തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. പൂരം കലക്കിയവരും മുഖ്യമന്ത്രിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഭരണപക്ഷത്തും പുകയുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ CPMലും, മുന്നണിയിലെ രണ്ടാംമത്തെ വലിയ കക്ഷിയായ CPIയും ശക്തമായി രംഗത്തുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍, സത്യസന്ധമായ അന്വേഷണം വേണമെന്ന് CPIയും ആവശ്യപ്പെടുന്നുണ്ട്. അതായത്, പൂരം കലക്കലില്‍ പ്രതിപക്ഷവും CPIയും ഒരേ നിലപാടിലാണെന്ന് സാരം. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദത്തിന് തിരികൊളുത്തിയത് പ്രതിപക്ഷ നേതാവ് ഉന്നിച്ച ആരോപണമാണ്.
ADGP എം.ആര്‍. അജിത്കുമാറിന്റെ ഇടപെടല്‍ ദുരൂഹമായിരുന്നുവെന്നും RSS നേതാവിനെ കണ്ടതുമെല്ലാം പിന്നീട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മാത്രമല്ല, പൂരം കലക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് പൂരം കലക്കിയതിനെ കുറിച്ച് ആദ്യം അന്വേഷിച്ചത്. ആ അന്വേഷണം പ്രഹസനമായിരുന്നു. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതലേ യു.ഡി.എഫ് ആവശ്യപ്പെടുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്ന് കണ്ടെത്തണം. ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എ.ഡി.ജി.പി പൂരം കലക്കിയത്. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ കമ്മിഷണര്‍ തയാറാക്കിയ പ്ലാന്‍ മാറ്റി, കലക്കാനുള്ള പുതിയ പ്ലാന്‍ എ.ഡി.ജി.പി നല്‍കിയാണ് പൂരം കലക്കിയത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ?. ഇപ്പോള്‍ എത്ര അന്വേഷണങ്ങളാണ് എ.ഡി.ജി.പിക്കെതിരെ നടക്കുന്നത്?. ഭരണകക്ഷി എം.എല്‍.എ നല്‍കിയ പരാതിയിലും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്ന ആളെയാണ് എ.ഡി.ജി.പി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത്. എ.ഡി.ജി.പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? കാണം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെയാണ് എ.ഡി.ജി.പി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്.
നാല് പ്രധാനപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്പോഴും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുകയാണ്. എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കാനും ആര്‍.എസ്.എസ് നേതാവിനെ കാണാനും എ.ഡി.ജി.പി പോയത് മുഖ്യമന്ത്രിയുടെ അറിവോടും ആവശ്യത്തോടും കൂടിയാണെന്നു വ്യക്തമായിരിക്കുകയാണ്. പൊലീസ് ഹൈറാര്‍ക്കിക്ക് വിരുദ്ധമായി കാര്യങ്ങളാണ് നടക്കുന്നത്. ഡി.ജി.പി പറഞ്ഞാല്‍ എ.ഡി.ജി.പിയോ എ.ഡി.ജി.പിമാര്‍ പറഞ്ഞാല്‍ എസ്.പിമാരോ കേള്‍ക്കില്ല. ഇതൊക്കെ പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത്. അവര്‍ ഹൈറാര്‍ക്കി തകര്‍ത്തതാണ് കേരളത്തിലെ പൊലീസിനെ തകര്‍ത്തത്. അതിന്റെ പരിണിത ഫലമായാണ് പൊലീസ് പരിതാപകരമായ അവസ്ഥയിലായത്.
പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്നമാണ്. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അന്‍വര്‍ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ചത്. അതിനു ശേഷവും അന്‍വര്‍ പത്രസമ്മേളനം നടത്തി. അത് എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യമാണ്. എം.എല്‍.എയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവര്‍ക്കാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. എ.ഡി.ജി.പിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ആരുടെ കൂടെയാണെന്നു വ്യക്തമായല്ലോ എന്നും വി.ഡി. സതീശന്‍ പറയുന്നു.
അതേസമയം, അന്വേഷണം നടത്തുന്നത് സി.പി.ഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന വ്യാഖ്യാനം വന്നുകഴിഞ്ഞിട്ടുണ്ട്. തൃശൂരിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്കു കാരണം എന്തെന്ന് കണ്ടെത്തണമെന്നും ദുരൂഹതയുണ്ടെന്നും സി.പി.ഐ തൃശൂര്‍ ജില്ലാകമ്മിറ്റി അന്നേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ഘടകം ആദ്യമൊന്നും അത് അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീടുണ്ടായ കാര്യങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടിയത്. ഇതോടെ സംസ്ഥാന കമ്മിറ്റിയും പൂരംകലക്കല്‍ സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ വീണ്ടും അന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയില്‍ പ്രതീക്ഷയുണ്ടെന്ന് സി.പി.ഐ നേതാവും തൃശൂര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു വിഎസ് സുനില്‍ കുമാര്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സര്‍ക്കാരിന് സ്വീകാര്യമല്ലാത്തത് കൊണ്ടായിരിക്കുമല്ലോ തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് വരണമെന്നും അത് വൈകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ റിപ്പോര്‍ട്ടിന് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതില്‍ അന്ന് കേസെടുക്കാത്ത പോലീസ് ഇന്നെങ്കിലും അതിന് തയ്യാറാകണം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളില്‍ ആണ് അന്വേഷണ ശുപാര്‍ശ.
CONTENT HIGHLIGHTS;Pooram Kalakal, what is needed is a judicial investigation, said V.D. Satheesan: The CPI also wants an honest investigation