ഓരോ രാജ്യവും അവരുടേതായാ രീതിയിലുള്ള രഹസ്യാന്വേഷണ സംവിധാനങ്ങളാണ് പിന്തുടരുന്നത്. സ്വന്തം നിലനിൽപ്പിനും ശത്രുവിന് മേൽ വിജയം കൈവരിക്കുന്നതിനും ഇതെല്ലാം അനിവാര്യമായ ഘടകവുമാണ്. ജെയിംസ് ബോണ്ട് പോലെ സാങ്കൽപ്പിക കഥാപാത്രങ്ങൾക്കും അപ്പുറം നിസ്വാർഥമായ സ്നേഹംകൊണ്ട് മാതൃ രാജ്യത്തിന്റെ ആവേശമായി നിലനിന്നിരുന്ന വ്യക്തിത്വം. ബ്ലാക്ക് ടൈഗർ എന്നവിളിപ്പേരിൽ ഇന്ത്യൻ ചാര ശൃംഖലകൾക്കിടയിൽ അറിയപ്പെട്ടിരുന്ന രവീന്ദ്ര കൗശിക്.
1952 ഏപ്രിൽ 11 ന് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗ്രാമത്തിലെ ഒരു സാധാരണ ബ്രാഹ്മണ കുലത്തിലായിരുന്നു രവീന്ദ്ര കൗശിക്കിന്റെ ജനനം. അച്ഛൻ മുൻ സൈനീകനായിരുന്ന ജെ എം കൗശിക്കിനും വീട്ടമ്മയായ അമലാദേവിക്കും ഇദ്ദേഹമുൾപ്പെടെ മൂന്ന് മക്കളായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവിടെത്തന്നെയുള്ള എസ് ഡി ബിഹാനി കോളേജിൽ ബിരുദവിദ്യാർത്ഥി ആയി ഇരിക്കുമ്പോൾ തന്നെ അദ്ദേഹം അഭിനയ കലയിൽ അതീവ തല്പരനായിരുന്നു. അതുകൊണ്ട് തന്നെ അമച്വർ നാടകങ്ങൾ നടത്തുന്ന സംഘങ്ങളുമായി കൗശിക് നല്ല ബന്ധം പുലർത്തിയിരുന്നു.
ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെ ലക്‌നൗവിൽ വെച്ചുനടന്ന ദേശിയതല നാടക മീറ്റിങ്ങിൽ തന്റെ അഭിനയ പ്രദർശനത്തിന്റെ അരങ്ങേറ്റം ഇദ്ദേഹം കുറിച്ചു. നാടകത്തിൽ കൗശിക് അവതരിപ്പിച്ച കഥാപാത്രം ഇന്ത്യൻ ആർമിയിലെ ഒരു യുവ ഓഫീസറുടേതായിരുന്നു. ശത്രു സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും മാതൃ രാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താതെ അവരുടെ നിരന്തര പീഡനങ്ങൾക്ക് വിധേയനായി വീരഗതി പ്രാപിക്കുന്ന ഒരു ഓഫീസറായിരുന്നു ഇതിലെ നായകൻ. അന്ന് ആ സദസിൽ ഉണ്ടായിരുന്ന റോയുടെ റിക്രൂട്ടറായ മിസ്റ്റർ എക്സ് നാടകത്തിൽ പ്രത്യേകിച്ചും കൗശിക്കിന്റെ അഭിനയത്തിൽ മതിപ്പുളവാക്കിയിരുന്നു. ചെറുപ്രായത്തിൽ തന്നെ കൗഷിക്കിനുണ്ടായിരുന്ന സ്വാഭാവിക അഭിനയശേഷിയും ഏവരെയും ആകർഷിക്കുന്ന വ്യക്തിത്വവും റോയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് മിസ്റ്റർ എക്സ് മനസിലാക്കി.
