കേരളത്തില്‍ ഇപ്പോള്‍ പ്രതിപക്ഷം എന്നൊന്നില്ലേ. അഥവാ ഉണ്ടെങ്കില്‍ അത് പല്ലുകൊഴിഞ്ഞ സിഹത്തെപ്പോലെ ആയിക്കഴിഞ്ഞുവെന്നാണ് ആക്ഷേപം. കാരണം, പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എത്രയോ സംഭവങ്ങള്‍ സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടും, ഒന്നിനെയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴികഴിഞ്ഞ എന്നതാണ് കാര്യം. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെയും, ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുമ്പോള്‍ ഇടപെടുകയും, സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തില്‍ അഭിപ്രായം പറയുകയും ചെയ്യേണ്ട പ്രതിപക്ഷത്തിന്റെ പൊടുപോലുമില്ല കണ്ടുപിടിക്കാന്‍.
പ്രസ്താവനകളില്‍ മാത്രം ഒതുങ്ങി ഒളിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാക്കളും. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ഒരു പ്രതിപക്ഷമുണ്ട്. സര്‍ക്കാരിനെയും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയെയും അഖ്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കാന്‍ കെല്‍പ്പുള്ള പ്രതിപക്ഷം. അതാണ് ഭരണപക്ഷത്തെ പ്രതിപക്ഷം. തിരുത്തല്‍വാദികള്‍ എന്നു പറഞ്ഞാലും തെറ്റില്ല. കാരണം, റോപ്പ് പോയ വഴിയേ പോകാത്ത പോലീസിന്റെ പിന്നാലെ പോയി അഴിമതിയെല്ലാം മറയില്ലാതെ വിളിച്ചു പറഞ്ഞിരിക്കുയാണ് ഇടത് സ്വതന്ത്രനായ എം.എല്‍.എ പി.വി. അന്‍വര്‍.
അന്‍വറിനു പിന്തുണ നല്‍കിക്കൊണ്ട് മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീലും രംഗത്തെത്തിക്കഴിഞ്ഞു. മറ്റൊരു സ്വതന്ത്ര എം.എല്‍.എ ആയിരുന്ന കാരാട്ട റസാഖ് നേത്തെ തന്നെ സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ ഇവരാണ് യഥാര്‍ഥ പ്രതിപക്ഷമായി നില്‍ക്കുന്നത്. ഭരണപക്ഷത്തിരുന്നു കൊണ്ട് പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമായറിയാവുന്നവര്‍ തന്നെയാണ് ഇവര്‍. അതുകൊണ്ട് വിവരങ്ങളും തെളിവുകളും, രേഖകളും വെച്ചുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടത്തുന്നത്.
ഒന്നാം പിണറായി മന്ത്രിസഭാ കാലത്ത്, അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഇത്തരം വെളിപ്പെടുത്തലുകളും അന്വേഷണങ്ങളും രേഖകളും പുറത്തു വിട്ടിരുന്നത്. അന്ന് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങള്‍ ചെന്നിത്തല പുറത്തു കൊണ്ടു വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ട വിഷയമാണ് പോലീസിന്റെ തോക്കുകള്‍ കാണാതായ സംഭവം. ഈ വിഷയം നിയമസഭിലും പുറത്തും വലിയ കോളിളക്കം സൃഷ്ടിച്ചു. ഇങ്ങനെ നിരവധി കേസുകള്‍ അന്ന് പ്രതിപക്ഷത്തിന് പുറത്തു കൊണ്ടുവരാനുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോള്‍ അത്തരം കേസുകള്‍ പുറത്തു വരാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സംശമുണ്ട്.
പ്രതിപക്ഷത്തിന്റെ സംഗതയ്ക്കു കാരണം എന്താണെന്നാണ് അണികള്‍ക്ക് സംശയം. സര്‍ക്കാരിനെതിരേ നല്ലൊരു സമയം ചെയ്തിട്ടു പോലും കാലങ്ങളായി. കോണ്‍ഗ്രസിനുള്ളിലെ തമ്മില്‍ത്തല്ലും, പടലപ്പിണക്കങ്ങളും തീര്‍ന്നിട്ട് സമയമില്ലാത്ത സ്ഥിതിയാണുള്ളത്. യുവത്വവും രാഷ്ട്രീയാലസ്യത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന ഒന്നുംതന്നെ ഇല്ല. എങ്ങനെ തിരിച്ചുവരും,
എവിടെയാണ് തിരിച്ചുവരവിനു തുടക്കം കുറിക്കേണ്ടത് എന്നതാണ് ആദ്യം അന്വേഷിക്കേണ്ടത്. ഇത് ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. കെ. കരുണാകരനെ കോണ്‍ഗ്രസ്സില്‍ നിന്നു പടിയിറക്കിവിട്ടതു മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സിന്റെ നാശമെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. അദ്ദേഹം കോണ്‍ഗ്രസ്സിന് ഒരുപാടു സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും വിയോജിപ്പുമുണ്ടായിട്ടുണ്ട്. പക്ഷേ, അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഒരു വലിയ മതേതര മുഖമായിരുന്നു.
