Features

നിഗൂഢതയുടെ മാറാലതൂങ്ങുന്ന ബംഗ്ലാവ്: തണുപ്പരിച്ചിറങ്ങും പ്രേതാലയം; കാണണോ അവിടം

ഇന്നും രാത്രികളില്‍ ആ ബംഗ്ലാവില്‍ നിന്നും ശബ്ദങ്ങള്‍ കേള്‍ക്കുമെന്നാണ് പറയുന്നത്

പേയും പിശാചുമൊക്കെ കെട്ടുകഥകളും കുട്ടികളെ പേടിപ്പെടുത്താനുമുള്ള ചെപ്പടി വിദ്യകളാണെന്ന് പറയുമ്പോഴും അത്തരം കഥകള്‍ മെനയുന്ന ഇടങ്ങളില്‍ ഒറ്റയ്ക്ക് തങ്ങാന്‍ ഇന്നും ആളുകള്‍ ഭയക്കുന്നുണ്ട്. എന്താണ് കാരണം എന്നു ചോദിച്ചാല്‍ മറുപടി ഉണ്ടാകില്ല. ആ ഭയം!. അതാണ് പ്രശ്‌നം. ആ സ്ഥലത്തെ അങ്ങനെ മാറ്റുന്ന സംഭവങ്ങള്‍… അവിടെയുണ്ടായിരിക്കുന്ന ദുര്‍മരണങ്ങള്‍…. ആ മരണത്തിന് വഴി വെച്ച കാരണങ്ങള്‍…. സാഹചര്യം…. ആ സ്ഥലത്തിന്റെ പ്രത്യേകതകള്‍…. അങ്ങനെ എല്ലാ ഘടകങ്ങളും ചേര്‍ന്നു വരുമ്പോഴാണ് നമ്മുടെ ഉള്ളില്‍ ഭയം രൂപപ്പെടുന്നത്.

ആ ഭയം വളര്‍ന്നു വളര്‍ന്ന് നമ്മളെ മുക്കിക്കളയുമ്പോള്‍ പ്രേതങ്ങളും പേയും തനിയെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയൊരു സ്ഥലമാണ് ബോണക്കാട്. അഗസ്ത്യമല നിരകളുടെ ചുവട്ടില്‍ ശാന്തയായി മയങ്ങുന്ന സുന്ദരിയാണ് ബോണക്കാട്. ഇടയ്ക്കു വന്ന് തഴുകിപ്പോകുന്ന കോടമഞ്ഞും. പിന്നെ തെളിഞ്ഞു കാണാനാകുന്ന തോയില കുന്നുകളും. പച്ചപ്പിന്റെ എല്ലാ സൗന്ദര്യവും നെയ്തു വെച്ചിരിക്കുന്ന കാടഴകും. ദൂരെ വെള്ളി പാദസരം പോലെ ഒഴുകുന്ന പുഴയും തെരു കാറ്റുമൊക്കെയുള്ള ബോണക്കാട്. അവിടെ കാട്ടിനുള്ളില്‍ ഒരേ സമയം ഭീതിദവും ത്രസിപ്പിക്കുന്നതുമായ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്. പലപ്പോഴും സഞ്ചാരികള്‍ കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ടെങ്കിലും പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെക്കുറിച്ച് അധികമാളുകള്‍ക്ക് അറിയില്ല എന്നതാണ് സത്യം.

പക്ഷെ കേട്ടറിഞ്ഞല്ല, കണ്ടറിയണം ബോണക്കാടെന്ന സുന്ദരിയെ. അനുഭവിക്കുകയും വേണം. അത്രകണ്ട് വശ്യ മനോഹരിയാണ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു സ്ഥലം കൂടിയാണിത്. പക്ഷെ, ബോണക്കാടേക്ക് പോകണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം. തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ബോണക്കാട്. പൊന്‍മുടി മെയിന്‍ റോഡില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരമുണ്ട്. അഗസ്ത്യ പര്‍വതനിരകളുടെ കാഴ്ചകള്‍ കണ്ട് ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര പറഞ്ഞറിയിക്കാനാവാത്തതാണ്. വിതുരയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ ഉണ്ടാകും.മുകളിലേക്കുള്ള വഴിയില്‍ കാഴ്ചകള്‍ ഇടതടവില്ലാതെ കാണാന്‍ ഒരു വാച്ച് ടവറുണ്ട്.