റോയിലേക്ക് കൗശിക്
തങ്ങളുടെ പുതിയ ദൗത്യത്തിനുവേണ്ടി ഏറ്റവും അനുയോജ്യമായ വ്യക്തിയെ കണ്ടെത്തിയ ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ റോ രവീന്ദ്ര കൗശിക്കുമായി ബന്ധപ്പെടുകയും റോയിലെക്ക് കൗഷിക്കിനെ തിരഞ്ഞെടുക്കുകയും ചെയ്തു.1973 ൽ ബിരുദം പൂർത്തിയാക്കിയ ഉടൻതന്നെ പുതിയ ജോലിക്കായി ഡൽഹിയിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചശേഷം രവീന്ദ്ര കൗശിക് ജന്മനാട്ടിൽ നിന്നും യാത്രയായി. ജീവിതത്തിലെ പുതിയ തുടക്കം കൗഷിക്കിനെ കൊണ്ടുചെന്നെത്തിച്ചത് ന്യൂഡൽഹിയിലെ റോയുടെ രാഹസ്യസങ്കേതത്തിലേക്കായിരുന്നു കൗഷിക്കിന് നൽകിയ ദൗത്യം. പാകിസ്ഥാൻ പട്ടാളത്തിൽ ഒരു ചാരനായി നുഴഞ്ഞുകയറി തന്ത്രപ്രധാനമായ പട്ടാള വിവരങ്ങൾ അല്ലെങ്കിൽ സൈനീകരഹസ്യങ്ങൾ ഇന്ത്യയ്ക്ക് കൈമാറുക എന്നതായിരുന്നു. ധൈര്യത്തോടെ കൗശിക് ആ ദൗത്യം ഏറ്റെടുത്തു. ഒരു മുൻസൈനികന്റെ മകന് രാജ്യത്തോടുള്ള അടങ്ങാത്ത സ്നേഹം തന്നെയായിരുന്നു അതിന്റെ കാരണവും.
സ്പെഷ്യൽ ഇന്റലിജൻസ് ഓഫിസർ എന്ന തസ്തികയിലേക്കാണ് കൗഷിക്കിനെ പരിഗണിച്ചത്. തുടർന്ന് 2 വർഷം നീണ്ടുനിന്ന പരിശീലനത്തിന് കൗശിക് നിയോഗിക്കപ്പെട്ടു. ഡൽഹിയിൽ നിന്നും മാറി ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു പരീശീലനം. വ്യത്യസ്തങ്ങളായ പരിശീലങ്ങളിലൂടെ ഉറുദു, അറബി എന്നീ ഭാഷകളിൽ കൗശിക് പ്രാവീണ്യം നേടി. ഇസ്‌ലാമിക മതഗ്രന്ഥങ്ങൾ ഹൃദ്യസ്ഥമാക്കിയതിനോടൊപ്പം ആ വിശ്വാസത്തിന്റെ ഭാഗമായി പുരുഷന്മാരിൽ ചെയ്യുന്ന സുന്നത്ത് കർമ്മവും നടത്തി. ഒറ്റനോട്ടത്തിൽ ഒരു പാകിസ്ഥാനിയാണെന്ന് തോന്നിപ്പിക്കും വിധമാണ് റോ കൗഷിക്കിന് നൽകിയ പരിശീലനവും.
കൗഷിക്ക് പാകിസ്ഥാനിലേക്ക്
1975 ൽ റോ അദ്ദേഹത്തെ ഇന്ത്യൻ അതിർത്തി കടത്തി പാകിസ്താനിലേക്ക് അയച്ചു. ഒപ്പം ഇന്ത്യയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെതായുള്ള ഔദ്യോഗിക രേഖകളും നശിപ്പിച്ച് കളഞ്ഞു. റോ തയാറാക്കിയ ഈ രണ്ടാം ജന്മത്തിൽ കൗശിക്കിന്റെ പേര്. നബി അഹമ്മദ് ഷാക്കിർ എന്നായിരുന്നു. ഇസ്‌ലാമബാദില്‍ താമസിക്കുന്ന ഒരു പ്രദേശവാസി എന്ന രീതിയിലായിരുന്നു മേൽവിലാസം. ഒരു പാക് പൗരനെന്ന നിലയിൽ കറാച്ചി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ കൗശിക് അവിടെ നിന്ന് എൽ.എൽ.ബിയും കരസ്ഥമാക്കി. തുടർന്ന് തന്റെ ദൗത്യത്തിന്റെ ഭാഗമായി പാക് ആർമിയിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചു. നിരന്തര ശ്രമത്തിന്റെ ഫലമായി 1979 ൽ പാകിസ്ഥാൻ ആർമിയുടെ അക്കൗണ്ട്സ് ഡിപ്പാർട്മെൻറിൽ അക്കൗണ്ട് ഓഫീസറായി കൗശിക് നിയമിതനായി.
