കഴിഞ്ഞ കുറേ ദിവസങ്ങളായി സജീവ ചര്‍ച്ചയ്ക്കും ദുസൂചനകള്‍ക്കും വഴിവെച്ചിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നമാണ് കേരളത്തിലെ തെക്കുഭാഗത്തു നിന്നുള്ള ഒരു എം.പി ബി.ജെ.പിയില്‍ ചേരുമെന്നത്. ഇത് വെറുമൊരു വിവാദ വാര്‍ത്തയായി മാത്രം കാണാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍, പ്രത്യക്ഷമായി തിരുവനന്തപുരം എം.പി ശശി തരൂരിനെ ഉന്നംവെച്ചുള്ളതാണെന്ന് വ്യക്തമായതോടെ എം.പിയുമായി അടുപ്പമുള്ളവര്‍ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, കേരളത്തിന്റെ തെക്കു ഭാഗത്തു നിന്നുള്ള ഒരു എം.പി ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഒരു ദേശീയ മാധ്യമത്തില്‍ രണ്ടുദിവസം മുമ്പു വാര്‍ത്ത വന്നിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് ചില മലയാള മാധ്യമങ്ങളും വാര്‍ത്ത കൊടുത്തിരുന്നു. ഇതോടെയാണ് ബി.ജെ.പി പ്രവേശനത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള വാതില്‍ തുറന്നിട്ടോ എന്ന ഭീതി പടര്‍ന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുമ്പോള്‍ കേന്ദ്ര ബിന്ദുവാകുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എന്നതായിരുന്നു വസ്തുത. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നത്.
തരൂരിന്റെ ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും ഒപ്പം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരുടേയും യോഗം നടന്നിരുന്നു. ഈ യോഗത്തിന്റെ അജണ്ട എന്താണെന്ന് ആരാഞ്ഞ് ഡല്‍ഹിയിലെ എം.പിയുടെ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. എന്നാല്‍ യോഗത്തിലെ അജണ്ട സംബന്ധിച്ച വിവരങ്ങള്‍ എം.പി ഓഫീസിന് ലഭിച്ചില്ലെന്നും വാര്‍ത്തകള്‍ വന്നു. രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം കാലങ്ങളായി മോശം അവസ്ഥയിലാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി തരൂര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ക്കാണാനായി അപ്പോയിന്‍മെന്റിന് ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇത് ശശി തരൂരിനെ മാനസികമായി പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നാണ് സൂചന. ഡല്‍ഹിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ തരൂര്‍ വിദേശയാത്രയ്ക്ക് പോയതും രാഹുലിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ട് ശശിതരൂരിനെ സംശയിക്കുന്നുണ്ടെങ്കില്‍ അതിനെ തെറ്റു പറയാനൊക്കില്ല. പക്ഷെ, തെക്കന്‍ കേരളത്തില്‍ നിന്നുള്ള എം.പി എന്നു പറയുമ്പോള്‍ അതില്‍ ശശിതരൂര്‍ മാത്രം ഉള്‍പ്പെടുന്നതെങ്ങനെ എന്നാണ് മറുചോദ്യം ഉയരുന്നത്.
കേരളത്തിന്റെ തെക്കുള്ള എംപിമാര്‍ ആരൊക്കെ
കേരളത്തിന്റെ തെക്കുഭാഗമെന്നു പറയുമ്പോള്‍ അത് തിരുവനന്തപുരം മാത്രമാണെന്ന് ധരിച്ചു വശായിരിക്കുന്നവര്‍ക്ക് തെറ്റി. തിരുവനന്തപുരം മാത്രമല്ല, കൊല്ലവും പത്തനംതിട്ടയും, ആലപ്പുഴയും തെക്കന്‍ കേരളത്തില്‍പ്പെടും. ഇവിടെയുള്ള എം.പിമാരെയെല്ലാം ഇപ്പോഴുള്ള വിവാദത്തില്‍ കൂട്ടിക്കെട്ടാനുമാകും. എന്നാല്‍, ലോകശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തി എന്ന നിലയില്‍ ശശിതരൂരിനെ സംശയിക്കുന്നത് ന്യായമാണ്. പക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തില്‍ വീഴാന്‍ സാധ്യതയുള്ളവര്‍ വേറെയുമുണ്ട്. കൊല്ലം എം. എന്‍.കെ പ്രേമ ചന്ദ്രനെയും സംശയിക്കാം. പത്തനംതിട്ട എം.പി ആന്റോ ആന്റണിയെയും സംശയിക്കാം. ആലപ്പുഴ എം കെ.സി വേണുഗോപാലിനെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്താം.