ഇവിടെ നിന്നും നോക്കിയാല്‍ പേപ്പാറ ഡാമും പച്ച പിടിച്ച മലനിരകളും ബോണക്കാട് എസ്റ്റേറ്റ് ഫാക്ടറിയും കെട്ടിടങ്ങളുമെല്ലാം ദൂരക്കാഴ്ചയ്ക്ക് മിഴിവേകും. ബോണക്കാട് ചെക്ക് പോസ്റ്റ് കഴിഞ്ഞ് 12 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര. ആ യാത്രയുടെ അവസാനം കാണാന്‍ കഴിയുന്ന ഒരു പഴയ ബംഗ്ലാവ്. ബംഗ്ലാവ് തുടങ്ങുന്നിടത്ത് കാട് തീരുന്നു. ബംഗ്ലാവിനു മുമ്പില്‍ ഒരു വലിയ മരമുണ്ട്. അചിനെ ക്രിസ്മസ് ട്രീ എന്നാണ് വിളിക്കുന്നത്. ത്രികോണാകൃതിയില്‍ മേല്‍പ്പോട്ട് കൂര്‍ത്ത് പോയിരിക്കുന്ന മരം ഒരടയാളമാണ്. അവിടുന്ന് ബംഗ്ലാവിലേക്ക്. അകത്തേക്കു കയറുമ്പോള്‍ ഒരു ബ്രിട്ടീഷ് മണമുള്ള കാറ്റ് വീശിയോ എന്ന് തോന്നും. അകത്ത് ആരുടെയൊക്കെയോ അനക്കമോ സാമീപ്യമോ ഉള്ളതു പോലെ…

നിശബ്ദതയാണ് എവിടെയും. ചീവീടുകള്‍ നിര്‍ത്താതെ കരയുന്നുണ്ടാകും. കാടിനുള്ളില്‍ അടിക്കുന്ന കാറ്റിന്റെ ഹൂങ്കാരം കേള്‍ക്കാം. മരങ്ങള്‍ ഉരഞ്ഞുണ്ടാകുന്ന ശബ്ദവും ചെരുതായി കേള്‍ക്കാനാകും. ഈ പശ്ചാത്തലത്തിലാണ് ബംഗ്ലാവിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് പോകേണ്ടത്. ഒന്നര നൂറ്റാണ്ടു മുന്‍പേ എത്തിയ വെള്ളക്കാര്‍ ഈ പ്രദേശത്ത് തേയിലക്കൃഷി തുടങ്ങി. 2500 ഏക്കര്‍ സ്ഥലത്ത് കാടു വെട്ടിത്തെളിച്ച് അവര്‍ തേയിലച്ചെടികള്‍ നട്ടു. നാട്ടുകാരായിരുന്നു തൊഴിലാളികള്‍. അവര്‍ക്ക് താമസിക്കാനായി ലായങ്ങളും പണിതു. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ക്ക് കുടുംബസമേതം താമസിക്കാനായി 1951ല്‍ പണിതതാണ് ഈ ബംഗ്ലാവ്.

താമസം തുടങ്ങി അധികകാലം കഴിഞ്ഞില്ല, അദ്ദേഹത്തിന്റെ 13കാരിയായ മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മരിച്ചത് എങ്ങെയാണെന്ന് അറിയില്ലെങ്കിലും സായിപ്പിന് ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു ആ കുട്ടി. മകളുടെ മരണം സായിപ്പിനെ വല്ലാതെ തളര്‍ത്തി. ഇതോടെ ഇന്ത്യ മടുത്ത സായിപ്പ് ലണ്ടനിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഥ. അവളുടെ പൊട്ടിച്ചിരികളും കരച്ചിലും അട്ടഹാസങ്ങളും കേട്ടുവെന്നും പലരും പറയുന്നു.

ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് ശാന്തി കിട്ടാതെ അവിടെ അലയുന്നുണ്ട് എന്നാണ് കഥ. വിറകു പെറുക്കാനായി ഇവിടെ എത്തിയ ഒരു നാടന്‍ പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടായതായി മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എഴുതാനും വായിക്കാനും അറിയാതിരുന്ന ആ പെണ്‍കുട്ടി, ബംഗ്ലാവില്‍ പോയി വന്നതിനു ശേഷം പെട്ടെന്ന് സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രേ. എന്നാല്‍ അതിനു ശേഷം കുറച്ചു കാലമേ ആ പെണ്‍കുട്ടി ജീവിച്ചുള്ളൂ. ഇപ്പോഴും ബംഗ്യാവില്‍ നിന്നും രാത്രികാലങ്ങളില്‍ ഉച്ചത്തില്‍ നിലവിളികള്‍ കേള്‍ക്കാറുണ്ട്.

