സ്വര്‍ണ്ണം പൊട്ടിക്കലും സ്വര്‍ണ്ണക്കള്ളക്കടത്തും കേരളത്തില്‍ ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇപ്പോള്‍ സ്ഥിരമായി ഇടംപിടിച്ചിരിക്കുകയാണ് സ്വര്‍ണ്ണം കേരളത്തിലൂടെ പോകുന്ന ദേശീയ പാതകളില്‍ സ്വര്‍ണ്ണക്കടത്തും, കടത്തുകാരെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുക്കുന്നവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇങ്ങനെ സ്വര്‍ണ്ണം കടത്തുന്നവരില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുക്കുന്നവര്‍ താരപരിവേഷങ്ങളോടെയാണ് ജീവിക്കുന്നതും. സുഖസമൃദ്ധമായ ജീവിതത്തില്‍ അല്‍പ്പം ക്രൈം എന്നത് ആവേശമാക്കിയിരിക്കുകയാണ് യുവത്വവും.
ആ തീക്ഷ്ണമായ യൗവ്വനത്തെ കൊള്ളത്തലവന്റെ പശ്ചാത്തലമൊരുക്കിയ ഒരു ഇന്‍സ്റ്റാഗ്രാം താരമാണ് ദേശീയ പാതയില്‍ കാര്‍ ആക്രമിച്ച് രണ്ടരകിലോ വരുന്ന സ്വര്‍ണ്ണം കവര്‍ന്നത്. പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ റോഷന്‍ വര്‍ഗീസ് എന്ന 29 വയസ്സുകാരനാണ് സ്വര്‍ണ്ണം കവര്‍ന്ന സംഘത്തിന്റെ തലവന്‍. ഇന്‍സ്റ്റഗ്രാമില്‍ 50,000ത്തോളം ഫോളോവേഴ്‌സുള്ള റോഷന്‍ പത്തനം തിട്ടയില്‍ അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആളുമാണ്. പോലീസിന് ഇയാളെ ചിരപരിചിതനും.
റോഷന്റെ ഫോളോവേഴ്‌സിന് ഇയാളുടെ ജോലി എന്താണെന്ന് അറിയില്ല. കാണാന്‍ സുമുഖന്‍, ഒത്ത തടി അതിനൊത്ത പൊക്കം, വെളുത്ത നിറം, നല്ല ഹെ.ര്‍ സ്റ്റൈല്‍, ഫോട്ടോജനിക് ലുക്ക്, യോയോ പയ്യന്‍. ഫോളോവേഴ്‌സിന് ആനന്ദലബ്ദിക്കിനി എന്തു വേണം. റോഷന്റെ ഫോളോവേഴ്‌സില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നതാണ് മറ്റൊരു കൗതുകം. റോഷന്‍ ഇടുന്ന ഫോട്ടോകളും, റീല്‍സും നിമിഷനേരം കൊണ്ട് കാണുന്നതും പെണ്‍കുട്ടികളാണ്. ഇവരുടെയൊക്കെ ആരാധനാ പുരുഷനായി മാറിയ റോഷന്‍, ദേശീയ പാതയില്‍ സ്വര്‍ണ്ണകടത്തുന്നവരെ കാത്തു നിന്ന് പിടിച്ചു പറിക്കുന്ന ജോലിക്കാരനാണെന്ന് ഇനി ഫോളോവേഴ്‌സ് മനസ്സിലാക്കും.
പഠനത്തില്‍ പ്ലസ്ടുവരെ പോയെങ്കിലും ആഡംബര ജീവിതത്തില്‍ പിജി എടുത്തിട്ടുണ്ട് റോഷന്‍. മാത്രമല്ല, റോഷന് 22 കേസുകളുണ്ട്. കവര്‍ച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് നിര്‍ണായകമായത്. റോഷന്റെ സംഘത്തില്‍പ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ വര്‍ഗീസ് (23), തൃശൂര്‍ എസ്എന്‍ പുരം പള്ളിനട ഊളക്കല്‍ സിദ്ദീഖ് (26), നെല്ലായി കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പില്‍ നിഖില്‍ നാഥ് (36) എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാന്‍ഡ് ചെയ്തു. ഇനി നാലുപേര്‍ പിടിയിലാകാനുണ്ട്.
കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വര്‍ണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കില്‍ വച്ചാണു ക്വട്ടേഷന്‍ സംഘം ആക്രമിത്തുന്നത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ പിന്തുടര്‍ന്ന ഇവര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ല്തകര്‍ത്തു ഡോര്‍ തുറന്നു. കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്ന കാറുംകൈവശപ്പെടുത്തി. രണ്ട് ഇന്നോവയിലും ഒരു റെണോള്‍ട്ട് കാറിലുമണ് തട്ടിപ്പുസംഘം പിന്തുടര്‍ന്നത്.
പീച്ചി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആഭരണ വ്യാപാരികളായ അരുണ്‍ സണ്ണിയും, സുഹൃത്ത് കോട്ടം സ്വദേശിയായ റോജി തോമസിനെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. ഇരുവര്‍ക്കും ശാരീരിക ഉപദ്രവവും ഏറ്റിട്ടുണ്ട്. ചുറ്റിക കൊണ്ടും, മറ്റ് മാരകായുധങ്ങള്‍ കൊണ്ടുമാണ് പരിക്കേറ്റത്. 25-ാം തീയതിയാണ് ദേശീയ പാതയില്‍ വെച്ച് കൊള്ള നടന്നത്. രാവിലെ 11.13നായിരുന്നു സംഭവം. 11.50 ഓടെ വ്യാപാരികളെ മറ്റൊരു കാറില്‍ കയറ്റുകയും, വ്യാപാരികള്‍ സഞ്ചരിച്ച കാറ് തട്ടിയെടുക്കുകയും ചെയ്തു കഴിഞ്ഞിരുന്നു.
അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആരെയും തിരിച്ചറിയാനായില്ല. എന്നാല്‍, ഒരു സ്വകാര്യ ബസിലെ CCTV ക്യാമറയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ നീക്കങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. പ്രതികളില്‍ സിദ്ദീഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കു കുതിരാനില്‍ വെച്ചു പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണു സംഘത്തലവന്‍ റോഷനെക്കുറിച്ചു വിവരം ലഭിക്കുന്നത്. പ്രതികള്‍ വാഹനത്തില്‍ ഉപയോഗിച്ചിരുന്നതു വ്യാജ നമ്പര്‍പ്ലേറ്റ് ആയതിനാല്‍ അന്വേഷണം ദുഷ്‌കരമായി. രണ്ടുകാറുകള്‍ പൊലീസ് കണ്ടെടുത്തു. പ്രതി റോഷന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും സമാനരീതിയിലുള്ള കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേര്‍ത്തല സ്റ്റേഷനുകളില്‍ 22 കേസുകള്‍ നിലവിലുണ്ട്. ഷിജോയ്‌ക്കെതിരെ 9 കേസുകളും സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികള്‍ യുവാക്കളില്‍ നിന്നു തട്ടിയെടുത്ത കാര്‍ നടത്തറയില്‍ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
റോഷന്‍ വര്‍ഗീസും ഗ്യാങും സ്ഥിരം കവര്‍ച്ചക്കാര്‍ ആയിരുന്നുവെന്നതാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്നത്. എന്നാല്‍, കേരളത്തിലൂടെ പോകുന്ന ദേശീയ പാതകളില്‍ റോഷന്‍ വര്‍ഗീസിനെയപ്പോലെയുള്ള നിരവധി സംഘത്തലവന്‍മാര്‍ ക്വട്ടേഷനുമായി സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് കാത്തു നില്‍ക്കുന്നുണ്ട്. കേരളത്തിന്റെ നിരത്തുകളൊന്നും സുരക്ഷിതമല്ലെന്നു മാത്രമല്ല, സാധാരണക്കാര്‍ക്ക് ഭീഷണിയുമാണെന്നതു കൂടിയാണ് റോഷന്‍ വര്‍ഗീസെന്ന ഇന്‍സ്റ്റഗ്രാം താരത്തിലൂടെ മനസ്സിലാകുന്നത്.
CONTENT HIGHLIGHTS;Seasoned thief Instagram star gold fraud ringleader: Most of Roshan Varghese’s followers are girls; The operation took just 37 seconds and left the gold traders looted