Features

തുറക്കുന്ന ആളെ നരകം കാണിക്കുന്ന പെട്ടി – DYBBUK BOX

2017 ൽ പുറത്തിറങ്ങിയ എസ്രാ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളികൾ ആദ്യമായി ഡിബൂക്കിനെ കുറിച്ച് അറിയുന്നത്. ജൂതമത വിശ്വാസപ്രകാരം ഗതികിട്ടാത്ത ആത്മാക്കളെയാണ് ഡിബൂക് എന്ന വിളിക്കുന്നത്. അവയെ അടക്കം ചെയ്തിട്ടുള്ള ബോക്സിനെ ഡിബൂക് ബോക്സ് എന്നും വിളിക്കുന്നു. ആരെങ്കിലും ഒരിക്കൽ ഡിബൂക് ബോക്സിൽ നിന്നും ആത്മാവിനെ സ്വതന്ത്രമാക്കി കഴിഞ്ഞാൽ ആത്മാവ് ആരുടെയെങ്കിലും ഒരു ശരീരത്തിൽ പ്രവേശിക്കുകയും ആത്മാവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ആ ശരീരത്തിലൂടെ നേടിയെടുക്കാൻ ശ്രമിക്കുകയും തന്റെ ഉദ്ദേശങ്ങൾ പൂർത്തിയാക്കിയ ശേഷം ആ ശരീരം വിട്ട് പുറത്തുപോകുന്നു എന്നാണ് വിശ്വാസം.

പതിനാറാം നൂറ്റാണ്ടിലാണ് ഡിബൂക് എന്ന വാക്ക് കഥകളിലൂടെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ തന്നെ ഡിബൂക് കഥകൾ പ്രചാരത്തിലുണ്ടെങ്കിലും 2012 മുതലാണ് ഡിബൂക് ബോക്സ് എന്ന പേര് കാര്യമായി പ്രശസ്തമാക്കാൻ തുടങ്ങിയത്. അതിന് കാരണമായത് അമേരിക്കക്കാരനായ കെവിൻ മാനിസ് എന്ന പുരാവസ്തു വ്യാപാരിയാണ്.

പുരാവസ്തു കച്ചവടക്കാരനായതുകൊണ്ട് തന്നെ പഴക്കം ചെന്ന സാധനങ്ങൾ ലേലം വിളിച്ച് വാങ്ങുന്നത് കെവിന്റെ ശീലമായിരുന്നു. അങ്ങനെ 2003 ൽ കച്ചവടത്തിന്റെ ഭാഗമായി കുറച്ച് വസ്തുക്കൾ ലേലം വിളിച്ച് വാങ്ങുകയുണ്ടായി, അതിലൊന്നായിരുന്നു ഒരു വീഞ്ഞ് പെട്ടി. ആ വസ്തുവിന്റെ വ്യത്യസ്തതയും, പുരാവസ്തു മൂല്യവും ആയിരുന്നു അദ്ദേഹത്തെ അതിലേക്ക് ആകർഷിച്ചത്. കെവിന്റെ കയ്യിൽ എത്തുന്നതിനു മുൻപ് ആ പെട്ടിയുണ്ടായിരുന്നത് ഹിറ്റ്ലറുടെ ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട് സ്പെയിനിൽ കുടിയേറിയ പോളണ്ടുകാരിയായ ഹവേല എന്ന സ്ത്രീയുടെ കൈയിലായിരുന്നു. അവരുടെ മരണശേഷം പേരകുട്ടിയിൽ നിന്നായിരുന്നു ഈ ബോക്സ് കെവിന് ലഭിച്ചിരുന്നത്.

അതൊരു പാരമ്പര്യ സ്വത്താണെന്ന് അറിഞ്ഞപ്പോൾ ഹവേലയുടെ പേരകുട്ടിക്ക് തന്നെ ആ ബോക്സ് തിരിച്ച് നൽകാൻ കെവിൻ തയ്യാറായിരുന്നു, എന്നാൽ അത് സ്വീകരിക്കാൻ അവർ കൂട്ടാക്കിയില്ല. അതിന് കാരണമായി അവർ പറഞ്ഞത്, ‘മുത്തശ്ശി സ്പെയിനിൽ നിന്ന് വന്നപ്പോൾ തന്നെ ഡിബൂക് ബോക്സ് അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ അതിലൊരു ഡിബൂക് വസിക്കുന്നതിനാൽ ആണ് അവരത് ഒരിക്കൽ പോലും തുറക്കാൻ തയാറാകാഞ്ഞത്’ അവരുടെ വാക്കുകൾ കെവിനിൽ വലിയ ഞെട്ടൽ ഉളവാക്കിയെങ്കിലും ആ ബോക്സ് തന്റെ കൈവശം വയ്ക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ ഒരിക്കൽ കെവിൻ ആ ബോക്സ് തുറന്നു. അതിനുള്ളിൽ 1920 കളിലെ കുറെ നാണയങ്ങളും, മുടികെട്ടുകളും, സ്വർണ പാനപാത്രവും, നീരാളിയുടെ കാലുപോലുള്ള മെഴുകുതിരി സ്റ്റാൻഡും, ശാലോം എന്ന് ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത പ്രതിമയുമായിരുന്നു ഉണ്ടായിരുന്നത്.

