Features

“ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ” പിന്നല്ലേ മമ്മുക്കയെ: ജീവിതംകൊണ്ട് പ്രായത്തെ തോല്‍പ്പിച്ച മനുഷ്യന്റെ പിറനാള്‍ ഇന്നാണ്

പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി അഥവാ പി.ഐ മുഹമ്മദ് കുട്ടി

‘മമ്മൂട്ടി’ എന്ന പേരിനോട് ഇഷ്ടം തോന്നാത്തവര്‍ ആരാണുള്ളത്. മലയാളികള്‍ക്കെല്ലാം ആ പേര് ഒരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഹൃദയരക്തത്തില്‍ അലിഞ്ഞുപോയ മഹാനടന്റെ ജന്മദിനമാണ് ഇന്ന്. ജീതംകൊണ്ട് പ്രായത്തെ മറികടന്ന മമ്മുക്കയ്ക്ക് വയസ്സ് വെറുമൊരു നമ്പര്‍ മാത്രമാണ്. മലയാളികളുടെ മനസില്‍ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരം. പ്രിയപ്പെട്ട മമ്മൂക്കാ പിറനാള്‍ ആശംസകള്‍. ആയുരാരോഗ്യ സൗഖ്യത്തോടെ ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ കാണാന്‍ കഴിയട്ടെ ഇനിയും. മമ്മുക്കയുടെ വയസ്സ് ഇവിടെ കുറിക്കാത്തത്, അതിനൊരു പ്രസക്തിയും ഇല്ലാത്തതു കൊണ്ടുമാത്രമാണ്.

1951 സെപ്റ്റംബര്‍ 7ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. പാണപ്പറമ്പില്‍ ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായിരുന്നു അദ്ദേഹം. ഒരു സാധാരണ മുസ്ലീം കുടുംബം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നതും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളില്‍ സജീവമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദമെടുത്തു. എറണാകുളം ഗവണ്‍മെന്റ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങി. മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരന്‍ നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചു. കറുത്ത കോട്ട് ഊരിമാറ്റിയ ശേഷം മലയാളികളുടെ മനസ്സിലേക്ക് കയറി ഇരിക്കാനുള്ള ഓട്ടത്തിലായിരുന്നു പിന്നീടങ്ങോട്ട്.

മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇക്കാലത്തിനിടയില്‍ അഭ്രപാളിയില്‍ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രമില്ല. അദ്ദേഹം പകര്‍ത്താത്ത ഭാവങ്ങളില്ല. മമ്മുക്ക കരഞ്ഞാല്‍ കൂടെ കരഞ്ഞും, ചിരിച്ചാല്‍ കൂടെ ചിരിച്ചും മലയാളികള്‍ ഒപ്പം സഞ്ചരിച്ചു. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് ഈ പിറനാള്‍ ദിനത്തിലും പറയാനുള്ളത്. ഇക്കാലത്തിനിടയില്‍ എണ്ണമെടുക്കാനാവാത്ത അത്രയും സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രശസ്തരും അപ്രശസ്തരുമായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. നല്ലതും മോശവുമായ അനുഭവങ്ങളിലൂടെ അഭിനയ ജീവിതം മുന്നേറി.

വ്യതസ്ത്യ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. കെട്ടിലും മട്ടിലും മലയാള സിനിമയെ തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരനെപ്പോലെ തോന്നിക്കുമാറ് മമ്മുക്ക ഇന്നും നിലകൊള്ളുകയാണ്. എതിരളിയില്ലാതെ, എതിര്‍വാക്കുകളില്ലാതെ. മലയാള സിനിമയെ അടയാളപ്പെടുത്തുമ്പോള്‍ ആദ്യം പറുന്ന പേരും മമ്മൂട്ടി എന്നു തന്നെയാണ്. ആ പേരിനു ശേഷമേ മറ്റേതൊരു പേരും എഴുതപ്പെടൂ. അതാണ് അദ്ദേഹത്തിന്റെ മഹത്വവും. സിനിമയും ജീവിതവും സംശുദ്ധമായി കൊണ്ടുപോകാന്‍ എന്നും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറുമല്ല. അതു തന്നെയാണ് മമ്മുക്കയുടെ ജീവിത രഹസ്യവും.

പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി (പി.ഐ മുഹമ്മദ് കുട്ടി) എന്നായിരുന്നു മമ്മൂട്ടിയുടെ മുഴുവന്‍ പേര്. പ്രായം കൂടിയ ആളുടെ പേരാണ് മുഹമ്മദ് കുട്ടി എന്നായിരുന്നു അക്കാലത്ത് മമ്മൂട്ടി ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ കോളേജില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ തന്റെ പേര് ഒമര്‍ ഷെരീഫ് എന്നായിരുന്നു പറഞ്ഞിരുന്നത്. കുറച്ചുകാലം ഒമര്‍ ഷെരീഫ് എന്ന പേരില്‍ കോളേജില്‍ നടന്നെങ്കിലും ഒരു ദിവസം പുസ്തകത്തിനുള്ളില്‍ ഭദ്രമായി വച്ചിരുന്ന തന്റെ കോളേജ് ഐഡന്റിറ്റി കാര്‍ഡ് സുഹൃത്തുക്കളില്‍ ഒരാള്‍ കണ്ടെത്തി. ഇതോടെ പേരിലെ ആ കള്ളം പൊളിഞ്ഞു. ഡാ, നീ മമ്മൂട്ടിയാണോ എന്നായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ് കണ്ട് സുഹൃത്ത് ചോദിച്ചത്.

പണ്ട് ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മമ്മൂട്ടി ഇക്കാര്യം ഓര്‍മ്മിച്ചെടുത്ത് പറഞ്ഞിട്ടുണ്ട്. പിന്നീട് സിനിമയില്‍ എത്തിയപ്പോഴേക്കും മമ്മൂട്ടി എന്ന പേരിനോട് ഒരു ഇഷ്ടം അദ്ദേഹത്തിന് വന്നു. എന്നാല്‍ ഈ പേര് പറ്റില്ലെന്നും മറ്റൊരു പേര് ഉപയോഗിക്കണമെന്നും സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ ആവശ്യപ്പെട്ടു. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത സ്‌ഫോടനത്തില്‍ സജിന്‍ എന്ന പേരായിരുന്നു ഉപയോഗിച്ചത്. പോസ്റ്ററുകള്‍ സജിന്‍ എന്ന പേരിനൊപ്പം ബ്രാക്കറ്റില്‍ മമ്മൂട്ടി എന്ന പേരും ഉപയോഗിച്ചു. എന്നാല്‍ ഏറെ വൈകാതെ തന്നെ മമ്മൂട്ടി എന്ന പേരിലേക്ക് തിരിച്ചെക്കുകയായിരുന്നു.

മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂക്കയുടേത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടിയെ ഏഴു തവണ തേടിയെത്തി. ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ മമ്മൂക്ക സ്വന്തമാക്കി. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. അന്നത്തെ താരങ്ങളായ സത്യന്‍, നസീര്‍, ഷില എന്നിവരെ നിരത്തി സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ തുടങ്ങിയ നടന്‍ ഇന്ന് സിനിമാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. ഷോട്ടിന്റെ ഇടവേളയില്‍ മയങ്ങുന്ന സത്യന്‍ മാസ്റ്ററുടെ കാല്‍ തൊട്ട് വണങ്ങിയാണ് മമ്മൂട്ടി എന്ന നടന്‍ സിനിമയുടെ വിസ്മയലോകത്തേക്ക് കാലെടുത്തുവച്ചത്.

ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ തുടക്കം. ഒരുപക്ഷെ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തില്‍ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരന്‍ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തില്‍ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങള്‍ പാളിച്ചകളാണ് ‘. ആദ്യകാല സിനിമകളില്‍ പലതിലും മമ്മൂട്ടിയെ ഡബ്ബ് ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, സ്‌ഫോടനം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത് മറ്റ് പലരുമായിരുന്നു.

എന്നാല്‍ അധികം വൈകാതെ മമ്മൂട്ടി തന്നെ തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങി. എം.ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. 1980ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നുമാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം ആരംഭിക്കുന്നത്. 1981 പുറത്തിറങ്ങി തൃഷ്ണയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 500ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു.

1980ല്‍ മമ്മൂട്ടി വിവാഹിതനായി. സുല്‍ഫത്താണ് ഭാര്യ. ദുല്‍ഖര്‍ സല്‍മാന്‍, കുട്ടി സുറുമി എന്നിവരാണ് മക്കള്‍. 2002ല്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്തേക്ക് കടന്നു. കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കൈയില്‍ ഭദ്രമാണെന്ന് പലയാവര്‍ത്തി തെളിയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍, കോട്ടയത്തുകാരന്‍ കുഞ്ഞച്ചന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരന്‍ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്‌കര പട്ടേലര്‍, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തന്‍ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും മമ്മൂക്കയുടെ കൈകളില്‍ ഭദ്രമായിരുന്നു.

സ്‌റ്റൈലിഷ് വേഷങ്ങളും പൊന്തന്‍മാടയെപ്പോലുള്ള വേഷങ്ങളും കൈയ്യിണക്കത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക. സൂര്യമാനസത്തിലെ പുട്ടുറുമീസും, മൃഗയയിലെ വാറുണ്ണിയും, ആവനാഴിയിലെ കാടന്‍ പോലീസുകാരനും ദി കിംഗിലെ തോവള്ളിപ്പറമ്പനുമൊക്കെ ഇന്നും ജീവിക്കുന്നുണ്ട് ഓരോ മലയാളിയുടെയും മനസ്സില്‍. മമ്മുക്കയുടെ സമ്മര്‍ ഹെയര്‍സ്‌റ്റൈല്‍ ചീകാത്ത യുവാക്കളുണ്ടോ. സമ്മര്‍ സ്‌റ്റൈലും പങ്ക് സ്റ്റൈലുമെല്ലാം കോളേജുകളിലെ ട്രെന്റായി മാറിയിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ സൂപ്പര്‍ സ്റ്റാറും മമ്മൂട്ടിയാണ്. ലാല്‍ജോസ്, അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ് ഇങ്ങനെ എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്.

നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടന്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്ന ചോദ്യത്തിന്, ”നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കെപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.” എന്നായിരുന്നു മഹാ നടന്റെ മറുപടി. അന്‍വര്‍ റഷീദും ആഷിഖ് അബുവും അമല്‍ നീരദും മമ്മൂട്ടി പഠിച്ച മഹാരാജാസ് കോളേജില്‍ നിന്നും ഉര്‍ന്നു വന്നവരാണ്.

കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. മമ്മൂട്ടി അഭിനയിച്ച സിനിമകളെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. മലയാളികള്‍ക്ക് മനപ്പാഠമായ സിനിമകളെ കുറിച്ച് പറയുന്നതോ എഴുതുന്നതോ അധിക പ്രസംഗമായിപ്പോകും. എങ്കിലും അദദേഹ്തിന്റെ പിറനാള്‍ ദിവസം പറയാനുള്ളത്, ഇന്നും മലയാള സിനിമയിലെ ‘ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ’ എന്നാണ്. അത് പ്രായം കൊണ്ടായാലും ജീവിതം കൊണ്ടായാലും അഭിനയം കൊണ്ടായാലും.

CONTENT HIGHLIGHTS;”You can’t defeat Chantu, children” Pinnalle Mammukkaye: Today is the birthday of the man who defeated age with his life.