Features

ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിനെതിരേ ആയുധമെടുക്കുന്നു: പി.വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

രാജ്ഭവനും സര്‍ക്കാരും തമ്മിലുളള രണ്ടാംഘട്ട പോരാട്ടത്തിന് തുടക്കമിട്ടു കൊണ്ട് ഫോണ്‍ ചോര്‍ത്ത വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് ചോദിച്ച് ഗവര്‍ണര്‍. മുഖ്യമന്ത്രി പണറായി വിജയനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദം അതീവ ഗൗരവമുള്ള വിഷയമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണ്. താനും ഫോണ്‍ ചോര്‍ത്തി എന്ന അന്‍വറിന്റെ തുറന്നുപറച്ചിലും അതേ രീതിയില്‍ തന്നെ കാണേണ്ട ഒന്നാണ്.

ഇതാണ് ഗവര്‍ണര്‍ ആയുധമാക്കിയിരിക്കുന്നത്. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണ്ണറിന്റ കത്തില്‍ സര്‍ക്കാരിനും അന്‍വരിനും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചിലര്‍ ഇടപെടുന്നു എന്നാണ് ഗവര്‍ണ്ണറിന്റ കത്തില്‍ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അന്‍വറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോണ്‍ ചോര്‍ത്തിയതും ഗുരുതര കുറ്റമാണെന്നും ഗവര്‍ണ്ണറിന്റെ കത്തില്‍ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളില്‍ പൊലീസിനുള്ള ക്രിമിനല്‍ ബന്ധം വ്യക്തമാണ്. സര്‍ക്കാരിനെതിരേ കടുത്ത നിലപാടെടുക്കാന്‍ തന്നെയാണ് ഗവര്‍ണര്‍ ഈ ഘട്ടത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മുഖ്യമന്ത്രിയെ നോട്ടമിട്ടുള്ള നീക്കത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരുന്ന നടപടിയാണിത്. പി.വി അന്‍വര്‍ ചെയ്ത തെറ്റിനെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ എന്നത്, ഒരാളുടെ സ്വകാര്യതടെ ചോദയം ചെയ്യുന്ന സംഭവമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയും ഫോണ്‍ ചോര്‍ത്തിയ ആരോപണത്തില്‍ പെട്ടിട്ടുണ്ട്.

ഇതിനും മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. കേരളാ പോലീസിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഫോണാണ് ചോര്‍ത്തിയിരിക്കുന്നത്. എന്തു ക്രമസാമാധാനത്തെ കുറിച്ചാണ് സര്‍ക്കാര്‍ പറയുന്നത്. സാധാണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇതെല്ലാം ഗവര്‍ണറുടെ റിപ്പോര്‍ട്ടു തേടലില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും ആരിഫ് മുഹമ്മദ് ഖാനെ നീക്കുന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പിണറായി വിജയന്‍ സര്‍ക്കാരിനോട് പൊരുതി നില്‍ക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് മാത്രമേ കഴിയൂ എന്നുള്ള വിലയിരുത്തലിലാണ് കേന്ദ്രം. അതുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന് ഒരുടേമു കൂടി ഗവര്‍ണര്‍ പദവി നല്‍കാന്‍ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. എങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പലകാര്യങ്ങളിലും വിഷമിക്കുയേയുള്ളൂ. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിലും, കേരളത്തിലെ മറ്റു പ്രശ്‌നങ്ങളിലും സര്‍വ്വകലാശാലകളിലെ വിഷയങ്ങളിലും ഗവര്‍ണര്‍ ഇടപെടുമെന്നത് ഉറപ്പാണ്.

കേരളത്തിലെ ബി.ജെ.പിയുടെ മുഖം കൂടിയാണ് ഗവര്‍ണര്‍. അതേസമയം, എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അടക്കം അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടക കക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ എല്‍ഡിഎഫ് യോഗം ഉടന്‍ ആരംഭിക്കും.

തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തില്‍ അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. എന്നാല്‍ അന്‍വര്‍ അജിത്കുമാറിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്.

CONTENT HIGHLIGHTS; Governor again takes up arms against government: PV Anwar’s phone hacking allegations; A report was sought from the Chief Minister