KSRTCയിലെ ഈ ഒണക്കാലത്തെ താരം ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര ചാരുമൂടുകാരന്‍ സിദ്ധാര്‍ത്ഥനാണ്. കാരണം, കഴിഞ്ഞ ജൂണ്‍ 3ന് സിദ്ധാര്‍ത്ഥന്‍ KSRTCയിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റിന് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയുടെ രത്‌നച്ചുരുക്കം ശമ്പളവും ആനുകൂല്യവും കൃത്യമായി കിട്ടുന്നില്ല എന്നതാണ്. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച പരാതിയുടെ കോപ്പികള്‍ കേന്ദ്ര സര്‍ക്കാരിനും, സുപ്രീം കോര്‍ട്ട് രജിസ്ട്രാര്‍ ജനറലിനും, കേരള സര്‍ക്കാരിനും അയച്ചിരുന്നു. ഈ അപേക്ഷ അയയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ അടക്കമുള്ള KSRTCയില്‍ ജീവനക്കാര്‍ക്ക് ആദ്യഗഡു ശമ്പളം ലഭിച്ചിട്ടേയുള്ളൂ.
എന്നാല്‍, ഈ അപേക്ഷയ്ക്ക് പരിഹാരമായി ഈ ഓണക്കാലത്ത് ജീവനക്കാര്‍ക്കെല്ലാം ഒറ്റഗഡു ശമ്പളം കൈയ്യില്‍ കിട്ടി എന്നതാണ് വസ്തുത. KSRTC ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ഈ രാജ്യത്ത് ഇനി ഒരാളുമില്ല. ഇന്ത്യന്‍ പ്രസിഡന്റു വരെ അറിഞ്ഞിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളിലെല്ലാം എങ്ങനെയെങ്കിലും മാസാദ്യം മുഴുവന്‍ ശമ്പളവും നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ശമ്പളം ഒറ്റഗഡുവായി നല്‍കാന്‍ തീരുമാനമെടുത്തതിന്റെ ക്രെഡിറ്റ് വകുപ്പുമന്ത്രിക്കോ, സര്‍ക്കാരിനോ മാനേജ്‌മെന്റിനോ നല്‍കുന്നതില്‍ അര്‍ത്ഥമില്ല. അത് സിദ്ധാര്‍ത്ഥന്റെ അപേക്ഷയ്ക്കു ന്നെ നല്‍കുന്നതാണ് ഉചിതം.
കാരണം, ഇത്രയും നാള്‍ ശമ്പളം ഗഡുക്കളായി കൊടുത്തവര്‍ തന്നെയല്ലേ ഇക്കൂട്ടര്‍. അതില്‍ സഹികെട്ടവരാണ് KSRTC ജീവനക്കാര്‍. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്‍ പ്രസിഡന്റിനും കേന്ദ്രസര്‍ക്കാരിനും, സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിനും പരാതി അയച്ചതോടെ കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ക്കു മനസ്സിലായി. KSRTC വിഷത്തില്‍ പ്രസിഡന്റോ, സുപ്രീം കോടതിയോ, കേന്ദ്രസര്‍ക്കാരോ അഭിപ്രായം പറഞ്ഞാല്‍ അത്, കേരള സര്‍ക്കാരിന് വലിയ പേരുദോഷമാകും. അതിനു മറുപടി പറയേ
ണ്ടി വരും. സര്‍ക്കാരിന്റെ മറുപടി, KSRTC ലാഭകരമായി നടത്താനാവുന്നില്ല എന്നാണെങ്കില്‍ KSRTC പൂര്‍ണ്ണമായും സ്വകാര്യ വത്ക്കരിക്കേണ്ടി വരും. ഇതും സംസ്ഥാന സര്‍ക്കാരിന് ക്ഷീണമുണ്ടാക്കും.