ആ യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാകില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും വേദികളില്‍ അദ്ദേഹത്തിനു സ്വീകാര്യത ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടേയും ഭൂരിപക്ഷ വിഭാഗത്തിലെ എല്ലാ സമുദായങ്ങളിലും അദ്ദേഹം സ്വീകാര്യനായിരുന്നു. ഇന്നുള്ള പല നേതാക്കള്‍ക്കുമുള്ള വളഞ്ഞ വഴികള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു. സത്യസന്ധതയുണ്ടായിരുന്നു. ആ സ്ഥാനത്ത് മറ്റൊരു നേതാവിനെയും ചിന്തിക്കാന്‍ കഴിയില്ല.
കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയിലാണ്. ഇതാര്‍ക്കും വേഗത്തില്‍ മനസ്സിലാക്കാനാകും. എത്ര കോളേജുകളിലും സര്‍വ്വകലാശാലകളിലും കെ.എസ്.യു ഉണ്ട്. കെ.എസ്.യുവില്‍ നിന്നാണല്ലോ കോണ്‍ഗ്രസ്സിലെ അടുത്ത തലമുറ വരേണ്ടത്. യൂത്ത് കോണ്‍ഗ്രസ്സാകട്ടെ റെഡിമെയ്ഡ് സമരങ്ങള്‍ മാത്രം നടത്തി കാലം പോക്കുകയാണ്. ഓരോ നേതാക്കളുടെ ഗ്രൂപ്പുകളില്‍ നിന്നു കുറേപ്പേര്‍ പങ്കെടുക്കും. പത്രങ്ങളില്‍ തലക്കെട്ടു വരുന്നവിധം ഒരു സംഘര്‍ഷമോ അടിയോ ഉണ്ടാക്കും. അടിസ്ഥാനവിഷയങ്ങളില്‍ ഒരു സമരവുമില്ല.
മറുവശത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായാണ് തെരഞ്ഞെടുപ്പിലെ മികച്ച വിജയങ്ങള്‍ ഉണ്ടാകുന്നത്. ഇവരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നു കൂട്ടുനിന്ന് ഇവര്‍ പറയുന്നതില്‍ സത്യമേത് കള്ളമേതെന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയിലായി. ഇവര്‍ സത്യം പറഞ്ഞാലും ജനം വിശ്വസിക്കാത്ത സ്ഥിതിയായി. അതുകൊണ്ട് കോണ്‍ഗ്രസ് ആദ്യമായി ഈ മാധ്യമങ്ങളുടെ തടവറയില്‍നിന്നു പുറത്തുവരണം.
ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. കാലം മാറിയെന്ന് ഈ മാധ്യമങ്ങള്‍ മനസ്സിലാക്കുന്നില്ല. ഓരോ വ്യക്തിയും ഇന്ന് ഓരോ മാധ്യമമാണ്. കള്ളക്കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ അപ്പപ്പോള്‍ പുറത്തുകൊണ്ടുവരും. കോണ്‍ഗ്രസ് മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, ബി.ജെ.പി എന്ന വര്‍ഗ്ഗീയശക്തി തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ദുര്‍ബ്ബലരല്ല എന്നതാണ്. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബ്ബലമാകുന്നത് അവരെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതെല്ലാം മനസ്സിലാക്കുമ്പോഴും നിലവിലെ കോണ്‍ഗ്രസ് നേതൃത്വം നേരെ ചിന്തിക്കുമെന്ന് വിശ്വസിക്കാനാവില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനപ്പുറം കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്താന്‍ നന്നേ വിയര്‍ക്കേണ്ടതുണ്ട്. കൈയ്യില്‍ കിട്ടുന്ന വിഷയങ്ങള്‍ പോലും വൃത്തിയായി ഉപയോഗിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ കഴിയാത്ത മുനയൊടിഞ്ഞ ആക്രമണങ്ങളും പ്ര്താവനകളും മാത്രമാണ് ഇപ്പോഴും കൈമുതല്‍. ഇതുകൊണ്ടൊന്നും ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും തളയ്ക്കാനോ തകര്‍ക്കാനോ കോണ്‍ഗ്രസിനാകില്ല. കേരളത്തില്‍ ശത്രുവും കേന്ദ്രത്തില്‍ മിത്രവുമാകുന്ന സമവാക്യത്തില്‍ ഊന്നി നില്‍ക്കുമ്പോഴും സംസ്ഥാന ഭരണം കോണ്‍ഗ്രസിലേക്കു പോകാതിരിക്കാന്‍ ഇടതുപക്ഷം ശക്തമായ നിലപാടെടുക്കുന്നുണ്ട്.
CONTENT HIGHLIGHTS;Is the opposition dead in Kerala?: The ruling opposition has taken over the job