ഗാസ: ഗാസയിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഒരു സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 22ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു. എന്നാൽ, ഹമാസിന്റെ കമാൻഡ് സെന്ററിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 13 കുട്ടികളും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണമുണ്ടായത് എന്ന് ദൃക്‌സാക്ഷി പറഞ്ഞു.
‘സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും സ്‌കൂള്‍ മൈതാനത്ത് ഇരിക്കുകയായിരുന്നു. മൈതാനത്ത് കുട്ടികള്‍ കളിക്കുന്നുമുണ്ടായിരുന്നു. പെട്ടെന്നാണ് രണ്ട് റോക്കറ്റുകള്‍ അവര്‍ക്കുമേല്‍ പതിച്ചത്.’ -ആക്രമണത്തിന് സാക്ഷിയായ അല്‍ മലാഹി പറഞ്ഞു.
അതേസമയം, മുമ്പ് സ്കൂളായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ ഹമാസിന്റെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ ആരോപിച്ചു. സാധാരണക്കാരെ മറയാക്കിയാണ് ഹമാസിന്റെ പ്രവർത്തനമെന്നും ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ, ഇസ്രായേലിന്റെ എല്ലാ ആരോപണങ്ങളും ഹമാസ് നിഷേധിച്ചു.
അതേസമയം, ഹിസ്ബുല്ലയ്ക്ക് എതിരെയും ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇതിൽ 16 പേർ ഹിസ്ബുല്ല അംഗങ്ങളാണെന്ന് ഹിസ്ബുല്ല നേതാക്കൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
