ഈ സാഹചര്യത്തിലാണ് മുഴുവന്‍ ശമ്പളവും ഏതു വിധേനയും എല്ലാ മാസവും മുടക്കമില്ലാതെ നല്‍കുമെന്ന പ്രഖ്യാപനം നടത്താന്‍ നിര്‍ബന്ധതരായി മാറിയത്. ഇതാണ് വസ്തുത. മറ്റെല്ലാ ന്യായങ്ങളും വരട്ടു തത്വങ്ങള്‍ മാത്രമാണ്. സിദ്ധാര്‍ത്ഥന്റെ പരാതിയിന്‍മേല്‍ എടുത്ത നടപടി അല്ലായിരുന്നുവെങ്കില്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോ മാനേജ്‌മെന്റിനോ കഴിയുമായിരുന്നു. പക്ഷെ, അതുണ്ടായില്ല. ഇവിടെയാണ് സിദ്ധാര്‍ത്ഥന്റെ പരാതിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
സിദ്ധാര്‍ത്ഥന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ:
‘ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള എളുപ്പ വഴിയായി KSRTC ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും യഥാസമയം നല്‍കാതെ ഗഡുക്കളായി നല്‍കുകയോ തടഞ്ഞു വെക്കുകയോ ചെയ്യുന്ന നാളിതുവരെയുള്ള രീതി അവസാനിപ്പിക്കുന്നതിനും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ 29-05-2024 ലെ ധനകാര്യ(എസ്റ്റേബ്ലിഷ്‌മെന്റ് D) വകുപ്പ് സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 4292/2024 ധന ഉത്തരവില്‍ നിന്നും KSRTC ജീവനക്കാരെ ഒഴിവാക്കി തരുന്നതിനും എല്ലാ മാസവും മാസ ആദ്യ ദിവസവും തന്നെ ശമ്പളം ലഭിക്കുന്നതിനും നാളിതുവരെയുള്ള കുടിശികയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിച്ചു കിട്ടുന്നതിന് നിരവധി അപേക്ഷകളും ഹര്‍ഡികളും നിവേദനങ്ങളും നല്‍കിയിട്ടും, നാളിതുവരെ ശാശ്വതമായ പരിഹാരം കാണാത്തതിനാല്‍ ഈ വിഷയം പുതിയതായി രാജ്യത്ത് പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിപ്പെടുത്തി. ശാശ്വതമായി പരിഹരിച്ചു കിട്ടുന്നതിന് സമര്‍പ്പിക്കുന്ന തുടര്‍ അപേക്ഷ/ ഹര്‍ജി. ഇതു സംബന്ധിച്ച 18 സര്‍ക്കാര്‍ ഉത്തരവുകളുടെ പരാമര്‍ശങ്ങളും സിദ്ധാര്‍ത്ഥന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
KSRTCയില്‍ വേണ്ടത്ര ഫണ്ടിന്റെ അപര്യാതത മൂലം യഥാസമയം, ശമ്പളം, പെന്‍ഷന്‍ മറ്റിതര ആനുകൂല്യങ്ങള്‍ ഡി.എ എന്നിവ യഥാ സമയം ലഭിക്കുന്നില്ല. ഇത് ഈ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഓപ്പറേറ്റിംഗ് ജീവനക്കാര്‍ അടക്കം വലിയ തോതിലുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നു. ആത് ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും മനോനിലയെയും പ്രതികൂലമായി ബാധിക്കുന്നു. ഡി.എ കിട്ടാക്കനിയായി നാളിതുവരെ വലിയ സൂചികയില്‍ ഉണ്ടായ ക്രമാതീതമായ വിലവര്‍ദ്ധന താങ്ങാനാവുന്നില്ല. അതിനനുസരിച്ചുള്ള ഡി.എ വര്‍ദ്ധന ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ചൂണ്ടിക്കാട്ടി അര്‍ഹമായ സ്ഥാനക്കയറ്റം നിഷേധിക്കുന്നു. വിവര സാങ്കേതിക വിദ്യ കാലത്തിനൊപ്പം വളര്‍ന്നിട്ടും, നാളിതുവരെ KSRTCയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളോ സേവനങ്ങളോ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്ക്കരണത്തിന് കീഴിലായിട്ടില്ല. മാസാദ്യ ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന ശമ്പളത്തെ വെട്ടിമുറിച്ചും ഗഡുക്കളാക്കിയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തും അര്‍ഹമായ അവധി ദിനങ്ങളെ കവര്‍ന്നെടുത്തും ശ്വാസം മുട്ടിക്കുന്നു. അധിക ജോലിഭാരം നല്‍കിയും ഉഗ്രശാസനകളാലും വീര്‍പ്പ് മുട്ടിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോ ക്യാന്റീന്‍ സൗകര്യമോ ഇല്ലാത്ത വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയും ഹോം ഡിപ്പോയിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചാല്‍ നല്‍കാതെയും യഥാസമയം തീരുമാനമാകാതെയും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു.