താമസിക്കാതെതന്നെ പാകിസ്ഥാനിൽ വിന്യസിക്കപ്പെട്ടിരുന്ന മറ്റ് ഏജന്റ്മാരുടെ സഹായത്തോടെ പാക് ആർമി യൂണിറ്റിൽ നിന്നും സുപ്രധാന വിവരങ്ങൾ ഇന്ത്യയിലേക്ക് കൈമാറാനും ആരംഭിച്ചു.
കൗശിക്കിന്റെ കുടുംബജീവിതം
ഒരു സ്വാഭാവിക ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം ഒരു കുടുംബജീവിതം നയിക്കാനും നിർബന്ധിതനായി. പാകിസ്ഥാൻ ആർമിയുടെ ടെയ്ലർ യൂണിറ്റിലെ തുന്നൽക്കാരന്റെ മകളായ അമാനത്ത് ആയിരുന്നു അദ്ദേഹത്തിന്റെ വധു.
ഷാക്കിർ അമാനത്ത് ദമ്പതികൾക്ക് ഒരു മകൻ പിറന്നതോടെ ഔദ്യോഗിക ജീവിതത്തിന്റെ സാഹസികതകൾക്കൊപ്പം കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്കും അദ്ദേഹം വ്യാപൃതനായി. ഇത്തരത്തിൽ ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു റോയുടെ പദ്ധതിയും കൗശിക്കിന്റെ പ്രവൃത്തികളും.
1979 മുതൽ 1983 വരെ പാക് സൈന്യത്തിൽ പ്രവർത്തിച്ച കൗശിക്ക് അതീവ നിർണായകമായ പല വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറി. രാജസ്ഥാൻ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നൽകിയ വിവരങ്ങൾ വഴിയായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൗശിക്കിന്റെ ചങ്കൂറ്റത്തെ മാനിച്ച് ബ്ലാക്ക് ടൈഗർ എന്ന ഓമന പേരും നൽകി.
പിടിക്കപ്പെടലും മരണവും
1983 സെപ്റ്റംബറിൽ കൗശിക്കുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യ ഇന്യാത് മാസ് എന്ന് പേരുള്ള ഒരു ലോ ലെവൽ ഏജന്റിനെ റോ, പാകിസ്ഥാനിലേക്ക് അയയ്ക്കുകയുണ്ടായി. നിർഭാഗ്യവശാൽ ഇന്യാത് പാകിസ്ഥാൻ പട്ടാളത്തിന്റെ പിടിയിലായി. വിശദവും ക്രൂരവുമായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഇന്യാത് തന്റെ ആഗമന ഉദ്ദേശം പാക് സൈന്യത്തോട് വെളിപ്പെടുത്തി. അന്നത്തെ പാകിസ്ഥാൻ ആർമിയിലെ മേജറായ നബി അഹമ്മദ് ഷാക്കിർ എന്നയാളെ കാണുന്നതിന് വേണ്ടിയാണ് താൻ വന്നിരിക്കുന്നതെന്നായിരുന്നു ഇന്യായത്തിന്റെ വെളിപ്പെടുത്തൽ. ഇന്യായത്തിലൂടെ കൗശിക്കിന്റെ യഥാർത്ഥ മുഖം പാക് സൈന്യം തിരിച്ചറിഞ്ഞു. അധികം വൈകാതെ അവർ കൗശിക്കിനെ പിടികൂടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അസഹനീയമായ മർദ്ദന മുറകളും മനഃശാസ്ത്രപരമായ ചോദ്യം ചെയ്യലുമെല്ലാം അദ്ദേഹത്തിന് മേൽ പാക്സൈന്യം പ്രയോഗിച്ചു. കൗശിക്കിന്റെ പുരികങ്ങൾ ഉറങ്ങാതിരിക്കാൻ പാക് സൈന്യം മുറിച്ചെടുത്തു. രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു. കാതുകളിൽ ഇരുമ്പു