കെസി. വേണുഗോപാല്‍ (ആലപ്പുഴ)
ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ AICC ജനറല്‍ സെക്രട്ടറി കൂടിയാണ്. നിലിവല്‍ അദ്ദേഹം പാര്‍ട്ടിയിലും മുന്നണിയിലും സേഫാണ്. അതുകൊണ്ട് അദ്ദേഹം ബി.ജെ.പിയിലേക്ക് ചാടുമെന്ന് തത്ക്കാലം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഭാവി രാഷ്ട്രീയത്തില്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. നിലവിലെ സാഹചര്യത്തില്‍ കെ.സി. വേണുഗോപാല്‍ സേഫാണ്. അപ്പോള്‍ ആ വാര്‍ത്തയുടെ മുന കെ.സിയെ അലട്ടുന്നില്ല എന്നുറപ്പിക്കാം. മാത്രമല്ല, രാഹുല്‍ഗാന്ധി കഴിഞ്ഞാല്‍ AICCയില്‍ കെ.സിയെ വെട്ടാന്‍ മറ്റാരുമില്ല. AICC പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്കു പോലും കെ.സി. വേണുഗോപാലിനെതിരേ ഒന്നും ചെയ്യാനാകില്ല. അങ്ങെയുള്ള സാഹചര്യത്തില്‍ ബി.ജെ.പി പ്രവേശത്തെ കുറിച്ച് കെ.സി എന്തിനു ചിന്തിക്കണം.
ആന്റോ ആന്റണി (പത്തനംതിട്ട)
പത്തനംതിട്ട എം.പി ആന്റോ ആന്റണിയാണ് അടുത്ത തെക്കന്‍കാരന്‍. ആന്റോ ആന്റണി ബി.ജെ.പിയിലേക്ക് പോകുമെന്ന് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയും. ബി.ജെ.പി സീറ്റില്‍ മത്സരിക്കാന്‍ മോഹിച്ച പി.സി ജോര്‍ജ്ജിനെ വെട്ടിയാണ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചത്. എന്നാല്‍, പത്തനംതിട്ടയില്‍ കാലുറപ്പിക്കാന്‍ പി.സി ജോര്‍ജ്ജ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ആന്റോ ആന്റണിയെ ബി.ജെ.പിയിലെത്താക്കാനുള്ള തന്ത്രം പി.സി. ജോര്‍ജ്ജില്‍ നിന്നും പ്രതീക്ഷിക്കാം. കേന്ദ്രസഹമന്ത്രിപദം വെച്ചു നീട്ടിയാല്‍ ആന്റോ ആന്റണി വീഴില്ലെന്ന് പറയാനൊക്കില്ല.
കാരണം, പത്തനംതിട്ടയില്‍ നടന്ന ഒരു യോഗത്തില്‍ KPCC അധ്യക്ഷനെ മാറ്റി പറഞ്ഞ് അബദ്ധത്തില്‍ ചാടിയത് ആന്റ ആന്റണിയാണ്. KPCC അധ്യക്ഷന്‍ കെ. സുധാകരനെ മാറ്റി BJP അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പേരാണ് പറഞ്ഞത്. മന്‌സിലുള്ളത് പുറത്തു വന്നതാണോ എന്നൊരു സംശയവും കോണ്‍ഗ്രസ് അണികള്‍ പറയുന്നുണ്ട്. ആരൊക്കെയാണ് ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ച നടത്തിയിരിക്കുന്നതെന്ന് പറയാനൊക്കാത്ത കാലമാണിപ്പോഴെന്നും നല്ല കോണ്‍ഗ്രസ്സുകാര്‍ പറയുന്നുണ്ട്. ഇതൊക്കെ വെറും സംശയങ്ങളാണെന്നു പറയുമ്പോഴും നാളത്തെ സത്യവും ആകാമെന്നും പറയുന്നുണ്ട്.
എന്‍.കെ. പ്രേമചന്ദ്രന്‍ (കൊല്ലം)
ഇനിയും കേണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് സ്വാഭാവികമായും ചിന്തിക്കാന്‍ വകയുള്ള എം.പിയാണ് എന്‍.കെ. പ്രമേചന്ദ്രന്‍. ഇപ്പോള്‍ ബി.ജെ.പിയില്‍ പോയാല്‍ തന്നെ പരിഗണിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടായിരിക്കും. കാരണം, അദ്ദേഹത്തിന് ഇഷ്ടമുള്ള എം.പി കൂടിയാണ് പ്രേമചന്ദ്രന്‍. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയുടെ അവസാന കാലത്ത് നടന്ന അവസാന പാര്‍ലമെന്റ് യോഗത്തിനു ശേഷം പ്രധാനമന്ത്രി കാണാനും സംസാരിക്കാനും ആഗ്രഹിച്ച കുറച്ച് എം.പിമാരില്‍ പ്രധാനിയായിരുന്നു പ്രേമചന്ദ്രന്‍. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണവും കഴിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ആ ക്ഷണം ലഭിച്ചതും, കൂടിക്കാഴ്ച നടന്നതും. പ്രധാനമന്ത്രിക്കൊപ്പമുണ്ടായ സമയത്ത് രാഷ്ട്രീയം അല്‍പ്പം പോലും ഉണ്ടായില്ല. എന്നാല്‍, ആ കൂടിക്കാഴ്ച ഒരുപാട് തലങ്ങളില്‍ ചര്‍ച്ചയക്കു വിധേയമായി. പ്രേമചന്ദ്രന്റെ രാഷ്ട്രീയ അസ്ഥിത്വത്തെപ്പോലും ചോദ്യം ചെയ്യുന്നതായി. എന്നാല്‍, പ്രേമചന്ദ്രനു മാത്രം കുലുക്കമുണ്ടായില്ല. കൊല്ലം സീറ്റ് പ്രേമചന്ദ്രനു നല്‍കുന്നതില്‍ കോണ്‍ഗ്രസും ഭയപ്പെട്ടില്ല. എന്നാല്‍, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രമേചന്ദ്രന്‍ ഇങ്ങനെയൊരു ചര്‍ച്ച ബി.ജെ.പിയുമായി നടത്തിയിട്ടുണ്ടാകെന്ന് സ്വാഭാവികമായി ചിന്തിച്ചാല്‍ അതിനെ തെറ്റു പറയാനൊക്കില്ല എന്നതാണ് വസ്തുത.