കേരള സംസ്ഥാനത്ത് നിയമസഭാ സാമാജികര്‍ക്ക് ആക്ട് XIV OF 1981 പ്രകാരം ശമ്പളവും മറ്റിതര ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനോടനുബന്ധിച്ച് KSRTCയിലെ ശമ്പള പരിഷ്‌ക്കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനും നാളിതുവരെ KSRTC ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും അുവദിച്ചു കിട്ടുന്നതിനും നഷ്ടപ്പെട്ട അവധി ദിനങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനും കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി സഹായിക്കണമെന്നും എന്റെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെയും ഉപരിപഠനം സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള അവകാശം, മതപമായ മറ്റു ജീവിതാവശ്യങ്ങള്‍ അനുബന്ധ ചിലവുകള്‍ എന്നിവയ്ക്കായി യഥാസമയം ശമ്പളവും മറ്റിതര ആനുകൂല്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭിക്കാനും അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും പുതിയതായി അധികാരത്തിലെത്തുന്ന കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സംയുക്തമായി ആവശ്യമായ നടപടികള്‍ കാലാതാമസവും സാങ്കേതികത്വവും ഒഴിവാക്കി മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
പകര്‍പ്പ്
കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭ
ബഹു.സുപ്രീംകോടതി രജിസ്ട്രാര്‍ ജനറള്‍
ബഹു. കേരളാ സര്‍ക്കാര്‍
കെ. സിദ്ധാര്‍ത്ഥന്‍
03-06-2024 ചാരുമൂട് ‘
അതേസമയം, പ്രസിഡന്റിനു നല്‍കിയ പരാതിയിന്‍മേല്‍ KSRTC മാനേജ്‌മെന്റ് സിദ്ധാര്‍ത്ഥന് മറുപടി നല്‍കിയിട്ടുണ്ട്. അതില്‍ പറയുന്നത്, KSRTC കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്നാണ്. ഒക്ടോബര്‍ 21നാണ് സിദ്ധാര്‍ത്ഥന് മാനേജ്‌മെന്റ് മറുപടി നല്‍കിയിരിക്കുന്നത്. പ്രസിഡന്റിനു ലഭിച്ച പരാതി വിശദമായ പരിശോധനയ്ക്ക് KSRTCയിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണോ മറുപടി എന്നതും സംശമുണ്ട്. എന്തായാലും ജൂണില്‍ സിദ്ധാര്‍ത്ഥന്‍ അയച്ച പരാതിയോടെ സെപതംബറിലെ ഓണക്കാലത്ത് ശമ്പളം ഒറ്റഗഡുവായി കിട്ടി. പക്ഷെ, ബോണസും, ഫെസ്റ്റിവല്‍ അലവന്‍സും അധികൃതര്‍ തടയുകയും ചെയ്തു.
