അനന്തപുരിക്കാരുടെ ഓണാഘോഷ ചടങ്ങുകള്‍ക്ക് പൂര്‍ണത കൈവരണമെങ്കില്‍, ശ്രീപത്മനാഭസ്വാമിക്ക് തിരുവോണ നാളില്‍ ഓണവില്ല് സമർപ്പിക്കണം. ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള ഒരു ആചാരമാണിതും. ചിങ്ങമാസത്തിലെ തിരുവോണനാൾ പുലർച്ചെ സമർപ്പിക്കുന്ന ചടങ്ങ് ക്ഷേത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. അനന്തശായിയായ ശ്രീ പത്മനാഭ സ്വാമിക്ക് പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നതാണിത്. ഈ തിരുവോണ നാളിലും മുടങ്ങാതെ തന്നെ ഈ ചടങ്ങ് നടന്നു. നൂറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയ ആചാരം തലമുറ തലമുറയായി കൈമാറി വരുന്നു. 41 ദിവസത്തെ കഠിനമായ വ്രതം നോറ്റ് വളരെ പവിത്രമായാണ് ഭഗവാന് മുന്നിൽ വില്ല് സമർപ്പിക്കുന്നത്. ആചാരപ്രകാരം 12 വില്ലാണ് സമർപ്പിക്കുന്നത് ഏറ്റവും വലിയ അളവിലുള്ള അനന്തശയനം, ദശാവതാരം, ശ്രീരാമ പട്ടാഭിഷേകം, ശാസ്താവ്, കൃഷ്ണലീല, വിനായകൻ ഇങ്ങനെ 6 ജോഡി വില്ലാണ് കുടുംബത്തിൽ നിന്നും ഭഗവാന് സമർപ്പണം നടത്തുന്നത്.
ഓണവില്ലിന്റെ ഐതിഹ്യം
കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവർത്തിക്ക് ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണത്രെ ഈ വില്ല് ഉപയോഗിക്കുന്നത്. പാതാളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വിശ്വരൂപം കാണണമെന്ന് മഹാവിഷ്ണുവിനോട് മഹാബലി അപേക്ഷിക്കുന്നു. മഹാവിഷ്ണു വിശ്വരൂപം കാണിച്ചപ്പോള്‍ മഹാബലി മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വച്ചു. തന്നെ പരീക്ഷിക്കാനെടുത്ത വാമനാവതാരം പോലെ കാലാകാലങ്ങളില്‍ ഭഗവാന്‍ കൈക്കൊള്ളുന്ന അവതാരലീലകളെപ്പറ്റിയും അറിയണം. മഹാബലിയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി ദേവശില്‍പ്പിയായ വിശ്വകര്‍മ്മദേവന്‍, മഹാവിഷ്ണുവിന്റെ ദശാവതാരം ആദ്യം വരച്ചുകാണിക്കുന്നു. തുടര്‍ന്ന് വിശ്വകര്‍മ്മദേവന്‍ തന്റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളില്‍ മഹാവിഷ്ണു എടുത്ത അവതാരങ്ങളുടെ ലീലാചിത്രങ്ങള്‍ പള്ളിവില്ലില്‍ വരച്ച് വിഷ്ണുസന്നിധിയില്‍ സമര്‍പ്പിക്കാമെന്നും അവിടെച്ചെന്ന് മഹാബലിക്ക് ഈ ചിത്രങ്ങളെല്ലാം കാണാമെന്നും അറിയിക്കുന്നു. ഇപ്രകാരം നടക്കുന്ന ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം.
നിര്‍മ്മാണം
മിഥുന മാസത്തിന്റെ അവസാനത്തിൽ നല്ല ദിവസവും തിയതിയും സമയവും നോക്കിയാണ് വില്ല് നിർമ്മാണം സമാരംഭിക്കുന്നത്. ഇതിനായി 41 ദിവസത്തെ വ്രതമെടുക്കുന്നു. കടമ്പ് , മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയിലാണ് വില്ലുകൾ നിർമ്മിക്കുന്നത്. ഓണവില്ല് തയ്യാറാക്കുന്ന മുക്കാല്‍ ഇഞ്ച് കനമുള്ള പലകയ്ക്ക് വഞ്ചിയുടെ ആകൃതിയും അതുപോലെ കേരളത്തിന്റെ ആകൃതിയുമാണുള്ളത്. ഏറ്റവും വലിയ വില്ല് നാലര അടി നീളത്തിലുള്ള അനന്തശയനമാണ്. കടഞ്ഞെടുത്ത പലകയില്‍ ആദ്യം മഞ്ഞനിറം പൂശുന്നു. പിന്നീട് ചിത്രങ്ങള്‍ വരയ്ക്കുന്ന വശത്ത് ചുവപ്പ് നിറം കൊടുക്കുന്നു. തുടര്‍ന്ന് പഞ്ചവര്‍ണ്ണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നു. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളപ്പ് നിറങ്ങളാണ് ഉപയോഗിക്കുന്നത്.
സമര്‍പ്പണം
ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പുലര്‍ച്ചെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. കൊല്ലവര്‍ഷം 677 ല്‍ അതായത് എ.ഡി. 1502 ല്‍ ക്ഷേത്ര പുനരുദ്ധാരണ വേളയില്‍ പള്ളിവില്ല് സമര്‍പ്പണം പുനഃരാരംഭിച്ചു എന്ന് മതിലകം രേഖകളില്‍ കാണുന്നു.
STORY HIGHLIGHT: Padmanabha Swamy temple sacred Onavillu