ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ട പോലീസിനു നേരെ ശക്തമായ ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പി.വി.അന്‍വര്‍ എം.എല്‍.എ തന്റെ കുടുംബത്തിന് സുരക്ഷ വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ആരോപണം ഉന്നയിച്ചതിന്റെ പിറ്റേ ദിവസം തന്നെ ആത്മ സുരക്ഷയ്ക്ക് തോക്കു വേണമെന്ന ആവശ്യവും പറഞ്ഞിരുന്നു. ഈ രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ ഇതുവരെ പറിഗണിച്ചിട്ടില്ല എന്നതു മാത്രമല്ല, മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പോലീസിനെതിരേ ഗുരുത ആരോപണം ഉയര്‍ത്തിയ അന്‍വര്‍ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കറിനെ കക്കൂസ് മാലിന്യം ഒഴിക്കുമെന്നും ഉടുമുണ്ടുരിയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജയശങ്കറിനാണ് സുരക്ഷ നല്‍കേണ്ടതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, അതുണ്ടായില്ല. ജയശങ്കര്‍ പോലീസില്‍ പരാതി നല്‍കിയോ എന്നും അറിയില്ല. ജനപ്രതിനിധി ആവശ്യപ്പെട്ട സുരക്ഷ പോലും സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ ജയശങ്കറിനുള്ള സുരക്ഷയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.
പോലീസിലെ ക്രിമിനലുകള്‍ക്കെതിരേ സന്ധിയില്ലാ പോരാട്ടം നടത്തുന്ന അന്‍വറിനും, അന്‍വര്‍ ഭീഷണിപ്പെടുത്തിയ ജയശങ്കറിനും സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ല. എന്നാല്‍, ഒരു കുഴപ്പവുമില്ലാതെ കേരളത്തിലാകെ സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് വീണ്ടും സുരക്ഷ വര്‍ദ്ധിപ്പിക്കുയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതാണ് വലിയ ദുരൂഹത പടര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ത്തന്നെ വലിയ സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. ക്ലിഫ് ഹൗസില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
സി.സി.റ്റി.വി സ്ഥാപിക്കാന്‍ ധനവകുപ്പ് 4.32 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത് വകുപ്പ് സി.സി.റ്റി.വി സ്ഥാപിക്കാന്‍ ടെണ്ടറും ക്ഷണിച്ചു. സെപ്റ്റംബര്‍ 20നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 4.32 ലക്ഷത്തിന്റെ സി.സി.റ്റി.വി സ്ഥാപിക്കാനാണ് ടെണ്ടര്‍ ക്ഷണിച്ചത്. മുഖ്യന്റെ ആര്‍.എസ്.എസ് ബന്ധം, എ.ഡി.ജി.പിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം സമരം ശക്തിപ്പെടുത്തിയതോടെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.
സുരക്ഷയുടെ പേരില്‍ പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അഡീഷണലായി സി.സി.റ്റി.വി സ്ഥാപിക്കാനാണ് ഇപ്പോള്‍ ടെണ്ടര്‍ ക്ഷണിച്ചത്. നിലവിലുളള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമെയാണിത്. ഇതിനുള്ള പണം നാല് ലക്ഷം രൂപ കെ.എന്‍ ബാലഗോപാല്‍ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ചിലവ് നാല് ലക്ഷത്തില്‍ ഒതുങ്ങില്ലെന്നാണ് സൂചന. ആവശ്യമെങ്കില്‍ വീണ്ടും തുക അനുവദിക്കുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് എന്തു വിവാദമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നടപടി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ്.
മുഖ്യനെ സംരക്ഷിക്കാന്‍ നികുതി പണത്തില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവാക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇടതുപക്ഷ നയം. ട്രഷറി നിയന്ത്രണം നിലനിന്നാലും ഇല്ലെങ്കിലും എത്ര ലക്ഷം മുടക്കിയും മുഖ്യന്റെ സുരക്ഷ ഉറപ്പാക്കുക എന്നത് തന്നെയാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന നയം. എന്നാല്‍, ഏതു വിഷയത്തിനും മുഖ്യമന്ത്രി എന്തിനാണ് സുരക്ഷ കൂട്ടുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ആരോപണം ഉന്നയിച്ചവരും, ആരോപണ വിധേയരും ഒരു പ്രശ്‌നവുമില്ലാതെ ഇവിടെ നില്‍പ്പുണ്ട്. എന്നാല്‍, ആരോപണത്തിന്‍മേല്‍ നടപടി എടുക്കേണ്ട മുഖ്യമന്ത്രിയാണ് ഭയക്കുന്നത്.
അതെന്തിനാണ് എന്നാണ് മനസ്സിലാകാത്തത്. അന്‍വര്‍, ADGP അജിത് കുമാറിനെ അഭിസംബോധന ചെയ്തത്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ പോലെ എന്നാണ്. അന്‍വര്‍ പറഞ്ഞ ആ പേര് ഹിന്ദി സിനിമാ മേഖലയ്ക്ക് പേടി സ്വപ്‌നവുമാണ്. അതുപോലെ കേരള രാഷ്ട്രീയത്തിലും അതേ പേര് ഭയപ്പെടുത്താനും, ഭയപ്പെടാനും എത്തിയിട്ടുണ്ടോ എന്നാണ് സംശയം. ദാവൂദ് ഇബ്രാഹീമിന് സിനിമയെന്നോ, രാഷ്ട്രീയമെന്നോ ഒന്നുമില്ല. ആരെ വേണമെങ്കിലും എവിടെ ഇരുന്നും തീര്‍ത്തു കളയും. അന്‍വര്‍ വെറുതേ ഒരു ആരോപണം ഉന്നയിക്കുന്ന ജനപ്രതിനിധിയല്ല. അദ്ദേഹത്തിന്റെ ആരോപണത്തില്‍ കഴമ്പുള്ളതു കൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ADGP അജിത് കുമാറും ദാവൂദ് ഇബ്രാഹീമിനെ പോലെയാണെന്ന് പറയുമ്പോള്‍, അതില്‍ ഗൗരവകരമായ ഇടപെടലുകള്‍ സംശിക്കേണ്ടിയിരിക്കുന്നു. അരോപണ വിധേയര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചവരും ആരെയൊക്കെയോ ഭയക്കുന്നു. ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയും ഭയക്കുന്നുണ്ട്. അതാണോ ഈ സുരക്ഷ വര്‍ദ്ധിപ്പിക്കലിന്റെ പിന്നിലെന്നും സംശയമുണ്ട്. പ്രതിപക്ഷവും ബി.ജെ.പി നേതാക്കളും ഈ സംശയം ഉന്നയിക്കുന്നുണ്ട്.
ആര്‍.എസ്.എസ് ബന്ധത്തിന്റെ കാര്യത്തില്‍ ഇത്തിരി നയവ്യതിയാനം സംഭവിച്ചാലും മുഖ്യനെ പൊന്നുപോലെ കാക്കുന്ന കാര്യത്തില്‍ അണുവിട ചലിക്കണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യാത്ര ചെയ്യാന്‍ ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാമെങ്കില്‍ പിന്നെ കുറച്ച് സുരക്ഷാ ക്യാമറയാണോ നടക്കാത്തത്. അധികാരം ഉണ്ടെങ്കില്‍ എന്തും നടത്താം എന്ന് കേരളത്തിന് കാണിച്ചുതന്നത് തന്നെ ഈ സര്‍ക്കാരാണ്.
CONTENT HIGHLIGHTS; Security was demanded by PV Anwar, but increased by the Chief Minister; Are they very afraid?