പാര്‍ട്ടിക്കു മുകളില്‍ ഇപി ജയരാജനും സര്‍ക്കാരിനു മുകളില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലും തൂങ്ങിയാടുമ്പോള്‍ ഇന്ന് നടക്കുന്ന CPM സെക്രട്ടേറിയറ്റും നാളെ നടക്കുന്ന സംസ്ഥാന സമിതിയും നിര്‍ണ്ണായകമാകും. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇ.പിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്ന് ടി.പി. രാമകൃ്ണനെ കണ്‍വീനറാക്കുകയും ചെയ്തു. അന്ന് തലസ്ഥാനം വിട്ടതാണ് ഇ.പി ജയരാജന്‍. ഇപ്പോഴും കണ്ണൂരില്‍ തന്നെയുണ്ട്.
തനിക്കെതിരേ നടപടി എടുത്തിട്ട് ഏഴുദിവസം പിന്നിടുമ്പോള്‍ പാര്‍ട്ടിക്കുള്ളിലും, സര്‍ക്കാരിലും ഉണ്ടായിരിക്കുന്ന ഉള്ളുകളികള്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണ് ഇ.പി. അതേസമയം, പാര്‍ട്ടിയുമായി പ്രത്യക്ഷത്തില്‍ അകന്നിരിക്കുന്നുവെന്ന സൂചനയും നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി സെക്രട്ടേറിയറ്റ് മെമ്പറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ല. ഇത് ഇ.പിയുടെ പടിയിറക്കത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായി കണക്കാക്കാം. ഇ.പിയ്‌ക്കെതിരേ നടപടി എടുത്തതിനെ പാര്‍ട്ടീ അംഗങ്ങള്‍ പറുന്ന ന്യായം, ഈ പാര്‍ട്ടി ഇ.എം.എസിനെിരേ അച്ചടക്ക നടപടി എടുത്തിട്ടുള്ള പാര്‍ട്ടി ആണെന്നാണ്.
പിണറായി വിജയനെതിരേയും വി.എസ്. അച്യുതാനന്ദനെതിരേയും നടപടി എടുത്തിട്ടുണ്ട്. പാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാക്കളുമെന്നാണ് അണികളുടെ ഭാഷ്യം. അതുകൊണ്ടുതന്നെ ഇ.പിയുടെ വരവും പോക്കും പാര്‍ട്ടിക്ക് ഒരു പ്രശ്‌നമേ അല്ലെന്നാണ് നിഗമനം. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇപിയെ അനുകൂലിക്കാതെ തന്നെയാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. ഇ.പിയുമായി ചേര്‍ത്തു വെയ്ക്കാന്‍ നിരവധി വിഷയങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം പാര്‍ട്ടിയെ പല ഘട്ടങ്ങളിലും പ്രതിരോധത്തിലും ആക്കിയിട്ടുണ്ട്. അതൊന്നും പോരാഞ്ഞിട്ടാണ് BJP നേതാവുമായുള്ള കൂടിക്കാഴ്ച സ്വന്തം വീട്ടില്‍ നടത്തിയത്. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും സഖാക്കള്‍ പറയുന്നുണ്ട്.
