ഒരാൾ നമ്മോട് സംസാരിക്കുന്ന സമയത്ത് കാഴ്ചയിലൂടെയും കേൾവിയിലൂടെയും പൂർണമായും നാം അതിനൊപ്പമായിരിക്കണം. സംസാരിക്കുന്ന വ്യക്തിയുടെ പ്രശ്നങ്ങളിലേക്കും മനസ്സിലേക്കും ഇറങ്ങിച്ചെല്ലാൻ സാധിച്ചാൽ ഒരോ സംസാരങ്ങളും പൂർണമാകുന്നു. ശാരീരിക ചലനങ്ങൾ, ഭാവങ്ങൾ, ആംഗ്യങ്ങൾ എന്നിവയെല്ലാം നല്ലൊരു കേൾവിക്കാരനിൽ പ്രധാനമാണ്.
ഒരാളുടെ സംസാരം ശ്രദ്ധിച്ചാൽ തന്നെ അവരുടെ പ്രത്യേകതകൾ മനസ്സിലാക്കും. ചിലർ വേഗത്തിൽ സംസാരിക്കുന്നത് ഉത്കണ്ഠയുടെ ഭാഗമായിട്ടാകാം. എന്നാൽ മറ്റുചിലർ സമയമെടുത്ത് സംസാരിക്കുന്നതും കാണാം. സംസാരിക്കുന്ന വ്യക്തിയെ തന്നെ മുഴുവൻ സമയവും നോക്കിയിരിക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ കൃത്യമായി ഐ കോണ്ടാക്ട് നിലനിർത്തുകയും വേണം. ഒരു മിനിറ്റിൽ നാലോ അഞ്ചോ സെക്കൻഡ് എങ്കിലും സംസാരിക്കുന്ന ആളുടെ കണ്ണുകളിലേക്ക് നോക്കണം. ഇതിലൂടെ അവരെ കേൾക്കാൻ താൽപര്യമുണ്ടെന്ന് അവർക്ക് മനസിലാക്കും. എന്നാൽ മുഴുവൻ സമയവും തുറിച്ചുനോക്കിയിരിക്കുന്നത് അവരിൽ ടെൻഷൻ കൂട്ടാൻ സാധ്യതയുണ്ട്.
ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന് മനസ്സിലാകാൻ ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ ഒരു കാര്യം പറഞ്ഞുതീരും മുന്നേ ചോദ്യങ്ങൾ ചോദിച്ചാൽ സംസാരം തടസ്സപ്പെടുന്നു. പറയാനുള്ളത് മുഴുവൻ കേട്ടശേഷം സംശയമുള്ള കാര്യങ്ങൾ ചോദിക്കുന്നതായിരിക്കും നല്ലത്. നല്ലൊരു കേൾവിക്കാരനിൽ വേണ്ട മറ്റൊരുകാര്യം ക്ഷമയാണ്. പറയുന്നത് ക്ഷമയോടെ കേൾക്കണം. കുട്ടികളും മറ്റും ഇത്തരം കാര്യങ്ങൾ എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോൾ എത്ര തിരക്കാണെങ്കിലും ക്ഷമയോടെ കേൾക്കണം. മുൻവിധികളില്ലാതെ, പക്ഷപാതമില്ലാതെ, ഉപാധികളില്ലാതെ കേൾക്കാൻ സാധിക്കുമ്പോഴാണ് പറഞ്ഞത് കൃത്യമായിക്കേട്ടു എന്ന് ഒരാൾക്ക് ബോധ്യപ്പെടുകയൊള്ളു. കേൾക്കാൻ തയ്യാറാകുമ്പോൾ ഒരു ചർച്ചയല്ല നിങ്ങളുടെ ഉദ്ദേശ്യം എന്ന് മനസ്സിൽ ഉറപ്പിക്കുക.
STORY HIGHLIGHT: How to listen