അടക്കിപ്പിടിച്ച കരച്ചിലും കേള്‍ക്കാറുണ്ടെന്നും ചിലര്‍ പറുന്നു. ഇങ്ങനെ നിരവധി കഥകളാണ് ആ ബംഗ്ലാവിനു ചുറ്റുമുള്ളത്. എന്തൊക്കെയായിരുന്നാലും ഈ കഥകള്‍ക്കു പിന്നിലെ സത്യമെന്താണ് എന്ന് ആര്‍ക്കുമറിയില്ല. തൊഴിലാളി സമരത്തെ തുടര്‍ന്നാണ് തോട്ടവും തേയിലഫാക്ടറിയും പില്‍ക്കാലത്ത് പൂട്ടിപ്പോയത്. ഇതോടെ എസ്റ്റേറ്റും ലായങ്ങളുമെല്ലാം ഉപയോഗശൂന്യമായി നശിച്ചു. ഇന്ന് ഒരു അസ്ഥികൂടം മാത്രമാണ് ഈ ബംഗ്ലാവ്. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടമാണ് ഈ ബംഗ്ലാവ്. വിശാലമായ നാല് മുറികള്‍. കുളിമുറികളിലാവട്ടെ, ബാത്ത്ടബ്ബ് അടക്കമുള്ള സൗകര്യമുണ്ട്.

കിടപ്പുമുറിയിലും സ്വീകരണമുറിയിലും പാശ്ചാത്യ രീതി അനുസരിച്ച് തീ കായാനുള്ള നെരിപ്പോടുമുണ്ട്. മൊസൈക്ക് പാകിയ തറകള്‍. അങ്ങനെ പ്രൗഢ ഗംഭീരമായിരുന്നു ആ ബംഗ്ലാവ്. കേരളത്തിലെ പ്രേതബാധയുള്ള സ്ഥലങ്ങളെപ്പറ്റി ഗൂഗിളില്‍ ചെയ്തു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കില്‍ ഗൂഗിള്‍ ചെയ്തു നോക്കൂ. അങ്ങനെ തിരഞ്ഞാല്‍ ആദ്യം വരുന്ന പേര് ’25 ജിബി ബോണക്കാട്’ എന്നാണ്. ബോണക്കാടുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിച്ചിരിക്കുന്നത്. എന്നാല്‍, ബംഗ്ലാവിന്റെ യഥാര്‍ത്ഥ പേര് 25 ജിബി എന്നല്ല.

ബംഗ്ലാവിന്റെ ഗേറ്റിനടുത്തു കാണുന്ന ഒരു ചെറിയ ഫലകത്തില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ഇത് കണ്ടിട്ടാണ് ബംഗ്ലാവിന്റെ പേരെന്ന രീതിയില്‍ ഇത് പ്രചരിച്ചത്. അത് ബംഗ്ലാവിന്റെ ഗെയിറ്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മറ്റൊരു കെട്ടിടത്തിന്റെ പേരാണ്. ബംഗ്ലാവിലെ പ്രേതശല്യം പുറംലോകത്തേക്ക എത്തിക്കുമ്പോള്‍ വിശ്വസനീയമാകണമെങ്കില്‍ ദുരൂഹതകള്‍ വേണം. അതിനാണ് ബംഗ്ലാവിന്റെ പേര് ’25 ജിബി ബോണക്കാട്’ എന്ന് ആക്കിയത്. ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ എന്തോ ഒരു പന്തികേടു പോലെ തോന്നും. എന്നാല്‍, ബംഗ്ലാവിന്റെ യഥാര്‍ത്ഥ പേര് ബി 2 എന്നാണ്.

വിദേശികളായ ജോണി, ബ്രൗണ്‍ എന്നിവര്‍ മാനേജര്‍മാരായിരുന്നപ്പോഴാണ് ‘ബി 2 ബംഗ്ലാവ്’ നിര്‍മ്മിച്ചത്. 1961-62 കാലത്തായിരുന്നു നിര്‍മ്മാണം. ഇവര്‍ രണ്ടു പേരും കുടുംബസമേതമല്ല ബംഗ്ലാവില്‍ താമസിച്ചിരുന്നത്. നാരായണ്‍ കപൂര്‍ എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു അന്ന് എസ്റ്റേറ്റ്. കുടംബ സമേതം ഒരു സായിപ്പും ഈ ബംഗ്ലാവില്‍ താമസിച്ചിട്ടില്ലെന്നും, പെണ്‍കുട്ടിയെ കുറിച്ച് ആര്‍ക്കും അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൊരു സത്യം ഇതാണ്. ബോണക്കാടിനെ കുറിച്ചുള്ള പ്രേതകഥ ബോണക്കാടുള്ളവര്‍ക്ക് അറിയില്ല. പുറം ലോകത്ത് എല്ലാവര്‍ക്കുമറിയാം എന്നതാണ്. അപ്പോള്‍ എന്തായിരിക്കും സത്യം. അതറിയണമെങ്കില്‍ ബോണക്കാട് പോയേ മതിയകൂ.

 

content highlights; the-dangling-bungalow-of-mystery-a-chilling-haunted-house-do-you-want-to-see-that-place-bonakkad-bunglaw