Features

മരണത്തിന്റെ ദൂതൻ; 200-ലേറെ കൊലപാതകങ്ങള്‍ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലർ ആരാണെന്നറിയുമോ ? – serial killer

'ഡോ ഡെത്ത്' ജീവന്റെ കാവൽക്കാരനാകേണ്ട ആൾ മരണത്തിന്റെ ദൂതനായി

ജീവന്റെ കാവൽക്കാരനാകേണ്ട ആൾ മരണത്തിന്റെ ദൂതനായി. സൗമ്യമായ പെരുമാറ്റം, ആരെയും ആകർഷിക്കുന്ന പ്രകൃതം, പ്രശസ്തനായ ഡോക്ടർ. പറഞ്ഞുവരുന്നത് ‘ഡോക്ടർ ഡെത്ത്’ എന്നറിയപ്പെടുന്ന ഹരോൾഡ് ഷിപ്പ്മാനെ കുറിച്ചാണ്. ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലര്‍മാരുടെ പട്ടികയെടുത്താല്‍ നാലാമതായാണ് ഷിപ്പ്‌മാന്റെ സ്ഥാനം.

ഹരോൾഡിന്റെ കുട്ടിക്കാലം

1946 ൽ നോട്ടിങ്ഹാമിലെ ഒരു സാധാരണ കുടുംബത്തിലെ ലോറി ഡ്രൈവറുടെ മൂന്നു മക്കളിൽ രണ്ടാമൻ ആയിട്ടാണ് ഹാരോൾഡ് ജനിക്കുന്നത്. സമീപപ്രദേശത്തെ ചെറിയ ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മാതാവ്. ഹരോൾഡിന്റെ പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട മാതാവ് ശ്വാസകോശാർബുദത്തെ തുടർന്ന് മരിക്കുന്നു. ഹരോൾഡിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഘടകം തന്നെയായിരുന്നു അമ്മയുടെ അസുഖവും അമ്മയുടെ മരണവുമെല്ലാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആണെങ്കിൽ കൂടിയും പഠനത്തിലും കായിക വിഷയങ്ങളിലും ഷിപ്പ്മാൻ മികവ് പുലർത്തിയിരുന്നു.

വ്യാജ കുറിപ്പടിയില്‍ കുടുങ്ങി ഷിപ്പ്മാന്‍

1970 ൽ മെഡിസിനിൽ ബിരുദം എടുത്തു കൊണ്ട് ഷിപ്പ്മാൻ പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം ചികിത്സാ രംഗത്തേക്ക് ഇറങ്ങിയ ഷിപ്പ്മാനെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പ്രിസ്ക്രിപ്ഷനിൽ തിരിമറി നടത്തി പെത്തഡിൻ എന്ന ഡ്രഗ് അടങ്ങുന്ന മരുന്ന് കൈവശം വെച്ചു എന്ന കാരണം ചൂണ്ടികാട്ടി 1974 ൽ പോലീസ് അറസ്റ്റ് ചെയ്തു. ഈ കാരണത്തിന് 600 പൗണ്ട് പിഴയാണ് അന്ന് കോടതി ഷിപ്പ്മാന് ശിക്ഷ നല്‍കിയത്. തുടർന്ന് അധികം വൈകാതെ തന്നെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പ്രവേശിക്കുകയും ചെയ്തു.

ഹാരോൾഡ്‌ ഷിപ്പ്‌മാൻ എന്ന ഡോക്ടറിന്റെ വളർച്ച

വ്യാജ കുറിപ്പടിയില്‍ കുടുങ്ങിയെങ്കിലും ഡോക്ടർ എന്ന നിലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൊതുസമൂഹത്തിൽ സ്വീകാര്യനാകാൻ ഷിപ്പ്മാന് സാധിച്ചു. കൂടാതെ, കഠിനാധ്വാനിയായ, രോഗികളോടെല്ലാം വളരെയധികം അലിവുള്ള ഡോക്ടർ എന്ന നിലയിലും ഷിപ്പ്‌മാൻ പ്രശസ്തനാവുകയും നഗരത്തിലെ പ്രമുഖനായ ഡോക്ടർ ആയി മാറുകയും ചെയ്തു. പ്രശസ്‌തികൾ നേടിയെടുത്ത ജനങ്ങളുടെ പ്രിയങ്കരനായ ഡോക്ടർ 1993 ൽ സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ഓരോ വ്യക്തികളുടെയും വീട്ടിൽ ചെന്ന് പരിശോധിക്കുന്ന രീതിയായിരുന്നു ഷിപ്പ്മാന് ഉണ്ടായിരുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായി ഡോക്ടർ ഷിപ്പ്മാൻ മാറിയത്.

കാത്ലീന്‍ ഗ്രണ്ടിയുടെ മരണം

ഡോക്ടര്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്ന ഹരോൾഡ് ഷിപ്പ്മാനുമായി സൗഹൃദമുണ്ടാക്കുന്നതില്‍ അവരും വിമുഖത കാണിച്ചിരുന്നില്ല അതുകൊണ്ട് തന്നെ പ്രമുഖരായ കുടുംബങ്ങളുമായി ഷിപ്പ്മാന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ് ഹൈഡ്രേയിലെ മുന്‍ മേയര്‍ കൂടിയായിരുന്ന കാത്ലീൻ ഗ്രണ്ടിയെ ഷിപ്പ്മാന്‍ പരിചയപ്പെടുന്നത്. ഷിപ്പ്മാന്റെ പെരുമാറ്റവും രീതികളുമെല്ലാം കാത്ലീനിന് ഇഷ്ടമായിരുന്നു. വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നതിനാല്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ഷിപ്പ്മാന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് കാത്ലീനും വിശ്വസിച്ചു. എല്ലാവരെയും പോലെ ഷിപ്പ്മാന്റെ ചികിത്സയിൽ ഉണ്ടായിരുന്ന കാത്ലീനും മരിച്ചു. കാത്ലീന്റെ മരണ വിവരം അറിഞ്ഞെത്തിയ ഷിപ്പ്മാന്‍ മരണകാരണം വാര്‍ധക്യസഹജമാണെന്നും അതില്‍ ദുരൂഹതയില്ലെന്നു സാക്ഷ്യപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികളോ മറ്റു സംശയങ്ങളോ ഇല്ലാതെ മൃതദേഹം സംസ്‌കരിച്ചു.