ഡിബൂക് ബോക്സ് തുറന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ വിചിത്രമായ പല സംഭവങ്ങളുമാണ് കെവിനെ കാത്തിരുന്നത്. എന്നാൽ ആ ബോക്സ് തുറന്ന കാരണമാണ് ഇത്തരം സംഭവങ്ങൾ തന്റെ ജീവിതത്തിൽ നടക്കുന്നതെന്ന് കെവിൻ വിശ്വസിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ ബോക്സ് കെവിൻ അമ്മയ്ക്ക് നൽകാൻ തീരുമാനിച്ചു. മകൻ നൽകിയ സമ്മാനം അമ്മയും സന്തോഷത്തോടെ സ്വീകരിച്ചു. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പക്ഷാഘാതം പിടിപെട്ട് അമ്മയും കിടപ്പിലായി. നിരന്തരമായ ദുസ്വപ്നങ്ങൾകൊണ്ടും പേടിപ്പെടുത്തുന്ന അനുഭവംകൊണ്ടും അവസാനം കെവിനും തോന്നി തുടങ്ങി എല്ലാം ആ ഡിബൂക് ബോക്സ് തുറന്ന കാരണമാണ് സംഭവിക്കുന്നതെന്ന്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഡിബൂക് ബോക്സ് വിൽക്കാൻ തീരുമാനിച്ചു.

പരസ്യത്തിന്റെ ഡിസ്ക്രിപ്ഷനിൽ അദ്ദേഹം ഒരു കാര്യം എഴുതി ‘ഇതൊരു ഡി ബൂക് ബോക്സാണ്, ഗതികിട്ടാത്തൊരാത്മാവിനെ അടച്ചുവെച്ച ഒരു പെട്ടി’. എന്നിരുന്നാൽപ്പോലും വലിയ തുകയ്ക്ക് തന്നെയായിരുന്നു ഈ പെട്ടി വിറ്റുപോയത്. എന്നാൽ കൈയിലെത്തുന്ന ഓരോ വ്യക്തികൾക്കും ദുരനുഭവം മാത്രമായിരുന്നു ഡിബൂക് ബോക്സ് സമ്മാനിച്ചിരുന്നത്. ആ പെട്ടി കൈയിൽ വെച്ചിരുന്നവരെല്ലാം രാത്രി കാലങ്ങളിൽ പൂച്ച മൂത്രത്തിന്റെയും മുല്ലപ്പൂവിന്റെയും ഇടകലർന്ന രൂക്ഷമായ ഗന്ധം അനുഭവിക്കാറുണ്ടായിരുന്നു. മാത്രമല്ല അവരെല്ലാവരും ഒരു വയസായ സ്ത്രീയെ സ്വപ്നത്തിൽ നിരന്തരം കാണാറുണ്ടായിരുന്നു.

അവസാനമായി ഈ ഡിബൂക് ബോക്സ് കൈവശം വെച്ച യൂസഫിന്റെ വീട്ടിലെ ബൾബുകൾ അകാരണമായി പൊട്ടുകയും അദ്ദേഹത്തിന്റെ മുടി അനിയന്ത്രിതമായി കൊഴിയുകയും ചെയ്തു. ഈ അനുഭവങ്ങളെല്ലാം അദ്ദേഹത്തിൽ നിന്ന് കേട്ടറിഞ്ഞ ജെയ്സൺ അസ്‌റ്റോൺ ഈ ബോക്സിനെ ഒന്ന് പരീക്ഷിക്കാൻ വേണ്ടി മുന്നോട്ട് വന്നു. പെട്ടിക്കുള്ളിലെ ഡിബൂക്കിനെ കീഴ്‌പ്പെടുത്തി അതിന്റെ എല്ലാ വിധ ദുരൂഹതകളെയും അവസാനിപ്പിക്കുക എന്നതായിരുന്നു ജെയ്‌സന്റെ ലക്ഷ്യം. എന്നാൽ പെട്ടി കൈവശം വെക്കാൻ ആരംഭിച്ചത് മുതൽ അദ്ദേഹവും പലതരത്തിലുള്ള വിചിത്ര അനുഭവങ്ങൾ നേരിട്ടു. അദ്ദേഹത്തിന് ത്വക്ക് സംബന്ധമായ അസുഖങ്ങൾ നേരിടുകയും ചോര ചുമച്ച് തുപ്പാനും ആരംഭിച്ചു. പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന ചിന്തയായിരുന്നു ജെയ്‌സണ്. അതിന്റെ അടിസ്ഥാനത്തിൽ ജൂത പുരോഹിതന്മാരുടെ സഹായത്തോടെ വിധി പ്രകാരം തന്നെ അദ്ദേഹം ഈ ഡിബൂക് ബോക്സ് സീൽ ചെയ്തു. അതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങളും അവസാനിച്ചു. ഇന്നും അദ്ദേഹത്തിന് മാത്രം അറിയുന്ന ഏതോ ഒരു സ്ഥലത്തു ആ ഡിബൂക് ബോക്സ് സീൽ ചെയ്ത നിലയിൽ തന്നെ ഇരിക്കുന്നു.

STORY HIGHLIGHT: DYBBUK BOX