ഇ.പി. പോയാല്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും സഖാകകള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, സി.പി.എമ്മിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം വളരെ മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നത ഘടകത്തിലെ നേതാവില്‍ നിന്നുണ്ടാകുന്ന പ്രവണതയും, അതിനെതിരേ പാര്‍ട്ടി കൈക്കൊള്ളുന്ന നടപടികളും എതിര്‍ ചേരികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്. പ്രത്യേകിച്ച് ബി.ജെ.പി ആര്‍.എസ്.എസിന്. പാര്‍ട്ടിക്കു വേണ്ടാത്ത ഇ.പി ജയരാജന്‍ എന്ന തരത്തിലേക്ക് ഒരാഴ്ച കൊണ്ട് മാറിയിരിക്കുകയാണ് ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ഇനി പൊട്ടിത്തെറിക്കുമോ എന്നതാണ് അറിയേണ്ടത്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇ.പി പറഞ്ഞു തുടങ്ങിയാല്‍ അത് CPMന് വലിയ ക്ഷീണം തട്ടും. അതേസമയം, പി.വി. അന്‍വര്‍ എം.എല്‍.എ. ഉയര്‍ത്തിയ ആരോപണങ്ങള്‍ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വിവാദം മാറിയതോടെ പാര്‍ട്ടിക്ക് ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കാര്യം മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് എസ്.പി സുജിത് ദാസിനെ മുഖ്യമന്ത്രി ഇന്നലെ സസ്പെന്റ് ചെയ്തത്. സെക്രട്ടറിയേറ്റില്‍ വലിയ പ്രതിരോധത്തിലേക്ക് പോകാതിരിക്കാനാണ് മുഖ്യമന്ത്രി ഈ നടപടി എടുത്തത്. സുജിത് ദാസിനെതിരെ ഫോണ്‍ സംഭാഷണം തെളിവാണ്.
അതുകൊണ്ടാണ് നടപടി. എന്നാല്‍ എം.ആര്‍. അജിത് കുമാറിനെതിരായ അന്‍വറിന്റെ ആരോപണത്തില്‍ സര്‍ക്കാരിന് വ്യക്തമായ തെളിവ് കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണകൂടുകയും ആരോപണം നേരിടുന്ന പി. ശശി ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുന്നുവെന്ന വിലയിരുത്തല്‍ സജീവമാണ്. എങ്കിലും ശശിയെയും എ.ഡി.ജി.പി. അജിത്കുമാറിനെയും മുഖ്യമന്ത്രി സംരക്ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ശശിയെ മാറ്റാനുള്ള തീരുമാനം സിപിഎമ്മിന് എടുക്കാനാകും. മുഖ്യമന്ത്രിയുടെ സ്വാധീനം പാര്‍ട്ടിക്കുള്ളില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയുമോയെന്നത് ഇന്നത്തെ യോഗത്തില്‍ നിര്‍ണായകമാണ്.
അതില്ലാതാക്കാനുള്ള നിശ്ശബ്ദവിപ്ലവം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. പാര്‍ട്ടി സമ്മേളനത്തെ സ്വാധീനിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് അന്‍വറിന്റെ ആരോപണം ഒരു വിഭാഗം ഉപയോഗിക്കുന്നത്. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ സംഘടനാ നടപടി സാധ്യമല്ല. ഇ.പി. ജയരാജനെ കണ്‍വീനര്‍സ്ഥാനത്തു നിന്ന് നീക്കിയത്, ബ്രാഞ്ച് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്താണ്. ഇതിന് മുമ്പ് പിണറായിയുടെ വിശ്വസ്തനായ പി.കെ ശശിയ്ക്കെതിരേയും നടപടിവന്നു. പി. ശശിക്കെതിരേയുള്ള പരാതി പാര്‍ട്ടി അന്വേഷിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഉടന്‍ നടപടിയുണ്ടാകില്ല. പാര്‍ട്ടി സമ്മേളനത്തില്‍ ആരാണ് സിപിഎമ്മില്‍ പിടി മുറുക്കുന്നതെന്നതാകും നിര്‍ണ്ണായകം.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ഇത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ബ്രാഞ്ച്തല സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വൈകിക്കാതെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാനാണ് ആലോചന. അന്‍വറിന്റെ ആരോപണങ്ങളോട് പാര്‍ട്ടിയിലെ ഒരു നേതാവും എതിരായി പ്രതികരിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറും പി.വി അന്‍വറിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചത്. അന്‍വറിന് പിന്തുണയുമായി സി.പി.എം. എം.എല്‍.എയായ യു. പ്രതിഭയും സി.പി.എം സഹയാത്രികരായ ഡോ. കെ.ടി. ജലീലും കാരാട്ട് റസാഖും രംഗത്തുവരികയും ചെയ്തിരുന്നു.
CONTENT HIGHLIGHTS; EP Jayarajan Quits CPM?: Protests by Not Attending Party Secretariat Meeting;