ഷിപ്പ്മാനെ കുടുക്കിയ വ്യാജ വിൽപത്രം

കാത്ലീൻ ഗൗണ്ടിയുടെ മരണശേഷമാണ് അഭിഭാഷകയായ മകള്‍ ആഞ്ജല വുഡ്രഫ് അറിയുന്നത് വില്‍പത്ര പ്രകാരം സ്വത്തില്‍ സ്വന്തം മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ യാതൊരു അവകാശവുമില്ലെന്ന് എന്നാൽ സ്വത്തിന്റെ ഭൂരിഭാഗവും ഹരോൾഡ് ഷിപ്പ്മാൻ എന്ന ഡോക്ടറിന്റെ പേരിലാണ് കാത്ലീൻ എഴുതിവെച്ചതിൽ സംശയത്തിൽ അവരുടെ മക്കൾ പോലീസിൽ ഒരു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാർ വിശദമായ അന്വേഷണം നടത്തുകയും ഡോക്ടറുടെ വീട്ടിൽ നിന്നും കള്ള വിൽപ്പത്രം അച്ചടിക്കാൻ ഉപയോഗിച്ച ടൈപ്പ് റൈറ്റർ കണ്ടെത്തുകയും ചെയ്തു. കാത്ലീന്റെ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് കാത്ലീന്റെ മൃതദേഹം പുറത്തെടുത്ത് പുനഃപരിശോധന നടത്തി. പോസ്റ്റ്മാര്‍ട്ടത്തില്‍ കാത്ലീന്റെ ശരീരത്തില്‍ അളവില്‍ കവിഞ്ഞ ഡയാമോര്‍ഫിന്‍ കണ്ടെത്തി. വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ അല്ലാതെ യാതൊരു രോഗവുമില്ലാത്ത കാത്ലീന് എന്തിന് വേദനസംഹാരി നല്‍കി എന്ന പോലീസിന്റെ ചോദ്യത്തിന് കാത്ലീന്‍ വേദനസംഹാരികള്‍ക്ക് അടിമയാണെന്നാണ് ഷിപ്പ്മാന്‍ പറഞ്ഞത്. ഷിപ്പ്മാന്റെ കമ്പ്യൂട്ടര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കാത്ലിന്റെ മരണത്തിന് ശേഷം മാത്രമാണ് അവര്‍ വേദനസംഹാരിക്ക് അടിമയാണെന്ന് ഷിപ്പ്മാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തതെന്നും വ്യക്തമായി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ 1998 സെപ്തംബര്‍ 7-ന് ഷിപ്പ്മാന്‍ അറസ്റ്റിലായി.

ഷിപ്പ്മാന്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ചികിത്സയില്‍ മരിച്ച രോഗികളുടെ കുടുംബാംഗങ്ങള്‍ സമാനമായ പരാതി ഉന്നയിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി. മരിച്ചവരില്‍ ഭൂരിഭാഗവും വാര്‍ധക്യത്തിലെത്തിയ സ്ത്രീകളായിരുന്നു. 1995 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ മരിച്ച പതിനഞ്ച് സ്ത്രീകളുടെ കൊലപാതകമാണ് ഇയാളുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നത്.

ഷിപ്പ്മാൻ കൊന്നവരുടെ എണ്ണം 200ന് മേലെ

ഷിപ്പ്മാന് ശിക്ഷ ലഭിച്ചതിന് ശേഷവും പോലീസ് അന്വേഷണം നിര്‍ത്തിയില്ല. വെസ്റ്റ് യോക്ക്‌ഷെയറിലെ പോലീസ് ഡിറ്റക്ടീവ് ക്രിസ് ഗ്രെഗിനായിരുന്നു അന്വേഷണച്ചുമതല. 1975 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ അയാള്‍ കുറഞ്ഞത് 218 പേരെയെങ്കിലും കൊന്നുവെന്ന് ക്രിസ് ഗ്രെഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ ഭൂരിഭാഗവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന വാര്‍ധക്യത്തിലെത്തിയ സ്ത്രീകളും നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമുണ്ടായിരുന്നു.

സ്വയം മരണശിക്ഷ വിധിച്ച് ഷിപ്പ്മാൻ

2004 ജനുവരി 13-ന് ഷിപ്പ്മാന്‍ തൂങ്ങിമരിച്ചു തടവില്‍ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ കിടക്കവിരി ജനലില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് അയാളെ കണ്ടെത്തിയത്. ഷിപ്പ്മാന്റെ മരണശേഷം അയാളുടെ ഗരേജില്‍ നടന്ന പരിശോധനയില്‍ വിലപിടിപ്പുള്ള ഒട്ടേറെ ആഭരണങ്ങള്‍ കണ്ടെത്തി. അത് ഇരകളില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

STORY HIGHLIGHT: harold shipman doctor serial killer