Features

ഉണ്ടപോയ വഴിയേ പോകാതെ പോലീസ്: തോക്കും തിരയും കളഞ്ഞ കേസില്‍ അന്വേഷണം സ്വാഹ; എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിച്ച് പ്രതിപക്ഷം

കേരളാ പോലീസ് എന്നും അഭിമാനം തന്നെയാണ്. പക്ഷെ, ചില പുഴുക്കുത്തുകള്‍ എല്ലാ വകുപ്പുകളിലും ഉള്ളതു പോലെ പോലീസിലുമുണ്ട്

കേരളാ പോലീസ് എന്നും അഭിമാനം തന്നെയാണ്. പക്ഷെ, ചില പുഴുക്കുത്തുകള്‍ എല്ലാ വകുപ്പുകളിലും ഉള്ളതു പോലെ പോലീസിലുമുണ്ട്. അത്തരം പുഴുക്കുത്തുകള്‍ കാരണം, പോലീസ് സേനയ്ക്കു തന്നെ ചീത്തപ്പേര് കേള്‍പ്പിക്കാന്‍ അധികം സമയംവേണ്ട. സമീപകാലത്തു നടന്ന സംഭവങ്ങളെല്ലാം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോലീസ് സേനയില്‍ രാഷ്ട്രീയാതിപ്രസരം ഉണ്ടെന്നതിനും തെളിവാണിതൊക്കെ. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയാക്കി രാജസ്ഥാനില്‍ ചുമതല ഏറ്റെടുക്കാനുള്ള യാത്രക്കിടയില്‍ നഷ്ടപ്പെട്ട തോക്കും തിരയും കണ്ടെത്തുന്നതിനുള്ള അന്വേഷണം എന്തായി എന്നു ചോദിച്ചാല്‍, ഒരു ഉത്തരമേ പോലീസിനു പറയാനുള്ളൂ. അന്വേഷണം നടന്നുവരുന്നു എന്ന്.

ഇത്രയും നാളായിട്ട് എന്തെങ്കിലും തുമ്പു കിട്ടിയോ എന്നു ചോദിച്ചാല്‍ മറുപടി ‘ നീ ആരാടാ ഇതൊക്കെ ചോദിക്കാന്‍’ മര്യാദയ്ക്ക
ല്ലെങ്കില്‍ പിടിച്ച് അകത്തിടും’ എന്നായിരിക്കും. ബ്രിട്ടീഷ് പോലീസില്‍ നിന്നും കേരളാ പോലീസിലേക്കുള്ള ദൂരമാണ് ഇത് കാണിക്കുന്നത്. ചോദ്യങ്ങളൊന്നും അങ്ങോട്ടു പാടില്ല. എല്ലാ ചോദ്യവും ഇങ്ങോട്ടു മാത്രം. ഉത്തരങ്ങള്‍ ശരിയായാലും തെറ്റായാലും പെരുമാറുക എന്നതില്‍ കുറഞ്ഞ പോലീസിങൊന്നും പ്രതീക്ഷിക്കണ്ട. ഇക്കാര്യത്തിലും ചോദ്യങ്ങള്‍ വേണ്ടെന്നു പറഞ്ഞാലും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങുന്ന തോക്കും, തിരയും എങ്ങോട്ടു പോയെന്ന് അറിയണ്ടേ.

ഉദ്യോഗസ്ഥര്‍ക്കുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. ഒരു പൊലീസുകാരന്‍ തോക്കും തിരകളും അടങ്ങിയ ബാഗ് എടുത്ത് പുറത്തേക്ക് എറിഞ്ഞു എന്ന മൊഴി സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുമുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച റിസര്‍വ് സേനയുടെ കസ്റ്റഡിയില്‍ നിന്നാണ് 9 എം.എം പിസ്റ്റളുകളും 20 തിരകളും നഷ്ടപ്പെട്ടത്. ആയുധങ്ങളുമായി ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഇരുന്ന് മദ്യപിച്ച് ലക്ക് വിടുകയും, തമ്മില്‍ തല്ലുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം ആയുധങ്ങള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ സെന്‍ട്രിയെ പോലും നിയമിക്കാനുള്ള ബോധം പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല.

ഇക്കാര്യങ്ങള്‍ ആഭ്യന്തര വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഈ അന്വേഷണം അനന്തമായി നീട്ടി വീഴ്ച വരുത്തിയവരെ സംരക്ഷിക്കാനുള്ള നീക്കമാണ് പിന്നണിയില്‍ നടക്കുന്നത്. ഉണ്ട എന്ന മലയാളം സിനിമയുടെ കഥപോലെയാണ് സംഭവങ്ങള്‍ നടക്കുന്നത്. ട്രെയിനില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് സംഘം അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് പൊലീസ് മേധാവി ശിപാര്‍ശ ചെയ്തെങ്കിലും അന്വേഷണം അനന്തമായി നീട്ടുകയാണ്.

