ഇന്നലെ മുഖ്യമന്ത്രിക്ക് തന്റെ പരാതികള്‍ എഴുതി നല്‍കിയിട്ട് പൂര്‍ണ്ണ നിശബ്ദനായിരുന്ന പി.വി അന്‍വര്‍ ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം വീണ്ടം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്വതന്ത്രനെ സര്‍വ്വതന്ത്ര സ്വതന്ത്രനായിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു മാധ്യമങ്ങളും. കാരണം, സെപ്തംബര്‍ രണ്ടിന് അതിശക്തമായി കേരളാ പോലീസിനെയും ADGP എം.ആര്‍ അജിത് കുമാറിനെയും കുറിച്ചുള്ള ആരോപണങ്ങള്‍ അഴിച്ചു വിടുകയും, മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തതു വഴി മുഖ്യമന്ത്രി തന്നെ അപഹാസ്യനാവുകയായിരുന്നു.
ഉന്നയിച്ച ഓരോ വിഷയത്തിലും മാധ്യമങ്ങള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ മുഖ്യമന്ത്രിയെ കാണാന്‍ അന്‍വര്‍ സെക്രട്ടേറിയറ്റിലെത്തിയത്. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പ് മാധ്യമങ്ങളോടു
സംസാരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളെ കാണുമെന്ന് ധരിച്ചിരുന്നവര്‍ക്കും തെറ്റി. മുഖ്യമന്ത്രിയെ കാണാന്‍ പോയ പുലിയല്ല, തിരികെ വന്നത്. അതൊരു എലിയായിരുന്നു. നിശബ്ദനായി നേരെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലേക്ക്.
അവിടെയെത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ പറഞ്ഞത്, ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി അന്വേഷിക്കുമെന്നു മാത്രമാണ്. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നുമാണ്. ഇന്നലെ രാവിലെ മുതല്‍ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചതുമില്ല. അന്‍വറിന്റെ അന്വേഷണങ്ങളെല്ലാം പെട്ടിയില്‍ പൂട്ടിവെച്ച് നിശബ്‌നായി. മുഖ്യമന്ത്രിയും അന്‍വറും തമ്മില്‍ നടന്നത് എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം വേഗത്തില്‍ ഊഹിച്ചെടുത്തു. എല്ലാ ആരോപണങ്ങളും ഇന്നലെ ഒരു ദിവസത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണക്കു കൂട്ടി.
എന്നാല്‍, ഇന്ന് രാവിലെ അന്‍വര്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എ.കെ.ജി സെന്ററിലേക്കു പോയതോടെ എലി വീണ്ടും പുലിയായി മാറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കിയ ശേഷം അന്‍വര്‍ മാധ്യമങ്ങളെ കണ്ടു. ഇന്നലെ കണ്ട അന്‍വറിനെയല്ല, ഇന്ന് മാധ്യമങ്ങള്‍ കണ്ടത്. പൂര്‍വ്വാധികം ശക്തിയോടെ, താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ ബാക്കി പിന്നീട് കാണാമെന്ന വെല്ലുവിളിയായിരുന്നു സ്വരത്തില്‍. ഇതോടെ തെളിയുന്ന ഒരു കാര്യമുണ്ട്. സര്‍ക്കാരിനും പാര്‍ട്ടിക്കുമിടയില്‍ എന്തോ വലിയ സംഭവ വികാസങ്ങള്‍ നടക്കുന്നുണ്ട്.
അന്‍വര്‍ ഇപ്പോള്‍ കളിക്കുന്ന കളി ആര്‍ക്കു വേണ്ടയാണ് എന്നതു മാത്രമാണ് അറിയാനുള്ളത്. സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങിയതായി പി.വി. അന്‍വര്‍ എം.എല്‍.എ തുറന്നടിച്ചിരിക്കുകയാണ്. സ്വര്‍ണം ഒരുക്കുന്ന ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരന്‍ സാധനം എടുത്തുമാറ്റി. അതിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ കണ്ട് പരാതി നല്‍കിയ ശേഷമാണ് പി.വി അന്‍വര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
സ്വര്‍ണപ്പണിക്കാരനെ പിടിച്ചാല്‍ കാര്യങ്ങള്‍ അറിയാം. എന്നാല്‍, തെളിവ് നശിപ്പിക്കുകയാണ്. സ്വര്‍ണം കൊണ്ടുവന്ന പലരുടെയും വീടുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ഇതിനാണ് എസ്.പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചത്. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കില്‍ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരും. ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അപ്പോള്‍ അതിന് മുമ്പില്‍ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താന്‍ ആരെയെങ്കിലും ശ്രമിച്ചാല്‍ പബ്ലിക്കായി താന്‍ ചോദിക്കും.
മലപ്പുറം മരംമുറിക്കേസും പൊലീസ് അട്ടിമറിക്കാന്‍ ആരംഭിച്ചെന്നും അന്‍വര്‍ വ്യക്തമാക്കി. എ.ഡി.ജി.പി അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അന്‍വര്‍ കൈമാറി. കാര്യങ്ങള്‍ എം.വി. ഗോവിന്ദന്‍ വിശദമായി ചോദിച്ചു. ആവശ്യമായ വിശദീകരണം നല്‍കിയെന്നും തുടര്‍നടപടികള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ രണ്ട് വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുമ്പില്‍ തുടര്‍ന്നും ഉണ്ടാകും.
എ.ഡി.ജി.പിയെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പാര്‍ട്ടിക്കും മുമ്പിലാണ് താന്‍ പരാതി നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും താന്‍ വിശ്വസിക്കുന്നു. ഇടത് സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ കേരളത്തിലുണ്ട്.
എലി അത്ര ചെറിയ ജീവിയല്ല. എ.ഡി.ജി.പിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. എല്ലാത്തിനും അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അന്‍വര്‍ ചോദിക്കുന്നു. ഇന്നലെ മൗനവൃതത്തിലിരുന്ന അന്‍വര്‍ ഇന്ന് ഉയര്‍ത്തെഴുന്നേറ്റ പോലെ പോലീസിനെതിരേ ആഞ്ഞടിക്കുന്നുണ്ടെങ്കില്‍ എകെ.ജി സെന്ററില്‍ എന്തോ നടന്നിട്ടുണ്ടാകണം. അന്‍വിന് ധൈര്യം കൊടുത്ത ശക്തി എ.കെ.ജി സെന്ററിലുണ്ട്. മുഖ്യമന്ത്രി ക്ഷയിപ്പിച്ച ശക്തിയാണ് എ.കെ.ജി സെന്ററില്‍ നിന്നും അന്‍വറിന് കിട്ടിയിരിക്കുന്നത്.
CONTENT HIGHLIGHTS;Weak after meeting Chief Minister yesterday, became strong after meeting State Secretary today: P.V. Who is Anwar playing for?