രകാരം, ഓഗസ്റ്റ് 27 ന് രാത്രി, ഭണ്ഡ്വ ഗ്രാമത്തിന് സമീപം അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിന്നീട് ഈ മൃതദേഹം സാബിര്‍ മാലിക് ആണെന്ന് തിരിച്ചറിഞ്ഞു. മരിച്ച സാബിര്‍ മാലിക്കിന്റെ ബന്ധുവായ സജാവുദ്ദീന്‍ സര്‍ദാറിന്റെ പരാതിയില്‍ ഓഗസ്റ്റ് 28 ന് ബദാദ പോലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളുടെ പേരുവിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും റിഫോം ഹോമിലേക്ക് അയച്ചിട്ടുണ്ട്, മറ്റെല്ലാ പ്രതികളും നിലവില്‍ പോലീസ് റിമാന്‍ഡിലാണ്.
ചര്‍ഖി ദാദ്രിയില്‍ നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇരയുടെ കുടുംബത്തെ കണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞു. എന്നാല്‍ ഈ സംഭവത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പശുവില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇത് സംബന്ധിച്ച് സംസ്ഥാനത്ത് കര്‍ശനമായ നിയമമുണ്ടെന്നും അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കഴിയില്ലെന്നും ഇത്തരമൊരു സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരമൊരു സംഭവം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നാസിക്കില്‍ ബീഫ് ആരോപിച്ച് വയോധികനെ മര്‍ദിച്ച സംഭവത്തെക്കുറിച്ചും ചാര്‍ഖി ദാദ്രിയില്‍ നടന്ന സംഭവത്തെക്കുറിച്ചും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ആള്‍ക്കൂട്ടത്തിന്റെ രൂപത്തില്‍ മറഞ്ഞിരിക്കുന്ന വിദ്വേഷ ഘടകങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍ പരസ്യമായി അക്രമം പ്രചരിപ്പിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ തുടരുകയാണ്, സര്‍ക്കാര്‍ സംവിധാനം നിശബ്ദ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്.’രണ്ട് സംഭവങ്ങളിലും കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇത്തരം അരാജക ഘടകങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് നിയമവാഴ്ച സ്ഥാപിക്കണം’ എന്ന് അദ്ദേഹം എഴുതി.
Content Highlights; A Bengali youth was beaten to death in Haryana for allegedly eating ‘beef’