വൈദ്യുതി ഉപയോഗിച്ച വകയില്‍ ഉപഭോക്താവിന് കണ്ണുതള്ളുന്ന ബില്ല് നല്‍കാന്‍ ഒരു മടിയും കാണിക്കാത്ത KSEBയോടാണ് ചോദ്യം. വൈദ്യുതി ഉപഭോക്താക്കളെ പച്ചയ്ക്കു പറ്റിക്കുന്നുണ്ടോ ?. അഥവാ പറ്റിക്കപ്പെടാന്‍ അവസരം ഒരുക്കുന്നുണ്ടോ?. ഒരു വൈദ്യുതി ഉപഭോക്താവിന് അവന്‍ ഉപയോഗിച്ച വൈദ്യുതിയുടെ ബില്ല് നല്‍കുമ്പോള്‍, അവന് മനസ്സിലാവാത്ത വിധം ബില്ലില്‍ നിരവധി സര്‍വ്വീസുകള്‍ നല്‍കിയേ രീതിയില്‍ പണം വാങ്ങുന്നുണ്ട്. ഇതിനെതിരേ റെഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗുകളില്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നതുമാണ്.
ഇത്തരം സര്‍വ്വീസുകളുടെ പേരില്‍ പണം ഈടാക്കുമ്പോള്‍, വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് പറയാറുണ്ടോ?. വൈദ്യുതി ബില്ലിന്റെ എവിടെയെങ്കിലും അത് വിവരിച്ചിട്ടുണ്ടോ?. ആരെങ്കിലും അത്തരം അവകാശങ്ങള്‍ ചോദിക്കാറുണ്ടോ?. അവകാശ ലംഘനം നടത്തിയതിന് ആരെങ്കിലും കേസിനു പോയിട്ടുണ്ടോ?. കേരളത്തിലെ 99 ശതമാനം വീടുകളിലും ഇപ്പോള്‍ വൈദ്യുതി എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ അത്രയുംതന്നെ ആളുകളും ഉണ്ടെന്ന് സാരം. ഇത് KSEBയുടെ കാര്യം മാത്രമല്ല, മിക്ക സര്‍ക്കാര്‍ ഓഫീസുകളുടെയും അവസ്ഥ ഇതാണ്.
ജനങ്ങള്‍ അടിമകളും, അവര്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍, വായില്‍ക്കൊള്ളാത്ത വിധം ന്യായം പറയുമ്പോള്‍ ഭരണകര്‍ത്താക്കളും, ബ്യൂറോക്രാറ്റുകളും ഒരേ സ്വരത്തില്‍ പറയുന്നൊരു കാര്യമുണ്ട്. ജനങ്ങളുടെ സേവകരാണ് ഞങ്ങളെന്ന്. ജനങ്ങളുടെ ആവശ്യങ്ങളല്ല, അവകാശങ്ങളാണ് സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നത് എന്ന്. അതായത്, KSEB വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വകുപ്പ് നല്‍കുന്ന ബില്ലു മാത്രമല്ല, അവരുടെ അവകാശങ്ങളില്‍പ്പെടുന്ന കാര്യങ്ങള്‍കൂടി ബോധ്യമാക്കിക്കൊടുക്കണം.
വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും ചെറിയൊരു തെറ്റ് വന്നാല്‍ തന്നെ കണക്ഷന്‍ വിച്ഛേദിക്കുന്നവരാണ് KSEB ഉദ്യോഗസ്ഥര്‍. ഇതടക്കം കര്‍ശനമായ നടപടികളിലേക്ക് പലപ്പോഴും കടക്കുന്ന KSEB എന്നാല്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചു വെക്കുകയാണ് ചെയ്യുന്നത്. നിരവധി അവകാശങ്ങളാണ് വൈദ്യുതി ഉപഭോക്താവിന് ഉള്ളത്. എന്നാല്‍ ഇതൊക്കെ രഹസ്യമാക്കി വച്ച് തടിതപ്പുകയാണ് KSEB ഉദ്യോഗസ്ഥര്‍. വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് ദിവസം 25 രൂപ നഷ്ടപരിഹാരം കെ.എസ്.ഇ.ബി നല്‍കണം. വോള്‍ട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാരം ഉണ്ട്.
ഉടമസ്ഥാവകാശം മാറ്റാന്‍ 15 ദിവസത്തിലേറെ എടുത്താല്‍ പ്രതിദിനം 50 രൂപയാണ് KSEB നല്‍കേണ്ടത്. ബാക്കി എല്ലാ കാര്യത്തിലും കാര്‍ക്കശ മനോഭാവം തുടരുന്ന KSEB സേവനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്ന ഇത്തരം വ്യവസ്ഥകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവക്കുന്നതെന്തിനാണ്. ഇതുസംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ഫോമന്‍സ് പട്ടിക വിരലിലെണ്ണാവുന്ന ഓഫീസുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത് പ്രദര്‍ശിപ്പിക്കണം എന്നാണ് നിലവിലെ നിയമം. ഇത്തരം വ്യവസ്ഥയെ കുറിച്ച് അറിയാത്തതിനാല്‍ വളരെക്കുറച്ച് പരാതികള്‍ മാത്രമാണ് KSEB ക്കെതിരെ കിട്ടുന്നതും. മാത്രമല്ല,
ഇത്തരം അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ അറിയണണെങ്കില്‍ അവര്‍ക്ക് അതേക്കുറിച്ച് ബോധവാന്‍മാരാകേണ്ടതുണ്ട്. ആരാണ് അത്തരം കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടത്. വൈദ്യുതി ഭവനിലോ, സെക്ഷന്‍ ഓഫീസുകളിലെ വാര്‍ത്താ ബോര്‍ഡുകളിലോ ഉപഭോക്താക്കളുടെ അവകാാശങ്ങളെ കുറിച്ച് ബോര്‍ഡ് വെച്ചാല്‍, അത് ഉപഭോക്താക്കള്‍ കാണണമെന്നില്ല. വൈദ്യുതി ബില്ലുകളില്‍ ഈ അവകാശങ്ങളെ കുറിച്ച് വിവരണമുണ്ടെങ്കില്‍, പരാതി സമര്‍പ്പിക്കേണ്ട നമ്പറോ, മെയില്‍ ഐഡിയോ ഉണ്ടെങ്കില്‍ പരാതികളുടെ എണ്ണം കൂടുകതന്നെ ചെയ്യുമെന്നുറപ്പാണ്. മാത്രമല്ല, അനധികൃത കറണ്ടുകട്ടിനെതിരേ പ്രതിഷേധിക്കാനും ഇതിലൂടെ സാധിക്കും.
KSEB ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ നശ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടിവരും. പക്ഷെ, ഇതുവരെ KSEB എത്ര പരാതിക്കാരെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നത് അവ്യക്തമാണ്. മാത്രമല്ല, പരാതി പരിഹിരിക്കാന്‍ നഷ്ടപരിഹാരം കൊടുത്തതിന്റെ കണക്കും, അതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. ഇതിന്റെ കണക്കുകള്‍ KSEB അധികൃതര്‍ തന്നെ വെളിപ്പെടുത്തണം. ഭാരിച്ച KSEB ബില്ല് നല്‍കുമ്പോള്‍ ഉപഭോക്താവിനും ചില അവകാശങ്ങളുണ്ടെന്ന് മറന്നു പോകുന്ന അധികൃതര്‍ ഇത് ഓര്‍മ്മിക്കണം.
CONTENT HIGHLIGHTS; Is KSEB fooling consumers?: Advertise in bill about compensation in case of service failure