ദണ്ഡ് ചൂടാക്കി കുത്തിയിറക്കി. ഇത്രയൊക്കെ പീഡനങ്ങൾ ഏറ്റിട്ടും തന്റെ ജന്മദേശമായ ഇന്ത്യയെ ഒറ്റുകൊടുക്കുന്ന ഒരു വിവരവും കൗശിക്കിന്റെ പക്കൽ നിന്നും അവർക്ക് ലഭിച്ചില്ല. എന്തിനേറെ കൗശിക് ഒരു ഇന്ത്യൻ പൗരനാണെന്നുള്ള തെളിവ് പോലും പാക് സൈന്യത്തിന് ലഭിച്ചില്ല. തുടർന്ന് 2 വർഷം നീണ്ട വിചാരണയ്ക്ക് ശേഷം 1985 ൽ പാക് സൈനീകകോടതി രവീന്ദ്ര കൗഷിക്കിന് മരണശിക്ഷ വിധിച്ചു. പിന്നീട് രാജ്യാന്തര മനുഷ്യവകാശ സംഘടനകളുടെ കൂട്ടായ ശ്രമഫലമായി 1900 ൽ പാകിസ്ഥാൻ സുപ്രിം കോടതി മരണശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമായാക്കി.
നീണ്ട 18 വർഷത്തെ ദുരിതപൂർണമായ ജീവിതവും തടവറകളിൽ നേരിട്ട കൊടിയ പീഡനങ്ങളും കൗശിക്കിനെ കടുത്ത ക്ഷയരോഗിയാക്കി മാറ്റി.അതോടൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളും പിടികൂടിയ കൗശിക് മതിയായ ചികിത്സ ലഭിക്കാതെ ഇന്ത്യയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച ആ 41 കാരൻ 2001 ൽ മരിച്ചു.
മരണശേഷം
കൗശിക്കിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യ ഒരിക്കലും തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് മാസം 500 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ചു എന്നതിൽ കൂടുതലായി ഇന്ത്യയ്ക്കു വേണ്ടി ജീവൻ നൽകിയ ആ പോരാളിക്കു വേണ്ടി മറ്റൊന്നും ചെയ്യാൻ മാറി മാറി വന്ന സർക്കാറുകൾ തയ്യാറായില്ല. ചാരവൃത്തി സമ്മതിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങളായിരുന്നു പ്രധാന കാരണം.
നീണ്ട വര്‍ഷങ്ങള്‍, കൊടും പീഡനങ്ങള്‍ അനുഭവിച്ച് മരണത്തിന് കീഴടങ്ങിയ രവീന്ദ്ര കൗശിക് എന്ന ഇന്ത്യന്‍ പോരാളിയുടെ കഥ പുറത്തറിഞ്ഞത് ഒരു സിനിമയിലൂടെയും പുസ്തകത്തിലൂടെയുമായിരുന്നു.
കൗശിക്കിന്റെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയറക്ടർ മലോയ് കൃഷ്ണ ധർ എഴുതിയ പുസ്തകമാണ് ‘മിഷൻ ടു പാകിസ്താൻ: ഏൻ ഇന്റലിജൻസ് ഏജന്റ്’. ഈ പുസ്തകം പറഞ്ഞ കഥ കൗശിക്കിന്റെ ആയിരുന്നുവെങ്കിലും ആ പേര് പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. സല്‍മാന്‍ ഖാന്‍ നായകനായ ‘എക് താ ടൈഗര്‍’ എന്ന സിനിമ വന്നതോടെയാണ് കൗശിക്കിന്റെ പേര് പുറത്തറിഞ്ഞത്. സത്യത്തില്‍, സിനിമയില്‍ ആ പേര് ഉപയോഗിച്ചില്ലെങ്കിലും സിനിമയ്ക്കാധാരമായ ജീവിതം എന്ന നിലയില്‍ ചില മാധ്യമങ്ങള്‍ ആ ജീവിതം പകര്‍ത്തി പുറത്തുവിടുകയായിരുന്നു.
STORY HIGHLIGHT: Story of spy