മാനേജ്‌മെന്റ് സിദ്ധാര്‍ത്ഥന് നല്‍കിയ മറുപടി ഇതാണ്:
‘നിലവില്‍ KSRTCയുടെ തനതു ഫണ്ട് ഉപയോഗിച്ച് ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിദിന വരുമാനത്തില്‍ നിന്നും കണ്‍സോര്‍ഷ്യം വായ്പാ തിരിച്ചടവ്, ഓവര്‍ ഡ്രാഫ്റ്റ് വായ്പാ തിരിച്ചടവ്, ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ്, ജീവനക്കാരുടെ പ്രതിദിന അലവന്‍സുകള്‍, കോടതി ഉത്തരവു പ്രകാരം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യ വിതരണം എന്നിവയ്ക്കായി തന്നെ ഏകദേശം 90 ശതമാനം തുകയും മാറ്റിവെയ്‌ക്കേണ്ടി വരുന്നു. ബാക്കിയുള്ള തുക MACT ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും തികയാത്ത അവസ്ഥയാണ്.
നിലവില്‍ പ്രതിമാസം 50 കോടിരൂപ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതു കൊണ്ട് മാത്രമാണ് രണ്ടുഗഡുക്കാളായെങ്കിലും നെറ്റ് ശമ്പളം നല്‍കവാന്‍ കഴിയുന്നത്. ടിക്കറ്റ്, ടിക്കറ്റിതര വരുമാനമായി പ്രതിദിനം 6.50 കോടിരൂപ ലഭിക്കുന്നുണ്ടെങ്കിലും ഈ ചെലവുകള്‍ക്കായി വിനിയോഗിക്കുന്നതിനാല്‍ സര്‍ക്കാര്‍ സഹായത്താലും ബാങ്കില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് വായ്പ ലഭ്യമാക്കിയുമാണ് ജീവനക്കാര്‍ക്ക് മുടക്കം കൂടാതെ രണ്ടു ഗഡുക്കളായി ശമ്പളം നല്‍കി വരുന്നത്. രണ്ടു ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് ജീവനക്കാരുടെ മാനസിക / സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് 20-06-2024ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, വരും മാസങ്ങളില്‍ ഒറ്റഗഡുവായി ശമ്പളം വിതരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും KSRTC സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍സോഷ്യം മെമ്പര്‍ ബാങ്കുകളില്‍ നിന്നും അധിക വായ്പയായി 450കോടിരൂപ ലഭ്യമാക്കുന്നതിനായി ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്. ഈ തുക ബാങ്കുകളില്‍ നിന്നു ലഭ്യമാകുന്ന മറയ്ക്ക് ജീവനക്കാരുടെ ശമ്പളം മാസാദ്യം തന്നെ ഒറ്റ ഗഡുവായി ഒരു നിശ്ചിത തിയതിയില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ടിക്കറ്റ്, ടിക്കറ്റിതര വരുമാന വര്‍ദ്ധനവിലൂടെ പ്രതിദിനവരുമാനം ഉയര്‍ത്തിയും, ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ പുനക്രമീകരിച്ചും സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പരിപൂര്‍ണ്ണ ശ്രമത്തിലാണ് KSRTC.’
ഇതാണ് KSRTC, സിദ്ധാര്‍ത്ഥന് നല്‍കിയിരിക്കുന്ന മറുപടി. മാസങ്ങള്‍ക്കു മുമ്പ് നടന്ന ഈ രണ്ടു കാര്യങ്ങളുടെയും റിസള്‍ട്ടാണ് ഓണത്തിന് ഒറ്റഗഡു ശമ്പളം ലഭിക്കാന്‍ കാരണമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. ജൂണില്‍ സിദ്ധാര്‍ത്ഥന്‍, ഇന്ത്യന്‍ പ്രസിഡന്റിന് പരാതി അയയ്ക്കുന്നു. ഇതിനു പിന്നാലെ ജൂണ്‍ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു, ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ KSRTCക്ക് നിര്‍ദ്ദേശം നല്‍കുന്നു. അതാണ് സംഭവിച്ചത്.
CONTENT HIGHLIGHTS;One-time salary distribution in KSRTC: Charumutkaan Siddharthan, who complained to the President of India, won (Exclusive)