അജിതാ ബീഗം ഐപിഎസിനെയാണ് മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്. എങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല. നിലവില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാണ് അജിതാ ബീഗം. എങ്കിലും അന്വേഷണ ചുമതല തുടരുമെന്ന് കാണിച്ച് വീണ്ടും ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലും അജിതാ ബീഗം അംഗമാണ്. ഈ തിരക്കൊക്കെ കഴിഞ്ഞ് മൊഴിയെടുക്കല്‍ എന്ന് പൂര്‍ത്തിയാക്കും എന്ന് ആര് ചോദിക്കാന്‍. പ്രത്യേകിച്ച് പൊലീസിനെതിരെയുള്ള അന്വേഷണം ആയതുകൊണ്ട് കഴിവതും സമയം എടുക്കുക എന്ന നിലപാടേ പ്രതീക്ഷിക്കാവൂ. ഒരുപക്ഷെ പൊലീസ് രഹസ്യമായി അന്വേഷിച്ച് തോക്കും തിരകളും കണ്ടെത്തുന്ന വരെ അന്വേഷണം ഇഴയ്ക്കുക എന്ന ലക്ഷ്യവും അന്വേഷണം വൈകുന്നതിന് പിന്നില്‍ ഉണ്ടാകും.

തോക്കും തിരകളും കളഞ്ഞ ബറ്റാലിയന്റെ ചുമതല എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് ആയിരുന്നു എന്നത് എങ്ങനെ അന്വേഷണം നീളുന്നു എന്ന ചോദ്യത്തിന് ഉത്തരമായേക്കും. എസ്.എ.പി ക്യാമ്പിലെ എസ്.ഐയുടെ പക്കല്‍ നിന്നാണ് തോക്ക് നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും മേല്‍നോട്ട ചുമതലയുള്ള കമാന്‍ണ്ടന്റ്, ഡെപ്യൂട്ടി കമാന്‍ണ്ടന്റ്, അസിസ്റ്റന്‍ഡ് കമാണ്ടന്റ്റ് എന്നിവര്‍ക്കെതിരെയും പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇവരുടെ കൃത്യവിലോപം സേനയുടെ അച്ചടക്കം തന്നെ തകര്‍ക്കുന്ന നടപടി ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥരാണ് കൈവശം ആയുധം സൂക്ഷിച്ചത് എന്ന വിവരം പോലും മേലുദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു. കീഴുദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് തടയാനും മേലുദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല.

സി.പി അജിത് കുമാര്‍ കമാണ്ടന്റ്റ് (കെ.എ.പി ബറ്റാലിയന്‍) എസ്. ഷിബു ഡെപ്യൂട്ടി കമാണ്ടന്റ്റ് (എസ്.എ.പി) സ്റ്റാര്‍മോന്‍ പിള്ള അസിസ്റ്റന്‍ഡ് കമാണ്ടന്റ്റ്, ഷറഫുദീന്‍ മൂപ്പന്‍ (ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍), ഡി. രാജേഷ് (ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എ.പി), പത്മകുമാര്‍ ബി. (ആംഡ് പൊലിസ് എസ്ഐ), വി.എസ് ജയചന്ദ്രന്‍ (ആംഡ് പൊലീസ് എസ്.ഐ), ജി. ബിജു (ആംഡ് പൊലീസ് എസ്.ഐ), എ.പി സുധീഷ് (ആംഡ് പൊലീസ് അസിസ്റ്റന്‍ഡ് എസ്.ഐ), വി. വിശാഖ് (ആംഡ് പൊലീസ് എസ്.ഐ) എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നത്. ഡി.ഐ.ജി അജിതാ ബീഗം തന്നെ നിരവധി ചുമതലകള്‍ക്ക് പുറമെ അച്ചടക്കം ലംഘിച്ച ഉദ്യോഗസ്ഥരുടെ മൊഴി കൂടി എടുക്കണമെന്നാണ് പുതിയ ഉത്തരവ്. എന്തായാലും കേസ് അടുത്തെങ്ങും ഒരു തീരുമാനത്തില്‍ എത്തില്ലെന്ന് ഇതോടെ ഉറപ്പായി.

കാട്ടിലെ തടി തേവരുടെ ആ വലിയെടാ വലി എന്നതു പോലെയാണ് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്ന ഓരോ വസ്തുക്കള്‍ക്കും കണക്കു പറയേണ്ടവര്‍ നിസ്സംഗത പാലിച്ചാല്‍, എന്തു ചെയ്യാന്‍. പോലീസിന്റെ വിശ്വാസ്യതയുടെ ഭാഗം കൂടിയാണിത്. ജനങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെന്തു ചെയ്യും.

CONTENT HIGHLIGHTS; The police did not go the way it happened: the investigation in the case of missing the gun and search; The opposition predicted what would happen