ശശി തരൂര്‍ (തിരുവനന്തപുരം)
തിരുവനന്തപുരത്തിന്റെ എംപിയാണ് ശശിതരൂര്‍. ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലെ ഡാലസിലാണ് ഉള്ളത്. തരൂരാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പരക്കുന്നുണ്ട്. നാലം തവണയാണ് അദ്ദേഹം തിരുവനന്തപുരം എം.പിയാകുന്നത്. ഒരു തവണ കേന്ദ്രസഹമന്ത്രിയുമായിട്ടുണ്ട്. ഇനി കോണ്‍ഗ്രസില്‍ നിന്നും പ്രത്യേകിച്ചൊന്നും കിട്ടാനില്ലെന്ന് ഉറപ്പായിട്ടുണ്ട്. സംഘടനാ ചുമതലയൊന്നും തരൂരിന് ഇതുവരെ നല്‍കിയിട്ടില്ല. പാര്‍ലമെന്ററി രംഗത്ത് ഇനിയൊരു മത്സരത്തിന് സാധ്യതയുമില്ല.
കോണ്‍ഗ്രസ് മന്ത്രിസഭ കേന്ദ്രത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വാഭാവിമായി ശശിതരൂര്‍ ബി.ജെ.പിയിലേക്ക് പോകുമോ എന്ന സംശയം കോണ്‍ഗ്രസ്സുകാര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡ് അവഗണിക്കുന്നു, ഒരു രണ്ടാംനിര നേതാവിന്റെ പരിഗണന മാത്രമേ കൊടുക്കുന്നുള്ളൂ, രാഹുല്‍ ഗാന്ധി വളരെ അകല്‍ച്ച കാട്ടുന്നു, ലോക്‌സഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷസ്ഥാനം തന്നെ അവഗണിച്ച് കെ.സി.വേണുഗോപാലിന് കൊടുത്തു, തന്നെ പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു എന്നിങ്ങനെയുള്ള പരാതികള്‍ തരൂരിനുണ്ടെന്നാണ് മറ്റു സൂചനകള്‍. എന്നാല്‍, ഇതിനെ ബലപ്പടുത്തുന്ന തെളിവുകളൊന്നും അവരുടെ കൈയ്യിലില്ല.
എന്നാല്‍, അദ്ദേഹം സ്ഥലത്തില്ലാത്ത തക്കം നോക്കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് തരൂരിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഡല്‍ഹി പത്രത്തില്‍ വന്ന വാര്‍ത്ത ഒരുപക്ഷേ സൈബര്‍ സഖാക്കള്‍ പ്ലാന്റ് ചെയ്തതാകാമെന്നും പറയുന്നുണ്ട്. ‘ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് ജീവിതകാലം മുഴുവന്‍ താന്‍ എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളതിന് വിരുദ്ധമാവുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. ബി.ജെ.പി സഹകരണത്തിന് തരൂര്‍ ഒരിക്കലും തയ്യാറാകില്ലെന്നാണ് എംപിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം തന്റെ പേര് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയും തരൂര്‍ എടുത്തേക്കും.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ശശി തരൂര്‍ ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിക്കുന്നുണ്ട്. അതിനുശേഷം രാഹുല്‍ ഗാന്ധിയോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.പി.എന്‍.സിംഗ്, മിലിന്ദ് ദേവ്ര, റീത്താ ബഹുഗുണ, സുസ്മിതാ ഡേ തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയി. അന്നൊന്നും തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോയില്ല. തന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നത് ആരെന്ന് കണ്ടെത്താനും തരൂര്‍ ശ്രമിക്കുമെന്നാണ് അറിയുന്നത്.
CONTENT HIGHLIGHTS;Who is that southern district MP?: BJP is waiting for Sasitaroor or N.K. Premachandran?